Sunday, November 26, 2017

ഗോകുലത്തിലെ വിശേഷങ്ങള്‍ അപ്പപ്പോള്‍ വസുദേവരുടേയും ദേവകിയുടേയും കാതിലെത്തിച്ചുപോന്നത് ഗര്‍ഗാചാര്യനാണ്. ആചാര്യന്‍ മാസത്തിലൊരിക്കല്‍ ഗോപനാഥ സന്നിധിയില്‍ ദര്‍ശനത്തിനെത്താറുമുണ്ടെന്ന് മുന്‍പേ പറഞ്ഞുവല്ലോ. ആ ദിവസം നോറ്റിരിക്കുന്ന നന്ദഗോപര്‍ വിശേഷങ്ങള്‍ പറയാന്‍ ആചാര്യന്റെ സന്നിധിയിലെത്തുക പതിവാണ്. അക്കാര്യം ദേവകിക്കും വസുദേവര്‍ക്കും നിശ്ചയമുണ്ട്; ആചാര്യന്‍ ഗോപനാഥ ദര്‍ശനത്തിനുപോയി തിരികെ വരുന്നതും കാത്ത് അവര്‍ ആകാംക്ഷ പൂണ്ടിരിക്കും: ഗോകുലത്തിലെ വിശേഷങ്ങളറിയാന്‍. ആ വിശേഷങ്ങളറിഞ്ഞാല്‍പ്പിന്നെ, കുറച്ചുദിവസത്തേക്ക് ദേവകിയ്ക്ക് സംസാരിക്കാന്‍ മറ്റൊരു വിശേഷവുമുണ്ടാവാറില്ല.
‘ഒന്നു ചോദിച്ചോട്ടെ?’ ദേവകി വസുദേവരുടെ ശ്രദ്ധ ക്ഷണിക്കും; അങ്ങനെയാവും മിക്കപ്പോഴും തുടങ്ങുക. പൂതന ഗോകുലത്തില്‍ ചെന്ന വിശേഷങ്ങളറിഞ്ഞപ്പോള്‍ ദേവകി ഉത്കണ്ഠാപൂര്‍വം തിരക്കി: ‘ഏട്ടന്‍ പൂതനയെ ഗോകുലത്തിലേക്കയച്ചു എന്നല്ലേ കരുതേണ്ടത്?’
‘അതേല്ലോ’- വസുദേവര്‍ സമ്മതംകൊണ്ടു.
‘അതിനര്‍ത്ഥം, ഏട്ടന്‍ എല്ലാ രഹസ്യങ്ങളും അറിഞ്ഞുകാണും എന്നായിരിക്കുമോ?’
‘അതിനുള്ള സാധ്യത കുറവാണെന്നു തോന്നുന്നു’- വസുദേവര്‍ തീര്‍ത്തു പറഞ്ഞു: ‘എല്ലാ രഹസ്യങ്ങളും അദ്ദേഹം അറിഞ്ഞിരുന്നുവെങ്കില്‍, മറ്റൊന്നുകൂടി സംഭവിക്കുമായിരുന്നു: കംസന്‍ ഇതിനകം നമ്മുടെ അരികിലും എത്തുമായിരുന്നു.
‘പക്ഷേ, എന്നെങ്കിലും ഈ രഹസ്യം പിന്നെ എന്താണുണ്ടാവുക?’ ദേവകിയുടെ ശബ്ദം ഇടറി; കണ്ണു നിറഞ്ഞു.
‘ഇവ്വിധം കണ്ണീരൊഴുക്കുന്നത് ഒന്നിനും പരിഹാരമാവില്ല’- വസുദേവര്‍ സാന്ത്വനപ്പെടുത്തി.
‘എന്തെങ്കിലും പ്രശ്‌നത്തിനു പരിഹാരം തേടിയല്ലാ എന്റെ കണ്ണു നിറയുന്നത്.’ ‘ദേവകി കണ്ണു തുടച്ചൂ:’ ഈ നിറയുന്നത് കണ്ണീരല്ലാ; ഒരമ്മയുടെ വേദനയാണ്. എനിക്കറിയാം, എന്റെ രണ്ടുമക്കളും ഗോകുലത്തില്‍ സുരക്ഷിതരാണെന്ന്. പക്ഷേ, എന്നിലെ അമ്മയ്ക്ക് അതോര്‍ത്ത് ആശ്വാസം കൊള്ളാനാവുന്നില്ല.’
‘ഞാന്‍ കുറ്റപ്പെടുത്തിയതല്ലാ’
‘എന്നു ഞാന്‍ കരുതിയില്ല. പക്ഷേ, എന്നോട് കനിയൂ. ഈ കണ്ണീരു തൂവി ഞാനൊന്നാശ്വസിച്ചേക്കട്ടെ’
മുത്തശ്ശി ആത്മഗതം കൊണ്ടു: എട്ടുമക്കളെ പറ്റ അമ്മ. ആ അമ്മയ്ക്ക് അതിലൊരൊറ്റ കുഞ്ഞിനെപ്പോലും ലാളിക്കാനോ വാത്സല്യം ചുരത്തി നല്‍കാനോ കഴിഞ്ഞില്ല. കണ്ണീരൊഴുക്കിയും നെടുവീര്‍പ്പിട്ടും സമയം പോക്കാനേ കഴിഞ്ഞുള്ളൂ. നേരം പാതിരാവെത്തിയിരുന്നു. അപ്പോഴും ദേവകിയും വസുദേവരും വിശേഷം പറഞ്ഞിരിക്കയാണ്. ആ അമ്മ തന്റെ ഉത്കണ്ഠ പങ്കുവയ്ക്കുകയാണ്.
എന്തോ ഓര്‍ത്തെടുത്തപോലെ ദേവകി പറഞ്ഞു:’ എത്ര ഭാഗ്യവതിയാണ് യശോദ, അല്ലേ?’
‘എന്തേ ചോദിക്കാന്‍?’ വസുദേവര്‍ തിരക്കി.
നമ്മുടെ ഉണ്ണി ഇപ്പോള്‍ യശോദയുടെ മാറില്‍ ചേര്‍ന്നുകിടന്നുറങ്ങുകയാവും, അല്ലേ?’
‘ആവും’- വസുദേവര്‍ ദേവകിയില്‍ ആശ്വാസമുഴിഞ്ഞു.
‘ഒന്നു ചോദിച്ചോട്ടെ?’ മുത്തശ്ശി ആരാഞ്ഞു.
‘എന്താണ്’ മുത്തശ്ശന്‍ ചോദിച്ചു.
‘ദിവസവും എന്തെങ്കിലും കഥകേട്ടാലേ ഉണ്ണി ഉറങ്ങുകയുളളൂവെന്നും, ഒരു ദിവസം ഉണ്ണിക്ക് ഉറങ്ങാന്‍ വേണ്ടി യശോദ സീതാപഹരണകഥ പറഞ്ഞുകൊടുത്തുവെന്നും കേട്ടിട്ടുണ്ട്.’
‘അതുവ്വോ?’ മുത്തശ്ശന്‍ ആരാഞ്ഞു.
‘ഉവ്വത്രേ. രാമനും ലക്ഷ്മണനും ആശ്രമത്തില്‍ ഇല്ലാത്തനേരം ബ്രാഹ്മണ വേഷത്തില്‍ രാവണന്‍ വന്നു ഭിക്ഷ ചോദിച്ചു. ഭിക്ഷ കൊടുക്കാന്‍ സീതയ്ക്ക് ലക്ഷ്മണരേഖ കടക്കേണ്ടിവന്നു. അപ്പോഴാണ് രാവണന്‍ സീതയെ അപഹരിച്ചുകൊണ്ടു പോയത്. അന്നേരം ഉണ്ണിക്കണ്ണന്‍ പിടഞ്ഞെണീറ്റ്, ലക്ഷ്മണാ, എന്റെ വില്ലെവിടെ? എന്നു ചോദിച്ചുവത്രേ’
‘ഉവ്വോ? കേള്‍ക്കട്ടെ’- ദേവകി കാതുകൂര്‍പ്പിച്ചു.
‘കഴിഞ്ഞ ദിവസം’ മുത്തശ്ശന്‍ കഥ തുടങ്ങി. ഉച്ചതിരിഞ്ഞനേരം. പാലുകൊടുത്ത് യശോദ ഉണ്ണിയെ കഥ പറഞ്ഞ് ഉറക്കി; അടുക്കളയിലേക്ക് പോയി. അന്നേരമാണ് കംസന്റെ കിങ്കരന്‍ തൃണാവര്‍ത്തന്‍, കാറ്റിന്റെ രൂപമെടുത്ത് വന്നത്. ചുഴലിക്കാറ്റില്‍ പാറിപ്പറക്കുന്ന പൊടിപടലങ്ങളുടെ ശല്യം കാരണം ഗോകുലത്തിലെ വീട്ടുവാതിലുകള്‍ കൊട്ടിയടച്ചു. അന്നേരം യശോദ മുറിയിലെത്തിനോക്കുമ്പോള്‍-ഉണ്ണിയെ കാണാനില്ല. യശോദ കരഞ്ഞുവിളിച്ചു. ആ കരച്ചില്‍ കേട്ട് രോഹിണി ഓടിയെത്തി.
കാറ്റിനെ പേടിച്ച് എല്ലാവരും വീടിനകത്തായിരുന്നു. യശോദയുടെയും രോഹിണിയുടെയും കരച്ചില്‍ ഗോകുലത്തിലെ വീടുകളുടെ വാതിലുകള്‍ തള്ളിത്തുറന്നു. ഗോപികമാര്‍ ഓടിയെത്തി.
‘എന്തേ, എന്തേ?’ അവര്‍ തിരക്കി.
‘കൃഷ്ണനെ കാണാനില്ല’- തളര്‍ന്നുവീണ യശോദയെ മടിയില്‍ കിടത്തിയ രോഹിണി കരഞ്ഞുകൊണ്ടറിയിച്ചു.
കൃഷ്ണനെ കാണാനില്ലാ-എന്ന വാര്‍ത്ത കാട്ടു തീപോലെ ഗോകുലമാകെ പടര്‍ന്നു. കൃഷ്ണനെ കണ്ടോ? ആയിരം കണ്ണുകളുമായി ആ ചോദ്യം ഗോകുലമാകെ മുട്ടിത്തിരിഞ്ഞു.
അന്നേരം, ചുഴലിക്കാറ്റിന്റെ രൂപമാര്‍ന്ന തൃണാവര്‍ത്തന്‍ കൃഷ്ണനേയുംകൊണ്ട് ആകാശത്തേയ്ക്ക് പറക്കുകയായിരുന്നു.
ദൈത്യോ നാമ്‌ന തൃണാവര്‍ത്തഃ കംസഭൃത്യഃ പ്രണോദിതഃ
ചക്രവാത സ്വരൂപേണ ജഹാരാസീനമര്‍ഭകം
അന്നേരം കൃഷ്ണന്‍ തന്റെ ശരീരഭാരം വര്‍ധിപ്പിക്കാന്‍ തുടങ്ങി. ഗാഥയില്‍ പറയുന്നില്ലേ?
മുത്തശ്ശി ഓര്‍ത്തെടുത്തു-
പാരിച്ചുനിന്നു കനത്തു തുടങ്ങീ-
ങ്ങാരോമല്‍ പൈതല്‍തന്‍ പൂവലംഗം
മേല്‍പ്പോട്ടു പോവുന്ന ദാനവനന്നേരം
കീഴ്‌പെട്ടായ് വന്നിതു യാനവേഗാ
പാരിച്ചുനിന്നങ്ങു വീഴുന്ന നേരത്തു
പാറമേലായതു ഭാഗ്യത്താലെ
വേറിട്ടുപോവാതെ പൈതലും പോന്നവന്‍
മാറിടം തന്നിലുമായി വന്നു
എല്ലാവരും നെട്ടോട്ടമായിരുന്നു. ഓടിയോടി ഗോകുലത്തിന്റെ അറ്റം വരെ ചെന്നവര്‍ ഒരിടത്തു കണ്ടു: ഒരു പടുകൂറ്റന്‍ പാറയുടെ അടിവാരത്ത്- ചത്തുമലച്ചുകിടന്ന ആ രാക്ഷസന്റെ മാറില്‍ ചവിട്ടിനില്‍ക്കുന്ന കൃഷ്ണന്‍… എല്ലാവരും ആശ്വസിച്ചു.
ഘോരനാം ദാനവന്‍ വന്നു ചുഴലിയാ-
യാരാലെടുത്തു വ്യോമാന്തമിയന്നവന്‍
നേരെ തിരിഞ്ഞഴിഞ്ഞിങ്ങുവന്നിക്കൊടും
പാറമേല്‍ വീണു തകര്‍ന്നിവന്‍ തന്നുടെ
മാറില്‍ക്കിടന്നൊരു ബാലനും സങ്കടം
വാരാഞ്ഞതെത്രയുമത്ഭുതമല്ലയോ.
‘ഉണ്ണീ, കൃഷ്ണാ’- യശോദ ഓടിച്ചെന്നു; ഉണ്ണിയെ വാരിയെടുത്തു; ഇറുകെപ്പിടിച്ചു-അവനില്‍ അലിഞ്ഞുചേരാനെന്നപോലെ.
വിജ്വരയായ യശോദയുമന്നേരം
വിസ്മിതയായി വിളങ്ങി നിന്നാള്‍.


ജന്മഭൂമി: http://www.janmabhumidaily.com/news743364#ixzz4zbgKX2b5

No comments: