ജീവിതത്തെ ഒരു കലയാക്കുവാന്‍ നമ്മുടെ ഓരോ പ്രവൃത്തികളേയും എങ്ങനെ കലയാക്കി മാറ്റാം. ഈ വിഷയമാണ് ചര്‍ച്ച ചെയ്യുന്നത്. എല്ലാ വിഷയങ്ങളെയും ഒരു കളിയിലേതെന്ന പോലെ കലയാക്കി മാറ്റാം. എങ്ങനെ? ഓരോ വിഷയത്തിന്റെയും ഗൗരവത്തില്‍ നിന്നും അകല്‍ച്ച പാലിച്ച് അവയെ സമീപിക്കാം.
എല്ലാവരും ‘ജോലിഭാര’ത്തെക്കുറിച്ച് ചിന്താകുലരാണ്. അടുക്കളയില്‍ വീട്ടമ്മമാരുടെ, ജോലിസ്ഥലത്ത് ഉദ്യോഗസ്ഥരുടെ , കൃഷിയില്‍ കൃഷിക്കാരുടെ; എല്ലാവരും പരിക്ഷീണിതരായി ‘ജോലിഭാര’ത്തെക്കുറിച്ചും കഠിനാദ്ധ്വാനത്തെക്കുറിച്ചും പരാതിപ്പെടുന്നത് കേള്‍ക്കാം. പലപ്പോഴും അവര്‍ മനസ്സും ശരീരവും ക്ഷീണിച്ച അവസ്ഥയില്‍ വീണുറങ്ങിപ്പോകുന്നു. ആ സമയത്ത് അവര്‍ അവരോട് സംസാരിക്കാന്‍ തുനിയുന്നവരോടും അടുക്കലേക്കു ചെല്ലുന്ന സ്വന്തം കുട്ടികളോടുപോലും ദേഷ്യപ്പെടുന്നതു കാണാം.
‘ജോലിഭാരം’ അനുഭവപ്പെടാതെ ജോലികള്‍ എങ്ങനെ ചെയ്തു തീര്‍ക്കാന്‍ കഴിയും? ഇവിടെയാണ് യോഗിജീവിതത്തിന്റെ പ്രാധാന്യം. യോഗം എന്നാല്‍ ജോലിയിലെ സമര്‍ത്ഥത ആണെന്നും ഭഗവദ്ഗീത പറയുന്നു: യോഗി ജീവിതം നയിക്കുന്ന ഒരാള്‍ക്ക് അയാളുടെ തൊഴിലിനെ വിദഗ്ദ്ധമായും സമര്‍ത്ഥമായും കൈകാര്യം ചെയ്യാന്‍ കഴിയും. മനസ്സ് സ്വതന്ത്രമായിരിക്കുമ്പോള്‍ ജോലി ആസ്വദിച്ചു ചെയ്യാവുന്നതാണ്. ഒരു ജോലി തന്നെ മൂന്നുവിധത്തില്‍ ചെയ്യാവുന്നതാണ്.
ഒന്ന് – ഒരു കൂലിവേല പോലെ! സ്വന്തം ലാഭത്തിനുവേണ്ടി മാത്രം വേല ചെയ്യുക. അതില്‍നിന്നും കൂലിമാത്രം പ്രതീക്ഷിക്കുക. ചിലര്‍ അത്തരത്തില്‍-എന്തിന്- ചില വലിയ പദവിയില്‍ ഇരിക്കുന്നവര്‍പോലും ഈ മനോഭാവത്തോടെ ജോലി ചെയ്യുന്നു. പദവി എന്താണെങ്കിലും മനോഭാവം ഇതാണെങ്കില്‍ ‘ജോലിഭാരം’ അനുഭവപ്പെടുക തന്നെ ചെയ്യും.
രണ്ട് – ഇതേ ജോലി ഒരു സേവകനെ പോലെയും ചെയ്യാവുന്നതാണ്. അര്‍ത്ഥം പദവിക്കായോ ധനത്തിനായോ അധികാരത്തിനായോ മറ്റു ഗുണങ്ങള്‍ക്കായോ ചെയ്യുന്ന രീതിയാണിത്. എന്നാല്‍ ഗുണം അഥവാ പ്രതീക്ഷിക്കുന്ന അംഗീകാരം കിട്ടിയില്ലെങ്കില്‍ നിരാശനാകുന്നു. ഇത്തരക്കാര്‍ അവനവന്‍ ചെയ്ത ജോലിക്കു പരമാവധി പ്രചരണം കൊടുക്കാന്‍ താല്‍പ്പര്യപ്പെടുന്നു.
മൂന്നാമത്തേതും ഏറ്റവും ഉത്കൃഷ്ടമായതും യോഗമനോഭാവത്തോടെ, നിര്‍മോഹിയായി ചെയ്യുന്ന രീതിയാണ്. ജയപരാജയങ്ങള്‍ക്ക് അപ്പുറം അവര്‍ക്ക് സന്തോഷം ലഭിക്കുന്നു. അവര്‍ ലാഭം, നഷ്ടം, പ്രശംസ, നിന്ദ എന്നിവ കാര്യമാക്കാറില്ല. അതൊന്നും അവരെ ബാധിക്കുകയുമില്ല.
മൂന്നാമത്തേതും ഏറ്റവും ഉത്കൃഷ്ടമായതും യോഗമനോഭാവത്തോടെ, നിര്‍മോഹിയായി ചെയ്യുന്ന രീതിയാണ്. ജയപരാജയങ്ങള്‍ക്ക് അപ്പുറം അവര്‍ക്ക് സന്തോഷം ലഭിക്കുന്നു. അവര്‍ ലാഭം, നഷ്ടം, പ്രശംസ, നിന്ദ എന്നിവ കാര്യമാക്കാറില്ല. അതൊന്നും അവരെ ബാധിക്കുകയുമില്ല.
എന്നാല്‍ സാധാരണക്കാരെപ്പോലെ തന്നെയാണ് യോഗിയും ജോലി ചെയ്യുന്നത്. പക്ഷേ മനോഭാവത്തിനു വ്യത്യാസമുണ്ട്. ഒരു യോഗിക്ക് ഉത്കൃഷ്ടമായ മനോഭാവവും ശുഭചിന്തകളും സദ്പ്രവൃത്തികളും ഉണ്ടായിരിക്കും. അവര്‍ ഈ മനോഭാവത്തില്‍ നിന്നും രീതികളില്‍ നിന്നും ഒരിക്കലും പിന്മാറില്ല. അവര്‍ ധര്‍മത്തില്‍ ഉറച്ചുനിന്നു പ്രവര്‍ത്തിക്കുന്നു. ധര്‍മ്മമാണ് അവരുടെ സ്വന്തം സന്തോഷവും ഐശ്വര്യവും. ദൈവത്തിന്റെ സത്പുത്രനാണെന്നും സന്തോഷത്തിന്റെ കടലിലാണെന്നും അവര്‍ ചിന്തിച്ചുകൊണ്ടിരിക്കുന്നു. പൂര്‍ണ സന്തോഷത്തോടെ അവര്‍ അവരുടെ ജോലി ചെയ്യുന്നു.
ഒരിക്കല്‍ രണ്ടു ശില്‍പ്പികള്‍ ശിലയില്‍ വിഗ്രഹങ്ങള്‍ തീര്‍ക്കുകയായിരുന്നു. ഒരു വഴിയാത്രക്കാരന്‍ ആദ്യം കണ്ട ശില്‍പിയോട് എന്തു ചെയ്യുകയാണെന്ന് ചോദിച്ചു. ഒന്നാമന്‍ പറഞ്ഞു, ‘താങ്കള്‍ക്ക് കാണാന്‍ മേലേ?, ഞാന്‍ കഠിനാദ്ധ്വാനം ചെയ്യുകയാണ്. വിയര്‍പ്പും രക്തവും കളഞ്ഞും കുടുംബത്തിനുവേണ്ടി പെടാപ്പാടു പെടുകയാണ്. കുടുംബത്തേയും കുട്ടികളേയും സംരക്ഷിക്കാന്‍ പണം വേണ്ടേ? വഴിയാത്രക്കാരന്‍ രണ്ടാമത്തെ ശില്‍പ്പിയോടും ഇതേ ചോദ്യം ആവര്‍ത്തിച്ചു, എന്നാല്‍ ഉത്തരം ഇതായിരുന്നു.
”ഇത് ഒരു ലളിതമായ കൊത്തുവേലയാണ്. ഈ ശിലയില്‍ വേല ചെയ്ത് ഇതിനെ ഒരു നല്ല വിഗ്രഹമാക്കി മാറ്റണം. ഇതു പൂര്‍ത്തിയാകുമ്പോള്‍ ഈ വിഗ്രഹത്തെ ശ്രീകോവിലില്‍ പ്രതിഷ്ഠിച്ച് പൂജാദി കര്‍മ്മങ്ങളും അഭിഷേകാദി കര്‍മ്മങ്ങളും ചെയ്യും. ധാരാളം ഭക്തജനങ്ങള്‍ ഈ ശക്തി മൂര്‍ത്തിയുടെ മുന്നില്‍ സന്തോഷത്തിന്റേയും സങ്കടത്തിന്റേയും കെട്ടുകള്‍ അഴിക്കും. ഇതിന് അവരുടെ വികാര വിചാരങ്ങളറിഞ്ഞ് സങ്കട നിവൃത്തി കൊടുക്കുകയും സന്തോഷവും ഐശ്വര്യാദികളും പ്രദാനം ചെയ്യാനും കഴിയും. ഈ വിഗ്രഹത്തിന്റെ നിര്‍മിതിയില്‍ പങ്കുചേര്‍ന്ന് എനിക്കും ആ ശുഭകാര്യങ്ങളില്‍ പങ്കാളിയാവാന്‍ കഴിയും.” വ്യത്യാസം നോക്കൂ.
രണ്ടു ശില്‍പ്പികളും ഒരേ ജോലി ചെയ്യുന്നു. പക്ഷേ മനോഭാവത്തിലാണ് കാതലായ വ്യത്യാസം. ഒരാള്‍ കൂലിയാണ് എന്ന മനോഭാവത്തോടെ ചെയ്യുന്നു. രണ്ടാമത്തെ ആള്‍ക്കും കൂലി കിട്ടും. എന്നാല്‍ അയാളുടെ ലക്ഷ്യം ജോലിയുടെ ആസ്വാദനവും മനഃസംതൃപ്തിയുമാണ്. നമ്മുടെ ജോലികളോട് നമ്മള്‍ വച്ചുപുലര്‍ത്തുന്ന മനോഭാവവും പരിശോധിക്കേണ്ടതുണ്ട്.
ഇവിടെ കര്‍മ്മം ഒരു കലയാക്കി മാറ്റുകയാണ്. എല്ലാവര്‍ക്കും ഇതിനുകഴിയണം. ഒരു അഭിനേതാവിന് ഒരു ദിവസം നാലു വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിക്കേണ്ടി വന്നേക്കാം. നാലും തികച്ചും വ്യത്യസ്ത കഥാപാത്രങ്ങളുമായിരിക്കാം. രാജാവ്, സന്ന്യാസി, രാഷ്ട്രീയക്കാരന്‍, സാമൂഹ്യപ്രവര്‍ത്തകന്‍ എന്നിങ്ങനെ. എന്നാല്‍ ഈ നാലു കഥാപാത്രങ്ങളിലേക്കും സന്നിവേശിക്കുമ്പോള്‍ അയാള്‍ക്ക് സ്വന്തം മനോഭാവത്തേയും മാറ്റേണ്ടിവരും.
നമ്മുടെ നിത്യജീവിതത്തിലും നമ്മള്‍ അനുനിമിഷം ആടുന്നത് തികച്ചും വ്യത്യസ്ത റോളുകളാണ്. അമ്മ, ഭാര്യ, മകള്‍ എന്നിങ്ങനെ. അതിനനുസരിച്ച് നമ്മുടെ പ്രാപ്തിയെ രൂപാന്തരപ്പെടുത്താന്‍ സാധിക്കണം. ഇതിനാണ് വൈദഗ്ദ്ധ്യം അഥവാ പൂര്‍ണത എന്നുപറയുന്നത്. ഇത്തരത്തില്‍ ഇത് ഒരു കലയായി മാറുന്ന സമയത്ത് മാത്രമേ ഈ ജോലികളെല്ലാം വൈദഗ്ദ്ധ്യത്തോടെ ചെയ്ത് ഏവര്‍ക്കും സന്തോഷം പ്രദാനം ചെയ്യുവാന്‍ സാധിക്കൂ.
കര്‍മ്മം രണ്ടുതരം ഫലങ്ങളെ ഉളവാക്കുന്നു. കര്‍മ്മത്തിലെ ബന്ധനം നമ്മളെ അതു ചെയ്യാന്‍ പ്രേരിപ്പിക്കുന്നു. ”ഞാന്‍ ചെയ്തു,” ”എനിക്ക് മാത്രമേ ഇതു ചെയ്യാനാകൂ,” ‘എന്തായിരിക്കും ഫലം’ ഇത്തരത്തിലുള്ള ചിന്തകള്‍ നമ്മുടെ ജോലിഭാരം വര്‍ധിപ്പിക്കും. ”എന്നെ അംഗീകരിക്കണം, പ്രശംസിക്കണം, ഫലം കിട്ടാത്തതില്‍ ഞാന്‍ നിരാശനാണ്” എന്നീ ചിന്തകളും ജോലിഭാരം വര്‍ധിപ്പിക്കും. നമ്മുടെ ഉള്ളില്‍ എത്ര ആത്മീയ പക്വതയുണ്ടോ അത്രയും സമ്പൂര്‍ണത നമ്മുടെ പ്രവൃത്തികളിലും ശീലങ്ങളിലും ഉണ്ടാകും. അപ്പോള്‍ നമുക്ക് എല്ലാവിധ സന്തോഷവും ആസ്വാദനവും ഉത്തരവാദിത്തവും നിറഞ്ഞ യോഗി ജീവിതം സഫലമായി നയിക്കാനാവും.
ജന്മഭൂമി:
No comments:
Post a Comment