Monday, March 19, 2018

എത്ര നന്മവരുത്തുന്ന കാര്യമായാലും അത് അപ്രിയമായി അവതരിപ്പിച്ചാല്‍ ഉദ്ദേശിച്ചതിന് നേര്‍വിപരീതമായ അവസ്ഥയാണ് മിക്കവാറുമുണ്ടാവുക:
അനുദ്വേഗകരം വാക്യം
സത്യം പ്രിയഹിതം ച യത്
സ്വാധ്യായാഭ്യസനം ചൈവ
വാങ്മയം തപ ഉച്യതേ
(അദ്ധ്യായം 17 ശ്ളോകം 15)
ആരെയും ക്ഷോഭിപ്പിക്കാത്തതും സത്യവും പ്രിയവും ഹിതവുമായ ഭാഷണവും ആത്മജ്ഞാനശാസ്ത്രപഠനവും വാങ്മയമായ തപസ്സായി പറയപ്പെട്ടിരിക്കുന്നു.
ജീവോര്‍ജം വൃഥാഭാഷണമായി പാഴായിപ്പോകുന്നത് ഒഴിവാക്കാന്‍ ഇതാ എളുപ്പവഴി. പറഞ്ഞുപറഞ്ഞ് പറയുന്നവനും കേള്‍ക്കുന്നവരും ഒരുപോലെ ക്ഷോഭിച്ച് വിദ്വേഷവിഷവൃക്ഷം ലോകമഹായുദ്ധങ്ങളായിവളരാന്‍ ഇടയാകരുത്. വാക്കിന്റെ ദുര്‍വിനിയോഗമാണത്. എത്ര നന്മവരുത്തുന്ന കാര്യമായാലും അത് അപ്രിയമായി അവതരിപ്പിച്ചാല്‍ ഉദ്ദേശിച്ചതിന് നേര്‍വിപരീതമായ അവസ്ഥയാണ് മിക്കവാറുമുണ്ടാവുക. ഏതു നല്ലകാര്യവും മറ്റുള്ളവരോട് പ്രിയമായും ഹിതമായും പറയാനുള്ള കഴിവ് വളര്‍ത്തിയെടുക്കുന്നത് ഭൗതികജീവിതത്തിലും അത്യാവശ്യമാണ്. സത്യമേ പറയൂ, സര്‍വ ചരാചരങ്ങള്‍ക്കും നന്മ വരാനുള്ളതേ വാക്കിലൂടെആവിഷ്‌കരിക്കൂ എന്നു നിശ്ചയിച്ചാല്‍ എല്ലാ അധികപ്രസംഗവും അവസാനിക്കും. ഉച്ചഭാഷിണികള്‍ക്ക് പണിയില്ലാതാകും. ബാഹ്യവും ആന്തരികവുമായ ശാന്തി കൈവരും. നമുക്കും ലോകത്തിനും സൈ്വരമായി കഴിയാറാവും.
പുറംലോകത്തോടു സംവദിക്കാന്‍ ഉപയോഗിക്കാനെന്നതിലേറെ വാക്ക് തന്നോടുതന്നെ പറയാനുള്ളതുമാണ്. ഏതു പാഠവും ഉരുക്കഴിച്ചു പഠിക്കുമ്പോള്‍ ഈ പറച്ചിലാണ് നടക്കുന്നത്. കാര്യകാരണനിബദ്ധമായി ആലോചിക്കുമ്പോഴും അകമെ സംഭാഷണം നടക്കുന്നു. ആ 'സംസാര'ത്തിന്റെ നിയന്ത്രണവും തപസ്സുതന്നെ. ആത്യന്തികയാഥാര്‍ഥ്യത്തെ അറിയാനുള്ള പാഠങ്ങള്‍ ഉരുവിടുകയും അവയെക്കുറിച്ച് അകമെ ചര്‍ച്ച ചെയ്യുകയും പതിവാക്കാം. പാഠങ്ങള്‍ വീണ്ടും വീണ്ടും ഉരുക്കഴിക്കുമ്പോള്‍ അവ മനസ്സില്‍ തങ്ങി നില്‍ക്കും. ദിവസേന ഒരു ശ്ലോകമെങ്കിലും വായിക്കുന്ന ശീലം വളര്‍ത്താന്‍ കഴിയും. ഈ അറിവ് കാലംകൊണ്ട്‌നിത്യ ജീവിത ത്തില്‍ ബോധ്യപ്പെടുമ്പോള്‍ അത് സ്വാംശീകരിക്കപ്പെടുകയും വിജ്ഞാനമാവുകയും ചെയ്യും. എങ്കിലും ഉണ്ടായിക്കിട്ടിയ അറിവ് മറന്നുപോകുന്നത് സാധാരണമാണ്.
വീണ്ടും വീണ്ടും ഗീതാപദ്യങ്ങള്‍ ഉരുക്കഴിക്കുകയും അവയുടെ സാരത്തെപ്പറ്റി ചിന്തിക്കുകയും ചെയ്താല്‍ ഈ വഴിയില്‍ മുന്നേറാം. ക്ഷമയോടെയേ പരാവിദ്യ വശമാക്കാനാവൂ.
സാഹിത്യകല എന്തിനെന്നും എങ്ങനെ ഇരിക്കണമെന്നും സംശയമില്ലാതെ നിശ്ചയിച്ചു പറയുകകൂടിയാണ് ഇവിടെ. ഞെട്ടിപ്പിക്കാനോ ഹരംപിടിപ്പിക്കാനോ ക്ഷോഭിപ്പിക്കാനോ ഒന്നുമല്ല സാഹിത്യത്തിന്റെ ലക്ഷ്യം. ലോകഹിതമാണ് അതിന്റെ പരമലക്ഷ്യമായിരിക്കേണ്ടത്. അതിനായി സത്യത്തെ പ്രിയമുളവാകുന്ന രീതിയില്‍ അവതരിപ്പിക്കണം.
മണ്ണാങ്കട്ടയും കരിയിലയും കൂടി കാശിക്കു പോയി എന്ന അസത്യകഥ പ്രിയമുളവാകുമാറ് പറഞ്ഞ് ലോകഹിതത്തിനാവശ്യമായ സത്യബോധം സൃഷ്ടിക്കാം. എന്തെല്ലാം കഷ്ടപ്പാടുകള്‍ സഹിക്കേണ്ടിവന്നാലും ലോകഹിതം മുന്‍നിര്‍ത്തി, സത്യകഥകള്‍ പ്രിയമുളവാകുമാറ് പാടാം, പാടണം.
(തുടരും....)
കടപ്പാട് : ശ്രീ. സി. രാധാകൃഷ്ണന്‍ - ഗീതാദര്ശനം

No comments: