Monday, December 11, 2017

പ്രപഞ്ചത്തിലെ എല്ലാറ്റിനെയും നിലനിർത്തുന്ന ഒരു ഓർമ്മയാണ് വിഷ്ണു എന്ന് ഇതിനുമുമ്പും വിവരിച്ചിരുന്നു. ഓർമ്മ ഉള്ളിൽ നിന്നും ഉണരുന്നത് ഇരുളിൽനിന്നും ഒരു പ്രകാശം വരുന്നതുപോലെയാണ്. ബോധം മുറിവില്ലാത്തതാണ്. മുറിവില്ലാത്ത അദിതിയിൽ നിന്നും പ്രകാശരൂപത്തിൽ പിറന്നു വരുന്ന വിഷ്ണു എന്ന മഹാസ്മരണയ്ക്കുതന്നെ സർവ്വാധിപത്യം. അന്തഃകരണം ഉണർന്നാൽ ഇന്ദ്രിയങ്ങൾക്ക് ബാഹ്യപ്രകാശത്തെ ഏറ്റുവാങ്ങാം. ബാഹ്യലോകത്തെ പ്രകാശിപ്പിക്കുന്ന അംശുമാനായ രവിക്ക് പിന്നത്തെ സ്ഥാനം നൽകിയിരിക്കുന്നു. മരുത്തുക്കൾ വായുവിനെ  സംബന്ധിച്ചതാണ്. ആവഹൻ, സംവഹൻ, പ്രവഹൻ, ഉദ്വഹൻ, വിവഹൻ, പരിവഹൻ, പരാവഹൻ എന്നീ സപ്തമാരുതന്മാരെ ഒരുമിച്ച് ‘മരുത്തുക്കൾ’ എന്നു പറയുന്നു. ‘മരീചി’ എന്നാൽ രശ്മി, കാനൽ ജലം എന്നൊക്കെയാണ് അർത്ഥം. അന്തരീക്ഷത്തിലെ പ്രകാശ രശ്മികളിൽ നീരാവികൊണ്ട് തോന്നുന്ന മഴവില്ലുപോലെയുള്ള പ്രാതിഭാസികതയാണ് ജഗദ്ദർശനത്തിനു കാരണമായ മരീചിയായി എടുത്തു പറയുന്നത്. അവസാനം നക്ഷത്രങ്ങളിൽ ചന്ദ്രനാണെന്നു പറയുന്നു. ഇവിടെ നക്ഷത്രം എന്നു പറയുന്നത്, ജ്യോതിശാസ്ത്രത്തിലെ ‘സ്റ്റാർ’സിനെപ്പറ്റിയല്ല. ‘ണക്ഷ ഗതൌ’ എന്നതുകൊണ്ട് ഗമനശീലമുള്ളത് എന്നാണ് നക്ഷത്ര ശബ്ദം സൂചിപ്പിക്കുന്നത്. മനസ്സ് ചഞ്ചലാത്മകമാണ്. ഒരിക്കലും നിശ്ചലമാകാത്ത മനസ്സിനെ ശശിയായി സങ്കല്പിച്ചിരിക്കുന്നു. ജ്യോതിഷത്തിൽ മനസ്സിന്റെ കാരകൻ ചന്ദ്രനാണ്. ഇത് പ്രാതിഭാസികതയുടെയും വികാരീഭാവത്തിന്റെയും പ്രതീകമാണ്. ഇങ്ങനെ ചിന്തിച്ചാൽ ഇവിടെ വെറുതെ ചില പേരുകൾ പറയുകയല്ല, മറിച്ച് പ്രപഞ്ച സംരചനയിൽ നിഹിതമായിരിക്കുന്ന ഗൂഢാവബോധപ്രധാനമായ രഹസ്യങ്ങൾ കൃഷ്ണൻ അർജ്ജുനന് വെളിപ്പെടുത്തിക്കൊടുക്കുകയാണെന്ന് മനസ്സിലാകും.parthans

No comments: