Wednesday, December 13, 2017

അക്രൂരൻ അമ്പാടിയിൽ.

കുവലയാപീഡം കംസന്റെ കൈവശമെത്തിയതിനെക്കുറിച്ച് നാരദീയപുരാണത്തില്‍ ഒരു കഥയുണ്ട്’ മുത്തശ്ശന്‍ പറഞ്ഞു.
‘ഉവ്വോ?’ കേള്‍ക്കട്ടെ- മുത്തശ്ശി ഔത്സുക്യം കൊണ്ടു.
മുത്തശ്ശന്‍ കഥയിലേക്ക് കൂപ്പിട്ടു: ദിഗ്വിജയത്തിനു പുറപ്പെട്ട ജരാസന്ധന്‍ യമുനാ നദിക്കരയില്‍ തമ്പടിച്ചു കഴിയുകയായിരുന്നു. കുവലയാപീഡമായിരുന്നു ജരാസന്ധന്റെ കാവലാള്‍. ഒരു ദിവസം ആ മത്തഗജം ചങ്ങലപൊട്ടിച്ച് ഓടി. ആര്‍ക്കും അതിനെ ചട്ടത്തിലാക്കാന്‍ കഴിഞ്ഞില്ല. കംസന്‍ അന്ന് മഥുരയിലെ യുവരാജാവാണ്. വനത്തില്‍ വേട്ടയാടാനെത്തിയ യുവരാജാവിന്റെ ശ്രദ്ധ, ചങ്ങല പൊട്ടിച്ചോടുന്ന ആ മദയാന കടന്നെടുത്തു.
മത്തഗജത്തെ നിര്‍ഭയം എതിരിടാന്‍ തയ്യാറായ കംസന്റെ ചങ്കൂറ്റം, മദയാനയുടെ തുമ്പിക്കയ്യില്‍പ്പിടിച്ച് അതിനെ ചുഴറ്റാന്‍ പോന്നു; യുവരാജാവിന്റെ വീര്യം, മത്തെടുത്ത ആനയെ വരുതിയിലാക്കാന്‍ പോന്നു. കംസന്റെ ധൈര്യവും വീര്യവും കര്‍മശേഷിയും ചക്രവര്‍ത്തിയായ ജരാസന്ധനില്‍ മതിപ്പുണര്‍ത്തി; ശൂരനായ ആ ഉഗ്രസേന പുത്രന് തന്റെ മകളെ വേളികഴിച്ച് നല്‍കാന്‍ ജരാസന്ധന്‍ തീരുമാനിച്ചു; ആ തീരുമാനം ഫലംകണ്ടു. കംസനു സ്ത്രീധനമായി ജരാസന്ധന്‍ നല്‍കിയത് കുവലയാപീഡത്തെയാണ്.
ജരാസന്ധനുമായുള്ള ചാര്‍ച്ച, സ്വതേ അഹങ്കാരിയായിരുന്ന കംസന്റെ സ്വഭാവത്തിനു താന്‍പോരിമയുടെ പല്ലും നഖവും നല്‍കി. ജരാസന്ധന്റെ ജാമാതാവ് യുവരാജാവായി കഴിയുക മാനക്കേടായി കണ്ട കംസന്റെ അധികാരമോഹം, രാജാവായിരുന്ന അച്ഛനെ കാരാഗൃഹത്തിലടച്ച്, സ്വയം സിംഹാസനമേറാന്‍ പോരുന്നവനാക്കി.
എതിരറ്റവനായി അറിയപ്പെടുക-അതായിരുന്നു കംസന്‍ ലക്ഷ്യമാക്കിയിരുന്നത്. ധനുര്‍വിദ്യയില്‍ എതിരറ്റവനാവാന്‍ കംസന്‍ പരശുരാമന്റെ സന്നിധിയിലെത്തി. തന്റെ കൈവശമുള്ള, ലക്ഷം ഭാരം ഘനമുള്ള വൈഷ്ണവചാപം കുലച്ചാല്‍ ശിഷ്യനാക്കാം എന്നു ജാമദഗ്ന്യന്‍ പറഞ്ഞു. ത്രിപുരദഹനത്തിനായി മഹാവിഷ്ണു പരമശിവന് നല്‍കിയ ചാപമാണത്. ആ ദിവ്യചാപം കംസന്‍ നിഷ്പ്രയാസം കുലയേറ്റി. ഭാര്‍ഗവരാമന് തൃപ്തിയായി; കംസന് ശിഷ്യപദവി നല്‍കി.
ഭാര്‍ഗവരാമനില്‍ നിന്നേറ്റ ഗുരുത്വം കംസന്റെ ധനുര്‍വിദ്യാപ്രഭാവത്തിനു മികവിന്റെ ഉത്തുംഗഫണാഗ്രമേറാന്‍ പടവുകള്‍ തീര്‍ത്തു. കംസനില്‍ പ്രീതി പൂണ്ട ഗുരുദേവന്‍, വൈഷ്ണചാപം ശിഷ്യനു ന്യാസമായി നല്‍കിക്കൊണ്ടുമൊഴിഞ്ഞു. ഈ ചാപം വച്ചു പൂജിക്കുക: ഇതിനു ഭംഗം വരാതിരിക്കാന്‍ ശ്രദ്ധ നോല്‍ക്കുക: മരണഭയം നിന്നെ വിട്ടകലും…
ഗുരുദേവന്റെ ആജ്ഞയും അഭിലാഷവും കംസന്‍ അക്ഷരംപ്രതി നിറവേറ്റാന്‍ ശ്രദ്ധവച്ചു; അത് മഥുരാധിപന് വെച്ചടി വെച്ചടി കയറ്റത്തിനു കാരണമായി; അതയാളെ അഹങ്കാരത്തിന്റെ ആരും കേറാ കൊടുമുടിയിലെത്തിച്ചു. വിജയോന്മത്തനായ കംസന്‍ അധര്‍മത്തിന്റെ മൂര്‍ത്തിമദ്ഭാവമായി; രാക്ഷസീയതയുടെ കാവലാളായി. ആ ഉന്മാദത്തള്ളലിന്റെ പാരമ്യത്തില്‍ തലയെത്തിച്ചുനിന്ന കംസന് ദേവര്‍ഷി നാരദരുടെ പ്രവചനം തൃണവല്‍ഗണിക്കാനേ ആയുള്ളൂ. കംസന്‍ ആത്മഗതം കൊണ്ടു: ആ ഏഷണിപ്പരിഷ എനിക്ക് മുന്നറിയിപ്പ് തരുന്നു: ദേവകിയുടെ എട്ടാമത്തെ മകന്‍ എന്നെ വകവരുത്താന്‍ പോരുമെന്ന്! ഉവ്വോ? വൈഷ്ണവചാപം കൈവശമുള്ളേടത്തോളം കാലം എന്നില്‍ മരണഭീതിയുണരുമോ? എന്റെ വീര്യത്തെ ഒരു മാട്ടിടയച്ചെറുക്കനു ചെറുക്കാനാവുമോ? കുവലയാപീഡത്തെ വശപ്പെടുത്തിയവനല്ലേ ഈ ഞാന്‍? വീര്യംകൊണ്ട് കാലയവനനെ വരുതിയിലാക്കിയ എന്നെ, ബാണാസുരനെ കീഴ്‌പ്പെടുത്തിയ എന്നെ കാലപുരിയിലെത്തിക്കാന്‍ പതിനഞ്ചു തികയാത്ത ഒരു കാലിച്ചെറുക്കനാവുമോ? അവന്‍ കാലപുരിയ്‌ക്കെത്തിച്ചുവെന്നു അവകാശപ്പെടുന്ന തൃണാവര്‍ത്തനും ബകനും ധേനുകനും പ്രലംബനും കേശിയുമെല്ലാം എന്റെ വീര്യത്തിനു മുന്നില്‍ തൃണപ്രായക്കാരല്ലേ? കുവലയാപീഡം സൃഷ്ടിക്കുന്ന ശക്തിവലയത്തെ ഭേദിക്കാന്‍ അവനാവുമോ? ചാണൂരന്റെയും മൂഷ്ടികന്റെയും കയ്യൂക്കിനെ അതിജീവിക്കാന്‍ ആ മാട്ടിടയനാവുമോ? വൈഷ്ണവ ചാപത്തിനു ഭംഗം വരുത്താന്‍ അവന് കെല്‍പുണ്ടോ?
ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം കാണണം. അവനെ ഇവിടെ വരുത്തണം. അക്രൂരനോടു പറഞ്ഞു:
ഗച്ഛ നന്ദവ്രജം തത്ര സുതാവാനകദുന്ദുഭേഃ
ആസാതേ താ വിഹാനേന രഥേനാനയമാചിരം
നന്ദന്റെ അരികെ ഉടനെ എത്തണം. അവിടെ വസുദേവ പുത്രന്മാരായ രാമനും കൃഷ്ണനുമുണ്ട്. ഈ തേരുകൊണ്ടുപോയി, അവരെ ഇവിടെ കൊണ്ടുവരിക…ഗാഥയിലെ വിവരണം കേള്‍ക്കട്ടെ-
മുത്തശ്ശി ചൊല്ലി-
ഗോകുലം തന്നിലേ പാരാതെ ചെന്നു നീ
ഗോപാലകന്മാരെ കണ്ടു ചൊല്‍വൂ
മംഗലനായൊരു കംസന്റെ ചൊല്ലാലെ
നിങ്ങളെ കാണാനായ് വന്നതിപ്പോള്‍
വില്ലിനു പൂജയാമുത്സവം കാണാനായ്
എല്ലാരും നിങ്ങള്‍ മുതിര്‍ന്നു നന്നായ്
കാമ്യമായുള്ളോരു കാര്‍മുകയാഗത്തെ
കാണ്മാനായ് പോരണമെന്നിങ്ങനെ
തേറ്റം വരുംവണ്ണമേറ്റം പറഞ്ഞു മ-
മ്മറ്റാരായുള്ളോരെ കൊണ്ടുപോരൂ
മറ്റുള്ളോര്‍ പോകിലോ കുറ്റമേയുണ്ടാവൂ
വറ്റാതൊരന്‍പു നിനക്കേയുള്ളൂ
എന്നങ്ങുചൊല്ലിന കംസന്‍ താന്‍ തന്നുടെ
മന്ദിരം തന്നിലകത്തു പുക്കാന്‍
അക്രൂരന്‍ താനും തന്മന്ദിരം തന്നിലേ
പുക്കാനങ്ങെല്ലാരും പോയനേരം
അന്നു രാത്രി അക്രൂരനു ഉറങ്ങാനേ കഴിഞ്ഞില്ല. നാളെ താന്‍ ഭഗവാനെ കാണാന്‍ പോവുകയാണ്- എന്ന ചിന്തയില്‍ മുഴുകിയ ഒരു ഭക്തനു എങ്ങനെ ഉറക്കം വരാനാണ്?
പിറ്റേന്ന്. അതിരാവിലെ അക്രൂരന്‍ നിത്യകര്‍മങ്ങള്‍ കഴിച്ച് തേരിലേറി വൃന്ദാവനത്തിലേക്ക് യാത്രയായി. തേര് മുന്നോട്ട് നീങ്ങുന്തോറും താന്‍ ഭഗവാനിലേക്ക് ചെന്നെത്തുകയാണ് എന്ന വിചാരം അക്രൂരനെ ഏതോ അനവദ്യ നിര്‍വൃതിയുടെ തീരത്തേയ്ക്കാനയിക്കുകയായിരുന്നു. കിളിപ്പാട്ടില്‍ അത് വിവരിക്കുന്നതു കേള്‍പ്പിക്കാം.
മുത്തശ്ശന്‍ ചൊല്ലി-
ദുഷ്ടനാം കംസനിന്നമ്പാടിയിലെന്നെ
നിഷ്ടപനാഥനെക്കാണ്ടാനയച്ചത്
എന്നുടെ ഭാഗ്യമിതെന്നേ പറയാവൂ
നന്ദാത്മജന്‍ നരമൂര്‍ത്തിമാനീശ്വരന്‍
തന്നുടെ രൂപം തനിക്ക് കണ്ടീടുവാന്‍
എന്നുതുടങ്ങി ഞാന്‍ ഭക്ത്യാ ഭജിക്കുന്നു
ഇന്നതു സാധ്യമായ് വന്നുകൂടീടുകില്‍
എന്നുടെ ജന്മസാഫല്യമതും വന്നു
സര്‍വാത്മകനായ കൃഷ്ണന്റെ നാമമൊ-
ന്നുര്‍വിയിലുള്ളിലോര്‍ക്കുന്നവര്‍ പാതകം
ഭക്തിയും മുക്തിയും വന്നുകൂടും ദൃഢം
ദുഷ്ടനാം കംസന്റെ സേവകന്‍ ഞാനെന്ന-
തൊട്ടുമേ തോന്നുകയില്ല മുകുന്ദനും
സര്‍വജ്ഞനായ് സര്‍വതത്വത്തിലൊക്കെയും
സര്‍വദാ ഭൃഗ്വസ്തുവല്ലോ ജഗന്മയന്‍
എന്നുടെ മാനസഭക്തി കണ്ടേറ്റവും
നന്നായ് വരുമെന്നനുഗ്രഹിക്കും പരന്‍….
ശ്വഫല്‍ക്കപുത്രനായ അക്രൂരന്‍ ഇവ്വിധം വഴിനീളെ ചിന്തിച്ച് ഗോകുലത്തിലെത്തി. അപ്പോള്‍ നേരം അസ്തമയത്തോടടുത്തിരുന്നു. എന്നു ഭാഗവതത്തില്‍ കാണാം.
ഇതി സഞ്ചിന്തയന്‍ കൃഷ്ണം ശ്വഫല്കതനയോളധ്വനി
രഥേന ഗോകുലം പ്രാപ്തഃ സൂര്യശ്ചാസ്തഗിരിം നൃപ…


ജന്മഭൂമി: 

No comments: