Tuesday, March 13, 2018

ആർതർ ഓസ്ബോൺ (Arthur Osborn)
ശ്രീ രമണ ഭഗവാന്റെ ജീവിതവും ഉപദേശങ്ങളും ലോകത്തിൽ വളരെ അധികം അറിയപ്പെടാൻ കാരണമായ മറ്റൊരു പാശ്ചാത്യനായിരുന്നു ആർതർ ഓസ്ബോൺ. 1945 ലാണ് അദ്ദേഹം ഭഗവാനെ കാണുന്നത്. അതിന് മുമ്പ് തന്നെ അദ്ദേഹത്തിന്റെ കുടുംബം ആശ്രമത്തിനു അടുത്ത് താമസമാക്കിയിരുന്നു. രണ്ടാം ലോക മഹായുദ്ധത്തിലെ ചില പ്രശ്നങ്ങൾ കാരണം ബാങ്കോക്കിൽ കുടുങ്ങിക്കിടക്കുകയായിരുന്നു ആർതർ. ആർതറുടെ വരവിനെ കാത്തുകൊണ്ട് ഭഗവാന്റെ രക്ഷക്ക് കീഴിൽ കഴിയുകയായിരുന്നു ആർതറുടെ ഭാര്യ ലൂസിയയും മൂന്നു ചെറിയ മക്കളും. ഇതിനിടയിൽ ഓസ്ബോൺ കൊല്ലപ്പെട്ടു എന്നൊരു ടെലിഗ്രാം കിട്ടി. പക്ഷേ ഭഗവാനോട് അപരിമിതമായ വിശ്വാസമുണ്ടായിരുന്ന ലൂസിയ വളരെ ശാന്തയായി പറഞ്ഞു, "വിഷമിക്കാനൊന്നുമില്ല. ആർതർ മരിച്ചിട്ടില്ല. അദ്ദേഹം മരിച്ചിരുന്നെങ്കിൽ എനിക്കറിയാമായിരുന്നു. അത് തെറ്റായ വാർത്തയാണ്. "
ഇത്രയും ഉറപ്പിന് കാരണം ആർതറുടെ മകൻ ആഡം തന്റെ പിതാവിനെ രക്ഷിക്കണമെന്ന് ഭഗവാനോട് പ്രാർത്ഥിച്ചപ്പോൾ ശ്രീ രമണ ഭഗവാൻ സമ്മതത്തോടെ തല കുലുക്കിയിരുന്നുവത്രേ. അതുപോലെ തന്നെ സംഭവിച്ചു. ആർതർ അധികം വൈകാതെ തിരുവണ്ണാമലയിൽ എത്തിച്ചേരുകയും ചെയ്തു.
1945 ൽ ഭഗവാനെ ആദ്യമായി കണ്ടപ്പോൾ ഓസ്ബോണിന് പ്രത്യേക വികാരമൊന്നും തോന്നിയില്ല. പക്ഷേ നിരന്തരമായ ബന്ധം കൊണ്ട് ഉള്ളിലുള്ള ഞരമ്പുകളുടെ പിരിമുറുക്കങ്ങളെല്ലാം അയഞ്ഞു. ഒരു ദിവസം ഭഗവാന്റെ സന്നിധിയിൽ ഓസ്ബോണിന് സമാധി അനുഭവം ഉണ്ടായി. ഭഗവാനോട് ശാന്തമായ ഭക്തി ഉണ്ടായിരുന്ന ഈ തപസ്വി ഭഗവാന്റെ ജീവചരിത്രവും മറ്റനേകം പുസ്തകങ്ങളും ലോകാനുഗ്രഹത്തിനായി എഴുതി. 'മൗണ്ടൈൻ പാത്ത് ' എന്ന പേരിൽ ഒരു മാസിക തുടങ്ങി ഭഗവാന്റെ ദിവ്യ സന്ദേശം പ്രചരിപ്പിക്കാൻ ഒരു ഉപകരണം ആയിത്തീർന്നു ആർതർ ഓസ്ബോൺ.

No comments: