Thursday, November 23, 2017

മുതിര്‍ന്നവരുടെ ആവശ്യങ്ങള്‍ എന്തെല്ലാമാണ്? അവര്‍ക്ക് ബഹുമാനവും ശ്രദ്ധയും സഹായവും വേണം. മുത്തശ്ശന്‍, മുത്തശ്ശി, അമ്മായിയമ്മ, അമ്മായിയച്ഛന്‍ എന്നിങ്ങനെ മുതിര്‍ന്നവരോട് എല്ലാ കാര്യങ്ങളും പങ്കുവയ്ക്കാനാവണം
കുടുംബത്തില്‍ ഒരേ നിലവാരത്തില്‍ വളരേണ്ടവരുമുണ്ട്. ഭാര്യാഭര്‍ത്താക്കന്മാരെ പോലെ! പരസ്പര ശ്രദ്ധ ഇവിടെ പ്രധാനമാണ്. ഭാര്യക്ക് ഭര്‍ത്താവിനെ അയാളുടെ സംരംഭങ്ങളില്‍ പലവിധത്തിലും താങ്ങുംതണലുമാകാന്‍ കഴിയും. അതുപോലെതന്നെ ഭര്‍ത്താവിനു ഭാര്യയെ കുടുംബകാര്യങ്ങളില്‍, വീടുസംബന്ധമായ ജോലികളില്‍ സഹായിക്കാനും കഴിയും. വീട്ടുജോലികളില്‍ സ്ത്രീകളെ സഹായിക്കരുതെന്ന് ഒരു പ്രമാണവും പറയുന്നില്ല.
ഭാര്യാഭര്‍തൃബന്ധം ഒരു പങ്കാളിത്തമാണ്. എന്താണ് പങ്കുവയ്‌ക്കേണ്ടത്? ഉത്തരവാദിത്തങ്ങള്‍, ചിന്തകള്‍, സുഖദുഃഖങ്ങള്‍ അങ്ങനെ ഒരനുബന്ധമായ എല്ലാ കാര്യങ്ങളും പങ്കുവയ്ക്കാവുന്നതാണ്. ഇത് കാര്യങ്ങള്‍ എളുപ്പത്തിലും ദ്രുതഗതിയിലും ആക്കും. ഒരേ നിലവാരത്തിലുള്ള വ്യക്തികളില്‍ ശ്രദ്ധയും സഹായവും താങ്ങും വളരെ പ്രധാനമാണ്.
മുതിര്‍ന്നവരുടെ ആവശ്യങ്ങള്‍ എന്തെല്ലാമാണ്? അവര്‍ക്ക് ബഹുമാനവും ശ്രദ്ധയും സഹായവും വേണം. മുത്തശ്ശന്‍, മുത്തശ്ശി, അമ്മായിയമ്മ, അമ്മായിയച്ഛന്‍ എന്നിങ്ങനെ മുതിര്‍ന്നവരോട് എല്ലാ കാര്യങ്ങളും പങ്കുവയ്ക്കാനാവണം. അവര്‍ക്ക് ഏകാന്തതയും വിഷാദവും എളുപ്പം തോന്നാവുന്നതാണ്. ആരോഗ്യം കുറഞ്ഞിരുന്നാലും അവര്‍ക്ക് ഉയര്‍ന്ന ജീവിതാനുഭവങ്ങള്‍ ഉണ്ട്.
അതിനാല്‍ മക്കള്‍, പേരക്കിടാങ്ങള്‍ എന്നിവര്‍ എന്തുചെയ്യുന്നതിനുമുമ്പും മുതിര്‍ന്നവരോട് അഭിപ്രായം ആരായണം. അവരില്‍നിന്നും ലഭിക്കുന്ന നിര്‍ദ്ദേശങ്ങള്‍ ആശീര്‍വാദങ്ങളാണെന്ന് മനസ്സിലാക്കണം. ഓഫീസുകളിലും പരിചയസമ്പന്നരായ മുതിര്‍ന്നവരുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് ജോലി ചെയ്യണം, തീരുമാനങ്ങള്‍ എടുക്കണം. അഭിപ്രായങ്ങള്‍ ആരാഞ്ഞശേഷം ചെയ്യുമ്പോള്‍ നമ്മള്‍ ചെറുതായി എന്നു കരുതേണ്ടതില്ല. നിര്‍ദ്ദേശങ്ങളും അനുഗ്രഹങ്ങളും ആശീര്‍വാദങ്ങളും ജീവിതവിജയത്തിന്റെ സമ്പന്നതകളാണ്.
അടുത്തതായി ജീവിതയാത്രയില്‍ നാം ശ്രദ്ധയോടെയിരുന്ന് പരിലാളനത്തിനു വിധേയരാകുന്നവരെ കീടങ്ങളില്‍ നിന്നും രക്ഷിക്കുക എന്നതാണ്. ജീവിതത്തില്‍ മൂന്നുതരത്തിലുള്ള കീടങ്ങളാണുള്ളത്. അസൂയ, മടി, കാമം. ഇവ മൂന്നും വളരെ ദോഷം ചെയ്യും. സംരംഭ പങ്കാളിത്തത്തില്‍ ഒരാള്‍ ധനികനാകുമ്പോള്‍ മറ്റുള്ളവര്‍ക്ക് അസൂയ തോന്നുന്നു. ഒരാള്‍ക്ക് ലാഭം കിട്ടുന്നത് കാണുമ്പോള്‍ മറ്റുള്ളവര്‍ അസൂയപ്പെടുന്നു. എന്നാല്‍ അസൂയപ്പെടേണ്ട കാര്യമില്ല. നല്ല ലാഭം കിട്ടുന്നത് കഠിനാദ്ധ്വാനത്തിന്റെയും ത്യാഗോജ്ജ്വലമായ പരിശ്രമത്തിന്റെയും ഫലമായാണ്. നമ്മുടെ അദ്ധ്വാനവും ശ്രമവുമായി മുന്നോട്ടുപോകണം. ഒരു ദിവസം ഫലം കാണും തീര്‍ച്ച.
അടുത്തതു നമ്മുടെ കലാവേദികളാണ്. നിഷ്‌കളങ്കരായ കുട്ടികള്‍ കലകള്‍ പ്രദര്‍ശിപ്പിക്കുമ്പോള്‍ രക്ഷാകര്‍ത്താക്കളിലാണ് മത്സരബുദ്ധി കാണുന്നത്. ഇത് അസൂയയുടെ, അസഹിഷ്ണുതയുടെ മത്സരമാണ്. അര്‍ഹരായവര്‍ അംഗീകരിക്കപ്പെടട്ടേ! കുറുക്കുവഴികള്‍ തേടിപ്പോയി അംഗീകാരം നേടുന്നത് എന്തിനാണ്? അര്‍ഹരായവര്‍ അംഗീകരിക്കപ്പെടുന്നില്ല എങ്കില്‍ നമ്മള്‍ നിഷ്‌കളങ്ക മനസ്സുകളില്‍ അസൂയയുടെ വിത്തുപാകുകയാണ്.
ഉത്തരവാദിത്വമുള്ള രക്ഷിതാക്കള്‍ ചിന്തിക്കേണ്ടത് ഇപ്രകാരമാണ്. ”എന്നേക്കാള്‍ നന്നായി എന്റെ മക്കള്‍ വളരട്ടെ.” മറ്റുള്ളവരുടെ മുന്‍പിലെത്താന്‍ നമ്മള്‍ മക്കള്‍ക്ക് പ്രചോദനവും സഹായവുമാണ് കൊടുക്കേണ്ടത്. വളരാനുള്ള സാഹചര്യം അവര്‍ക്ക് കൊടുക്കണം. നമ്മളുടെ നിഴല്‍ അവരുടെ മേല്‍ പതിയരുത്. നിഴലില്‍ പല സസ്യങ്ങളും വളരാറില്ല. സൂര്യപ്രകാശത്തിനുവേണ്ടി നിഴലില്‍ നിന്നും പല സസ്യങ്ങളും ചെരിഞ്ഞുവളരുന്നു. മുതിര്‍ന്നവര്‍ കുട്ടികള്‍ക്കു വളരാന്‍ സ്ഥലവും അവസരങ്ങളും പ്രചോദനവും കൊടുക്കണം. ചെരിഞ്ഞുള്ള വളര്‍ച്ച ദുര്‍ബലവും ദോഷമുള്ളതുമാണ്.
രക്ഷിതാക്കളും മുതിര്‍ന്നവരും മറ്റു ഉത്തരവാദിത്തപ്പെട്ടവരും കുട്ടികള്‍ നല്ല ദിശയില്‍ വളരുവാനുള്ള താങ്ങും പ്രചോദനവും ആകണം. അഥവാ അവര്‍ ആഗ്രഹങ്ങളുടെ വലയിലാവും. ആഗ്രഹങ്ങള്‍ കാമം, ക്രോധം, ലോഭം, അഹങ്കാരം, ധൂര്‍ത്ത് എന്നു പലതുമാവാം.
ഇവ്വിധത്തിലുള്ള കീടങ്ങളുടെ ആക്രമണമില്ലാതെ ശ്രദ്ധ വെക്കേണ്ടതുണ്ട്. സസ്യങ്ങളുടെ ഇലകള്‍ കീടങ്ങളുടെ ആക്രമണമേല്‍ക്കാതെ സംരക്ഷിക്കണം.ഇലകളാണ് സസ്യത്തെ ആഹാരം ഊട്ടുന്നത്. അതുപോലെ നമ്മള്‍ ഈ വക ആഗ്രഹങ്ങളുടെ അടിമകളാക്കരുത്. പ്രചോദനങ്ങള്‍ കൊടുക്കേണ്ടവര്‍ മടിയന്മാര്‍ ആവരുത്.
മേല്‍പ്പറഞ്ഞ തത്വങ്ങള്‍ക്കനുസരിച്ച് പരിപോഷണത്തിന്റെയും പരിലാളനത്തിന്റെയും കലയിലൂടെ നമ്മളുടെയും മറ്റുള്ളവരുടെയും ജീവിതങ്ങള്‍ ഒരു കലോത്സവമാക്കാന്‍ കഴിയും.


ജന്മഭൂമി: http://www.janmabhumidaily.com/news742100#ixzz4zIYSsZJ9

No comments: