Saturday, March 24, 2018

നിത്യം, നൈമിത്തികം, കാമ്യം എന്ന് മൂന്നായി അവര്‍ വൈദികമായ അനുഷ്ഠാനങ്ങളെ വേര്‍തിരിച്ചു. സന്ധ്യാവന്ദനം, അഗ്നിഹോത്രം (ഗൃഹസ്ഥനായ ബ്രാഹ്മണന്‍ ചെയ്യേണ്ട ഒരു ഹോമക്രിയ- യാഗത്തിന്റെ ഒരു തീരെ ചെറിയ പതിപ്പ് എന്നു വേണമെങ്കില്‍ പറയാം) മുതലായവ നിത്യകര്‍മ്മങ്ങളാണ്. പക്ഷം (പക്കം), ഋതു, ഗ്രഹണം മുതലായ കാലങ്ങളില്‍ ചെയ്യേണ്ടവയെ നൈമിത്തികങ്ങള്‍ എന്നു പറയുന്നു. പ്രത്യേക കാര്യസാധ്യത്തിനായി ചെയ്യുന്നവ കാമ്യകര്‍മ്മങ്ങളില്‍ പെടും.
മേല്‍പ്പറഞ്ഞ സിസ്റ്റം എന്ന ആശയമാണ് യാഗത്തിന്റെ പൂര്‍ണ്ണതയിലുള്ള ഊന്നലിനു പിന്നില്‍ എന്നു കാണാന്‍ പ്രയാസമില്ലല്ലോ. സ്വരം ഒന്നു പിഴച്ചാല്‍ മതി എല്ലാം തെറ്റും; നേര്‍വിപരീതഫലം ഉണ്ടാകും എന്ന് ത്വഷ്ടാവിന്റെ യാഗത്തെ (ഇന്ദ്രശത്രുര്‍വര്‍ദ്ധസ്വ എന്നതിനു പകരം ഇന്ദ്ര: ശത്രുര്‍വര്‍ദ്ധസ്വ എന്നായിപ്പോയി) ഉദാഹരിച്ച് ഏര്‍ക്കര ചൂണ്ടിക്കാട്ടിയത് നാം കണ്ടു. ഇത്തരം യാഗത്തിലൂടെ നേടുന്ന ഈ സിസ്റ്റവുമായുള്ള താദാത്മ്യം കൊണ്ട് ഇഷ്ടം സാധിക്കുകയും അനിഷ്ടം പരിഹരിക്കുകയും ചെയ്യാമെന്നും അവര്‍ക്കു ക്രമേണ മനസ്സിലായി- അതാണ് കാമ്യയാഗങ്ങള്‍.
സത്യത്തില്‍ ഹൈന്ദവമായ എല്ലാ ദര്‍ശനപദ്ധതികളുടെയും പിന്നില്‍ ഈ ഋതബോധവും സമ്യക്ഘടന അഥവാ സംഘടന (ഉദാഹരണം ജീവനും ആരോഗ്യവും ഉള്ള ശരീരം) എന്ന തത്ത്വവും ആണ് ഉള്ളത്. പ്രപഞ്ച പ്രക്രിയയെക്കുറിച്ച് വിവിധ കോണുകളില്‍ നിന്നുള്ള ദര്‍ശനങ്ങള്‍ ആയതിനാല്‍ വ്യത്യസ്ത നിര്‍വചനങ്ങളും തന്മൂലം വ്യത്യസ്ത പദ്ധതികളും ആണെന്നുമാത്രം. മറ്റു ഹൈന്ദവ വിശ്വാസപദ്ധതികളെക്കുറിച്ച് തുടര്‍ന്ന് നാം പഠിക്കുമ്പോള്‍ ഇക്കാര്യം നമുക്ക് വ്യക്തമാകും. ഹിന്ദുതത്വചിന്ത, സാധനാപദ്ധതി എന്നിവയുടെ പൊതു സവിശേഷതകളെക്കുറിച്ച് ദാസ്ഗുപ്തയുടെ നിരീക്ഷണം നാം നേരത്തെ കണ്ടതാണ്. അവയ്ക്കു കാരണം ഇതാണ്. ഹിന്ദുവിന്റെ ഈ സവിശേഷത ഈ മണ്ണിന്റെ പുണ്യം ആണെന്ന് ഈ ലേഖകന്‍ കരുതുന്നു.
മരണാനന്തര കര്‍മ്മങ്ങള്‍- ഹിന്ദുഗോത്രപാരമ്പര്യത്തിന്റെ നൈരന്തര്യത്തിന് ഒരു പ്രധാന തെളിവായി പലരും ചൂണ്ടിക്കാണിക്കുന്ന ഒരു ആചാരമോ അനുഷ്ഠാനമോ ആണ് അന്ത്യേഷ്ടി. വനവാസി സഹോദരങ്ങള്‍ തൊട്ട് ഹിന്ദുക്കളുടെ ഏതാണ്ട് എല്ലാ വിഭാഗങ്ങളും ഈ ചടങ്ങ് ശ്രദ്ധാപൂര്‍വം തലമുറകളായി അനുഷ്ഠിച്ചു വരുന്നു. കേരളത്തില്‍ പണ്ഡിതാത്യാശ്രമി സ്വാമി നീലകണ്ഠതീര്‍ത്ഥര്‍ ഈ ചടങ്ങ,് അതിന്റെ പിന്നിലുള്ള യുക്തിസഹിതം, തന്റെ ആചാരപദ്ധതി എന്ന പുസ്തകത്തില്‍ വിവരിക്കുന്നു. ശ്രീ നാരായണഗുരുദേവന്‍ ഇതു സംബന്ധമായി ഉപദേശിച്ച കാര്യങ്ങള്‍ ശ്രീനാരായണധര്‍മ്മം എന്ന പുസ്തകത്തില്‍ കാണാം. 
മേല്‍പ്പറഞ്ഞ ആചാരപദ്ധതിയില്‍ കൗഷീതകിബ്രാഹ്മണം, വേദാന്തസൂത്രം, പദ്മപുരാണം, ഗരുഡപുരാണം, വിഷ്ണുധര്‍മ്മോത്തരം എന്നീ ഗ്രന്ഥങ്ങളെ അവലംബിച്ചു കൊണ്ട് ചടങ്ങിന്റെ യുക്തി വിശദമാക്കുന്നു. അതില്‍ ഇപ്രകാരം പറയുന്നു- മരണക്ഷണത്തില്‍ തന്നെ ആതിവാഹിക (ലോകാന്തരപ്രാപണത്തിങ്കല്‍ നിയുക്തമായുള്ള) ദേഹത്തെ കൈക്കൊള്ളുന്നു. അങ്ങിനെ ഉള്ള ശരീരത്തിന് ആതിവാഹികം എന്നു പേര്‍. ഇത് മനുഷ്യര്‍ക്കു മാത്രമുള്ളതും മറ്റൊരു ജന്തുക്കള്‍ക്കും ഇല്ലാത്തതും ആണ്. 
പിന്നീട് ദായാദന്മാര്‍ മുതലായവരാല്‍ സങ്കല്‍പപൂര്‍വം കൊടുക്കപ്പെടുന്ന പ്രേതപിണ്‌ഡോദകങ്ങളാല്‍ ക്രമേണ വൃദ്ധിയെ പ്രാപിച്ച് ഭോഗദേഹം എന്നു പറയപ്പെടുന്ന ശരീരത്തെ പ്രാപിക്കുന്നു. സംവത്സരാന്ത്യത്തില്‍ സപിണ്ഡി വരെ ആകുമ്പോള്‍ അഭിനവശരീരനായി സ്വര്‍ഗത്തിലോ നരകത്തിലോ സ്വകര്‍മ്മാനുസാരം പോകുന്നു. 
ഇങ്ങനെയുള്ള ശരീരം അപ്പിന്റെ (ജലത്തിന്റെ) ആധിക്യത്താല്‍ അമ്മയം (അപ്+മയം, ജലമയം) എന്നു വിളിക്കപ്പെടുന്നതും സ്വര്‍ഗികള്‍ക്കും നാരകികള്‍ക്കും അവിടെയുള്ള ഫലഭോഗാനന്തരം ജന്മഗ്രഹണകാലത്ത് (ശ്വയോനിം വാ സൂകരയോനിം വാ ചണ്ഡാലയോനിം വാ) -ശുനീഗര്‍ഭത്തിലോ സൂകരഗര്‍ഭത്തിലോ ചണ്ഡാലജാതിയിലോ പൂകുന്നു എന്ന കൗഷീതകീബ്രാഹ്മണപ്രകാരം ഉദരം പ്രവേശിക്കുന്നതും ആകുന്നു.
കൃത്വാത്യനുശയവാന്‍ ദൃഷ്ടസ്മൃതിഭ്യാം എന്നാദിയായ വേദാന്തദര്‍ശനസൂത്രം കര്‍മ്മക്ഷയാവസരത്തില്‍ പതിക്കുന്നവര്‍ക്കുള്ള അവശിഷ്ട കര്‍മ്മസഹിതമായ പതനത്തെ പ്രതിപാദിക്കുന്നു. സ്വര്‍ഗം കരുതിച്ചെയ്‌തോരു കര്‍മ്മം വിലയിച്ചിടുമ്പോളവിടുന്നു ഭുക്തേതരസഞ്ചിതമോടിങ്ങു വരും പോയതിനു നേര്‍മറിവായ് എന്നു സൂത്രാശയമാകുന്നു. സ്വര്‍ഗപദം നരകത്തിന്റെയും ഉപലക്ഷണം ആയി ഗ്രഹിക്കേണ്ടതാണെന്ന് ഉപനിഷദ്ദീപികയില്‍ പറഞ്ഞിട്ടുണ്ട്. പതിക്കുന്ന ഘട്ടത്തില്‍ സ്വല്പം കാലവിളംബം ഉള്ളതായി വരുന്നത് ദൈവാദി ദിനരാത്രങ്ങളുടെ മാനഭേദത്താല്‍ മാത്രമാണ്. അമ്മയം (ജലമയം) ആകുന്ന ശരീരത്തിന്റെ വൃദ്ധ്യാദികള്‍ക്ക് തിലോദകപിണ്ഡാദികള്‍ ഉപയുക്തം തന്നെ- എന്നും നീലകണ്ഠതീര്‍ത്ഥര്‍ വിശദമാക്കുന്നു.
ബ്രാഹ്മണര്‍ക്ക് ഇക്കാര്യത്തില്‍ വളരെ വിശദമായ വൈദികച്ചടങ്ങുകളുണ്ട്. ബൗധായനം, ആശ്വലായനം തുടങ്ങിയ മതഭേദങ്ങളും ക്രിയകളില്‍ കാണാം. മന്ത്രസംസ്‌കാരം, പ്രേതശുദ്ധി, ഉദകക്രിയ, ദശാഹബലി, സഞ്ചയനം, പിണ്ഡം, നിത്യബലി, ദീക്ഷ നിര്‍ത്തല്‍, എടമാസം, ഷോഡശം, സപിണ്ഡി, ആണ്ടുബലി, ചടങ്ങിനാശ്രാദ്ധം എന്നിങ്ങനെ നിരവധി മരണാനന്തരക്രിയകള്‍ ചടങ്ങുപുസ്തകങ്ങളില്‍ വിവരിക്കുന്നുണ്ട്. പിതാവ്, പിതാമഹന്‍, പ്രപിതാമഹന്‍, മാതാമഹന്‍ എന്നിവരെ ഈ തലമുറയിലുള്ള ബ്രാഹ്മണന്‍ തന്റെ മരണം വരെ ശ്രാദ്ധാദികളിലൂടെ പ്രീതിപ്പെടുത്തേണ്ടത് പുത്രപൗത്രാദിസമ്പത്തിന് ആവശ്യമാണ്.
പിറന്ന ഉടനെയുള്ള ശിശുമരണം, പേരിടുന്നതിനു മുമ്പ് മരണം എന്നിങ്ങനെ വിവിധഘട്ടങ്ങളിലുണ്ടാകുന്ന മരണങ്ങള്‍, ഗര്‍ഭിണി ആയിരിക്കെ ഏഴാം മാസം തൊട്ടുള്ള മാസങ്ങളിലെ മരണം, ദുര്‍മ്മരണം തുടങ്ങിയവയ്‌ക്കെല്ലാം ചെയ്യേണ്ട വ്യത്യസ്ത ക്രിയകള്‍ ഈ പുസ്തകങ്ങളില്‍ കാണാം. വിധിപ്രകാരം വിവാഹശേഷം അഗ്ന്യാധാനം കഴിച്ച് അഗ്നിഹോത്രാദി അനുഷ്ഠിച്ചു വരുന്ന ഗൃഹസ്ഥന് യാഗത്തിനെന്ന പോലെ, ഈ ത്രേതാഗ്നിയില്‍ നിന്നു വേണം, ദഹനത്തിനുള്ള ചിതയില്‍, അഗ്നി പകരേണ്ടത്.
സപിണ്ഡി എന്ന ക്രിയയില്‍ പ്രൈഷം കേള്‍ക്കുക എന്ന ഒരു ചടങ്ങുണ്ട്.  ചെയ്യാന്‍ പോകുന്ന ക്രിയയുടെ പിന്നിലുള്ള ആശയം, അതായത് യുക്തി ക്രിയ ചെയ്യേണ്ട ആളിനെ ബോധ്യപ്പെടുത്തലാണ് ഇതിന്റെ ഉദ്ദേശ്യം. യാഗക്രിയയിലും അധ്വര്യു യജമാനനെ ഇത്തരത്തില്‍ പ്രൈഷം ചൊല്ലി കേള്‍പ്പിക്കലുണ്ട് എന്നു നാം കണ്ടു. തന്ത്രമാര്‍ഗത്തിലെ ശ്രീവിദ്യോപാസനയുടെ ദീക്ഷ നല്‍കുമ്പോള്‍ ഗുരു ഒരു പ്രത്യേകഘട്ടത്തില്‍ ശിഷ്യന് ഇത്തരത്തില്‍ യുക്തി പറഞ്ഞു ബോദ്ധ്യപ്പെടുത്തണം എന്നു വിധിയുണ്ട് (സിദ്ധാന്തം ശ്രാവയിത്വാ എന്നു പരശുരാമകല്പസൂത്രം). ഇപ്പോള്‍ ഇതെല്ലാം വെറും ചടങ്ങുമാത്രമായിട്ടുണ്ട്. ജീവാത്മാവിന്റെ മരണാനന്തരസ്ഥിതിയെക്കുറിച്ചുള്ള വൈദിക കാഴ്ച്ചപ്പാട് ആ പ്രൈഷത്തില്‍ കാണാം....vamanan

No comments: