Wednesday, November 29, 2017

ഉപനിഷത്തിലൂടെ
വാജശ്രവസ്സിന്റെ മകനായ ഗൗതമന്‍ ‘വിശ്വജിത്ത്’ എന്ന യാഗം ചെയ്തു. യാഗത്തിന്റെ ഭാഗമായി ബ്രാഹ്മണര്‍ക്ക് പശുക്കളെ ദാനം കൊടുത്തു. കറവു വറ്റിയ, എല്ലുംതോലുമായ, തിന്നാനും കുടിക്കാനും കഴിയാത്ത പ്രസവത്തിന് ശേഷിയില്ലാത്ത ചാവലി പശുക്കളെയാണ് ദാനം നല്‍കിയിരുന്നത്. അദ്ദേഹത്തിന്റെ മകനായ നചികേതസ്സ് എന്ന കുട്ടി ഇതുകണ്ട് വളരെ വിഷമത്തോടെ ആലോചിച്ചു. ഇത്തരം പശുക്കളെ ദാനം ചെയ്യുന്നതിലൂടെ തന്റെ അച്ഛന് ശാപം ലഭിച്ചേക്കും, നരകത്തില്‍ പോകേണ്ടിവരും. അച്ഛനെ നരകത്തില്‍നിന്നു രക്ഷിക്കേണ്ടത് പുത്രനായ തന്റെ കടമയാണ്.
അച്ഛന്‍ സര്‍വവും ദാനം ചെയ്യുമ്പോള്‍ തന്നേയും കൊടുക്കേണ്ടേ എന്ന് കരുതി നചികേതസ്സ് അച്ഛനടുത്തെത്തി ചോദിച്ചു. ‘എന്നെ ആര്‍ക്കാണ് കൊടുക്കുന്നത്’. അച്ഛന്‍ ശ്രദ്ധിക്കുന്നില്ലെന്ന് കണ്ടപ്പോള്‍ രണ്ടും മൂന്നും തവണ ചോദിച്ചു. മകന്റെ ചോദ്യം കേട്ട് ദേഷ്യം വന്ന ഗൗതമന്‍ പറഞ്ഞു. ‘നിന്നെ ഞാന്‍ യമനാണ് കൊടുക്കുന്നത്’. കോപം വന്ന് അബദ്ധത്തില്‍ പറഞ്ഞതാണെങ്കിലും നചികേതസ്സ് അത് ഗൗരവമായി എടുത്തു. അച്ഛന്‍ സമാധാനിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. അച്ഛന്‍ പറഞ്ഞ വാക്കിനെ സത്യമാക്കാന്‍ നചികേതസ്സ് യമധര്‍മ്മരാജാവിന്റെ കൊട്ടാരത്തിലേക്ക് പോയി.
നചികേതസ്സ് ചെല്ലുമ്പോള്‍ യമന്‍ അവിടെ ഉണ്ടായിരുന്നില്ല. വരുംവരെ കാത്തിരിക്കാന്‍ തീരുമാനിച്ചു. മൂന്നാം ദിവസമാണ് യമന്‍ എത്തിയത്. അതിഥിയായി എത്തിയ ബ്രാഹ്മണ ബാലന്‍ മൂന്നുദിവസം നിരാഹരനായി ഇരിക്കുന്നതറിഞ്ഞ യമന്‍ ഉടന്‍ പരിഭ്രമത്തോടെ അടുത്തെത്തി കാര്യങ്ങള്‍ തിരക്കി. മൂന്നുദിവസം ശ്രദ്ധയോട് കാത്തിരുന്നതിന് പകരമായി മൂന്നു വരങ്ങള്‍ നല്‍കാന്‍ തയ്യാറായി.
മടങ്ങിചെല്ലുന്ന തന്നെ അച്ഛന്‍ തിരിച്ചറിയണമെന്നും സന്തോഷവാനാകണമെന്നുമാണ് ഒന്നാംവരം ചോദിച്ചത്. സ്വര്‍ഗപ്രാപ്തി എങ്ങനെ നേടാം എന്നതിനെകുറിച്ചായിരുന്നു രണ്ടാം വരം. ആത്മതത്ത്വത്തെക്കുറിച്ചുള്ള അറിവാണ് മൂന്നാമത്തേത്. യമന്റെ പരീക്ഷണങ്ങളേയും പ്രലോഭനങ്ങളേയും പക്വതയോടെ അതിജീവിച്ചാണ് നചികേതസ്സ് പരമമായ അറിവിനെ നേടുന്നത്.
യമധര്‍മ്മനേയും നചികേതസ്സിനേയും നമിച്ചാണ് ജഗദ്ഗുരു ആദിശങ്കരചാര്യസ്വാമികള്‍ കഠോപനിഷത്ത് ഭാഷ്യം ആരംഭിക്കുന്നത്. അത്രയ്ക്ക് ശ്രേഷ്ഠതയുണ്ട് ഗുരുവിനും ശിഷ്യനും.
‘ഓം നമോ ഭഗവതേ വൈവസ്വതായ മൃത്യവേ
ബ്രഹ്മവിദ്യാചാര്യായ നചികേതസേ ച”
ബ്രഹ്മവിദ്യാചാര്യനും വിവസ്വാന്റെ മകനുമായ മൃത്യുഭഗവാനും നചികേതസ്സിനും നമസ്‌ക്കാരം. ‘ബ്രഹ്മവിദ്യാചാര്യായ’ എന്നത് യമധര്‍മ്മദേവനും നചികേതസ്സിനും ഒരുപോലെ വിശേഷണമാണ്. ലോകത്തില്‍ ബ്രഹ്മവിദ്യയുടെ പ്രചാരത്തിന് കാരണക്കാരനായത് നചികേതസ്സാണ്. അതിനാല്‍ നമസ്‌ക്കാരം.
വിദ്യയെ സ്തുതിക്കുന്നതിനാണ് ഈ കഥ പറയുന്നത്.
ഓം ഉശന്‍ ഹവൈ വാജശ്രവസഃ സര്‍വവേദസം ഭഭൗ
തസ്യ ഹ നചികേസാ നാമ പുത്ര ആസ
വാജശ്രവസ്സ് എന്നാല്‍ അന്നദാനം കൊണ്ട് കീര്‍ത്തിനേടിയ ആള്‍ എന്നാണ് അര്‍ത്ഥം. വാജശ്രവസ്സിന്റെ പുത്രനായ ഗൗതമന്‍ എന്നും വാജശ്രവസിന്റെ പുത്രനായ ഉഗ്രന്‍ എന്നും വാജശ്രവസഃ എന്നതിനെ വ്യാഖ്യാനിച്ചിട്ടുണ്ട്. വിശ്വജിത്ത് എന്ന യാഗശേഷം തന്റെ എല്ലാ ധനവും ദാനം ചെയ്യുന്ന അവസരത്തിലാണ് ഋത്വിക്കുകള്‍ക്ക് ദക്ഷിണയായി ചാവാലി പശുക്കളെ കൊടുക്കുന്നത് മകനായ നചികേതസ്സ് കണ്ടത്. മകന്റെ ചോദ്യം കേട്ട് കുപിതനായ അച്ഛന്‍ തന്നെ കാലന് കൊടുക്കുന്നുവെന്ന് പറഞ്ഞപ്പോള്‍ കുട്ടി ആലോചിച്ചു.
ഉത്തമരായുള്ളവരുടെ കൂട്ടത്തില്‍ ഉത്തമനായും മദ്ധ്യമന്‍മാരുടെ കൂട്ടത്തില്‍ മദ്ധ്യമനായും ഇരിക്കുന്നതിനാല്‍ യമന് കൊടുക്കുക എന്ന കാര്യം നടത്താന്‍ നചികേതസ്സ് തീരുമാനിച്ചു. ഗുരു പറയാതെ തന്നെ വേണ്ടകാര്യം വേണ്ടപോലെ ചെയ്യുന്നവനാണ് ഉത്തമ ശിഷ്യന്‍. പറഞ്ഞകാര്യം അതുപോലെ ചെയ്യുന്നവര്‍ മദ്ധ്യമരാണ്. ഇത് രണ്ടിലും താന്‍ പെടും. ഒരിക്കലും അധമനല്ല. അതിനാല്‍ അച്ഛന്‍ ദേഷ്യപ്പെട്ട് പറഞ്ഞതാണെങ്കില്‍ കൂടിയും ആ വാക്ക് വെറുതെയാവാന്‍ പാടില്ല എന്ന് നചികേതസ് ഉറപ്പിച്ചു. എന്നിട്ട് അച്ഛനോട് പറഞ്ഞു.
”അനപശ്യ യഥാ പൂര്‍വേ പ്രതിപശ്യ തഥാളപദം
സസ്യമിവ മര്‍ത്ത്യഃ പച്യതേ സസ്യമിവാജായതേപൂനഃ”
നചികേതസിന്റെ ഈ വാക്കുകള്‍ വളരെ ശ്രദ്ധേയമായ മന്ത്രമാണ്. പൂര്‍വികരായവര്‍ സത്യം ധര്‍മ്മം എന്നിവയെ പാലിച്ചവരാണ്. ഇപ്പോഴുള്ള സജ്ജനങ്ങളും അങ്ങനെതന്നെ. അതുകൊണ്ട് അവരെപ്പറ്റി ആലോചിക്കണം, മാതൃകയാക്കണം. അസത്യം പറയുകയോ പ്രവര്‍ത്തിക്കുകയോ അവര്‍ ചെയ്യാറില്ല. നമ്മളും അങ്ങനെ വേണം. അസത്യത്തിലൂടെ ജരാമരണങ്ങളെ മറികടക്കാനാവില്ല.
എന്തുകൊണ്ടെന്നാല്‍ മനുഷ്യര്‍ സസ്യങ്ങളെപോലെ ജീര്‍ണിച്ച് മരിച്ചുപോകുന്നു. മരിച്ചതിനുശേഷം വീണ്ടും സസ്യത്തെപോലെ ജനിക്കുന്നു. നിത്യമല്ലാത്ത ഈ ലോകത്തില്‍ അസത്യംകൊണ്ട് എന്തുഫലം. സ്വാര്‍ത്ഥലാഭത്തിനു വേണ്ടി എന്തിന് സത്യത്തെ വെടിയണം. അച്ഛന്‍ പറഞ്ഞ വാക്ക് സത്യമാകാന്‍ തന്നെ യമലോകത്തേക്ക് അയയ്ക്കണമെന്ന് നചികേതസ്സ്. വെറുതെ പറഞ്ഞതായാലും കോപം കൊണ്ട് പറഞ്ഞതായാലും വാക്ക് സത്യമായിരിക്കണമെന്നാണ് ഉപനിഷത്ത് പറയുന്നത്. പൂര്‍വികരും സജ്ജനങ്ങളും അത്രകണ്ട് സത്യത്തിന് വില കല്പിച്ചിട്ടുണ്ട്. ഈ വാക്കുകള്‍ ആധുനിക കാലഘട്ടത്തിലും ഏറെ പ്രസക്തമാണ്. അസത്യത്തെ വെടിയാനും സത്യത്തെ എന്നും ഊട്ടിയുറപ്പിക്കാനും കുട്ടിയായ നചികേതസ്സിന്റെ വാക്കുകള്‍ നമുക്ക് കരുത്താകട്ടെ.


ജന്മഭൂമി: http://www.janmabhumidaily.com/news745093#ixzz4zrrbR96A

No comments: