Friday, March 16, 2018

കുടുംബനാഥനെ ബഹുഭാര്യമാര്‍ പല ദിക്കിലേക്കുമായി പിടിച്ചുവലിക്കുന്നതുപോലെ ഈ ദേഹത്തില്‍ പല ഇന്ദ്രിയങ്ങളും പലതിലേക്കും വലിച്ചുകൊണ്ടുപോവുകയാണ്. ഇന്ദ്രിയങ്ങളെ ജയിക്കാത്തവന്‍ അവയുടെ അടിമയാകുന്നു. ദേഹാഭിമാനം വിട്ട് ആത്മാഭിമാനത്തിലേക്കുയരണം.
എന്നാല്‍ ഈ ദേഹത്തെ വേണ്ടവിധത്തില്‍ ഉപയോഗിച്ചാല്‍ അത് ബഹുമാനിക്കത്തക്കതുതന്നെ. മൃഗങ്ങളായും പക്ഷികളായും പാമ്പുകളായുമുള്ള പല ജന്മങ്ങള്‍ക്കുശേഷമാണ് വിശേഷബുദ്ധിയുള്ള മനുഷ്യനെ സ്രഷ്ടാവ് സൃഷ്ടിച്ചത്. ബ്രഹ്മാവലോകധിഷണമായ-ബ്രഹ്മദര്‍ശനത്തിനുചിതമായ ഒരു ശരീരമാണ് നമുക്ക് കിട്ടിയിരിക്കുന്നത്. ഭാഗ്യം. ആ നിലക്ക് ഈ ശരീരം ഉപയോഗിക്കാന്‍ കഴിഞ്ഞാല്‍ ഈ ദേഹം ഏറെ ബഹുമാനിക്കത്തക്കതാണ്. അതാലോചിക്കുമ്പോള്‍ വിശേഷബുദ്ധിയുള്ള മനുഷ്യശരീരം വളരെ ശ്രേഷ്ഠമാണ്.
അതുകൊണ്ട് ഈ മനുഷ്യജന്മം അനാവശ്യമായി നശിപ്പിക്കരുത്. ഓരോ നിമിഷവും നശിച്ചുകൊണ്ടിരിക്കുന്നതാണ് ഈ ശരീരമെന്നു തിരിച്ചറിഞ്ഞ്, ഒരു നിമിഷംപോലും നഷ്ടപ്പെടുത്താതെ കൈവല്യപ്രാപ്തി തന്നെ ലക്ഷ്യമിട്ടു മുന്നോട്ടുപോകണം. പക്ഷിമൃഗാദികള്‍ക്കുപോലും നിഷ്പ്രയാസം സാധിക്കുന്ന വിഷയസുഖങ്ങളിലേക്ക് ശ്രദ്ധ പോകാതിരിക്കട്ടെ. ”നിശ്രേയസായ വിഷയഃ” എന്നുതിരിച്ചറിഞ്ഞു പ്രവര്‍ത്തിക്കൂ എന്ന് ദേഹം പഠിപ്പിച്ചതായി അവധൂതന്‍ യദുവിനെ അറിയിച്ചു. സാരസമ്പൂര്‍ണമായ ഈ ഉപദേശം കേട്ട് യദുമഹാരാജാവ് എല്ലാ സുഖങ്ങളെയും ഉപേക്ഷിച്ചു. Bhagavatam

No comments: