Thursday, May 24, 2018

ഛാന്ദോഗ്യോപനിഷത്ത് 34
എന്താണ് എന്റെ അന്നം എന്ന് പ്രാണന്‍ ചോദിച്ചപ്പോള്‍ ഇന്ദ്രിയങ്ങള്‍ പറഞ്ഞു. ശ്വാക്കള്‍ മുതല്‍ പക്ഷികള്‍ വരെയുള്ള പ്രാണികള്‍ക്കെല്ലാം അന്നമായത് പ്രാണന് അന്നമാകും.ഇങ്ങനെ ലോകത്തില്‍ പ്രാണികള്‍ കഴിക്കുന്നതെല്ലാം പ്രാണന്റെ ഭക്ഷണമാണ്. അനന്‍ എന്നത് പ്രാണന്റെ പ്രത്യക്ഷമായ പേരാണ്. ഇതറിയുന്നവന് അന്നമല്ലാത്തതായി ഒന്നും തന്നെയില്ല.
 ചലിക്കുക എന്ന അര്‍ത്ഥമുള്ള 'അന' ധാതുവില്‍ നിന്നാണ് അനന്‍ എന്ന വാക്ക് ഉണ്ടായത്. പ്രാണന്റെ ധര്‍മ്മം ചലനമാണ്. എല്ലാ ജീവജാലങ്ങളും കഴിക്കുന്നത് പ്രാണന്റെ അന്നമാണ്. പ്രാണന്‍ എല്ലാറ്റിലുമിരുന്ന് അന്നം കൊണ്ട് ബലത്തരമാകുന്നു. പ്രാണന് എല്ലാം അന്നമാണെന്നും പ്രാണന്‍ എല്ലാ അന്നത്തിന്റെയും അത്താവാണെന്നും അറിഞ്ഞ് പ്രാണോ പാസന ചെയ്യുന്നവന്‍ പ്രാണനായിത്തീരുന്നതിനാല്‍ അയാള്‍ക്ക് അന്നമല്ലാത്തതായി ഒന്നുമുണ്ടാകില്ല എന്ന് ഫലശ്രുതി.
   എനിക്ക് എന്താണ് വസ്ത്രം എന്ന് പ്രാണന്‍ ചോദിച്ചപ്പോള്‍ വെള്ളമാണ് വസ്ത്രമെന്ന് ഇന്ദ്രിയങ്ങള്‍ പറഞ്ഞു. അതിനാലാണ് വിദ്വാന്മാര്‍ ഊണിന് മുമ്പും പിമ്പും ജലം ആചമനം ചെയ്ത് പ്രാണനെ ഉടുപ്പിക്കുന്നത്. ഇതറിഞ്ഞ് ഉപാസിക്കുന്നയാള്‍ വസ്ത്രത്തെ ലഭിക്കുന്നവനായും അനഗ്‌നനായും തീരും.
ഇത് പ്രാണ വിദ്യയിലെ മറ്റൊരു ഉപാസനയാണ്. ജലത്തെ മുഖ്യപ്രാണന്റെ വസ്തമാണെന്നറിഞ്ഞ് ഉപാസിക്കുന്നയാള്‍ക്ക് വസ്ത്രം ലഭിക്കും. ഉത്തരീയവും കിട്ടും. നഗ്‌നതയുണ്ടാവില്ലെന്ന് പറയാന്‍ കാരണമിതാണ്.
 ജാബാല സത്യ കാമന്‍ ഈ പ്രാണ ദര്‍ശനത്തെ വ്യാഘ്രപാദത്തിന്റെ മകനായ ഗോശ്രുതിക്ക് ഉപദേശിച്ചു.ഈ ദര്‍ശനം ഉണങ്ങിയ മരക്കുറ്റിക്ക് പറഞ്ഞു കൊടുക്കുകയാണെങ്കില്‍ അതില്‍ ശാഖകളും ഇലകളുമുണ്ടാകുമെന്ന് പറഞ്ഞു.ജീവിച്ചിരിക്കുന്നയാള്‍ക്ക് ഉപദേശിച്ചാലത്തെ ഫലം പറയേണ്ടതില്ലല്ലോ.
