Friday, December 15, 2017

ദേവീഭാഗവതമാഹാത്മ്യം: ദിവസം 307 _ ഭാഗം - 02
ശ്രീമദ് ദേവീഭാഗവതം. 11.22. വൈശ്വദേവാദി വിധി

അഥാത: ശ്രൂയതാം ബ്രഹ്മൻ വൈശ്വ ദേവവിധാനകം
പുരശ്ചര്യാ പ്രസംഗേന മമാപി സ്മൃതിമാഗതം
ദേവയജ്ഞോ ബ്രഹ്മയജ്ഞോ ഭൂതയജ്ഞസ്തഥൈവ ച
പിതൃയജ്ഞോ മനുഷ്യസ്യ യജ്ഞശ്ചൈവ തു പഞ്ചമ:

ദിവസം 307 _ ഭാഗം - 02

ഇനി പ്രാണാഗ്നിഹോത്രം എന്തെന്നു നോക്കാം. ഇതിനെപ്പറ്റി അറിയുന്നതു പോലും മരണത്തെ വെല്ലാനുതകും. നല്ലതുപോലെയിത് മനസ്സിലാക്കിയാൽ മഹാപാപങ്ങളിൽ നിന്നവൻ മുക്തനുമാവും.  വിധിയാംവണ്ണം പ്രാണാഗ്നിഹോത്രം ചെയ്ത് ഒരുവനവന്റെ ഇരുപത്തിയൊന്ന് തലമുറകളെ ഉദ്ധരിക്കാം. അവന് സർവ്വയജ്ഞ ഫലം ലഭിക്കും. മാത്രമല്ലാ അവന് യഥേഷ്ടം എങ്ങും സഞ്ചരിക്കാനും കഴിയും.

ഹൃദയസ്ഥിതമായ താമരയാണ് അരണി. മനസ്സ് കടകോൽ. വായുവാണ് കയർ. കണ്ണ് ഹോതാവ്. ഇവകൊണ്ട് ജഡരാഗ്നിയെ മഥിച്ച് പ്രാണാഹുതി നടത്തണം. ചൂണ്ടാണിവിരലും നടുവിരലും തള്ളവിരലും ചേർത്താണ് പ്രാണാഹുതി നൽകേണ്ടത്. ചെറുവിരലും മോതിരവിരലും തളളവിരലും ചേർത്ത് വ്യാനനും ചെറുവിരലും ചൂണ്ടാണിയും തള്ളവിരലും ചേർത്ത് ഉദാനനും എല്ലാ വിരലും ചേർത്ത് അന്നമെടുത്ത് സമാനനും ആഹൂതിയർപ്പിക്കുക.

'ഓം പ്രാണായ സ്വാഹാ', 'ഓം അപാനായ സ്വാഹാ',  'ഓം വ്യാനായ സ്വാഹാ', 'ഓം ഉദാനായ സ്വാഹാ', 'ഓം സമാനായ സ്വാഹാ', എന്നിങ്ങിനെ ജപിച്ച് മുഖത്ത് ആഹവനീയാഗ്നിയും ഹൃദയത്തിൽ ഗാർഹപത്യാഗ്നിയും നാഭിയിൽ ദക്ഷിണാഗ്നിയും, സ്വാധിഷ്ഠാനമായ  അധോഭാഗത്ത് സഭ്യാഗ്നിയും മൂലാധാരത്തിൽ അവസത്ഥ്യാഗ്നിയും തെളിച്ച് വാക്ക് ഹോതാവും, പ്രാണൻ ഉദ്ഗാതാവും, ഉൾക്കണ്ണ് യാജകനുമാക്കി, മനസ്സിനെ ബ്രഹ്മാവാക്കി, ചെവിയെ അഗ്നീധ്രൻമാരാക്കി, അഹങ്കാരത്തെ യജ്ഞപശുവാക്കി, പ്രണവത്തെ ജലമാക്കി, ബുദ്ധിയെ യജമാനപത്നിയാക്കി, അവൾക്കധീനനെ ഗൃഹസ്ഥനാക്കി, മാറിടം യജ്ഞവേദിയാക്കി, രോമങ്ങൾ ദർഭകളാക്കി, കൈകളെ യജ്ഞപാത്രവും തവിയുമാക്കി, യജ്ഞം ചെയ്യുക.

പ്രാണമന്ത്രത്തിന്റെ ഋഷി സ്വർണ്ണ നിറത്തിലുള്ള ക്ഷുധാഗ്നിയാണ്. ആദിത്യൻ ദേവത, ഛന്ദസ്സ് ഗായത്രിയാണ്. 'ഓം പ്രാണായ സ്വാഹാ', 'ഇദമാദിത്യദേവായ, ന മമ' എന്നതാണ് ജപിക്കേണ്ടത്.

അപാനമന്ത്രത്തിന്റെ ഋഷി പശുവിൻ പാൽ പോലെ വെളുത്ത ശ്രദ്ധാഗ്നിയാണ്. സോമൻ ദേവത. ഉഷ്ണിക് ഛന്ദസ്സ്. 'ഓം അപാനായ സ്വഹാ', ഇദം സോമദേവായ, ന മമ' എന്നതാണ് ജപിക്കേണ്ടത്.

വ്യാനമന്ത്രത്തിന്റെ ഋഷി താമരനിറത്തിൽ നിലകൊള്ളുന്ന ഹുതാശനനാണ്. ദേവത അഗ്നിയും ഛന്ദസ്സ് അനുഷ്ടുപ്പുമാണ്. 'ഓം വ്യാനായസ്വാഹാ', 'ഇദം അഗ്നിദേവായ, ന മമ' എന്നാണ് ജപിക്കേണ്ടത്.

ഉദാനമന്ത്രത്തിന്റെ  ഋഷി കൃഷ്ണവർണ്ണം പൂണ്ട അഗ്നിയാണ്. വായു ദേവത. ബൃഹതീ ഛന്ദസ്സ്. 'ഓം ഉദാനായ സ്വഹാ', ഇദം വായുദേവായ, ന മമ' എന്നതാണ് ജപിക്കേണ്ടത്.

സമാനമന്ത്രത്തിന്റെ ഋഷി വിദ്യുത്വർണ്ണത്തിൽ ജ്വലിക്കുന്ന അഗ്നിയാണ്. പർജ്ജന്യൻ ദേവത. പംക്തി ഛന്ദസ്സ്. 'ഓം സമാനായ സ്വാഹാ', 'ഇദം പർജ്ജന്യ ദേവായ, ന മമ' എന്നതാണ് ജപിക്കേണ്ടത് .

ആറാമതായി ചെയ്യേണ്ട മഹാഗ്നി ആഹുതിക്ക് വൈശ്വാനരൻ ഋഷിയാകുന്നു. ഗായത്രി ഛന്ദസ്സ്. ആത്മാവ് ദേവത. 'ഓം പരമാത്മനേ നമ:, ഇദം ന മമ' എന്ന് ജപിച്ച് പ്രാണാഗ്നിഹോത്രം അവസാനിപ്പിക്കാം. ഇത് വേണ്ടപോലെ അനുഷ്ഠിച്ച് ബ്രഹ്മമായിത്തീരാൻ കഴിയും.
കടപ്പാട്: ഡോ. സുകുമാർ   കാനഡ.

No comments: