മനുഷ്യരുടെ ലൗകിക ആനന്ദം മുതല്‍ ബ്രഹ്മാവിന്റെ ആനന്ദമുള്‍പ്പെടെ എല്ലാ ആനന്ദവും ശ്രോത്രിയന് അനുഭവമെന്ന് പറഞ്ഞു. പാപമില്ലായ്മ, കാമനയില്ലായ്മ, ശ്രോത്രിയത്വം ഇവ മൂന്നും പരമാനന്ദ പ്രാപ്തിക്കുള്ള സാധനങ്ങളാണെന്ന് അറിയണം. ശ്രോത്രിയത്വവും പാപമില്ലായ്മയും ഏറ്റക്കുറച്ചിലുകള്‍ ഇല്ലാത്തതാണ്. കാമനയില്ലായ്മ കൂടിത്തന്നെ ഇരിക്കണം. അതാണ് ഏറ്റവും ഉല്‍കൃഷ്ടമായ സാധനം. അകാമഹതത്വത്തിന്റെ ഉയര്‍ച്ചയില്‍ അനുഭവപ്പെടുന്നതാണ് ശ്രോത്രിയന്റെ ആനന്ദം. ഇത് പരമാനന്ദത്തിന്റെ ചെറിയൊരു മാത്രയാകുന്നു. വലിയ സമുദ്രമാണ് പരമാനന്ദമെങ്കില്‍ മറ്റ് ആനന്ദങ്ങളൊക്കെ വെള്ളത്തുള്ളികള്‍ പോലെയാണ്. പലതായിരിക്കുന്ന ഇവയൊക്കെ പരമാനന്ദത്തില്‍ ഒന്നായിച്ചേരും. പരമാനന്ദം സ്വാഭാവികമാണ്. അതല്ലാതെ വേറൊന്നില്ല. അതിനാല്‍ ആനന്ദവും ആനന്ദമുള്ളവരും ഒന്നുതന്നെ.
ഒാരോന്നിന്റേയും നൂറിരട്ടി കണക്കാക്കി ആനന്ദത്തെ വിചാരം ചെയ്തതിന്റെ ഫലത്തെ ചുരുക്കി ഇനി പറയുന്നു.
സ യശ്ചായം പുരുഷേ-
യശ്ചാസാവാദിത്വേ സ ഏകഃ
അങ്ങനെ യാതൊരു ആനന്ദമാണോ പുരുഷനിലും ആദിത്യനിലും കുടികൊള്ളുന്നത് അത് ഒന്നുതന്നെയാണ്.
ശ്രോത്രിയന് പ്രത്യക്ഷമായ പരമാനന്ദം തന്നെയാണ്. ഹൃദയാകാശത്തിലെ ബുദ്ധിഗുഹയിലിരിക്കുന്ന പുരുഷനിലും ആദിത്യനിലും ഉള്ളത്. പരമാനന്ദസ്വരൂപിയായ പരമാത്മാവ് തന്നെയാണ് എല്ലാറ്റിലുമുള്ളത്. അഭിന്നവും സ്വാഭാവികവുമായ ആനന്ദം പരമാത്മാവ് തന്നെയാണ്. വിഷയങ്ങളുടെ ചേര്‍ച്ചയാല്‍ ഉണ്ടാകുന്നതല്ല പരമാനന്ദം. നിരതിശയ ആനന്ദസ്വരൂപമായ ആ ചൈതന്യമാണ് ഉല്‍കൃഷ്ട ഉപാധിയായ സൂര്യനിലും നികൃഷ്ട ഉപാധിയായ പുരുഷനിലും പ്രതിബിംബിച്ചിരിക്കുന്നത്. പരമാനന്ദത്തെ സംബന്ധിച്ചിടത്തോളം രണ്ടും സമങ്ങളാണ്. ഒരേ സ്വഭാവത്തോടുകൂടിയവയായതിനാല്‍ അഭയപ്രതിഷ്ഠയെ നേടി എന്നു പറയുനനു.
കാര്യം, രസലാഭം, പ്രാണനം, അഭയപ്രതിഷ്ഠ, ഭയദര്‍ശനം എന്നിവയാല്‍ ബ്രഹ്മം ഉണ്ടെന്ന് ഉറപ്പായി. വിദ്വാന് ബ്രഹ്മത്തെ പ്രാപിക്കുമോ എന്നതിന് സമാധാനം പറയുവാന്‍ പോകുന്നു.
സയ ഏവം വിത് അസ്മാത്
ലോകാത് പ്രേത്യ ഏതമന്ന
മയമാത്മാനമുപസംക്രാമതി
ഏത്മ പ്രാണമയമാത്മാനമുപ
സംക്രാമതി ഏതം മനോമയമാത്മാനമുപ
സംക്രാമതി ഏതം
വിജ്ഞാനമയമാത്മാനമുപസംക്രാമതി
ഏതമാനന്ദമയമാത്മാനമുപ
സംക്രാമതി തദപ്യേഷശ്ലോ-
കോഭവതി
ഇപ്രകാരം ആനന്ദത്തേയും പരമാത്മാവിനേയും അറിയുന്നയാള്‍ ഈ ലോകത്തില്‍നിന്ന് വേര്‍പെട്ട് അന്നമയമായ ആത്മാവിനേയും പ്രാണമയമായ ആത്മാവിനേയും മനോമയമായ ആത്മാവിനേയും വിജ്ഞാനമയമായ ആത്മാവിനേയും ആനന്ദമയമായ ആത്മാവിനേയും ഉപസംക്രമിക്കുന്ന അഥവാ അവയ്ക്ക് അപ്പുറത്തെത്തുന്നു. അന്നമയം മുതലുള്ള ഓരോ ആത്മാവിനേയും ക്രമത്തില്‍ മറികടന്ന് പരമാത്മാവില്‍ എത്തുന്നു. ഈ അര്‍ത്ഥത്തില്‍ ഒരു മന്ത്രമുണ്ട്.
പ്രപഞ്ചത്തിലെങ്ങും നിറഞ്ഞ ആത്മാവും ഓരോന്നിന്റേയും ഉള്ളില്‍ കുടികൊള്ളുന്ന ആത്മാവും ഒന്നുതന്നെയെന്ന് സാക്ഷാത്കരിച്ച ജ്ഞാനി അന്നമയം മുതലായ കോശങ്ങളിലുള്ള ആത്മബുദ്ധിയെ ഉപേക്ഷിച്ച് എല്ലാറ്റിനും കാരണമായ ആനന്ദ സ്വരൂപമായ പരമാത്മാവില്‍ ഭേദബുദ്ധിയില്ലാതെ ഇരിക്കും. രണ്ടില്ലെന്ന ഉറപ്പുള്ളതിനാല്‍ അല്ലെങ്കില്‍ ഒന്നിനെ മാത്രം അനുഭവിക്കുന്നതിനാല്‍ അഭയപ്രതിഷ്ഠയെ നേടുന്നു.
ഇങ്ങനെ അറിയുന്നവരാണെന്നു പറഞ്ഞതാരാണെന്നും സംക്രമിക്കുന്നത് എങ്ങനെയെന്നും വിചാരം ചെയ്യാന്‍ വലിയ ഭാഷ്യം തന്നെയാണ് ആചാര്യസ്വാമികള്‍ ഉപയോഗിച്ചിട്ടുള്ളത്. സംക്രമിക്കുന്നത് പരമാത്മാവ് തന്നെയാണ്. പരമാത്മാവിനെ അറിഞ്ഞ് പരമാത്മാവായിത്തീരലാണ് 'ബ്രഹ്മവിദാപ്നോതി പരം' എന്നതുകൊണ്ട് ഉദ്ദേശിച്ചത്. ഒന്ന് മറ്റൊന്നായിത്തീരുകയില്ല. പരമാത്മാവായിത്തീരുക എന്നാല്‍ അവിദ്യകൊണ്ട് ആരോപിതമായ അബ്രഹ്മത്വത്തെ നീക്കലാണ്. ബ്രഹ്മവിദ്യകൊണ്ട് അനാത്മാവിനെ നീക്കം ചെയ്യണം. അവിദ്യാ നിവൃത്തിയാണ് വേണ്ടത്. അതിന് വിദ്യയെ ഉപദേശിച്ചിരിക്കുന്നു...janmabhumi
No comments:
Post a Comment