Tuesday, November 28, 2017

വേദങ്ങളിൽ സ്ത്രീകളെ ക്കുറിച്ചുള്ള കാഴ്ചപ്പാടുകളെ ചുരുക്കിയെടുത്താൽ 
സ്ത്രീകള് ധൈര്യശാലികളാകണം, 
വിശേഷ വിജ്ഞ്യാനമുള്ളവരാകണം , 
കീർത്തി സമ്പാദിക്കണം, 
രഥമോടിക്കാനറിയണം, 
തല്പരയെങ്കിൽ സേനയിൽ ഭാഗമാകാം
ബുദ്ധിമതികളാകണം,
സമൂഹ സുരക്ഷക്കും കുടുംബ സുരക്ഷക്കും കാരണമാകണം ,
സമ്പത്തും, ഐശ്വര്യവും, ഭക്ഷണവും പ്രാദാനം ചെയ്യുന്നവളാകണം തുടങ്ങിയവയെല്ലാം ഒരു ജിജ്ഞ്യാസുവിനു വായിച്ചെടുക്കാൻ ഏറെ ബുദ്ധിമുട്ടുണ്ടാകില്ല .
“മാതൃവത് പര ദാരെഷു” —- മാതൃഭാവേനെ എല്ലാ സ്ത്രീകളോടും ഇടപെടണമെന്നാണ് ഭാരതീയ സംസ്കൃതി നമ്മോടു വിളിച്ചു പറയുന്നത്. സചേതനങ്ങളും അചേതനങ്ങളുമായ സകല സ്ത്രീ സത്തകൾക്കും ഭാരതീയർ മാതൃഭാവം കല്പ്പിച്ചു നല്കിയതായി കാണാം . വേദങ്ങളിലും, പുരാണങ്ങളിലും , സ്മൃതികളിലും , ഇതിഹാസങ്ങളിലും പരമോത്കൃഷ്ട സ്ഥാനം നല്കിയിരിക്കുന്നത് മാതൃഭാവത്തിനാണ്. ഒരു സ്ത്രീ ബാലികയാകട്ടെ, കന്യകയാകട്ടെ, വൃദ്ധയാകട്ടെ, അവരിൽ മുൻപിട്ടു നില്ക്കുന്നതും ഇതേ മാതൃ ഭാവമാണ്. ഈ മാതൃഭാവത്തെ വാഴ്ത്തി നിരവധി സൂക്തങ്ങൾ വേദങ്ങളിൽ കാണാം. ജ്ഞ്യാനതിന്റെ ഉറവിടമായ സരസ്വതിയായും ,ധൈര്യത്തിന്റെയും വീര്യതിന്റെയും സംക്ഷിപ്ത രൂപമായ സഹസ്രവീര്യയായും പ്രതീക്ഷയുടെയും പ്രബുദ്ധതയുടെയും പ്രതീകമായ ഉഷസ്സായും വേദങ്ങൾ മാതൃഭാവത്തെ വാഴ്ത്തുന്നു. സൂര്യനെന്ന തന്റെ പതിക്കു മുൻപേ നടക്കുന്ന ഉഷയെന്ന സ്ത്രീഭാവത്തെ വേദങ്ങളിലെ പരമോത്കൃഷ്ടമായ ഒരു പ്രതീകമായാണ് കരുതുന്നത്. അന്ധകാരത്തെ അകറ്റി പുലരി പ്രകാശവും വിശുദ്ധിയും പരത്തുന്ന പോലെ , മാതാവ് കുഞ്ഞിന്റെ ജീവിതത്തിൽ വെളിച്ചം പകരുന്നുവെന്നു വേദം വിളിച്ചു പറയുന്നു.
വേദങ്ങളിലെ പ്രധാന ദേവീ സങ്കല്പ്പമായ അദിതിയെ സകലതിനെയും ഉള്ളിലടക്കുന്ന മാതൃസത്തയായാണ് അവതരിപ്പിച്ചിരിക്കുന്നത് . ഇന്ദ്രനടക്കമുള്ള സകല ദേവന്മാരുടെയും മാതാവായി വിശേഷിപ്പിക്കുന്നതും ഇതേ അദിതിയെത്തന്നെ . സർവാരാധ്യയാണ് ആദിതിയെന്നും അദിതിയിൽ നിന്നാണ് സമസ്ത പ്രപഞ്ചവും ഉത്ഭവിച്ചതെന്നും വേദം നിസ്സംശയം വിളിച്ചു പറയുന്നു.പുരുഷ സത്തയായ പ്രജാപതിയോടൊപ്പം നില്ക്കാവുന്ന സ്ത്രീ സത്തയായ അദിതിക്കു പകരം വെയ്ക്കുവാൻ തക്ക ശക്തമായ സ്ത്രീ ഭാവങ്ങളൊന്നും സെമെട്ടിക് മതങ്ങള്ക്കു സ്വന്തമായില്ല എന്നത് പ്രജാപതി സങ്കല്പ്പത്തെ ‘വെടക്കാക്കി തനിക്കാക്കാൻ’ ശ്രമിക്കുന്ന മത മേലാളന്മാർ അറിഞ്ഞിരിക്കേണ്ടതുണ്ട്.
സ്ത്രീ ഭാവത്തെ ആരാധ്യമായി കരുതി സ്തുതിക്കുന്ന വേദസൂക്തങ്ങളിൽ ശ്രീ സൂക്തം, നില സുക്തം, ഭൂ സൂക്തം തുടങ്ങിയവ പ്രാധാന്യമർഹിക്കുന്നുണ്ടെങ്കിലും വേദമാതാവായി , സകല മന്ത്രങ്ങളുടെയും അമ്മയായി , സ്ത്രീ ഭാവം കല്പ്പിച്ചു നല്കി ഭാരതീയർ ആദരവോടെ സ്തുതിക്കുന്ന ഗായത്രിയാണ് സകല വേദ സൂക്തങ്ങളിലും വെച്ച് പ്രഥമ പരിഗണനക്ക് അർഹത നേടുന്നത് . ഗായത്രി മന്ത്രമില്ലാതെ യുള്ള ഒരു മന്ത്രവും ഫലം തരില്ലെന്നും , ഗായത്രി ജപം വേണ്ട വിധം അനുഷ്ടിചാലെ ഒരു സാധകൻ മറ്റു മന്ത്രങ്ങൾക്ക് അർഹത നേടൂ എന്നുമാണ് വിശ്വാസം. ഉപനയന വേളയിൽ പ്രഥമോപദേശമായി നല്കുന്നതും ഗായത്രി മന്ത്രമാണ്.
ഭാരതീയ സംസ്കൃതിയിലെ മാതൃഭാവങ്ങൾ ഇത് കൊണ്ട് അവസാനിക്കുന്നില്ല. നദികളിലും രാഷ്ട്രത്തിലും ഭാഷയിലും ഭൂമിയിലും അവർ മാതൃഭാവം കാണുന്നു. പശുക്കളിൽ പോലും മാതൃഭാവം ദർശിക്കുന്ന ഒരു ഭാരതീയൻ തന്റെ നിലനില്പ്പിനു കാരണഭൂതയാകുന്ന നദികൾക്കും, രാഷ്ട്രത്തിനും, ഭാഷയ്ക്കും . ഭൂമിക്കും, പരമപ്രധാന ശാസ്ത്ര ഗ്രന്ഥമായ വേദങ്ങൾക്കും – ശ്രുതി – മാതൃഭാവം കല്പ്പിച്ചതിൽ ആശ്ച്ചര്യപ്പെടാൻ എന്തിരിക്കുന്നു അല്ലെ?

No comments: