പൂര്‍വ്വികരെക്കുറിച്ച് അഭിമാനിക്കുക സ്വാമിവിവേകാനന്ദന്‍
ഭാരതത്തിന്റെ നവീകരണത്തെപ്പറ്റി ആളുകള്‍ യഥേഷ്ടം പറയട്ടെ. ജീവിതം മുഴുവന്‍ പ്രവര്‍ത്തിച്ചുവന്നവനെന്ന നിലയില്‍, ഞാന്‍ പറയുന്നു, നിങ്ങള്‍ ആദ്ധ്യാത്മികരാകുന്നതുവരെ ഭാരതത്തിനു നവീകരണമുണ്ടാവില്ല. ഇത്രമാത്രമല്ല: ലോകത്തിന്റെ മുഴുവന്‍ സ്വസ്തിയും അതിനെ ആശ്രയിച്ചിരിക്കുന്നു. പാശ്ചാത്യപരിഷ്‌കാരത്തിന്റെ അടിത്തറതന്നെ, ചുവടോളം ഉലഞ്ഞിരിക്കയാണെന്നു ഞാന്‍ നിങ്ങളോടു തുറന്നുപറയുന്നു. ഭൗതികവാദത്തിന്റെ ഇളകിയ മണ്ണില്‍ പടുത്തുകെട്ടിയ ഏറ്റവും ഊക്കന്‍ കെട്ടിടങ്ങളും ഒരിക്കല്‍ അപകടപ്പെടുകതന്നെവേണം: ഒരിക്കല്‍ ഉലഞ്ഞുവീണു നശിക്കതന്നെ വേണം. ചരിത്രംതന്നെ നമുക്കു സാക്ഷി. ജനതകള്‍ ഓരോന്നായി ഉടലെടുത്തു: ഭൂതപഞ്ചകം മാത്രമാണ് മനുഷ്യന്‍ എന്നു പറഞ്ഞുകൊണ്ട് ഭൗതികവാദത്തിന്‌മേല്‍ തനതു മഹത്ത്വം ഉറപ്പിച്ചു. അതേ, പാശ്ചാത്യഭാഷയില്‍ മനുഷ്യന്‍ ആത്മാവിനെ വെടിയുന്നു: എന്നാല്‍ നമ്മുടെ ഭാഷയില്‍ മനുഷ്യന്‍ വെടിയുന്നതു ശരീരത്തെയാണ്. പാശ്ചാത്യനായ മനുഷ്യന്‍ ഒന്നാമതു ശരീരമാണ്: പിന്നീടാണ് അയാള്‍ക്ക് ആത്മാവുണ്ടാകുന്നത്. നമ്മുടെ ഇടയില്‍ മനുഷ്യന്‍ ആത്മാവാണ്, ചൈതന്യമാണ്: ശരീരം പിന്നീട് കിട്ടുകയാണ്. വമ്പിച്ച ഭേദം ഇതില്‍ കുടികൊള്ളുന്നു. അതുകൊണ്ട്, ഭൗതികസുഖങ്ങളും മറ്റുമായ മണല്‍ത്തറകളില്‍ പടുത്ത ആ ജാതിപരിഷ്‌കാരങ്ങളെല്ലാം ഓരോന്നായി, അല്പകാലം ജീവിച്ചിട്ട്, ഭൂമുഖത്തുനിന്നു തിരോഭവിച്ചിരിക്കുന്നു. എന്നാല്‍ ഭാരതത്തിന്റെയും, ഭാരതപദത്തിങ്കല്‍ ഇരുന്നു സശ്രദ്ധം പഠിച്ചിട്ടുള്ള ജപ്പാന്‍ ചൈന മുതലായവയുടെയും, പരിഷ്‌കാരം ഇന്നും ജീവിച്ചിരിക്കയാണ്. അവയുടെ ഇടയില്‍ നവീകരണത്തിന്റെ ലക്ഷണങ്ങള്‍പോലുമുണ്ട്. ഫീനിക്‌സിന്റെ പോലുള്ളതാണ് അവയുടെ ജീവിതങ്ങള്‍: ആയിരം പ്രാവശ്യം നശിപ്പിക്കപ്പെട്ടാലും, വീണ്ടും കൂടുതല്‍ മഹനീയമായി കുതിച്ചുയരാന്‍ തയ്യാറാണ്. ഭൗതികമായ ഒരു പരിഷ്‌കാരമാകട്ടെ ഒരിക്കല്‍ വീണാല്‍ എന്നെന്നേക്കുമായി തകര്‍ന്നു തരിപ്പണമായി. അതുകൊണ്ടു ക്ഷമിക്കുക, പ്രതീക്ഷിക്കുക: ഭാവി നമ്മുടേതാകാന്‍ പോകയാണ്.
തിടുക്കം കൂട്ടരുത്, മറ്റാരെയും അനുകരിക്കാന്‍ പുറപ്പെടരുത്. നമുക്കോര്‍ക്കേണ്ട മറ്റൊരു വലിയ പാഠമാണിത്. അനുകരണമല്ല പരിഷ്‌കാരം. എനിക്ക് ഒരു രാജാവിന്റെ വേഷഭൂഷാദികള്‍ അണിഞ്ഞൊരുങ്ങാം. എന്നാല്‍ അതെന്നെ രാജാവാക്കുമോ? സിംഹത്തോല്‍ പൊതിഞ്ഞ കഴുത സിംഹമാകയില്ലല്ലോ. അനുകരണം, ചുണകെട്ട അനുകരണം, പുരോഗതി കൈവരുത്തകയില്ല. മനുഷ്യനുണ്ടാകുന്ന ഭയങ്കരമായ അധഃപതനത്തിന്റെ ലക്ഷണമാണത്. അതേ, ഒരുവന്‍ സ്വയം വിദ്വേഷിക്കാന്‍ പുറപ്പെട്ടാല്‍, അവന് അവസാനത്തെ അടി കിട്ടിക്കഴിഞ്ഞു: ഒരുവന് തന്റെ പൂര്‍വ്വികരെപ്പറ്റി ലജ്ജ തോന്നിയാല്‍ അവന്റെ അന്തമണഞ്ഞിരിക്കുന്നു. ഹിന്ദുവംശ്യരില്‍ വളരെ എളിമപ്പെട്ടവനാണ് ഈ ഞാന്‍. എങ്കിലും, എനിക്ക് എന്റെ വംശ്യത്തെക്കുറിച്ച് അഭിമാനമാണ്, എന്റെ പൂര്‍വ്വികരെക്കുറിച്ച് അഭിമാനമാണ്. ഹിന്ദു എന്നു സ്വയം വിളിക്കുന്നതില്‍ അഭിമാനമാണ്: നിങ്ങളുടെ അയോഗ്യനായ ഒരു കിങ്കരനാണ് ഞാനെന്നതില്‍ അഭിമാനമാണ്: നിങ്ങളുടെ നാട്ടുകാരില്‍ ഒരുവനാണ് ഞാനെന്നതില്‍ അഭിമാനമാണ്. സിദ്ധന്മാരുടെ സന്താനങ്ങളാണു നിങ്ങള്‍: ലോകമറിഞ്ഞിട്ടുള്ളവരില്‍വെച്ച് ഏറ്റവും മഹനീയരായ ഋഷിമാരുടെ സന്താനങ്ങള്‍. അതിനാല്‍, നിങ്ങള്‍ക്ക് ആത്മവിശ്വാസമുണ്ടാകണം. നിങ്ങളുടെ പൂര്‍വ്വികന്മാരെക്കുറിച്ച് അഭിമാനംകൊള്ളൂ: മറിച്ച് അവരെച്ചൊല്ലി ലജ്ജിക്കയല്ല വേണ്ടത്. അനുകരണമരുത്, അനുകരണം വേണ്ട. മറ്റുള്ളവരുടെ ചൊല്‍പ്പടിയിലാകുമ്പോഴെല്ലാം, നിങ്ങളുടെ സ്വാതന്ത്ര്യം നഷ്ടപ്പെടുകയാണ്. ആദ്ധ്യാത്മികകാര്യങ്ങളില്പ്പോ ലും മറ്റുള്ളവരുടെ ആജ്ഞയ്‌ക്കൊത്തു പ്രവര്‍ത്തിച്ചാല്‍ ചിന്തിക്കാനുള്ള കഴിവുതന്നെ നഷ്ടപ്പെടും. നിങ്ങള്‍ക്കുള്ളതെല്ലാം സ്വപരിശ്രമങ്ങളിലൂടെ വെളിയില്‍ കൊണ്ടുവരുക. പക്ഷേ അനുകരണമരുത്. എങ്കിലും മറ്റുള്ളവരില്‍നിന്ന് നല്ലതൊക്കെ എടുക്കാം. മറ്റുള്ള വരില്‍നിന്നു നമുക്കു പഠിക്കാനുണ്ട്. നിലത്തു വിത്തു പാകുക: അതിനു വേണ്ടത്ര മണ്ണും കാറ്റും വെള്ളവും പോഷണത്തിനായി നല്കുക. ആ വിത്തു ചെടിയായി, മരമായി വളരുമ്പോള്‍, അതു മണ്ണോ കാറ്റോ വെള്ളമോ ആയിത്തീരുന്നുണ്ടോ? സ്വഭാവമനുസരിച്ച്, അതിനു കിട്ടിയ പോഷകദ്രവ്യങ്ങള്‍ ഉള്‍ക്കൊണ്ട് അതൊരു മാമരമാവുകയാണ് ചെയ്യുന്നത്. അതാകണം നിങ്ങളുടെ നില. തീര്‍ച്ചയായും മറ്റുള്ളവരില്‍നിന്നു പഠിക്കാന്‍ പലതുമുണ്ട്. അതേ, പഠിക്കാന്‍ വിസമ്മതിക്കുന്ന മനുഷ്യന്‍ മരിച്ചിരിക്കുന്നു.
sreyas
No comments:
Post a Comment