 പ്രാണ വിദ്യ നേടിയതിനു ശേഷം മഹത്ത്വമുണ്ടാകാന്‍ ആഗ്രഹിക്കുന്നവര്‍ ചെയ്യേണ്ട കര്‍മ്മങ്ങളെക്കുറിച്ച് പിന്നെ വിശദമായി വിവരിച്ചു.
   മുമുക്ഷുകള്‍ക്ക് വിരക്തി ഉണ്ടാക്കാനായി ബ്രഹ്മലോകം വരെയുള്ള സംസാരഗതിയെ പറയുന്നു.
ആരുണിയുടെ മകനായ ശ്വേതകേതു പാഞ്ചാല സഭയില്‍ ചെന്നു. ജീവലന്റെ മകനായ പ്രവാഹണന്‍ ചോദിച്ചു. അച്ഛന്‍ നിന്നെ വിദ്യ അഭ്യസിപ്പിച്ചിട്ടുണ്ടോയെന്ന്. ഉണ്ടെന്ന് ശ്വേതകേതു പറഞ്ഞു.
   ജനങ്ങള്‍ മരണശേഷം ഈ ലോകത്തില്‍ നിന്ന് മുകളില്‍ എവിടേയ്ക്കാണ് പോകുന്നത്?
എങ്ങനെയാണ് വീണ്ടും വരുന്നത്?
ദേവയാനവും പിതൃയാനവും വേര്‍പിരിയുന്ന സ്ഥാനം ഏത്?
മരിച്ചവരെല്ലാം ചെന്നിട്ടും പിതൃ ലോകം നിറയാതെ ഇരിക്കുന്നതെന്തുകൊണ്ടാണ്?
അഞ്ചാമത്തെ ആഹുതിയില്‍ അപ്പുകള്‍ക്ക് പുരുഷന്‍ എന്ന പേരുണ്ടായത് എങ്ങനെ?
ഈ അഞ്ചു ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കാന്‍ ശ്വേതകേതുവിനായില്ല.
    ഇതൊന്നും അറിയാതെയാണോ വിദ്യ അഭ്യസിച്ചു എന്ന് പറഞ്ഞത് എന്ന് പ്രവാഹണന്‍ ചോദിച്ചു. ശ്വേതകേതു ഇത് കേട്ട് സങ്കടത്തോടെ അച്ഛനടുത്തെത്തി. തനിക്കും ഈ ചോദ്യങ്ങള്‍ക്ക് ഉത്തരമറിയില്ലെന്ന് അച്ഛന്‍ ശ്വേതകേതുവിനോട് പറഞ്ഞു.
   ഗൗതമ ഗോത്രത്തില്‍ പെട്ട ആ ആരുണി രാജാവായ പ്രവാഹണന്റെ അടുത്തെത്തി.തന്റെ മകനോട് ചോദിച്ച ചോദ്യങ്ങള്‍ക്കുള്ള ഉത്തരം പറഞ്ഞു തരണമെന്ന് ആവശ്യപ്പെട്ടു. ക്ഷത്രിയന്മാര്‍ പരമ്പരയായി അറിഞ്ഞ ഈ വിദ്യ എങ്ങനെ ബ്രാഹ്മണര്‍ക്ക് പറഞ്ഞു കൊടുക്കും ? ക്ഷത്രിയര്‍ ബ്രാഹ്മണര്‍ക്ക് ഉപദേശിക്കാന്‍ പാടുണ്ടോ? എന്നറിയാതെ രാജാവ് വിഷമിച്ചു.
 കുറച്ചു കാലം അവിടെ താമസിക്കാന്‍ രാജാവ് കല്പിച്ചു.വിദ്യാ സ്വീകരണത്തിന് യോഗ്യനാണെന്ന് മനസ്സിലാക്കിയപ്പോള്‍ പാരമ്പര്യത്തിന് വിപരീതമായി ക്ഷത്രിയനായ പ്രവാഹണന്‍ ബ്രാഹ്മണനായ ഗൗതമന് വിദ്യ ഉപദേശിച്ചു. ബ്രാഹ്മണരില്‍ ഗൗതമനായ ആരുണിയാണ് ആ വിദ്യ മനസ്സിലാക്കിയ ആദ്യത്തെ ആള്‍. അതിന് ശേഷമാണ് ബ്രാഹ്മണരില്‍ ഈ വിദ്യ പ്രചരിച്ചത്.
janmabhumi

No comments: