Tuesday, November 28, 2017

ഭഗവത് പ്രേമത്തെ പ്രാപിച്ചുകഴിയുമ്പോള്‍ അതുമാത്രമാണ് കാണുന്നത്. മറ്റൊന്നുമില്ല. അതുമാത്രമാണ് കേള്‍ക്കുന്നത്. വേറൊന്നില്ല. അതുമാത്രമാണ് പറയാനുള്ളതും. ചിന്തിക്കാനും അതുമാത്രമേ ഉള്ളൂ. കാണുന്നതുംകേള്‍ക്കുന്നതും പറയുന്നതും ചിന്തിക്കുന്നതുമെല്ലാം ഒറ്റ വിഷയമാണ്. ഭഗവാന്‍.
മനസാ, വാചാ, കര്‍മണാ മറ്റൊന്നിനെ കാണാനാവാത്തതുകൊണ്ട് അതു മാത്രമേയുള്ളൂ എന്ന സത്യം ബോധ്യമാകുന്നു.
കണ്ണനെ കാണാത്ത കണ്ണ് കണ്ണല്ല. കേള്‍ക്കാത്ത കാത് കാതല്ല. മറ്റൊന്നും കാണാനും കേള്‍ക്കാനും ഓര്‍ക്കാനുമില്ലാത്ത അവസ്ഥയാണ് ബ്രഹ്മാനുഭൂതി. ബ്രഹ്മാനുഭൂതി ധിഷണന്മാരായവര്‍ക്ക് അനശ്വരമായ അനുഭൂതിയാണ് വേദോപനിഷത്തുക്കള്‍ വിധിച്ചിരിക്കുന്നത്.
ഈ അവസ്ഥയില്‍ പലപ്പോഴും ആനന്ദനര്‍ത്തനമാടും. അവര്‍ മറ്റൊന്നിനേയും കാണുന്നില്ല. ആലോകനം ചെയ്യുമ്പോഴേ ലോകമുള്ളൂ. കണ്ണടച്ചാല്‍ ലോകമില്ല.
ഈ അവസ്ഥയില്‍ അച്ഛന്‍, അമ്മ, സഹോദരങ്ങള്‍ എന്നിങ്ങനെയുള്ള വ്യത്യാസമൊന്നുമില്ല.
ഭഗവാന്‍ മാത്രം. ഈ അനുഭൂതി താല്‍ക്കാലികമല്ല. നിത്യമാണ്. ഇവിടെ ഇന്ദ്രിയവിഷയങ്ങളൊന്നുമില്ല. സമസ്ത പ്രപഞ്ചവും നാരായണാംശം തന്നെ. അകത്തും പുറത്തും നാരായണന്‍ തന്നെ. ഇവിടെ അകത്തും പുറത്തുമെന്ന് വേര്‍തിരിക്കുന്ന അതിരുകളില്ല. അതും ഭഗവന്‍മയം തന്നെ. നാനാത്വത്തില്‍ ഏകത്വം.
ഒന്നായ നിന്നെയിഹ രണ്ടെന്നു കണ്ടളവി
ലുണ്ടായൊരിണ്ടല്‍ ബത മിണ്ടാവതല്ല മമ
എന്ന് ഹരിനാമകീര്‍ത്തനത്തില്‍ വര്‍ണിച്ചതുപോലെ അലയടിച്ചുയരുന്ന ഭഗത്‌പ്രേമം മാത്രം.


ജന്മഭൂമി: http://www.janmabhumidaily.com/news744529#ixzz4zlrkL9CC

No comments: