Saturday, March 17, 2018

''ത്രിരൂപഭംഗ പൂര്‍വകം 
നിത്യദാസ നിത്യകാന്താ
ഭജനാത്മകം പ്രേമൈവ 
കാര്യം പ്രേമൈവ കാര്യം''
ത്രിരൂപങ്ങളെയും ഇല്ലാതാക്കി ഒന്നായിച്ചേര്‍ക്കുന്ന ഭാവമാണ് ലയനം. അതായിരിക്കണം ജീവിതത്തിന്റെ ലക്ഷ്യവും മാര്‍ഗ്ഗവും. കര്‍ത്താവ്, കര്‍മം, ക്രിയ ഇതുമൂന്നും ഭഗവാന്‍ തന്നെയാണെന്നബോധം ഉദിക്കുമ്പോള്‍ അഹങ്കാരം ഇല്ലാതാകും. അഹംബോധമില്ലാതായാല്‍ നമ്മള്‍ ഭഗവാന്‍ തന്നെയാകുന്നു. അതോടെ മാര്‍ഗവും ലക്ഷ്യവും ഒന്നായിമാറുന്നു.
എന്നും ഭഗവാന്റെ ദാസനാണെന്ന ചിന്തയും എന്നും ഭഗവാനെ കാന്തനായി വരിച്ചവനാകുന്നതും നമ്മുടെ ലയനത്തിന്റെ ഭാഗമാണ്. എപ്പോഴും ഭഗവാനെത്തന്നെ സ്മരിച്ചുകൊണ്ടിരിക്കുന്നതാണ് രണ്ടിന്റെയും പ്രകൃതം. ഈ ഭഗവത്‌പ്രേമം തന്നെയാണ് കാരണവും. അങ്ങനെ കാരണവും കാര്യവും ഒന്നായി മാറുന്നു. മാര്‍ഗവും ലക്ഷ്യവും ഒന്നായി മാറുന്നു.
കര്‍മം ചെയ്യുന്നവനും കര്‍മവും കര്‍മം ചെയ്യലും എല്ലാം ഒന്നായി മാറുന്നു. കര്‍മവും കര്‍മിയും കര്‍മഫലവും ഒന്നായിത്തീരുന്നു. അതാണ് ലയനം പ്രേമൈവ കാര്യം, പ്രേമൈവ കാര്യം. ഇതാണ് ഭഗവാനോടുള്ള പരമപ്രേമം.
ഈ അവസ്ഥയില്‍ ആത്മാവിനെ മറയ്ക്കുന്ന മായ ഇല്ലാതാകുന്നു.
ബ്രഹ്മാര്‍പണം ബ്രഹ്മഹവിര്‍-
ബ്രഹ്മാഗ്നൗ ബ്രഹ്മണാ ഹുതം
ബ്രഹ്മൈവ തേന ഗന്തവ്യം
ബ്രഹ്മകര്‍മ സമാധിനാ
എന്ന് ഭഗവത്ഗീതയില്‍ ജ്ഞാനകര്‍മസന്ന്യാസയോഗത്തില്‍ പറയുന്നത് സ്മരണീയം. അര്‍പണം ബ്രഹ്മമാണ്. ഹവിസും ബ്രഹ്മം തന്നെ. അഗ്നി ബ്രഹ്മമാണ്. ഹോമം നടത്തുന്ന ഹോതാവും ബ്രഹ്മം. ഹോമകര്‍മവും ബ്രഹ്മം. ഇങ്ങനെ എല്ലാത്തിലും ബ്രഹ്മത്തിനെത്തന്നെ കാണുന്നവന്‍ കര്‍മം പൂര്‍ത്തിയാക്കി സമാധിയടയുന്ന ഘട്ടത്തില്‍ അവന്‍ ബ്രഹ്മത്തെ തന്നെ പ്രാപിക്കുന്നു.
ഇതില്‍ ബ്രഹ്മം എന്ന പദം ഭഗവാന്‍ എന്ന അര്‍ത്ഥത്തില്‍ തന്നെയാണ് പ്രയോഗിച്ചിരിക്കുന്നത്.

No comments: