Sunday, May 27, 2018

ഈശ്വരനെ നാം സ്തുതിക്കുകയും പ്രാര്‍ഥിക്കുകയും ഉപാസിക്കുകയും വേണമെന്ന് ഋഷിമാര്‍ പറയുന്നു. എന്താണ് യഥാര്‍ഥത്തില്‍ ഈ സ്തുതിയും പ്രാര്‍ഥനയും ഉപാസനയുമൊക്കെ? ഇവയെക്കുറിച്ച് ഭൂരിഭാഗം ആളുകള്‍ക്കും ഏറിയകൂറും തെറ്റായ ധാരണകളാണുള്ളത്. വേദമന്ത്രത്തിലൂടെതന്നെ നമുക്കിവയുടെ നേരായ സ്വരൂപത്തെയും പ്രയോജനത്തെയും അറിയാന്‍ ശ്രമിക്കാം. നമുക്ക് സാമവേദത്തിലെ ആദ്യ മന്ത്രത്തിലേക്ക് പ്രവേശിക്കാം.
ഓം അഗ്ന ആ യാഹി വീതയേ 
ഗൃണാനോ ഹവ്യദാതയേ
നി ഹോതാ സത്സി ബര്ഹിഷി.
(അഗ്നേ=) വിശ്വപ്രേരകനായ പരമേശ്വരാ, അവിടുന്ന് (ഗൃണാനഃ=) സ്തുതിചെയ്യുന്ന ഞങ്ങളില്‍  ജ്ഞാനോപദേശത്താല്‍ (വീതയേ=) അറിവിനെ വ്യാപിപ്പിക്കുന്നതിനായി, (ഹവ്യദാതയേ=) പ്രാര്‍ഥിക്കുന്ന ഞങ്ങള്‍ക്ക് വിവേകബുദ്ധി, സ്മൃതിശക്തി തുടങ്ങിയ വിശേഷധനങ്ങളെ കനിഞ്ഞുനല്‍കുന്നതിനായി (ആ യാഹി=) വന്നുചേര്‍ന്നാലും. (ഹോതാ=) തന്നിലെ ദിവ്യഗുണങ്ങളെ ഉപാസകര്‍ക്ക് ദാനമായി നല്‍കുകയും ഉപാസകരിലെ ദുര്‍ഗുണങ്ങളെ ദഹിപ്പിച്ചില്ലാതാക്കുകയും ചെയ്യുന്ന പരമേശ്വരാ, അവിടുന്ന് (ബര്ഹിഷി=) ഹൃദയാന്തരീക്ഷമാകുന്ന അധ്യാത്മയജ്ഞവേദിയില്‍ (നി സത്സി=) ഉത്തമമായ രീതിയില്‍ വന്നിരുന്നാലും.
ഋഗ്വേദം, യജുര്‍വേദം, സാമവേദം, അഥര്‍വവേദം എന്നിവയില്‍ യഥാക്രമം ജ്ഞാനം, കര്‍മം, ഉപാസന, വിജ്ഞാനം- മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ സ്തുതി, പ്രാര്‍ഥന, ഉപാസന, സംരക്ഷണം - എന്നിവയാണ് മുഖ്യവിഷയങ്ങള്‍. ഋഗ്വേദത്തില്‍ സ്തുതിയും യജുര്‍വേദത്തില്‍ പ്രാര്‍ഥനയും കഴിഞ്ഞ് സാമവേദത്തില്‍ ഉപാസനയിലേക്ക് വേദഭക്തന്‍ കാലെടുത്തുവെക്കവേ ആണ് ഈ മന്ത്രം കടന്നുവരുന്നത്. അതിനാല്‍ത്തന്നെ മന്ത്രത്തില്‍ ആദ്യം സ്തുതിയുടെയും പ്രാര്‍ഥനയുടെയും ഫലത്തെക്കുറിച്ചാണ് പറഞ്ഞിരിക്കുന്നത്.
സ്തുതി എന്നാല്‍ നാം സാധാരണ പറയാറുള്ള പുകഴ്ത്തല്‍(ുൃമശലെ) അല്ല. ഈശ്വരന്റെ മഹത്വം പാടിപ്പുകഴ്ത്തിയാല്‍ അതുകേട്ട് ഉള്‍പുളകംകൊണ്ട് തന്നെ പുകഴ്ത്തിയവനില്‍ സംപ്രീതനാകുന്ന ഈശ്വരന്‍ അവന് വേണ്ടതെല്ലാം വരമായി നല്‍കിക്കൊള്ളും എന്ന് ചിന്തിക്കാനും മാത്രം അല്പബുദ്ധികളായിരുന്നില്ല നമ്മുടെ പൂര്‍വഋഷിമാര്‍. അതുകൊണ്ടുതന്നെ അവര്‍ സ്തുതിചൊല്ലല്‍ എന്നതുകൊണ്ട് മറ്റൊന്നാണ് അര്‍ഥമാക്കിയിരുന്നത്. സ്തുതിമന്ത്രങ്ങളെ ഋക്കുകള്‍ എന്നാണ് അവര്‍ വിളിച്ചത്. (ഋച സ്തുതൗ).  ഋക്കുകള്‍കൊണ്ട് എന്താണ് പ്രയോജനം എന്ന് കാഠകസംഹിതയില്‍ പറയുന്നുണ്ട്. 'ഋഗ്ഭിഃ ശംസന്തി' (കാഠകസംഹിത 40.7). ശംസനമെന്നാല്‍ നിര്‍ണയത്തിലെത്തിക്കുക എന്നാണര്‍ഥം. എന്തിന്റെ നിര്‍ണയം?  പദാര്‍ഥങ്ങളുടെ ഗുണകര്‍മസ്വഭാവങ്ങളെക്കുറിച്ചുള്ള നിര്‍ണയം. അതിനാണ് ഋക്കിനെ സ്തുതിക്കുന്നത്. ('ഋചന്തി ശംസന്തി പദാര്ഥാനാം ഗുണകര്മസ്വഭാവാന്‍ അനയാ സാ ഋക്'). അപ്പോള്‍ ഈശ്വരസ്തുതി എന്നാല്‍ ഈശ്വരന്റെ ഗുണകര്‍മസ്വഭാവങ്ങളെ മനസ്സിലാക്കാന്‍ ചെയ്യേണ്ടുന്ന മന്ത്രസ്വാധ്യായമാണെന്ന് മനസ്സിലാക്കാം. 
ധര്‍മ്മാനുകൂലമായിക്കൊണ്ട് വിവിധങ്ങളായ പദാര്‍ഥങ്ങളുടെ പ്രയോജനം ലഭിക്കുന്നതിനായുള്ള ഇച്ഛ, അവ നേടിയെടുക്കുന്നതിനായി സകലലോകത്തിന്നും പ്രഭുവായ ഈശ്വരനോടുള്ള സഹായാഭ്യര്‍ഥന, അവനിലുള്ള സമര്‍പ്പണഭാവത്തോടെ അത് നേടിയെടുക്കുന്നതിനുള്ള നിരന്തരപ്രയത്‌നം തുടങ്ങിയവ ചേരുമ്പോഴാണ് ഈശ്വരപ്രാര്‍ഥനയാകുന്നത്. മുകളില്‍ നല്‍കിയ മന്ത്രത്തിന്റെ പൂര്‍വാര്‍ധത്തില്‍ സ്തുതിയുടെയും പ്രാര്‍ഥനയുടെയും ഫലത്തെക്കുറിച്ചാണ് പറഞ്ഞിരിക്കുന്നത്. 
മന്ത്രസ്തുതിയിലൂടെ ശ്രദ്ധാലുവിന്റെ ശ്രദ്ധ നിരന്തരം വര്‍ധിച്ചുവരുന്നു. ഈശ്വരനാകട്ടെ, വിശേഷമായ ഉപദേശങ്ങളിലൂടെ തന്റെ മഹിമയെക്കുറിച്ച് അവനില്‍ ബോധമുളവാക്കുന്നു. ഈശ്വരന്റെ സമ്പൂര്‍ണഭക്തനായി മാറുന്ന അവന്‍ ഈശ്വരന്റെ ഗുണങ്ങളോരോന്നായി വീണ്ടുംവീണ്ടും അറിഞ്ഞ് സ്തുതിക്കുന്നു. കവിഃ (ക്രാന്തദര്‍ശി), സ്വയംഭൂ (പരാശ്രയമില്ലാതെ വര്‍ത്തിക്കുന്നവന്‍), പരിഭൂ (എങ്ങും വ്യാപിച്ചിരിക്കുന്നവന്‍, അര്യമാ (ന്യായകാരി), മിത്രന്‍ (സ്‌നേഹനിധി) എന്നിങ്ങനെ അവന്റെ സത്യഗുണങ്ങളെ അറിഞ്ഞ് സ്തുതിക്കുന്നത് സഗുണസ്തുതിയും, ശുദ്ധന്‍ (പരിണാമമില്ലാത്തവന്‍), അപാപവിദ്ധന്‍ (പാപമേശാത്തവന്‍) അകായന്‍ (ശരീരമില്ലാത്തവന്‍) തുടങ്ങി അവനിലില്ലാത്ത ഗുണങ്ങളെ അറിഞ്ഞ് അവനെ സ്തുതിക്കുന്നത് നിര്‍ഗുണസ്തുതിയുമാകുന്നു. 
സ്തുതിയുടെ ഫലമായി സ്തുതിക്കുന്നവന്റെ ഹൃദയത്തില്‍ ആ ദിവ്യഗുണങ്ങളുടെ മഹിമ അവനറിയാതെ വന്നുനിറയുന്നു. ശ്രേഷ്ഠതമമായ കര്‍മങ്ങള്‍ ചെയ്യാന്‍ അവന്‍ സ്വയം പ്രേരിതനാകുന്നു. തന്റെ കര്‍മങ്ങള്‍ക്ക് അവന്‍ അച്ഛനോടെന്നപോലെ ഈശ്വരനോട് സഹായമാവശ്യപ്പെടുന്നു. നിരന്തരം സ്തുതിയും പ്രാര്‍ഥനയും ചെയ്തുവരുമ്പോള്‍ അവനില്‍ അഹംബോധം നശിക്കുകയും സമര്‍പ്പണഭാവം വര്‍ധിക്കുകയും ചെയ്യുന്നു. സ്തുതിയുടെയും പ്രാര്‍ഥനയുടെയും അതിരെത്തുമ്പോള്‍ അവനറിയാതെ ചിന്തിച്ചുപോകുന്നു, എല്ലാമറിയുന്ന ഈശ്വരന്‍ വേണ്ടസമയത്ത് വേണ്ട ജ്ഞാനം ഉപദേശിക്കട്ടെ എന്നും വേണ്ടതുതന്ന് തന്നെ പാലിക്കട്ടെ എന്നും ഈ ഭാവമാണ് മന്ത്രത്തില്‍ കാണുന്നത്. ഇപ്പോള്‍ മുതല്‍ അവന്‍ ഈശ്വരനെ നേരായ രീതിയില്‍ അറിയാന്‍ തുടങ്ങിയെന്നു പറയാം. അവന്റെ ഉപാസന ഉപാസനയായിത്തുടങ്ങി എന്നു പറയാം. 
ഉപാസന എന്നാല്‍ അടുത്തിരിക്കല്‍ എന്നാണര്‍ഥം. ഈശ്വരോപാസന എന്നാല്‍ ഈശ്വരന്റെ അടുത്തിരിക്കല്‍. അതിനായി ചെയ്യുന്ന കര്‍മങ്ങളാണ് ഉപാസനാകര്‍മങ്ങള്‍. സര്‍വവ്യാപകനായ ഈശ്വരന്‍ എല്ലാവരുടെയും അടുത്തല്ലേ ഇരിക്കുന്നത്? അടുത്തിരിക്കലിനായി ഇനിയും പ്രയത്‌നം ചെയ്യേണ്ടതെന്തിനാണ്? എന്നെല്ലാം സംശയം തോന്നാം. എന്നാല്‍ സാമമന്ത്രമാകട്ടെ ഈശ്വരനോട് ഹൃദയാന്തരീക്ഷത്തില്‍ വന്നിരിക്കാന്‍ പറയുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ ഇത് സാധാരണ ഇരുത്തമല്ല, അറിഞ്ഞിരുത്തമാണ്. ഇതുവരെ ഹൃദ്ദേശത്ത് ജീവാത്മാവാകുന്ന തന്നോടുകൂടെ ഇരുന്നിരുന്ന ഈശ്വരനെ താനറിഞ്ഞിരുന്നില്ല. എന്നാല്‍ ഹൃദയത്തില്‍ ഈശ്വരന്റെ ദിവ്യഗുണങ്ങള്‍ വിടരുകയും ഹൃദയമലങ്ങള്‍ നീങ്ങുകയും ചെയ്തതോടെ ആ യജ്ഞവേദി പരിശുദ്ധമാകുന്നു. ദാനം ചെയ്യുക, ദഹിപ്പിച്ചില്ലാതാക്കുക എന്നിങ്ങനെ അര്‍ഥം വരുന്ന 'ഹു' എന്ന ധാതുവില്‍നിന്നാണ് ഹോതാ ശബ്ദം നിഷ്പന്നമായത്. ('ഹു ദാനഅദനയോഃ'). ഈശ്വരന്‍ ഹോതാവാണ്. തന്റെ ദിവ്യഗുണങ്ങളെ ഉപാസകന് ദാനമായി നല്‍കുകയും അവനിലെ ദുര്‍വാസനകളെ ദഹിപ്പിച്ചില്ലാതാക്കുകയും ചെയ്യുന്നവനാണ്. ആ ഹോതാവാണ് ഈ യജ്ഞവേദി തനിക്കായി, തന്റെ ഉപാസനായജ്ഞത്തിനായി ഒരുക്കിത്തന്നത് എന്ന് തിരിച്ചറിയുന്ന ഉപാസകന്‍ ആ ഹോതാവായ പരമേശ്വരനെത്തന്നെ ക്ഷണിക്കുകയാണ്, ഈ ഹൃദയവേദിയില്‍ വന്നിരുന്ന് പ്രേരണയെ നല്‍കി ഈ യജ്ഞത്തെ മുന്നോട്ടുനയിക്കാന്‍. അവിടെ സ്തുതിയും പ്രാര്‍ഥനയും ഉപാസനയും സാര്‍ഥകമാവുന്നു.  
ആചാര്യശ്രീ രാജേഷ്

No comments: