Monday, December 11, 2017

ബുദ്ധിർജ്ഞാനമസംമോഹഃ ക്ഷമാ സത്യം ദമഃ ശമഃ 
സുഖം ദുഃഖം ഭവോ ഭാവോ ഭയം ചാഭയമേവ ച.
അഹിംസാ, സമതാ തുഷ്ടിസ്തപോ ദാനം യശോ യശഃ 
ഭവന്തി ഭാവാ ഭൂതാനാം മത്ത ഏവ പൃഥഗ്വിധാഃ. 

[ബുദ്ധി, ജ്ഞാനം, മോഹമില്ലായ്മ, ക്ഷമ, സത്യം, ബാഹ്യേന്ദ്രിയങ്ങളെ അടക്കൽ, അന്തഃകരണത്തെ അടക്കൽ, സുഖം, ദുഃഖം, ഉല്പത്തി ഇല്ലായ്മ, പേടിയില്ലായ്മ, അഹിംസ, സമചിത്തത, തൃപ്തി, തപസ്സ്, ദാനം, സത്കീർത്തി, ദുഷ്കീർത്തി – ഇങ്ങനെ ഭൂതങ്ങളുടെ വെവ്വേറെയുള്ള ഭാവങ്ങൾ എന്നിൽ നിന്നുതന്നെ ഉണ്ടാകുന്നു.]

ബുദ്ധി, ജ്ഞാനം, സത്യം, സുഖം, യശസ്സ് എന്നൊക്കെ പറയുന്നത്, എല്ലാ മനുഷ്യരും ഇഷ്ടപ്പെടുന്നതും വിലമതിക്കുന്നതുമാണ്. എന്നാൽ ദുഃഖം, അഭാവം, ഭയം മുതലായവ ഭഗവാന്റെ വിഭൂതികളായി സ്വീകരിക്കാവുന്നതാണോ എന്ന ഒരു സംശയം എല്ലാവർക്കും ഉണ്ടാകും. രണ്ടായിരം വർഷത്തോളം ഭാരതീയ തത്ത്വചിന്തകളെ മാറ്റിനിർത്തി പാശ്ചാത്യ അധിനിവേശ സംസ്കാരത്തെ സ്വീകരിച്ചതിന്റെ ഫലമായി നമ്മളിൽ ആണ്ടുപോയ വിശ്വാസമാണ് ഈ പ്രതിസന്ധിക്കു കാരണം. സെമിറ്റിക് മതങ്ങളിൽ നന്മയെ എല്ലാം പകുത്ത് ഒരു വശത്തു വച്ചിട്ട് അതൊക്കെ ദൈവത്തിന്റെ ഗുണങ്ങളായി എണ്ണുന്നു. തിന്മയെല്ലാം മറുവശത്തു വച്ചിട്ട് അതിനെയെല്ലാം ചെകുത്താന് ചേർന്നതായി എണ്ണുന്നു. എന്നാൽ ഇതല്ല ഗീതയുടെ സമീപനം. ഏകവും എല്ലാറ്റിന്റെയും കാരണവുമാണ് പരംപൊരുളെങ്കിൽ അതിൽ ഉയർച്ചയും താഴ്ചയും, സുഖവും ദുഃഖവും ഒരുപോലെ ഉൾപ്പെട്ടിരിക്കും. ജീവിതാനുഭവങ്ങളെല്ലാം ഈശ്വരന്റെ വിഭൂതികളായിത്തന്നെ സ്വീകരിക്കേണ്ടതാണ്.parthans

No comments: