Friday, March 23, 2018

പ്രണമ്യശ്രീഗുരും നാഥം
സ്വാത്മരാമേണ യോഗിനാ
കേവലം രാജയോഗായ
ഹം വിദ്യോപദിശ്യതേ..
(ഹ.യോ.പ്ര. 1-2)

ശ്രീഗുരുനാഥനെ പ്രണമിച്ചശേഷം യോഗിയായ സ്വാത്മാരാമന്‍ ഹഠവിദ്യ ഉപദേശിക്കുന്നു. രാജയോഗ പ്രാപ്തിയാണ് ഉദ്ദേശ്യം.
ഇവിടെ ഈ ഗ്രന്ഥത്തിന്റെ പ്രയോജനം പറയുന്നു. ഹഠവിദ്യകൊണ്ട് രാജയോഗം തന്നെയാണ് നേടേണ്ടത്. മറ്റെന്തെങ്കിലും കിട്ടാനുണ്ടോ? എന്നചോദ്യം ഉദിക്കുന്നുണ്ട്, ഇവിടെ. ശരീരവും നാഡികളും പ്രാണനും മനസ്സും ഒക്കെ നിര്‍മലമായാല്‍ പല പ്രത്യേക കഴിവുകളും വ്യക്തിക്കു വന്നുചേരും. സിദ്ധികള്‍ എന്നാണ് ഇതിന് പറയുന്ന പേര്. ഇതില്‍ ഭ്രമിച്ചു പോയാല്‍ യഥാര്‍ത്ഥ ലക്ഷ്യം, യോഗം, അഥവാ സമാധി ലഭിക്കാതെ പോവും, ഗ്രന്ഥത്തിന്റെ പ്രയോജനം തന്നെ ഇല്ലാതാവുമെന്നര്‍ത്ഥം.
യോഗയ്ക്ക് കൂടുതല്‍ പ്രചാരം കിട്ടുന്ന ഇക്കാലത്ത് ഈ ശ്ലോകത്തിന് പ്രസക്തി കൂടും. ഇന്ന് പാശ്ചാത്യനാടുകളില്‍ ഹഠയോഗത്തിന്റെ ലക്ഷ്യത്തെ അവഗണിക്കുന്ന അവസ്ഥയുണ്ട്. ആരോഗ്യം, പിരിമുറുക്കം കുറയ്ക്കല്‍, പ്രായം കുറയ്ക്കല്‍, സൗന്ദര്യം കൂട്ടല്‍, വിശപ്പു വര്‍ധിപ്പിക്കല്‍ മുതലായവയ്ക്കുവേണ്ടിയാണ് യോഗ പ്രയോജനപ്പെടുത്തുന്നത്. ഇതെല്ലാം യോഗകൊണ്ട് സാധ്യം തന്നെ. പക്ഷെ അവയൊന്നുമല്ല യഥാര്‍ത്ഥ ലക്ഷ്യം.
ഒരു സാധാരണ മനുഷ്യന്റെ തലച്ചോറിന്റെ കഴിവില്‍ 10ല്‍ ഒരുഭാഗം പോലും ഉപയോഗിക്കപ്പെടുന്നില്ല. 9 ഭാഗം ഇരുണ്ടതാണ്, 'നിശ്ശബ്ദ മേഖല'യാണ്. കഠിനമായ ഹഠയോഗ സാധനയാല്‍ ഇത്തരം കോശങ്ങള്‍ സജീവമാവും. അപ്പോള്‍ ദിവ്യദൃഷ്ടി, ദിവ്യശ്രവണം, രോഗപ്രതിരോധ ശക്തി, രോഗശമന ശക്തി, പരന്റെ മനസ്സറിയല്‍ മുതലായ സിദ്ധികള്‍ കിട്ടും. മനുഷ്യന്‍ അതില്‍ ഭ്രമിച്ചു പോകും. അവ താല്‍ക്കാലികമാണ്, രാജയോഗത്തിന്, മാനസിക ഉയര്‍ച്ചക്ക് തടസ്സവുമാണ്. അവയെ അവഗണിച്ചു മുന്നോട്ടു പോകാനുള്ള തന്റേടമുണ്ടാവണം. നേര്‍വഴിയില്‍ പതറാതെ മുന്നോട്ടുപോകാനുള്ള ആര്‍ജ്ജവമുണ്ടാവണം.
ഭ്രാന്ത്യാ ബഹുമതധ്വാന്തേ
രാജയോഗമജാനതാം
ഹഠപ്രദീപികാം ധത്തേ
സ്വാത്മാരാമഃ കൃപാകരഃ.
(ഹ.യോ.പ്ര. 1-3)
അനേകം മതങ്ങളുടെ ധ്വാന്തത്തില്‍ (കൂരിരുട്ടില്‍) ഭ്രമിച്ച്, വഴിതെറ്റി രാജയോഗം അറിയാനാവാതെ തപ്പി നടക്കുന്ന അജ്ഞന്മാര്‍ക്ക് കൃപാലുവായ സ്വാത്മാരാമന്‍ ഹഠയോഗമെന്ന തെളിഞ്ഞ വിളക്ക് (പ്രദീപിക) ഉയര്‍ത്തിക്കാട്ടുന്നു.
കൈവല്യ പ്രാപ്തിയാണ് രാജയോഗത്തിന്റെ ലക്ഷ്യം. അവിടെ എത്താനുള്ള മാര്‍ഗങ്ങള്‍ പലരും പലതരത്തില്‍ വിവരിക്കും. കര്‍മയോഗം, ഭക്തിയോഗം, ജ്ഞാനയോഗം, ക്രിയായോഗം, മന്ത്രയോഗം ഇങ്ങനെ പലതുമുണ്ട്. അവയുടെ മിശ്രിതവുമുണ്ട്. പക്ഷേ തുടര്‍ച്ചയായി തുടക്കം മുതല്‍ ഒടുക്കംവരെ തുടരാന്‍ പറ്റിയ ക്രമീകൃതമായ ഒരു പദ്ധതി ഇല്ല. ഇവിടെയാണ് കരുണാമയനായ സ്വാത്മരാമന്റെ ഹഠയോഗപദ്ധതി സാധാരണക്കാരന്റെ സഹായത്തിനെത്തുന്നത്. അദ്ദേഹം അതു പ്രസംഗിക്കുകയല്ല, കൂടെ നടന്ന് വഴികാട്ടുകയാണ്. ഇരുട്ടില്‍ തപ്പിത്തടയുന്നവനുള്ള വെള്ളി വെളിച്ചം തന്നെയാണത്. ആത്മീയൗന്നത്യമുള്ളവനു മാത്രമേ ഇത്തരം കനിവ് കിനിയുകയുള്ളൂ.
സ്വാത്മാരാമന്‍ അത്തരമൊരു മനീഷിയാണ്. ജ്ഞാനത്തിന് ഏഴ് ഭൂമികകള്‍, അവസ്ഥകള്‍ ഉണ്ട്. ഇതേഴും കടന്നവനാണ് ബ്രഹ്മവിദ്വരിഷ്ഠന്‍ എന്ന പദത്തിലെത്തുന്നവന്‍. അവരെയാണ് ആത്മാരാമന്‍ എന്ന് വിളിക്കുന്നത്. ''ആത്മക്രീഡഃ ആത്മരതിഃ ക്രിയാവാന്‍ ഏഷഃ ബ്രഹ്മവിദാം വരിഷ്ഠഃ'' (മുണ്ഡകോപനിഷത്ത്-3-1.4)...
kaithapram

1 comment:

Jyothish pachamkulam said...

മുപ്പട്ട് വെള്ളി എന്നാല് എന്താണ് പ്രത്യേകത......