Sunday, November 26, 2017

നമ്മുടെ എല്ലാവരുടെയും ജീവിതത്തില്‍ ചിട്ടയ്ക്ക് വളരെയേറെ പ്രാധാന്യമുണ്ട്. ചിട്ട മനസ്സിന്റെ സ്വാതന്ത്ര്യത്തെ നഷ്ടമാക്കില്ലേ എന്ന് ചിലര്‍ക്ക് സംശയം തോന്നാം. ചിട്ടയോടെ ജീവിക്കുന്നതുകൊണ്ട് ജീവിതം യാന്ത്രികമാകും എന്നാണ് അവരുടെ വാദം. ഇങ്ങനെ തര്‍ക്കിച്ചിട്ട് ചിട്ട പാലിക്കുന്നതിന്റെ പ്രാധാന്യം അവഗണിക്കുന്ന പലരുമുണ്ട്. എന്നാല്‍ ചിട്ടയ്ക്ക് ഒരു പ്രായോഗിക വശമുണ്ട്. തുടക്കത്തില്‍ ചിട്ട ഒരു ബന്ധനമായി നമുക്ക് അനുഭവപ്പെടാം. പക്ഷെ, ചിട്ടയെന്ന ചെറിയ ബന്ധനത്തിലൂടെ മറ്റെല്ലാ ബന്ധനങ്ങളില്‍ നിന്നും നമ്മള്‍ മോചിതരാകുന്നു. മുള്ളുകൊണ്ട് മുള്ളിനെ എടുക്കുന്നത് പോലെയാണത്.
ചില ഓഫീസുകളിലെ വാതിലില്‍ അലാറം ഉണ്ടാകും. അനുവാദമില്ലാതെ ആരെങ്കിലും ഉള്ളില്‍ പ്രവേശിച്ചാല്‍ അലാറം ശബ്ദിക്കും. അതുപോലെ മനസ്സ് വ്യതിചലിക്കുമ്പോള്‍ നമ്മുടെ ചിട്ട അല്ലെങ്കില്‍ നിഷ്ഠ, ഒരു അലാറം ശബ്ദിക്കുന്നതുപോലെ ”അരുത്, അരുത്” എന്നു വിളിച്ചു പറയും. അങ്ങനെ നമ്മള്‍ ശരിയായ മാര്‍ഗ്ഗത്തിലേക്ക് തിരിച്ചുവരികയും ചെയ്യും.
ഇന്നു നമ്മുടെ മനസ്സ് ചെടിച്ചട്ടിയില്‍ വളരുന്ന ചെടിപോലെയാണ്. ദിവസവും നനയ്ക്കണം. ഒരു ദിവസം വെള്ളം ഒഴിച്ചില്ലെങ്കില്‍ അടുത്തദിവസം അതു വാടിപ്പോകും. അത്തരം ചെടിയ്ക്ക് പതിവായ നന എത്രത്തോളം ആവശ്യമാണോ അതുപോലെയാണ് നമ്മുടെ മനസ്സിന് ചിട്ട. നിയമങ്ങളും ചിട്ടകളും കൂടാതെ നമ്മുടെ മനസ്സിനെ നിയന്ത്രണത്തില്‍ കൊണ്ടുവരുവാന്‍ കഴിയില്ല. മനസ്സ് നമ്മുടെ നിയന്ത്രണത്തില്‍ അല്ലാത്തിടത്തോളം യമനിയമങ്ങള്‍ പാലിക്കണം, ഗുരുവിന്റെ നിര്‍ദ്ദേശമനുസരിച്ചു ജീവിക്കണം.
ചിട്ടയിലൂടെ നമ്മുടെ സമയം കൂടുതല്‍ പ്രയോജനകരമായി വിനിയോഗിക്കാനും, മനോനിയന്ത്രണവും ആത്മബലവും കൊണ്ടുവരാനും സാധിക്കും. ചിട്ടവച്ച് മുന്നോട്ടു പോയാല്‍ തീര്‍ച്ചയായും നമ്മുടെ മനസ്സ് കര്‍ത്തവ്യത്തെ ഓര്‍മ്മിപ്പിക്കുന്ന അലാറം പോലെയായിത്തീരും. ഒരാള്‍ക്ക് ദിവസവും വെളുപ്പിന് നാലു മണിക്ക് എഴുന്നേറ്റ് പൂജ ചെയ്യുന്ന പതിവുണ്ടായിരുന്നു. ഒരിക്കല്‍ അദ്ദേഹം നല്ല തണുപ്പുള്ള ഒരു സ്ഥലത്ത് പോയി. ശക്തിയായി ഐസ് വീഴുന്നുണ്ടായിരുന്നതുകൊണ്ട് രാത്രി മുഴുവന്‍ തണുപ്പ് അസഹ്യമായിരുന്നു. അയാള്‍ മുറിയിലെ ഹീറ്റര്‍ ഓണ്‍ ചെയ്ത്, കമ്പിളി പുതച്ച് ഒരുവിധം കിടന്നുറങ്ങി. രാവിലത്തെ പൂജ മുടങ്ങരുതെന്ന നിര്‍ബ്ബന്ധമുള്ളതുകൊണ്ട്, നാല് മണിക്ക് എഴുനേല്‍ക്കാന്‍ അയാള്‍ അലാറവും വച്ചിരുന്നു.
വെളുപ്പിന് നാലുമണിക്ക് അയാള്‍ എഴുന്നേറ്റു, കുളിച്ചു, എന്നും ചെയ്യുന്നതുപോലെ പൂജയും ചെയ്തു. പുഷ്പങ്ങള്‍ കൊണ്ട് ഇഷ്ടദേവതയ്ക്ക് അര്‍ച്ചന ചെയ്തു, നിവേദ്യം സമര്‍പ്പിച്ചു, ആരതി കാണിച്ചു. സാഷ്ടാംഗം നമസ്‌കരിക്കാനായി ഇരുന്നയിടത്തുനിന്ന് എഴുന്നേറ്റപ്പോള്‍ പെട്ടെന്നയാള്‍ കണ്ണ് തുറന്നു. താന്‍ ഇതുവരെ സ്വപ്‌നം കാണുകയായിരുന്നുവെന്ന് അയാള്‍ക്ക് അപ്പോഴാണ് മനസ്സിലായത്. അലാറം അടിച്ചു കൊണ്ടേയിരിക്കുകയായിരുന്നു. യാത്രാക്ഷീണവും തണുപ്പും കാരണം അയാള്‍ ഉണര്‍ന്നില്ലെങ്കിലും ഉറക്കത്തില്‍ കിടന്നുതന്നെ അനുഷ്ഠാനങ്ങളെല്ലാം അദ്ദേഹം പാലിച്ചു. ശരീരം ഉണര്‍ന്നില്ലെങ്കിലും മനസ്സ് സമയത്തിനുതന്നെ ഉണര്‍ന്നു. ഉള്ളിലെ അലാറം കൃത്യമായി കേട്ടു. ചിട്ടയായിട്ട് പോയാല്‍ എവിടെ ഇരുന്നാലും നമ്മുടെ മനസ്സിന് ഉണര്‍വ്വുണ്ടാകും. അതാണ് ചിട്ടയുടെ പ്രായോഗികത.
ഇന്നത്തെ ശീലമാണ് നാളത്തെ സ്വഭാവവും സംസ്‌കാരവുമായി മാറുന്നത്. നമുക്ക് നല്ല സ്വഭാവവും സംസ്‌കാരവും നേടിയെടുക്കണമെങ്കില്‍ നല്ല ശീലങ്ങള്‍ വളര്‍ത്തിയെടുക്കണം. നല്ല ശീലങ്ങള്‍ വളര്‍ത്താന്‍ ചിട്ടയായ ജിവിതം കൂടിയേ മതിയാകൂ. അതുകൊണ്ട് ഈശ്വരനെ നമ്മള്‍ എങ്ങനെ സ്‌നേഹിക്കുന്നുവോ അതുപോലെ ചിട്ടയേയും സ്‌നേഹിക്കണം. പരമമായ ലക്ഷ്യത്തിലെത്താന്‍ ആദ്യം ചിട്ടയെ സ്വീകരിക്കണം.
കൃത്യസമയത്തു ചായകുടി ശീലമാക്കിയവര്‍ക്കു് ആ സമയത്ത് ചായ കിട്ടിയില്ലെങ്കില്‍ തലവേദനയും മറ്റ് അസ്വസ്ഥതകളും അനുഭവപ്പെടും. കഞ്ചാവുവലി ശീലമാക്കിയവര്‍ക്കു സമയത്തിനതു കിട്ടാഞ്ഞാല്‍ വലിയ വെപ്രാളമായിരിക്കും. ഇന്നലെവരെ പാലിച്ചുകൊണ്ടുവന്ന ശീലം ഇന്ന് യഥാസമയം അവരെ ഓര്‍മ്മിപ്പിച്ചു. ഇതുപോലെ ഏത് കാര്യത്തിലും ചിട്ടവച്ചുനീങ്ങുകയാണെങ്കില്‍ അതില്‍നിന്നും ഒരു സ്വഭാവം രൂപംകൊള്ളും. മനസ്സ് വ്യതിചലിക്കുമ്പോള്‍ സ്വയം തിരുത്താന്‍ നമ്മള്‍ വളര്‍ത്തിയെടുത്ത നല്ല സ്വഭാവം നമ്മളെ സഹായിക്കും.
ഉപ്പു വെച്ചിരുന്ന പാത്രം കഴുകാതെ അതില്‍ പായസം ഒഴിച്ചാല്‍, പായസത്തിന്റെ രുചി അറിയില്ല. മനസ്സിലെ മാലിന്യങ്ങളകറ്റാതെ ഈശ്വരനെ അനുഭവിക്കാനാവില്ല. മനോമാലിന്യങ്ങള്‍ നീങ്ങാന്‍ ചിട്ടയായി സാധന അനുഷ്ഠിക്കണം. നമ്മുടെയുള്ളില്‍ ഉണര്‍വ്വ് വരുത്താന്‍ ജീവിതത്തില്‍ ചിട്ടവേണം. ചിട്ടയോടെ നീങ്ങിയാല്‍ തീര്‍ച്ചയായും നമ്മുടെ മനസ്സ് വടക്കു നോക്കിയന്ത്രംപോലെയാകും. കപ്പല്‍ എങ്ങോട്ട് തിരിഞ്ഞാലും വടക്കു നോക്കിയന്ത്രത്തിലെ സൂചി വടക്കുദിക്കിലേയ്ക്ക് തിരിഞ്ഞു നില്‍ക്കും. അതിന്റെ സഹായത്താല്‍ കപ്പലിനെ ശരിയായ ദിശയിലേയ്ക്ക് നയിക്കാം. അതുപോലെ ജീവിതത്തില്‍ ചിട്ടവന്നാല്‍, ലക്ഷ്യം തെറ്റാതെ ജീവിതത്തെ മുന്നോട്ടു നയിക്കാന്‍ സാധിക്കും.


ജന്മഭൂമി: http://www.janmabhumidaily.com/news743056#ixzz4zY7im2Yv

No comments: