Sunday, November 26, 2017

”അല്ലയോ മനുഷ്യാ, പ്രിയങ്കരനെ തിരക്കി നീ എവിടെ പോകുന്നു? പ്രേമനിരതനായ ഭക്തന്റെ മനസ്സില്‍ ആ പരമ പുരുഷന്‍ വിരാജിക്കുന്നുണ്ട്. സകല ജീവജാലങ്ങള്‍ക്കും മോക്ഷദായകനായ ആ പരമപുരുഷന്‍ അവിടെ ഭക്തന്റെ പ്രേമപാശത്താല്‍ സ്വയം ബന്ധിതനായി കഴിയുന്നു. ”അമ്മ തുടര്‍ന്നു ” സര്വ്വശക്തനായ ഈശ്വരന്റെ മഹിമാവിശേഷങ്ങള്‍ പൂര്‍ണ്ണ അളവില്‍ ആര്‍ക്കാണ് അറിയാന്‍ കഴിയുക. ആ മഹിമകള്‍ നിമിഷാര്‍ദ്ധത്തേക്കെങ്കിലും ദര്‍ശിക്കുവാന്‍ കഴിഞ്ഞാല്‍ അനുപമമായ ആനന്ദാനുഭൂതിയില്‍ മനസ്സ് അലിഞ്ഞുപോകും.
വ്യക്തിപരമായ അഹന്ത അതോടെ അറ്റുപോകും. അന്നേരം ഈശ്വരന്‍ ഭക്തനില്‍ പൂര്‍ണ്ണമായി നിറഞ്ഞുകൊണ്ട് തന്റെ ശക്തിയെ പ്രകടമാക്കുന്നു. ഈശ്വരമഹത്ത്വത്തെ പ്രഖ്യാപിക്കുന്നു. തന്റെ സന്ദേശം പ്രചരിപ്പിക്കുന്നു. ലോകത്തിന്റെ ദൃഷ്ടിയില്‍ ആ ഭക്തനെന്ന വ്യക്തിയാണ് ഈ അത്ഭുതങ്ങളൊക്കെ പ്രവര്‍ത്തിക്കുന്നതെന്നു തോന്നും. എന്നാല്‍ ഭക്തനെ സംബന്ധിച്ചാകട്ടെ ആ അപരിമേയ ചൈതന്യത്തില്‍ അലിഞ്ഞു കഴിഞ്ഞിരിക്കുന്നു. വാസനകളും മോഹങ്ങളും മമതയും വികാരങ്ങളും ആ ജ്ഞാനാഗ്നിയില്‍ ആഹുതി ചെയ്യപ്പെടുന്നു. അങ്ങിനെ ചിത്തം അവയുടെ ശ്മശാനമാവുകയും ചെയ്യുന്നു. അത്തരത്തിലുള്ള ചിത്തത്തില്‍ മാത്രമേ ഈശ്വരന്‍ പ്രത്യക്ഷപ്പെടുകയുള്ളു.”
തുടര്‍ന്ന് അമ്മ ഈശ്വരസാക്ഷാത്കാരം കിട്ടിയ ഒരുവന്റെ അവസ്ഥയെ പ്രതിപാദിക്കുന്ന മറ്റൊരു മറാട്ടി ഗാനം ആലപിച്ചു.അതിന്റെ സാരം ഇങ്ങിനെയാണ്,
”അവന്റെ ഹൃദയം സകലചരാചരങ്ങളോടുമുള്ള പ്രേമംകൊണ്ട് കരകവിയുന്നു.ഈശ്വരധ്യാനമഗ്നനായ അവന്‍ നിരന്തരം ആന്തരിക പരമാനന്ദം നുകരുന്നു. പ്രേമബാഷ്പം അവന്റെ കവിളിലൂടെ ഇറ്റിറ്റു വീഴുന്നു. ഈശ്വരനാമം ഇടതടവില്ലാതെ ഉരുവിടുന്ന അവന്‍ ഈശ്വരനില്‍ ജീവിക്കുന്നു.”അമ്മ തുടര്‍ന്നു,”ഈശ്വരനാമത്തില്‍ പ്രേമവും അതിന്റെ മാധുര്യ ലഹരിയും നിങ്ങള്‍ക്കുണ്ടായി കഴിഞ്ഞാല്‍ സകല ലൗകികാസക്തികളും തിരോഭവിക്കും. ലൗകികമായ എല്ലാ വാസനകളും നിര്‍മ്മാര്‍ജനം ചെയ്യപ്പെടും.”
തിങ്കളാഴ്ച അമ്മയുടെ ജന്മനക്ഷത്രമായ അശ്വതിയായിരുന്നു. അന്നു വര്‍ണ്ണശബളവും ഭക്തിപരവുമായ ഒരു പരിപാടി പ്രാര്‍ത്ഥനാഹാളില്‍ നടക്കുകയുണ്ടായി. അത് തികച്ചും ഒരു നാമവൃഷ്ടി തന്നെയായിരുന്നു.ദേവീനാമാവലിയുടെ നിരന്തരവും നിര്‍വിഘ്‌നവുമായ പൂമഴ. മദ്ധ്യാഹ്നസമയത്ത് ആരതി നടന്നപ്പോഴും സമാപനത്തിലും അമ്മയുടെ ദിവ്യസാന്നിദ്ധ്യമുണ്ടായിരുന്നു.


ജന്മഭൂമി: http://www.janmabhumidaily.com/news743370#ixzz4zbht1SMK

No comments: