Sunday, November 26, 2017

ധനമുള്ള ദ്വിജന്‍ അതനുസരിച്ചു പിതൃക്കള്‍ക്കും പിതൃബന്ധുക്കള്‍ക്കും ഭാദ്രപദ(കന്നി)മാസം കൃഷ്ണപക്ഷത്തില്‍ മഹാളയശ്രാദ്ധം നടത്തണം. ദക്ഷിണായനാരംഭത്തിലെ കര്‍ക്കിടകം, ഉത്തരായണാരംഭമായ മകരം, സൂര്യന്‍ ഭൂമിക്കു നടുവില്‍ വരുന്ന മേടം, തുലാം എന്നീ സംക്രമങ്ങള്‍, വെളുത്തവാവും തിങ്കളാഴ്ചയും ചേരുന്ന വ്യതീപാതം, പക്ഷാവസാനമായ പഞ്ചദശി, തിരുവോണാദി മൂന്നു നക്ഷത്രങ്ങളില്‍ ഒന്നുമായി ദ്വാദശി ഒത്തുകൂടുമ്പോള്‍, വൈശാഖശുക്ലപക്ഷത്തിലെ അക്ഷയതൃതീയ, കാര്‍ത്തികമാസം വെളുത്ത നവമി, ഹേമന്തശിശിരഋതുക്കളില്‍ ധനുമകരകുംഭമീനമാസങ്ങളിലെ സപ്തമി, അഷ്ടമി, നവമി എന്നീ ദിവസങ്ങള്‍, മകംനക്ഷത്രം എന്നീ പ്രധാനാവസരങ്ങളില്‍ ശ്രാദ്ധം നടത്തണം.
ഈ സുദിനങ്ങളെല്ലാം ശ്രേയസ്‌കരമായ മറ്റു കര്‍മങ്ങള്‍ക്കും പറ്റിയതാണ്. ശ്രേയോവര്‍ധകമായ ഈ അവസരങ്ങളില്‍ എല്ലാ പുണ്യകര്‍മങ്ങളും അനുഷ്ഠിയ്ക്കാവുന്നതാണ്. ഇത് ആയുസ്സിന് അമൂല്യനന്മയുണ്ടാക്കും.
ഈ ദിവസങ്ങളില്‍ തീര്‍ഥസ്‌നാനം, ജപം, ഹോമം, വ്രതം, ദേവബ്രാഹ്മണസത്കാരം, പിതൃദേവനൃഭൂതങ്ങള്‍ക്കു ചെയ്യുന്ന അര്‍പ്പണം, ഇതൊക്കെ ശാശ്വതഫലകരമാണ്.
ഭാര്യയുടെ പുംസവനാദി, മകന്റെ ജാതകര്‍മാദി, സ്വന്തം സംസ്‌കാരാദി കാലങ്ങളിലും, ശവദഹനം, മരണദിവസശ്രാദ്ധം എന്നീ വേളകളിലും അഭ്യുദയകര്‍മങ്ങള്‍ ചെയ്യേണ്ടതാണ്.
സത്പാത്രങ്ങളുള്ള ഇടങ്ങളാണ് പുണ്യസ്ഥലങ്ങള്‍. ഈശ്വരവിഗ്രഹങ്ങള്‍ പ്രതിഷ്ഠിച്ചിട്ടുള്ളവ, തപസ്സും വിദ്യയും ദയവുമുള്ള ബ്രാഹ്മണര്‍ വസിയ്ക്കുന്നവ, സാളഗ്രാമങ്ങളുള്ളവ, പുരാണപ്രസിദ്ധമായ ഗംഗ തുടങ്ങിയ നദികളൊഴുകുന്നവ, ഈ ഇടങ്ങളൊക്കെ ശ്രേയസ്‌കരമാണ്.
പുഷ്‌കരസരസ്സ് തുടങ്ങിയവയുടെ തീരങ്ങള്‍, മഹാത്മാക്കള്‍ വസിക്കുന്ന പ്രദേശങ്ങള്‍, ഗയ, പ്രയാഗം, പുലഹാശ്രമം നൈമിഷാരണ്യം, ഫാല്ഗുനക്ഷേത്രം, രാമേശ്വരം, പ്രഭാസതീര്‍ഥം, ദ്വാരക, കാശി, മധുര, പമ്പാതീരം, ബിന്ദുസരോതീരം, ബദരി, അലകനന്ദാതീരം, ശ്രീരാമനും സീതയും വനവാസക്കാലത്തു താമസിച്ചിരുന്ന സ്ഥലങ്ങള്‍, മഹേന്ദ്രം, മലയം തുടങ്ങിയ കുലപര്‍വതങ്ങള്‍, മഹാവിഷ്ണുവിഗ്രഹങ്ങളെ പൂജിയ്ക്കുന്ന സ്ഥാനങ്ങള്‍, ഇവയൊക്കെ അതിപവിത്രങ്ങളാണ്.
ശ്രേയസ്സ് അഭിലഷിയ്ക്കുന്നവന്‍ ഈ സ്ഥാനങ്ങളെ ഇടക്കിടെ സേവിയ്ക്കണം. കാരണം, ഇവിടങ്ങളില്‍ച്ചെന്നുള്ള പുണ്യകര്‍മാനുഷ്ഠാനം ആയിരത്തിലേറെയിരട്ടി ഫലപ്രദമാണ്.
സത്പാത്രം ആര്‍? എന്തിന്?
ചരാചരജഗത്തത്രയും പരമാത്മാവിന്റെ സ്ഫുരണമായതിനാല്‍, പരമാത്മാവായ ശ്രീഹരിമാത്രമാണ് സത്പാത്രം. ദേവര്‍ഷിസിദ്ധന്മാരും ബ്രഹ്മപുത്രന്മാരായ സനകാദികളുംകൂടി സന്നിഹിതരായ രാജസൂയത്തില്‍ അഗ്രപൂജയ്ക്കര്‍ഹനായി തിരഞ്ഞെടുത്തതു കൃഷ്ണനെയായിരുന്നുവല്ലോ. കാരണം, കൃഷ്ണനില്‍ പരമാത്മ താദാത്മ്യം നിറഞ്ഞിരുന്നതുതന്നെ.
വിശ്വാത്മാവായ ഭഗവാന്‍ എല്ലാ ചരാചരങ്ങളിലും ഏറ്റക്കുറച്ചിലോടെ വിവിധഭാവങ്ങളില്‍ സ്ഥിതിചെയ്യുന്നു. അതില്‍ മനുഷ്യനിലുള്ള സാന്നിധ്യം, നരനെ സത്പാത്രമാക്കുന്നു. ആത്മപ്രകാശം എത്രത്തോളമുണ്ടോ അതനുസരിച്ചാകും ഓരോന്നിനും പാത്രമഹത്വവും.
ബിംബാരാധന തുടങ്ങിയതെപ്പോള്‍
ത്രേതായുഗം മുതല്ക്കു മനുഷ്യര്‍ക്കിടയില്‍ പരസ്പരം അവജ്ഞയും അനാദരവും പിടിപെട്ടതുകണ്ട,് പൂജിച്ചാരാധിയ്ക്കാന്‍വേണ്ടിയുള്ള പ്രതീകങ്ങളായി കവികള്‍ സാളഗ്രാമാദി ശിലകള്‍ വ്യവസ്ഥചെയ്തു. അതേത്തുടര്‍ന്നാണ് ശ്രദ്ധയോടെ പലരും പ്രതിമയില്‍ ഭഗവാന്‍ ഹരിയെ പൂജിച്ചു തുടങ്ങിയത്.
ഇങ്ങനെ ഉപാസിക്കപ്പെടുന്ന പ്രതിമകള്‍ മനുഷ്യരെ ദ്വേഷിക്കുന്നവര്‍ക്കു പുരുഷാര്‍ഥം നല്കുന്നതല്ല.
മനുഷ്യരിലുംവെച്ചു ബ്രാഹ്മണന്‍ സത്പാത്രമാണ്. തപസ്സ്, വിദ്യ, സന്തുഷ്ടി എന്നിവകൊണ്ട് ഭഗവച്ഛരീരമായ വേദത്തെ ധരിയ്ക്കുന്നവനാണ് ബ്രാഹ്മണന്‍. എല്ലാ ലോകങ്ങളേയും ശുദ്ധീകരിയ്ക്കുന്ന ബ്രാഹ്മണന്‍ ജഗദാത്മാവായ കൃഷ്ണന് ഇഷ്ടദൈവമാണ്.
സാഫല്യകരമായ ആശ്രമങ്ങളില്‍ പ്രഥമം നാല് ആശ്രമങ്ങള്‍ മനുഷ്യജന്മത്തെ കാര്യക്ഷമമാക്കി സാഫല്യത്തിലേയ്ക്കു നയിയ്ക്കാന്‍വിഭാവനംചെയ്തിട്ടുള്ള വ്യവസ്ഥയാണ്. ഇതില്‍ ബ്രഹ്മചര്യമാണ് ആദ്യത്തേത്.
ശരീരത്തിന്റെ വളര്‍ച്ച മുഴുവനാകുംവരെ മനസ്സിനേയും ബുദ്ധിയേയും പോഷകമൂല്യങ്ങള്‍ നല്കി വികസിപ്പിയ്ക്കുക, ബഹുമുഖമായ ലോകവ്യവഹാരങ്ങള്‍ക്കോ, പരമഫലപ്രദമായ അധ്യാത്മജീവിതം നയിയ്ക്കാനോ സജ്ജമാക്കുന്നതിനു ഗുരുഗൃഹത്തില്‍ താമസിച്ചുപഠിയ്ക്കുക, ഇതിനുള്ള ജീവിതക്രമമാണ് ബ്രഹ്മചര്യം.
അധ്യയനംവിട്ടുള്ള സമയങ്ങളില്‍ ഗൃഹകൃത്യങ്ങളെല്ലാം പരിശീലിപ്പിച്ചു ബഹുമുഖകഴിവ് നേടാന്‍ കളമൊരുക്കുന്നതുവഴി ഗുരുകുലവിദ്യാഭ്യാസം പഠനത്തോടൊപ്പം ജീവിതവൃത്തികള്‍കൂടി വശമാക്കിക്കുന്നു.
സ്വഗൃഹംവിട്ടു ദീര്‍ഘകാലം ഗുരുസന്നിധിയില്‍ വസിയ്ക്കുന്നതിനാല്‍, കുട്ടികള്‍ക്കു മാതാപിതാക്കളുടെ ലാളനാതിക്രമങ്ങള്‍മൂലമുള്ള ഇടപെടല്‍ ഉണ്ടാകുന്നില്ല. സഹപാഠികളോടൊത്തു കഴിയുമ്പോള്‍, പരസ്പരനിരീക്ഷണവിമര്‍ശനങ്ങള്‍ വിദ്യാര്‍ഥിയുടെ ഉള്‍വ്യക്തിത്വവും പെരുമാറ്റസൗഷ്ഠവ വും വര്‍ധിയ്ക്കാന്‍ കാരണമാകുന്നു. ക്ഷിപ്രകോപം, അസഹിഷ്ണുത, അസൂയ, അക്ഷമ, മത്സരം, ദ്വേഷം, സഹവര്‍ത്തിത്വക്കുറവ് എന്നീ ദൂഷ്യങ്ങള്‍ നീങ്ങിക്കിട്ടാന്‍ ഇതു വളരെ സഹായമാണ്.
ഒരു തരത്തില്‍ ദീര്‍ഘകാലതപസ്സുകൂടിയാണ് ഇത്തരം ബ്രഹ്മചര്യം. അച്ചടക്കം, അനുസരണം, അനുശാസനം, ആജ്ഞാനുവര്‍ത്തിത്വം, വ്യഗ്രതയോടെ ജോലിചെയ്യാനുള്ള കഴിവും കുശലതയും, മനസ്സിനും ബുദ്ധിക്കും പിന്നിലുള്ള പ്രേരകകേന്ദ്രമായ ആത്മാവെക്കുറിച്ചുള്ള കാര്യക്ഷമമായ ബോധം, ധ്യാനശീലം, എന്നിങ്ങനെ ഇന്നത്തെ വിദ്യാര്‍ഥികള്‍ക്ക് അപ്രാപ്യ മായ ഗുണമഹിമകളും ഗുരുകുലവിദ്യാഭ്യാസം പ്രദാനംചെയ്തുപോന്നു.
വേദങ്ങളെന്ത്, ശാസ്ത്രങ്ങളെന്ത്, ഇവ മനുഷ്യനു നല്കുന്ന ജീവിതമൂല്യങ്ങളും തത്ത്വസിദ്ധാന്തങ്ങളും എന്തെല്ലാം, അവയ്ക്കനുസരിച്ചു ജീവിതം നയിയ്ക്കണമെന്ന ആത്മനിര്‍ബന്ധം, തുടങ്ങി പല കാഴ്ചപ്പാടുകളും ബ്രഹ്മചര്യം തുറന്നുകൊടുക്കുന്നു.
വിദ്യാഭ്യാസം കഴിഞ്ഞു സ്വഗൃഹത്തിലേയ്ക്കു മടങ്ങി ഗൃഹസ്ഥാശ്രമം തുടങ്ങുന്ന യുവാവിന്റെ ഉള്‍ക്കാഴ്ചകളും വ്യവഹാരങ്ങളും സുചിന്തിതവും കര്‍ത്തവ്യവ്യഗ്രവുമാകാതെ വയ്യ.
പ്രതിദിനം അമ്പതും ഏറെയും കുട്ടികള്‍ ഒന്നിച്ചിരുന്നു പാഠങ്ങള്‍ കേട്ടു മടങ്ങിപ്പോകുന്ന ഇന്നത്തെ രീതിയില്‍നിന്നും തികച്ചും വ്യത്യസ്തമാണ് ബ്രഹ്മചാരിവൃത്തി. അധ്യാപകനുമായി അടുത്തു പെരുമാറി, അദ്ദേഹത്തിനും ഗുരുപത്‌നിക്കും വേണ്ട സേവനംചെയ്ത്, തന്റെ ഭാഗധേയംമുഴുവനും ഗുരു ഗൃഹത്തില്‍ സമര്‍പ്പിച്ചുകഴിയുന്ന ക്രമമായിരുന്നു അത്. എത്ര വ്യത്യസ്തം അന്നും ഇന്നുമുള്ള രീതികള്‍!
ഗുരുവും പത്‌നിയുമായുള്ള പെരുമാറ്റം, മറ്റു ഗൃഹാംഗങ്ങളുമായുള്ള അടുപ്പം, ഒന്നും പ്രത്യേകമായി ആവശ്യപ്പെടാതെ, ലഭിച്ചതുകൊണ്ട് തൃപ്തിപ്പെടുന്ന ശീലം, അച്ഛനമ്മമാരുടെ പെരുമാറ്റത്തെപ്പോലും അതിശയിപ്പിച്ചു കൊണ്ട് ഗുരുവും പത്‌നിയും നല്കുന്ന പുത്രനിര്‍വിശേഷസ്‌നേഹം, എല്ലാം വലിയ തുറസ്സും വീക്ഷണവുംതന്നെ!
ഇത്തരം ആത്മപരിശീലനകാലം കഴിഞ്ഞാണ് ബ്രഹ്മചാരി ഗൃഹസ്ഥനാകുന്നത്.
ഗുരുകുലവിദ്യാഭ്യാസവും അതിന്റെ തപോവ്രതമൂല്യങ്ങളും കന്യകയ്ക്കും സുവിദിതമാണ്. ആ മൂല്യങ്ങളെ ആദരിക്കുന്നവളുമായുള്ള ദാമ്പത്യവും ശോഭനമാകാതെ വയ്യ.
ഗൃഹജീവിതത്തില്‍ സ്ഥാനംപിടിയ്ക്കുന്ന ബഹിര്‍മുഖലൗകികത്വം, അതേസമയം മങ്ങാതെ സൂക്ഷിയ്‌ക്കേണ്ട അധ്യാത്മനിയന്ത്രണങ്ങളും മൂല്യങ്ങളും, രണ്ടുംകൂടി ഗൃഹസ്ഥാശ്രമം ഒന്നാംതരം വെല്ലുവിളിതന്നെ, സുഭഗമായ വെല്ലുവിളി!
അതു കോട്ടംകൂടാതെ നയിയ്ക്കാനുള്ള അറിവും ബലവും ഗുരുകുലശിക്ഷണത്താല്‍ ബ്രഹ്മചാരിയ്ക്കു കൈമുതലാണ്. ഗൃഹസ്ഥജീവിതത്തിന് ആഴവും മഹിമയും നല്കാന്‍ ഇതു സഹായിക്കുന്നു. ഈ പശ്ചാത്തലത്തിലാണ് ഗൃഹസ്ഥാശ്രമത്തിനു രൂപകല്പനയും അനുഷ്ഠാനക്രമങ്ങളും നല്കിയിരിയ്ക്കുന്നത്.


ജന്മഭൂമി: http://www.janmabhumidaily.com/news743367#ixzz4zbheYgwH

No comments: