Thursday, November 23, 2017

ഗോകുലത്തില്‍ ആനന്ദം തിമിര്‍ത്തു. പ്രകൃതി ഗോകുലത്തിന്റെ കാല്‍ക്കല്‍ വര്‍ണങ്ങളുടെയും ഗന്ധങ്ങളുടെയും നിധി സമര്‍പ്പിച്ചു. എല്ലാം മണത്തറിയുന്ന ചാരന്മാര്‍, പ്രകൃതിയുടെ ഈ പകര്‍ന്നാട്ടം ശ്രദ്ധിച്ചു. ആരെ വരവേല്‍ക്കാനാണ് ഈ സന്നാഹം?
അവര്‍ കംസന്റെ അരികിലെത്തി ബോധിപ്പിച്ചു. മഹാരാജന്‍! ഗോകുലത്തിന്റെ പ്രകൃതം തന്നെ മാറിയിരിക്കുന്നു. ഉണങ്ങിയ ചില്ലകള്‍ തളിര്‍ക്കുന്നു. പൂക്കാത്ത മരങ്ങള്‍ പൂക്കുന്നു. ഒരിക്കലും കായ്ക്കാത്ത മരങ്ങള്‍ കായ്ക്കുന്നു…
‘അതിനെന്താവും കാരണം?’ കംസന്‍ സചിവ മുഖ്യനോട് ആരാഞ്ഞു: ‘ദേവകിയുടെ എട്ടാമത്തെ കുഞ്ഞ് അവതാരപുരുഷനാവും എന്ന് നാരദര്‍ ഒരിക്കല്‍ പറഞ്ഞിരുന്നില്ലേ? അയാള്‍ പറഞ്ഞ അവതാരപുരുഷന്‍ ഗോകുലത്തിലെത്തി എന്നതിന്റെ സൂചനയാവുമോ?’
‘അതെങ്ങനെ?’ സചിവമുഖ്യന്‍ പുരികം ചുളുക്കിക്കൊണ്ടു തിരക്കി: ‘ദേവകി പ്രസവിച്ചിരിക്കുക മഥുരയിലെ കാരാഗൃഹത്തിലല്ലേ? ശക്തമായ കാവല്‍ നമ്മളവിടെ ഒരുക്കിയിരുന്നില്ലേ? ആ കാവലിനെ മറികടന്ന് ആ കുഞ്ഞ് ഗോകുലത്തിലെത്തുന്നത് എങ്ങനെയാണ്?’
‘ചോദ്യങ്ങളുന്നയിക്കാന്‍ എനിക്കുമാവും’ – കംസന്‍ ശബ്ദത്തില്‍ ഗൗരവം കലര്‍ത്തി:
‘ദേവകിയുടെ കൈയില്‍നിന്നു ഞാന്‍ പിടിച്ചുവാങ്ങിയ പെണ്‍കുഞ്ഞിന് ചിറകുണ്ടായിരുന്നോ ആകാശത്തേക്ക് പറക്കാന്‍? ചിറകുണ്ടായിരുന്നില്ല; പക്ഷേ, ആ കുഞ്ഞ് ഉയരത്തിലേക്ക് കുതിച്ചുയര്‍ന്നതു ഞാന്‍ കണ്ടതാണ്. ആകാശത്തുവച്ച് ആ കുഞ്ഞിന് ദൈവീകരൂപം കൈവന്നതിനും ഞാന്‍ സാക്ഷിയാണ്. അവള്‍ എനിക്ക് മുന്നറിയിപ്പുതന്നിരിക്കുന്നു: എന്നെ കൊല്ലാനുള്ളവന്‍ ജീവിച്ചിരിക്കുന്നുവെന്ന്. എന്താണ് ഇതിനൊക്കെ അര്‍ത്ഥം എന്നെനിക്കു ചോദിക്കാം. പക്ഷേ, അതുകൊണ്ടെന്തു കാര്യം?
ദേവകി പ്രസവിച്ചത് അവനെയാണോ എന്നതാണ് പ്രശ്‌നം. അതെ എന്നാണുത്തരമെങ്കില്‍, അവനവിടെനിന്നു രക്ഷപ്പെട്ടോ എന്നതാണ് പ്രശ്‌നം. അതെ എന്നാണുത്തരമെങ്കില്‍, അവനവിടെ നിന്നു രക്ഷപ്പെട്ടോ എന്നതാണ് പ്രശ്‌നം. എങ്ങനെ രക്ഷപ്പെട്ടു എന്നതിനെക്കുറിച്ചു തലപുകയേണ്ടതില്ല. ഇന്ദ്രജാലംകൊണ്ടാവാം; മന്ത്രങ്ങള്‍ കൊണ്ടാവാം. അങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കില്‍, നമ്മളതിനെ നേരിടേണ്ടതില്ലേ എന്നതാണ് പ്രശ്‌നം. അതു നേരിടാനായി, ഈദിവസങ്ങളില്‍ നാട്ടില്‍ പിറന്ന എല്ലാ കുഞ്ഞുങ്ങളേയും കൊന്നൊടുക്കാന്‍ ആജ്ഞ നല്‍കിയിട്ടുണ്ട്.
‘അതു പ്രശ്‌നത്തിന് പരിഹാരമാവണമെന്നുണ്ടോ?’
‘അതു ചെയ്തില്ലെങ്കില്‍ പ്രശ്‌നത്തിനു പരിഹാരമാവുമോ?’
‘ഒരു തര്‍ക്കത്തിനു ഞാനില്ല. അതു ചെയ്യേണ്ടതില്ല എന്നും ഞാന്‍ പറഞ്ഞില്ല’- സചിവമുഖ്യന്‍ ഒന്നു നിറുത്തി, തുടര്‍ന്നു: ‘എല്ലാ കുഞ്ഞുങ്ങളേയും കൊല്ലാന്‍ നമുക്കാവണമെന്നില്ല. ഒരു കാര്യം കൂടിയുണ്ട്: ഏതാനും ദിവസംകൊണ്ടോ മാസംകൊണ്ടോ ആ കുഞ്ഞ് അങ്ങയെക്കൊല്ലാന്‍ തക്ക പരുവം ഏല്‍ക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല.’
‘എന്താണ് പറഞ്ഞുവരുന്നത്?’
‘അല്‍പം കൗശലംകൊണ്ടേ നമുക്ക് ജയം കാണാനാവൂ. ചാരന്‍ വന്നു പറഞ്ഞത് ഗോകുലത്തിന്റെ പ്രകൃതി തന്നെ മാറിപ്പോയെന്നല്ലേ? അങ്ങ് സൂചിപ്പിച്ചത് അത് അവതാരപുരുഷന്‍ അവിടെയെത്തി എന്നതു മൂലമാവും എന്നല്ലേ? അത് ശരിയെന്ന് ഒരു ശങ്ക എന്നില്‍ ഉദിച്ചിരിക്കുന്നു.’
‘ഉവ്വോ?’ കംസന്‍ ഉദ്വേഗംകൊണ്ടു.
‘ശങ്ക മാത്രമാണ്. കഴിഞ്ഞ ദിവസം ഗോകുലത്തിലെ നന്ദഗോപര്‍ ഇവിടെ കരമടയ്ക്കാന്‍ വന്നിരുന്നു. അയാള്‍ പറഞ്ഞു, ഏറെനാള്‍ കഴിഞ്ഞ് അയാള്‍ക്ക് ഒരു മകന്‍ പിറന്നിരിക്കുന്നുവെന്ന്.’
‘അവന്‍ അവതാരപുരുഷനാണെന്നാണോ ശങ്ക?’
‘അങ്ങനെത്തന്നെ’
‘വെറുതെ ഭ്രാന്തു പറയാതിരിക്കൂ’
‘അതല്ലാ മഹാരാജാന്‍! ഈ നന്ദഗോപരും വസുദേവരും ബന്ധുക്കളല്ലോ.’
‘അങ്ങനേയും പറയാം, അല്ലേ?’ കംസന്റെ മുഖം പുച്ഛത്തില്‍ കുതിര്‍ന്നു: വസുദേവന്റെ അച്ഛനു ഇടയ സ്ത്രീയില്‍ ജനിച്ച മകനാണ് നന്ദന്‍. അത് ജാരബന്ധമല്ലേ?’
‘ആവട്ടെ. ജാരബന്ധു ചിലപ്പോള്‍ ആപത്ബന്ധുവായിക്കൂടാ എന്നില്ല’ –
‘എന്നുവച്ചാല്‍?’ കംസന്റെ ശബ്ദത്തില്‍ ഗൗരവം മുറ്റി.
‘ഞാന്‍ അന്വേഷിച്ചു. അങ്ങയുടെ സോദരിയായ വസുദേവപത്‌നിയും നന്ദഗോപന്റെ പത്‌നിയും പ്രസവിച്ചത് ഒരേ ദിവസമാണ്. പ്രസവം നടന്നത് രാത്രിയിലാണ്.’
‘അതിന്?’
‘നന്ദനു ജനിച്ചത് പെണ്‍കുഞ്ഞായിക്കൂടേ? വസുദേവര്‍ക്ക് ജനിച്ച ആണ്‍കുഞ്ഞിനുപകരം ആ കുഞ്ഞിനെ അങ്ങയെ ഏല്‍പ്പിക്കുകയായിരുന്നു എന്നു വന്നുകൂടേ?’
‘ഇത്രയും ശക്തമായ കാവലില്‍ നിന്നു വസുദേവരുടെ കുഞ്ഞ് എങ്ങനെ ഗോകുലത്തിലെത്തുമെന്ന് ചോദിച്ചത് നിങ്ങള്‍ തന്നെയല്ലേ?’
‘അതങ്ങനെ സംഭവിക്കില്ല എന്നു പറഞ്ഞില്ല’
‘അപ്പോള്‍?’
‘അതൊരു ചതിയായിരുന്നില്ലേ? ആ ചതിയെ ഒരു ചതികൊണ്ട് നേരിട്ടാലോ? ഒരു സൈനികന് നേരെ ചെന്ന് വസുദേവരുടെ കുഞ്ഞിനെ കൊല്ലാനാവുമോ? നമുക്ക് ശകടാസുരനെ നിയോഗിക്കാം. എന്താ പോരേ?’
‘എങ്ങനെയെന്നത് എനിക്ക് പ്രശ്‌നമല്ലാ. കാര്യം സാധിക്കണം. എനിക്ക് അതാണ് വേണ്ടത്.’
നന്ദപുത്രന്റെ പക്കപ്പിറന്നാളാണന്ന്. അന്നുതന്നെ വാതില്‍പ്പുറപ്പാടുത്സവം നടത്താനും നന്ദന്‍ തീരുമാനിച്ചു. അതിന്റെ തിരക്കില്‍ ഗോകുലം മുഴുകി.
‘എന്താണ് വാതില്‍പ്പുറപ്പാടുത്സവം?’ മുത്തശ്ശി തിരക്കി.
‘അതോ?’ മുത്തശ്ശന്‍ പറഞ്ഞു: ‘കുഞ്ഞ് കമിഴ്ന്നു തുടങ്ങുന്നതിന്റെ ആചരണം. ചെല്ലക്കുട്ടിയല്ലേ? വാതില്‍പ്പുറപ്പാട് സാഘോഷംകൊണ്ടാടാന്‍ നന്ദഗോപര്‍ തീരുമാനിച്ചു. ഗോപനാഥ ക്ഷേത്രത്തില്‍ ഉദയാസ്തമയ പൂജ. ഉച്ചയ്ക്ക് യമുനാ നദിക്കരയില്‍ വച്ച് ഗോകുലവാസികള്‍ക്ക് പ്രസാദഊട്ട്. ബ്രാഹ്മണ പൂജയുണ്ട്. കാല്‍കഴുകിച്ചൂട്ടും പശുദ്ദാനവും.
അതിഥികള്‍ രാവിലെ മുതല്‍ എത്തിത്തുടങ്ങി; അവര്‍ കുഞ്ഞിനെ വാരിയെടുക്കുകയും ലാളിക്കുകയും ചെയ്തുപോന്നു. ഉച്ചയായപ്പോഴേക്കും ഉണ്ണി ക്ഷീണിച്ച് ഉറക്കമായി. എവിടെയാണ് കിടത്തുക? സാധനസാമഗ്രികള്‍ കൊണ്ടുവന്ന വണ്ടി പുഴയോരത്തു കിടന്നിരുന്നു. അതിന്റെ മറവില്‍ കുഞ്ഞിനെ കിടത്തി.
യശോദയ്ക്ക് തിരക്കല്ലേ? അതിഥികള്‍ വരുന്നു, പോവുന്നു. വരുന്നവരെ സ്വീകരിക്കണം; പോവുന്നവരെ യാത്രയാക്കണം.
അപ്പോഴാണ്-കുഞ്ഞു കിടന്നിരുന്നയിടത്തുനിന്നു ഒരു ശബ്ദം. എല്ലാവരും തിരക്കിട്ട് ഓടിയെത്തി. യശോദ അമ്പരന്നു: ആ കാളവണ്ടിയുടെ മറവിലല്ലേ കുഞ്ഞിനെ കിടത്തിയിരുന്നത്. കാളവണ്ടി അവിടെ കാണാനിലല്ലോ.
കുഞ്ഞ് അവിടെത്തന്നെയുണ്ട്. നോക്കുമ്പോള്‍-ഒട്ടുദൂരെ ഒരു രാക്ഷസരൂപം. നട്ടെല്ലൊടിഞ്ഞ്, പിടയുന്നു; ഉച്ചത്തില്‍ അലറുന്നു. ആ ശബ്ദമാണ് മുന്നേ കേട്ടത്. കുറച്ചുകഴിഞ്ഞപ്പോള്‍ അലര്‍ച്ച നിന്നു. അന്ത്യശ്വാസം വലിച്ചു-നന്ദകുമാരന്റെ അന്ത്യം കാണാന്‍ കംസനയച്ച ശകടാസുരനായിരുന്നു അത്.
ഗാഥയില്‍ അതിങ്ങനെ. മുത്തശ്ശി ചൊല്ലി-
കേടായതേതുമേ കൂടാതെ ഗൂഢമായ്
ഊടാഭം ചേര്‍ന്നങ്ങുറങ്ങുന്നേരം
ചാടായിവന്നാനദ്ദാനവനെങ്കിലും
ചാടായി വന്നീല മേനി തന്നില്‍
ഓടായി വന്നു നുറുങ്ങീനായെങ്കിലും
ഓടായി വന്നീല കൊല്ലുന്നേരം.


ജന്മഭൂമി: http://www.janmabhumidaily.com/news742099#ixzz4zIXebkV0

No comments: