Monday, May 28, 2018

ഛാന്ദോഗ്യോപനിഷദ് -37
ആരുണി മകനായ ശ്വേതകേതുവിന് ഉപദേശം കൊടുക്കുന്നു.
സദേവ സോമ്യെദമഗ്ര ആസീദേകമേവാദ്വിതീയം തദ്ധൈക ആഹുരസദേവേദമഗ്ര ആസീദേകമേവാദ്വിതീയം. തസ്മാദാസത: സജ്ജായത.
അല്ലയോ സൗമ്യനായവനെ, വൈവിധ്യമായിരിക്കുന്ന ഈ ജഗത്ത് ആദ്യം ഏകവും അദ്വിതീയവുമായ സത്ത് മാത്രമായിരുന്നു. ചിലര്‍ പറയുന്നു ഈ ജഗത്ത് ആദ്യം ഏകവും അദ്വിതീയവുമായ അസത്ത് മാത്രമായിരുന്നുവെന്ന്. ആ അസത്തില്‍ നിന്നാണ് സത്ത് ഉണ്ടായത് എന്ന്.
എന്ത് അറിഞ്ഞാലാണോ എല്ലാം അറിയാന്‍ കഴിയുന്നത് എന്ന ചോദ്യത്തിനുള്ള ഉത്തരം നല്‍കാനായി ആദ്യം ജഗത്തിന്റെ സ്വരൂപം വിവരിക്കുന്നു. ഈ ലോകം ഉണ്ടാകുന്നതിനു മുമ്പ് ഏകവും അദ്വിതീയവുമായ സത്ത് മാത്രമായിരുന്നു. സത്ത് എന്നാല്‍ ഉണ്മ. ഏകം എന്നാല്‍ സജാതീയമായി വേറെ ഒന്നും ഇല്ല എന്നും അദ്വിതീയം എന്നാല്‍ വിജാതീയമായി വേറെ ഒന്നും ഇല്ല എന്ന് മനസ്സിലാക്കണം. സത്ത് മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്ന് ഉറപ്പിക്കാനാണ് ഏവ എന്ന് ഉപയോഗിച്ചത്. കുലാലന്റെ പണി സ്ഥലത്ത് മണ്ണ് കിടക്കുന്നത് കണ്ട ആള്‍ പിന്നീട് അവിടെ ചട്ടി,കുടം,കലം എന്നിവയെ കാണുമ്പോള്‍ ഇതെല്ലാം മുമ്പ് മണ്ണ് തന്നെയായിരുന്നു എന്ന് പറയുന്നത് പോലെയാണിത്. മണ്ണ് മണ്‍പാത്രങ്ങളായിത്തീരാന്‍ കുലാലന്‍, ചക്രം മുതലായ നിമിത്ത കാരണങ്ങള്‍ വേണം. ഏകമായ സത്ത് ജഗത്തായിത്തീരാന്‍ മറ്റ് നിമിത്ത കാരണങ്ങള്‍ എന്തെങ്കിലും ഉണ്ടാകുമോ എന്ന സംശയം നിരാകരിക്കാനാണ് അദ്വിതീയം എന്ന് വിശേഷിപ്പിച്ചത്.
വൈശേഷികന്മാരും വൈനാശികന്മാരുമാണ് ഉല്‍പ്പത്തിക്ക് മുമ്പ് എല്ലാം അസത്ത് മാത്രമായിരുന്നു എന്ന് അഭിപായപ്പെടുന്നത്. അസത്ത് എന്ന ഒന്നുണ്ടായിരുന്നുവെന്നല്ല, സത്തിന്റെ അഭാവമാണ് ഉണ്ടായിരുന്നത് എന്ന് അവര്‍ പറയുന്നു.  
കുതസ്തു ഖലു സോമൈ്യവ്യം സ്യാദിതി ഹോവാച, കഥമസതം:സജ്ജായതേതി,സത്ത്വേവ സോമ്യേദമഗ്ര ആസീദേകമേവാദ്വിതീയം.  
മോനെ ഏത് യുക്തി അനുസരിച്ചാണ് ഇങ്ങനെ സംഭവിക്കുക? എങ്ങനെയാണ് അസത്തില്‍ നിന്ന് സത്തുണ്ടാകുക? ആയതിനാല്‍ ഉല്‍പത്തിക്കു മുമ്പ് ഏകവും അദ്വിതീയവുമായ സത്ത് തന്നെയായിരുന്നു. എന്ന് ആരുണി പറഞ്ഞു. ഇല്ലായ്മയില്‍ നിന്ന് എന്തെങ്കിലും ഒന്ന് ഉണ്ടാകാന്‍ തരമില്ല. അത് യുക്തിക്കും പ്രമാണത്തിനും വിരുദ്ധമാണ്. കാരണത്തിന്റെ ഗുണങ്ങള്‍ കാര്യത്തിലും ഉണ്ടാകണം. അങ്ങനെയെങ്കില്‍ അസത്തില്‍ നിന്ന് അസത്തേ ഉണ്ടാകൂ. അവയ്ക്ക് ഉണ്മയുണ്ടാകില്ല. അതിനാല്‍ സത്തില്‍ നിന്നാണ് ഇവയെല്ലാം ഉണ്ടായത് എന്നതാണ് യുക്തി.
തദൈക്ഷത ബഹുസ്യാം പ്രജായേയേതി, തത്തേജോ/സൃത, തത് തേജ ഐക്ഷത ബഹുസ്യാം പ്രജായേയേതി,തദപോ/സൃജത, തസ്മാദ് യത്ര ക്വച ശോചതി സ്വേദതേ വ പുരുഷസ്‌തേജസ ഏവ തദധ്യാപോ ജായന്തേ. അത് സങ്കല്‍പ്പിച്ചു എനിക്ക് പലതാകണം, പല രൂപത്തിലും ജനിക്കണം എന്ന്. അത് തേജസ്സിനെ സൃഷ്ടിച്ചു. തേജോരൂപത്തിലായ സത്ത് സങ്കല്‍പ്പിച്ചു, എനിക്ക് പലതാകണം പല രൂപത്തിലും ജനിക്കണം എന്ന്. അത് അപ്പുകളെ സൃഷ്ടിച്ചു. അതുകൊണ്ട് പുരുഷന് എ പ്പോഴെങ്കിലും ദുഃഖിക്കുകയോ വിയര്‍ക്കുകയോ ചെയ്യുമ്പോള്‍, അപ്പോള്‍ ചൂടില്‍ നിന്നാണ് ജലമുണ്ടാകുന്നത്.  
ഏകവും അദ്വിതീയവുമായ സത്ത് എങ്ങനെ പലതായിത്തീര്‍ന്നു എന്ന് വിവിരിച്ചതാണിവിടെ. സത്ത് സചേതനമായതിനാല്‍ അത് സങ്കല്‍പ്പിച്ചു എന്ന് പറയുന്നത് യുക്തമാണ്. ആ ഇച്ഛയില്‍ നിന്നാണ് സൃഷ്ടിയുണ്ടായത്. അഗ്‌നി ആദ്യമുണ്ടായി എന്ന് പറഞ്ഞതില്‍ സംശയം വേണ്ട.. സൃഷ്ടി ക്രമത്തെ വിവരിക്കലല്ല ഉദ്ദേശ്യം. സത്തില്‍ നിന്ന് എല്ലാമുണ്ടായി എന്ന് കാണിക്കുകയാണ്. സങ്കടം വരുമ്പോള്‍ കണ്ണീരായും പണിയെടുക്കുമ്പോള്‍ വിയര്‍പ്പായും വെള്ളം ശരീരത്തില്‍ ഉണ്ടാകാറുണ്ട്. ഇതാണ് ചൂടില്‍ നിന്നും ജലമുണ്ടായി എന്ന് പറഞ്ഞത്.
താ ആപ ഐക്ഷന്ത ബഹ്വ്യഃസ്യാമ പ്രജായേമഹീതി, ത അന്നമസൃജന്ത, തസ്മാദ് യത്ര ക്വച വര്‍ഷതി തദേവ ഭൂയിഷ്ഠമന്നം ഭവതി, അദ്ഭ്യ ഏവ തദധ്യന്നാദ്യം ജായതേ. ആ അപ്പുകള്‍ സങ്കല്‍പ്പിച്ചു പലതായിത്തീരണം, പല രൂപത്തിലും ജനിക്കണം എന്ന്. അവ അന്നത്തെ സൃഷ്ടിച്ചു. അതുകൊണ്ടു എവിടെയെല്ലാം വര്‍ഷിക്കുന്നുവോ അവിടെയെല്ലാം ധാരാളം അന്നം വളരുന്നു. ഭക്ഷിക്കാനുള്ള അന്നം അപ്പുകളില്‍ നിന്നാണ് ഉണ്ടാകുന്നത്. അന്നം പൃഥ്വീ രൂപമാണ്. ഇവിടെ ആദ്യത്തെ അന്നം ഭൂമിയേയും പിന്നെ ധാന്യങ്ങളെയും മറ്റുമാണ് ഉദ്ദേശിക്കുന്നത്. തേജസ്സ്, അപ്പ്, അന്നം എന്നീ മൂന്നു ഭൂതങ്ങളെ പറ്റി മാത്രമാണ് ഇവിടെ പറയുന്നത്. ആകാശം, വായു എന്നിവയുടെ സൃഷ്ടി നേരത്തേ കഴിഞ്ഞു എന്ന് കരുതുന്നതില്‍ തെറ്റില്ല.
 949574697

No comments: