Friday, November 24, 2017

ഭാരതീയ സംസ്‌കാര പാരമ്പര്യത്തിന്റെ ബൃഹത്തായ സ്രോതസ്സെന്ന നിലയില്‍ പഠനാര്‍ഹങ്ങളും ശ്രദ്ധേയവുമാണ് പുരാണങ്ങളും ഉപപുരാണങ്ങളും. പുരാണങ്ങളെ ലക്ഷണംവച്ചുകൊണ്ട് മഹാപുരാണങ്ങളെന്നും ഉപപുരാണങ്ങളെന്നും രണ്ടായി തരംതിരിക്കാറുണ്ട്.
രജോഗുണ പ്രധാനമായ ബ്രഹ്മാവിനെ സംബന്ധിക്കുന്ന ബ്രഹ്മപുരാണം, ബ്രഹ്മാണ്ഡ പുരാണം, ബ്രഹ്മവൈവര്‍ത്തപുരാണം, മാര്‍ക്കണ്‌ഡേയ പുരാണം, ഭവിഷ്യപുരാണം, വാമനപുരാണം എന്നീ ആറെണ്ണമാകുന്നു.
സത്വഗുണപ്രധാനമായ വിഷ്ണുവിന് പ്രധാനം നല്‍കുന്ന വിഷ്ണുപുരാണം, ഭാഗവതപുരാണം, നാരദീയപുരാണം, ഗരുഡപുരാണം, പത്മപുരാണം, വരാഹപുരാണം എന്നിവ ആറെണ്ണമാണ്. തമോഗുണപ്രധാനമായ ശിവനു പ്രാധാന്യം നല്‍കുന്ന വായുപുരാണം, ലിംഗപുരാണം, സ്‌കന്ദപുരാണം, അഗ്നിപുരാണം, മത്‌സ്യപുരാണം, കൂര്‍മ്മപുരാണം എന്നിവയാണ് ആറെണ്ണം. പതിനെട്ട് പുരാണങ്ങള്‍ ഓര്‍ത്തിരിക്കാന്‍ ഒരു ശ്ലോകംതന്നെയുണ്ട്.
”മ”ദ്വയം ”ഭ”ദ്വയം ചൈവ, ”ബ” ത്രയം, ”വ” ചതുഷ്ടയം,
”അ” ”നാ” ”പ” ”ലിം” ”ഗ” ”കൂ” ”സ്‌കാന്ദനി” പുരാണാനി പൃഥക്പൃഥക്
”മ”ദ്വയം = മത്‌സര്യപുരാണം = 14000, മാര്‍ക്കണ്ഡേയം = 9000
”ഭ”ദ്വയം = ഭവിഷ്യപുരാണം = 14500, ഭാഗവതം= 18000
”ബ” ത്രയം = ബ്രഹ്മ പുരാണം = 10000, ബ്രഹ്മാണ്ഡ പുരാണം = 12000, ബ്രഹ്മവൈവര്‍ത്ത പുരാണം = 18000.
”വ” ചതുഷ്ടയം = വാമന പുരാണം = 10000, വായുപുരാണം = 24000, വിഷ്ണുപുരാണം -23000, വരാഹപുരാണം = 24000.
”അ” അഗ്‌നി പുരാണം = 15400, നാരദീയ പുരാണം = 25000, പത്മപുരാണം = 55000, ലിംഗപുരാണം = 11000, ഗരുഡപുരാണം = 19000, കൂര്‍മ്മ പുരാണം = 17000, സ്‌കന്ദപുരാണം = 81100.
ഉപപുരാണ സംഖ്യകളും പതിനെട്ട് തന്നെയാണ്. സനല്‍കുമാരം, നരസിംഹം, സ്‌കാന്ദം, ശിവധര്‍മ്മം, ദുര്‍വാസസം, നാരദീയം, കാപിലം, മാഹേശ്വരം, ഔശനസം, ബ്രഹ്മാണ്ഡം, വാരുണം, കാളികം, വാമനം, സാംബം, സൗരം, പരാശരം, മാരീചം, ഭാര്‍ഗ്ഗവം എന്നിവയാണ്. പുരാണങ്ങള്‍ക്ക് പത്ത് ലക്ഷണങ്ങള്‍ സര്‍ഗ്ഗം, വിസര്‍ഗ്ഗം, സ്ഥാനം, പോഷണം, ഊതികള്‍, മന്വന്തരം, ഈശാനുകഥ, നിരോധം, മുക്തി, ആശ്രയം എന്നിവയാണ്. പത്ത് ലക്ഷണങ്ങളുള്ളവയെ മഹാപുരാണം എന്നും അഞ്ച് ലക്ഷണങ്ങള്‍ ഉള്ളവയെ ഉപപുരാണം എന്നും പറഞ്ഞുവരുന്നു.
വേദജ്ഞാനമില്ലാത്തവര്‍ക്ക് വൈദികാശയങ്ങള്‍ വിശദീകരിച്ച് കൊടുക്കുന്നതാണ് പുരാണങ്ങള്‍. പുരാണങ്ങളെക്കുറിച്ച് നിഷ്‌കൃഷ്ടമായ പഠനം ഭാരതത്തിന്റെ ആദ്ധ്യാത്മികവും സാംസ്‌കാരികവുമായ പരിവര്‍ത്തന കഥ വ്യക്തമാക്കുന്ന ഒരു ഉരുക്കുകണ്ണിയാണ്. ഓരോ മന്വന്തരത്തിലും വരുന്ന ദ്വാപുരയുഗത്തില്‍ വ്യാസന്‍ ആവിര്‍ഭവിച്ച് പുരാണങ്ങള്‍ ചമയ്ക്കുന്നു. ഇത് ഏഴാമത്തെ വൈവസ്വത മന്വന്തരമാണ്. ഇതില്‍ ഇരുപത്തിയെട്ടാമത്തെ ചതുര്‍യുഗമാണ്. ഈ ചതുര്‍യുഗത്തിലെ ദ്വാപരത്തില്‍ സത്യവതീസൂനുവായ വ്യാസനാണ് പുരാണ കര്‍ത്താവ്. കഴിഞ്ഞ ഇരുപത്തിയേഴ് ദ്വാപര യുഗങ്ങളിലും വ്യാസന്മാര്‍ പുരാണ രചന നടത്തിയിട്ടുണ്ട്.
നൈമിശാരണ്യത്തില്‍വച്ച് സൂതനും ഋഷിമാരും സംവാദ രൂപത്തിലാണ് പുരാണങ്ങള്‍ നടത്തുന്നത്. വേദതത്വം വ്യാസമുഖത്തുനിന്നും ഗ്രഹിക്കാന്‍ കഴിഞ്ഞ ആളാണ് സൂതന്‍. പുരാണ സംഹിതകള്‍ ക്രോഡീകരിച്ച് വ്യാസന്‍ സ്വശിഷ്യന്മാരെ പഠിപ്പിച്ചു. ആദ്യം ശിഷ്യനായ ലോമഹര്‍ഷനെ പഠിപ്പിച്ചു. അതിനുശേഷം ആറ് ബ്രഹ്മജ്ഞാനികളെ പഠിപ്പിച്ചുവെന്നും വിഷ്ണുപുരാണത്തില്‍ പറയുന്നു. പുരാണങ്ങള്‍ വേദതുല്യം വേദാര്‍ത്ഥങ്ങളെ വിശദീകരിക്കുന്നുണ്ട്. പുരാണങ്ങള്‍ പഞ്ചമ വേദംകൂടിയാണ്. പുരാണങ്ങളുടെ അടിസ്ഥാന പ്രമാണമായി വര്‍ത്തിക്കുന്നത് ധര്‍മ്മം തന്നെയാണ്.
ലോകത്തിന്റെ നിലനില്‍പ്പ് അടിസ്ഥാനവും ധര്‍മ്മം തന്നെയാണ്. വ്യക്തികള്‍ക്ക് സ്വധര്‍മ്മം നിര്‍വ്വഹിക്കാനുള്ള ജ്ഞാനവും അന്യരോടുള്ള കടമയും പഠിപ്പിക്കുന്ന ഒരു പഠന കളരിയാണ് പുരാണങ്ങള്‍. ഈ വ്യവസ്ഥകള്‍ക്ക് വിധേയമായ ജീവിതം നയിക്കുന്ന ഭക്തജനങ്ങള്‍ക്ക് ഭഗവാന്‍ ഭക്തിയും മുക്തിയും നല്‍കുന്നു. ജീവിതം സ്വാര്‍ത്ഥകമാക്കിത്തീര്‍ക്കാന്‍ പുരാണങ്ങള്‍ നാല് ഉപാധികള്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. സാമൂഹിക സമായോഗം, ഉപാസന, ശാസ്ത്രാവബോധം, സ്വകര്‍മ്മാനുഷ്ഠാനം ഇവയാണ് നാല് ഉപാധികള്‍. ഈ നാലും യഥായോഗ്യം അനുഷ്ഠിക്കാന്‍ കഴിയുന്നവര്‍ക്ക് അപ്രാപ്യമായി ഒന്നുമില്ല.
പുരാണങ്ങള്‍ ഭക്തിയും മുക്തിയും ഒരുപോലെ തരുന്നു. ഈശ്വരഭക്തി ഇഹലോകസുഖങ്ങള്‍ നല്‍കിക്കൊണ്ട് മുക്തിയിലെത്തിക്കുന്നു. അതിനാല്‍ ഭൗതിക ജീവിതത്തെ പൂര്‍ണമായും നിരാകരിച്ചുകൊണ്ടുള്ള ആത്മീയ വീക്ഷണമല്ല പുരാണങ്ങള്‍ നല്‍കുന്നത്. ഈ കലിയുഗത്തിലും സദാചാര നിഷ്ടയോടുകൂടി നമ്മുടെ കര്‍മ്മങ്ങളെ ധര്‍മ്മമാക്കി മാറ്റി ലോകനന്മയ്ക്ക് ഹിതമായിട്ടുള്ള കര്‍മ്മങ്ങള്‍ ചെയ്യാന്‍ പുരാണങ്ങള്‍ നമ്മളെ പഠിപ്പിക്കുന്നു.


ജന്മഭൂമി: http://www.janmabhumidaily.com/news742644#ixzz4zOW3shbG

No comments: