Thursday, November 23, 2017

ആരാണ് പുത്രൻ?
പും എന്ന നാമമുള്ള നരകത്തിൽ നിന്നും ഒരുവനെ ത്രാണനം ചെയ്യുന്നവൻ അതായത് രക്ഷിക്കുന്നവൻ ആരോ അവനാണ് പുത്രൻ' അത് സ്വന്തം രക്തത്തിൽ പിറന്ന മകൻ തന്നെ ആയിക്കൊള്ളണം എന്നില്ല.
ഒരാൾ അയാൾ ചെയ്യേണ്ടതായ കർമ്മങ്ങൾ ചെയ്യാതിരിക്കുകയോ, ചെയ്യാൻ കഴിയുന്നതിന് മുമ്പേ മരിച്ചു പോകുകയോ ചെയ്താൽ അയാളുടെ ജീവാത്മാവ് എത്തിച്ചേരുന്ന സ്ഥലമാണ് പും എന്ന നരകം. ലക്ഷക്കണക്കിന് രൂപ കടം വാങ്ങി തിരിച്ചു കൊടുക്കാതിരിക്കുക, പെൺകുട്ടികൾ ജനിച്ചാൽ അവരെ വിവാഹം കഴിച്ച് കൊടുക്കാതിരിക്കുക, മാതാപിതാക്കളെ സംരക്ഷിക്കാതിരിക്കുക തുടങ്ങിയ കാര്യങ്ങൾ പും എന്ന നരകത്തിലേക്കുള്ള വഴികളാണ്.
ആരാണോ ആ കടം കൊടുത്തു വീട്ടുന്നത്? ആരാണോ അയാൾക്ക് വേണ്ടി ആ പെൺകുട്ടികളെ വിവാഹം ചെയ്ത് കൊടുക്കുന്നത്? ആരാണോ അയാളുടെ മാതാപിതാക്കളെ ദത്തെടുത്ത് നോക്കുന്നത്? അവനാണ് അയാളുടെ പുത്രൻ.
മറ്റൊരർത്ഥത്തിലും ഇത് പ്രയോഗിക്കും. ഒരു ബ്രാഹ്മണന്റെ പുത്രൻ മരിച്ചു എന്ന് പറഞ്ഞാൽ ബ്രാഹ്മണൻ ആകാനുള്ള യോഗ്യതകളിൽ ചിലത് നശിച്ചു എന്നർത്ഥം. യോഗ സ്തപോ ദമം ദാനം സത്യം ശൗച്യം ദയ. ശ്രുതം വിദ്യ. വിജ്ഞാന മാസ്തിക്യമേ തത് ബ്രാഹ്മണ ലക്ഷണാഃ മേൽ പറഞ്ഞ പത്ത് ഗുണങ്ങളിൽ ഒന്ന് നഷ്ടപ്പെട്ടാൽ ബ്രാഹ്മണന്റെ പുത്രൻ മരിച്ചു എന്ന് പറയും. രാമായണത്തിൽ ഇതേ അർത്ഥമാണ് എടുക്കേണ്ടത്. ശംബൂകൻ എന്ന ശൂദ്രൻ തലകീഴായി തപസ്സ് ചെയ്ത കാരണം ബ്രാഹ്മണന്റെ പുത്രൻ മരിച്ചു എന്ന് പറയുന്നുണ്ടല്ലോ! വിദ്യയല്ലാത്ത ഒരു കാര്യം ഉദ്ദേശിച്ചാണ് അയാളുടെ തപസ്സ്. തപസ്സ് ചെയ്യാൻ ഒരു ബ്രാഹ്മണന്റെ ലക്ഷണങ്ങളായ മേൽ പറഞ്ഞ കാര്യങ്ങൾ വേണം എന്നാൽ ഉടലോട് കൂടി സ്വർഗ്ഗത്തിൽ പോകണം എന്ന ആഗ്രഹം അവിദ്യയാണ്. അതിനാൽ ആ അവിദ്യ ഒഴിവാക്കണം. അതിനാണ് നാരദമഹർഷി രാമനോട് അവനെ വധിക്കണം എന്ന് പറഞ്ഞത്
ഇവിടെ വധിക്കണം എന്നതിന് കൊല്ലുക എന്ന അർത്ഥമല്ല. തപസ്സിൽ നിന്ന് ഒഴിവാക്കുക എന്നർത്ഥം. രാമനെ കണ്ട ഉടനെ ശംബൂകനിലെ അവിദ്യ നീങ്ങി ഈശ്വരദർശനം കിട്ടിയാൽ പിന്നെ തപസ്സ് വേണ്ടല്ലോ? അങ്ങിനെ ശംബൂകൻ തപസ്സ് നിർത്തി. അയാളിലെ അവിദ്യ നീങ്ങിയത് മൂലം ബ്രാഹ്മണൻ എന്ന അവസ്ഥയുടെ പത്ത് ഗുണങ്ങളും അഥവാ പത്ത് പുത്രന്മാരും ഊർജ്വസ്വലരായി. ഈ തത്വം സിംബോളിക് ആയി പറഞ്ഞതാണ്. അല്ലാതെ രാമൻ ശംബൂകനെ ശാരീരികമായി കൊന്നിട്ടില്ല. അവനിലെ ശൂദ്രത്വത്തെ രാമ ദർശനം ഇല്ലാതാക്കി. അപ്പോൾ ആലങ്കാരികമായി പറഞ്ഞതാണ് രാമൻ ശൂദ്രനെ വധിച്ചു എന്നത് .
സഗര ന് അറുപതിനായിരം പുത്രൻമാർ ഉണ്ടെന്ന് പറഞ്ഞാൽ സഗരനെ പും എന്ന നരകത്തിൽ നിന്ന് രക്ഷിക്കാനായി 60000 പേർ തയ്യാറായി നിൽക്കുന്നുണ്ട് എന്ന് സാരം. അതായത് ഇവരെ ഒന്നും സഗരന്റെ ഭാര്യ പ്രസവിച്ചതല്ല എന്ന് ചുരുക്കം ചിന്തിക്കുക.
krishnakumar

No comments: