Sunday, March 18, 2018

രാമന്‍ ചോദിച്ചു: അങ്ങിപ്പോള്‍ പറഞ്ഞ ഹൃദയം എന്താണ്?

വസിഷ്ഠന്‍ പറഞ്ഞു. രാമാ, ഞാന്‍ രണ്ടു ഹൃദയങ്ങളെപ്പറ്റി ഇവിടെ പറഞ്ഞു. ഒന്ന് നമുക്ക് പൊതുവെ സ്വീകാര്യമാണ്. മറ്റേത് അവഗണിക്കാം എന്ന് വയ്ക്കുക. ശരീരത്തിന്റെ മദ്ധ്യത്തില്‍ സ്ഥിതിചെയ്യുന്ന, ഭൌതീകദേഹത്തിന്റെ ഭ
ാഗമായ ഹൃദയത്തെ നമുക്കവഗണിക്കാം. “നമുക്ക്‌ സ്വീകാര്യമായ ഹൃദയം എന്നത് ശുദ്ധമായ ബോധത്തിന്റെ സ്വരൂപമാണ്‌. അത് അകത്തും പുറത്തുമാണ്. എന്നാല്‍ അകത്തും പുറത്തുമല്ല.” അതാണ്‌ ഹൃദയം എന്ന തത്വം. അതിലാണ് പ്രപഞ്ചം പ്രതിഫലിക്കുന്നത്. എല്ലാ ഐശ്വര്യസമ്പത്തുകളുടെയും ഇരിപ്പിടമാണത്. 

ബോധമാണ് ജീവജാലങ്ങളുടെ ഹൃദയം. അല്ലാതെ സദാ തുടിക്കുന്ന ഒരു കഷണം മാംസമല്ല. അപ്പോള്‍ പറഞ്ഞു വന്നതുപോലെ, മനസ്സ്‌ ഉപാധികള്‍ ഒഴിഞ്ഞ് ബോധത്തിലേയ്ക്ക് കേന്ദ്രീകൃതമായാല്‍ പ്രാണന്‍ നിയന്ത്രിതമായി. യോഗവിദ്യാവിശാരദന്മാരായ ഗുരുക്കന്മാര്‍ പലേവിധ മാര്‍ഗ്ഗങ്ങളും പ്രാണനിയന്ത്രണത്തിനായി സ്ഥാപിച്ചിട്ടുണ്ട്. അവയിലേതു മാര്‍ഗ്ഗവും നമുക്ക് സ്വീകരിക്കാം. ഈ യോഗവിദ്യകള്‍ അഭ്യസിക്കുമ്പോള്‍ യാതൊരുവിധ ബലപ്രയോഗവും പാടില്ല. എങ്കില്‍ മാത്രമേ അവ ഫലപ്രദമാവുകയുള്ളു. അത്തരം ഒരു വിദ്യ അടിയുറച്ചു പഠിച്ചഭ്യസിക്കുന്ന ഒരുവനില്‍ അനാസക്തിയും മനോപാധികളുടെ നിയന്ത്രണവും ഒരുമിച്ചു സംഭവിക്കുന്നു. അത് പ്രാണനിയന്ത്രണത്തില്‍ കലാശിക്കുന്നു. അഭ്യാസത്തിനായി പുരികമദ്ധ്യമോ, അണ്ണാക്കോ, മൂക്കിന്‍തുമ്പോ, ശിരസ്സിന്റെ മുകളില്‍ മൂക്കിന്‍തുമ്പില്‍ നിന്നുമൊരടി ദൂരത്തുള്ള ബിന്ദുവോ ശ്രദ്ധയെ കേന്ദ്രീകരിക്കാന്‍ ഉപയോഗിക്കാം. നിരന്തരമായ അഭ്യാസപരിശീലനത്തിലൂടെ നാക്കിന്‍തുമ്പ്‌ അണ്ണാക്കില്‍ മുട്ടിക്കാനായാല്‍ പ്രാണനിരോധനം സാദ്ധ്യമാണ്. 

300 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 300

No comments: