Tuesday, May 29, 2018

ശ്രീവേലി ഗ്രാമത്തിൽ പ്രഭാകരൻ എന്ന് പേരുള്ള ഒരു ബ്രാഹ്മണൻ ഉണ്ടായിരുന്നു,സാത്വികനും ധർമ്മിഷ്ടനും ആയിരുന്നുവെങ്കിലും അദ്ദേഹത്തിന് മനസുഖം തീരേ ഇല്ലായിരുന്നു,കാരണം പതിമൂന്നുവയസ്സായ ഒരു മകൻ അദ്ദേഹത്തിന് ഉണ്ടായിരുന്നു,മൂകനും ജഡനുമായിരുന്നു ആ മകൻ. ഊട്ടിയാൽ ഉണ്ണും, കിടത്തിയാൽ കിടക്കും 
അതായിരുന്നു ആ ബാലൻറെ അവസ്ഥ.

ശ്രീ ശങ്കരാചാര്യസ്വാമികൾ തൻറെ സഞ്ചാരത്തിനിടയിൽ ശ്രീവേലി ഗ്രാമത്തിനടുത്തെത്തി, ആചാര്യ സ്വാമികളെ ക്കുറിച്ച് കേട്ടറിഞ്ഞ പ്രഭാകരൻ സ്വപുത്രനേയും കൂട്ടി ആചാര്യ സമീപമെത്തി വിവരങ്ങൾ എല്ലാം പറഞ്ഞു. തൻറെ കാലിൽ നമസ്ക്കരിച്ചു കിടക്കുന്ന കുട്ടിയോട് എണീൽക്കുക എന്ന് പറഞ്ഞു ,എന്നിട്ട് ഹേ ബാലാ നീ ആരാണ് നിൻറെ പേരെന്താണ് നീ എവിടെ നിന്ന് വന്നു എവിടെ പോകുന്നു നിനക്ക് എന്താണ് വേണ്ടത് എന്ന് ചോദിച്ചു. പെട്ടെന്ന് ആ ബാലൻ ആത്മസ്വരൂപം പ്രകാശിപ്പിക്കുന്ന പതിമൂന്ന് ശ്ലോകങ്ങൾ ഉള്ള ഒരു സ്ത്രോത്രം ചൊല്ലി. പിതാവ് വളരെ സന്തോഷിച്ചു,പുത്രനെ കെട്ടിപ്പിടിച്ചു,ശ്രീശങ്കരൻ എല്ലാവരോടുമായി പറഞ്ഞു. ഇത് പ്രസിദ്ധമായ ഹസ്താമലകസ്തോത്രമാണ്,ഇതിൻറെ അർത്ഥം ശരിക്ക് ഗ്രഹിച്ചാൽ ഉള്ളംകയ്യിൽ നെല്ലിക്ക പോലെ ബ്രഹ്മജ്ഞാനം സ്വായത്തമാകും, ആയതിനാൽ നിങ്ങളും ഇത് പഠിക്കുക
,
പിന്നീട് ആചാര്യർ പ്രഭാകരനോട് പറഞ്ഞു,നിങ്ങൾക്ക് ഇവനെ കൊണ്ട് ലൗകികജീവിതം നയിപ്പിക്കുവാൻ
സാധ്യമല്ല,കാരണം ഇവനിൽ ബ്രഹ്മജ്ഞാനം പൂർണ്ണമായി വികസിച്ചിരിക്കുന്നു,ആയതിനാൽ ഇവനെ എനിക്ക് തരിക. അവർ പുത്രനെ ആചാര്യർക്ക് സമർപ്പിച്ചു,അദ്ദേഹമാണ് പ്രസിദ്ധനായ ഹസ്താമലകനായി തീർന്നത്.

ഹസ്താമലക സ്തോത്രം

കസ്ത്വം ശിശോ കസ്യ കുതോ അസി ഗന്താ
കിം നാമ തേ ത്വം കുത ആഗതോ അസി
എതന്മയോക്തം വദ ചാർഭക ത്വം
മത് പ്രീതയേ പ്രീതി വിവർധനോ അസി

ശ്രീശങ്കരൻ ചോദിച്ചു ,

കുട്ടീ നീ ആരാണ് ? ആരുടെ സന്താനമാണ് ? നിൻറെ പേരെന്താണ് ? ഏതു ദിക്കിൽ നിന്ന് വന്നു ?എവിടെ പോകുന്നു ? നീ ചോദ്യങ്ങൾക്ക് ഉത്തരം നൽകി എന്നെ സന്തുഷ്ടനാക്കിയാലും.

ഹസ്താമലകൻ പറഞ്ഞു

നാഹം മനുഷ്യോ നച ദേവ യക്ഷൗ
ന ബ്രാഹ്മണ ക്ഷത്രിയ വൈശ്യ ശൂദ്രഹ
ന ബ്രഹ്മചാരീ ന ഗൃഹീ വനസ്തോ
ഭിക്ഷുർ ന ചാഹം നിജബോധരൂപഹ

ഞാൻ മനുഷ്യനല്ല ,ദേവതയല്ല ,യക്ഷനല്ല ,ബ്രാഹ്മണ ക്ഷത്രിയ വൈശ്യ ശൂദ്രരിലും ഉൾപ്പെടുന്നില്ല ,ബ്രഹ്മചാരി,
ഗൃ ഹസ്ഥൻ,വാനപ്രസ്ഥൻ,സന്യാസി,എന്നിങ്ങനെയുള്ള ആശ്രമിയുമല്ല,എതൊന്നു സർവ്വന്തര്യാമിയും
ജ്ഞാനസ്വരൂപനും ആയ ആത്മാവാകുന്നുവോ അതേ ആത്മാവാണ് ഞാൻ,ആ വിധമുള്ള വിശുദ്ധ ആത്മാവുതന്നെ ഞാൻ.

നിമിത്തം മനശ്ചക്ഷുരാദി പ്രവൃത്തൗ
നിരസ്താഖിലോപാധി രാകാശ കല്പഹ
രവിർ ലോക ചേഷ്ടാ നിമിത്തം യഥാ യഹ
സ നിത്യോപലബ്ധി സ്വരൂപോ അഹമാത്മാ

സൂര്യോദയം മനുഷ്യരുടെ പ്രവൃത്തികൾക്ക് കാരണമാകുന്നതുപോലെ മനസ്സ് ,ബുദ്ധി ,അഹങ്കാരം, ചിത്തം എന്നീ നാല് അന്തരിന്ദ്രിയങ്ങളുടെയും അഞ്ചു ജ്ഞാനേന്ദ്രിയങ്ങുടെയും വിഷയങ്ങളിലുള്ള പ്രവർത്തിക്ക് കാരണവും ഉപാധിരഹിതനും , ആകാശം പോലെ നിർലേപനും സർവ്വവ്യാപിയും ആയ ആത്മാവുതന്നെയാണ് ഞാൻ--ആദിത്യൻ മനുഷ്യരുടെ വ്യാവഹാരിക ചേഷ്ടകൾക്കു പ്രവര്തകനാകുന്നത് പോലെ ഇന്ദ്രിയങ്ങളുടെ ചേഷ്ടയ്ക്കും പ്രവർത്തനത്തിനും അധിഷ്ടാതാവായ ആത്മാവാണ് താനെന്നു ഭാവം
.
യമഗ്ന്യുഷ്ണ വന്നിത്യബോധസ്വരൂപം
മനശ്ചക്ഷുരാദീന്യ ബോധാത്മകാനി
പ്രവർത്തന്ത ആശ്രിത്യ നിഷ്കമ്പമേകം
സ നിത്യോപലബ്ധിസ്വരൂപോ അഹമാത്മാ

ജഡങ്ങളായ ഇന്ദ്രിയങ്ങൾ തുടങ്ങിയവ അതതു വിഷയങ്ങളിൽ പ്രവർത്തിക്കുന്നത്,അദ്വിതീയനും നിശ്ചലനും നിത്യ ജ്ഞാനസ്വരൂപനുമായ ആത്മാവിനെ ആശ്രയിച്ചാണ് ,തീയുടെ ചൂട് തീയിൽ നിന്ന് ഭിന്നമല്ലാത്തതുപോലെ , ആത്മാവിൽ നിന്ന് ആത്മചൈതന്യത്തിൻറെ സ്ഥിതിയും വേറെയല്ല ,ആ നിത്യ ജ്ഞാനസ്വരൂപനായ ആത്മാവ് തന്നെയാണ് ഞാൻ .

മുഖാഭാസകോ ദർപ്പണേ ദൃശ്യമാനോ
മുഖത്വാത് പ്രിഥക്തേന നൈവാസ്തിവസ്തു
ചിദാഭാസകോ ധീഷു ജീവോ അപി തദ്വാത്
സ നിത്യോപലബ്ധിസ്വരൂപോ അഹമാത്മാ

കണ്ണാടിയിൽ പ്രതിബിംബിച്ചു കാണുന്ന മുഖത്തിൻറെ പ്രതിബിംബം മുഖത്തിൽ നിന്ന് ഭിന്നമല്ലാത്തതുപോലെ
ബുദ്ധിയിൽ ഉള്ള ആത്മാവിൻറെ പ്രതിബിംബമായ ജീവനും ആത്മാവിൽ നിന്നും വ്യത്യസ്ഥനല്ല. ആ ആത്മാവാണ് ഞാൻ.

യഥാ ദർപ്പണാഭാവ ആഭാസഹാനൗ
മുഖം വിദ്യതേ കല്പനാഹീനമേകം
തഥാ ധീ വിയോഗേ നിരാഭാസകോ യഹ
സ നിത്യോപലബ്ധിസ്വരൂപോ അഹമാത്മാ

കണ്ണാടിയുടെ അഭാവത്തിൽ പ്രതിബിംബം ഉണ്ടാകാതെ വന്നാലും ഉപാധിരഹിതമായ മുഖം ശോഭിക്കുമല്ലോ ,
അതുപോലെ ബുദ്ധിക്കു വിയോഗം ഉണ്ടായാലും ,നിഷ്പ്രതിബിംബനും അദ്വിതീയനും ആയ ആത്മാവ്
ശേഷിച്ചിരിക്കുകയാണ്.ആ നിത്യോപലബ്ധിസ്വരൂപനായ ആത്മാവ് ഞാനാകുന്നു.

മനശ്ചക്ഷുരാദേർ വിയുക്തഹ സ്വയം യോ
മനശ്ചക്ഷുരാദേർ മനശ്ചക്ഷുരാദിഹി
മനശ്ചക്ഷുരാദേരഗമ്യ സ്വരൂപഹ
സ നിത്യോപലബ്ധിസ്വരൂപോ അഹമാത്മാ

എതോരുവൻ മനസ്സ്,ചക്ഷുസ്സ്,ശ്രോത്രം,തുടങ്ങിയ ഇന്ദ്രിയങ്ങളിൽ നിന്ന് ഭിന്നനും ,മനസ്സിൻറെ മനസ്സും
ചക്ഷുസ്സിന്റെ ചക്ഷുസ്സും ശ്രോത്രത്തിൻറെ ശ്രോത്രവും പ്രാണൻറെ പ്രാണനുംആകുന്നുവോ ,ഇന്ദ്രിയങ്ങലാൽ
ഗ്രാഹ്യനല്ലാത്ത നിത്യനും അപരോക്ഷസ്വരൂപനും ആയ ആ ആത്മാവ് ഞാനാകുന്നു
.
യ ഏകോ വിഭാതി സ്വതഹ ശുദ്ധചേതഹ
പ്രകാശസ്വരൂപോ അപി നാനേവ ധീഷു
ശരാവോദകസ്ഥോ യഥാ ഭാനുരേകഹ
സ നിത്യോപലബ്ധിസ്വരൂപോ അഹമാത്മാ

നാനാതരത്തിലുള്ള പാത്രങ്ങളിലെ ജലത്തിൽ ഒരേ സൂര്യൻറെ പ്രതിബിംബം പലവിധത്തിലാണ് കാണുന്നത് .അതുപോലെ സ്വയം പ്രകാശകനും, വിശുദ്ധജ്ഞാനസ്വരൂപനും അദ്വിതീയനുമായ ആത്മാവും നാനാവിധ ജീവന്മാരുടെ നാനാവിധ ബുദ്ധികളിൽ നാനാവിധത്തിൽ പ്രതിഭാസിതനായി തീരുന്നു.ആ നിത്യജ്ഞാനസ്വരൂപനായ ആത്മാവ് ഞാനാകുന്നു.

യഥാ അനേക ചക്ഷുഹു പ്രകാശോ രവിർ ന
ക്രമേണ പ്രകാശീ കരോതി പ്രകാശ്യം
അനേകാ ധിയോ യ സ്തഥെെകഹ പ്രബോധഹ
സ നിത്യോപലബ്ധിസ്വരൂപോ അഹമാത്മാ

പദാർത്ഥങ്ങളേ പ്രകാശിപ്പിച്ചു കൊണ്ടിരിക്കുന്ന സൂര്യൻ കേവലം ഏകാനാണങ്കിലും അനേകം നേത്രങ്ങളുടെ
വിഷയങ്ങളെ ഏകകാലത്ത്‌ വെളിപ്പെടുത്തുന്നു. അതുപോലെ എകനെന്നിരിക്കിലും നാനാബുദ്ധി വിഷയങ്ങളെ ഏക കാലത്ത് പ്രകാശിപ്പിക്കുന്ന പ്രകാശാത്മാവ് ഞാനാകുന്നു.

വിവസ്വത് പ്രഭാതം യഥാരൂപമക്ഷം
പ്രഗൃഹ്ണാതി നാഭാത മേവം വിവസ്വാൻ
യദാ ഭാത ആഭാസ യത്യക്ഷമേകഹ
സ നിത്യോപലബ്ധിസ്വരൂപോ അഹമാത്മാ

കണ്ണ് സൂര്യകിരണങ്ങളാൽ പ്രകാശിതമായ രൂപം ഗ്രഹിക്കുന്നു.അപ്രകാശിതമായ രൂപം ഗ്രഹിക്കാറുമില്ല, അതുപോലെ ആത്മസ്വരൂപൻ സ്വന്തം ചൈതന്യതേജസ്സുകൊണ്ട് പ്രകാശിതനായി രൂപങ്ങളെ പ്രകാശിപ്പിക്കുന്നു. സർവ്വപ്രകാശകനും നിത്യജ്ഞാനസ്വരൂപനും ആയ ആ ആത്മാവ് ഞാനാകുന്നു.

യഥാ സൂര്യ ഏകോപ്സ്വനേകശ്ചലാസു
സ്ഥിരാസ്വപ്യ നന്യദ്വിഭാവ്യ സ്വരൂപൈ
ചലാസു പ്രഭിന്നാഹ സുധീഷേക ഏവ
സ നിത്യോപലബ്ധിസ്വരൂപോ അഹമാത്മാ

ജ്യോതിസ്വരൂപനായ സൂര്യൻ ഇളകികൊണ്ടിരിക്കുന്ന ചഞ്ചലമായ ജലത്തിൽ പല രൂപത്തിൽ കാണപ്പെടുന്നു.
നിശ്ചലജലത്തിലാകട്ടെ ഏകാസ്വരൂപനായി കാണപ്പെടുന്നു.അതുപോലെ ഏകനായ ആത്മാവും ചഞ്ചല സ്വഭാവത്തോടുകൂടിയ നാനാബുദ്ധികളിൽ നാനാപ്രകാരത്തിൽ കാണപ്പെടുന്നതായിത്തീരുന്നു. നിത്യജ്ഞാന സ്വരൂപനായ ആ ആത്മാവ് ഞാൻ തന്നെയാണ്.

ഘനച്ഛന്ന ദൃഷ്ടിർ ഘനച്ഛന്നമർക്കം
യഥാ നിഷ്പ്രഭം മന്യതേ ചാതിമൂഢഹ
തഥാ ബദ്ധവദ്ഭാതി യോ മൂഢദൃഷ്ടേ
സ നിത്യോപലബ്ധിസ്വരൂപോ അഹമാത്മാ
.
മൂഢനായവൻ തൻറെ കണ്ണ് മേഘം കൊണ്ട് മൂടപ്പെട്ടിട്ടു സൂര്യൻ കാർമേഘം കൊണ്ട് മൂടി പ്രഭാശൂന്യനാണന്നു
പറയുന്നു.ചെറുതായ മേഘത്തിനു അനേക യോജന വിസ്തൃതനായ സൂര്യനെ മറയ്ക്കുവാൻ കഴിയുകയില്ല.
ദർശകരുടെ ദൃഷ്ടിയെയാണ് അത് മറയ്ക്കുന്നത്. ഇപ്രകാരം അസ്സംഭാവിതമായതിനേ യഥാർത്ഥമായി കരുതുന്ന അജ്ഞനായവൻറെ ദൃഷ്ടിയിൽ നിത്യശുദ്ധചൈതന്യവും ബന്ധിതമായി കാണുന്നു.ബുദ്ധി അജ്ഞാനാവൃതമായതുകൊണ്ടാണ് ആത്മാവിനേയും അജ്ഞാനാവൃതനെന്നു തോന്നിക്കുന്നത്,ആ നിത്യ ചൈതന്യസ്വരൂപനായ ആത്മാവ് ഞാനാകുന്നു.

സമസ്തേഷു വസ്തൂഷ്വ ന്യുസ്യൂതമേകം
സസ്താനി വസ്തൂനി യന്ന സ്പ്രിശന്തി
വിയദ് വദ് സദാ ശുദ്ധമച്ഛസ്വരൂപം
സ നിത്യോപ ലബ്ധിസ്വരൂപോ അഹമാത്മാ

എകനെങ്കിലും സർവ്വപദാർദ്ധങ്ങലിലും അന്തര്യാമിയായി കുടി കൊള്ളുന്നവനും ആ വസ്തുക്കൾക്കൊന്നിനും സ്പർശിക്കുവാൻ കഴിയാത്തവനും ആകാശതെപ്പോലെ സർവ്വ വ്യാപി ആയിരിക്കുന്നവനും വിശുദ്ധമായ ജ്ഞാനമൂർത്തിയും നിത്യ ചൈതന്യ സ്വരൂപവും ആയ ആ ആത്മാവ് ഞാനാകുന്നു.

ഉപാധൗ യഥാ ഭേടതാ സന്മാനീണാം
തഥാ ഭേദതാ ബുധിഭേദേഷു തേ അപി
യഥാ ചന്ദ്രികാണാം ജലേ ചഞ്ചലത്വം
തഥാ ചഞ്ചലത്വം തവാപീഹ വിഷ്ണോ!

അല്ലയോ സർവ്വവ്യാപിയായ പരബ്രഹ്മമേ ,ചെമ്പരത്തിപ്പൂ മുതലായ ഉപാധികളുടെ സാമീപ്യത്താൽ സ്വച്ഛമായ രത്നസ്പടികാദികൾക്ക് വൈലക്ഷണ്യം സംഭവിക്കാറുണ്ട്,ചഞ്ചലമായ ജലത്തിൽ ഒരേ ചന്ദ്രൻറെ ചന്ദ്രികാപ്രസരം അഥവാ പ്രതിബിംബം അനേകരൂപത്തിൽ കാണപ്പെടുന്നു,അതുപോലെ നാനാജീവജാലങ്ങളുടെ വൈവിധ്യമാർന്ന ബുദ്ധികളിൽ അനേകം പ്രകാരേണ അങ്ങ് വിളങ്ങുന്നു,അത് അവിടുത്തേ മഹിമ തന്നേ. സർവ്വവ്യാപിയും അദ്വിതീയനുമായ ആത്മാവ് ബുദ്ധിയുടെ ചാഞ്ചല്യത്താൽ ചഞ്ചലനെന്നു ഭ്രമം തോന്നി ക്കുന്നതാണ്‌, ജലത്തിൻറെ ഇളക്കം മാറുമ്പോൾ പ്രതിബിംബിച്ചിട്ടുള്ള ചന്ദ്രൻ ഏകനും സ്ഥിരനും ആണന്നുള്ള പരമാർത്ഥജ്ഞാനം ഉദിക്കുന്നു.ബുദ്ധിയുടെ ചാഞ്ചല്യം മാറി പരമാർത്ഥ ജ്ഞാനം ഉണ്ടാകുമ്പോൾ അദ്വിതീയസ്വരൂപനായ അദ്വിതീയ പരബ്രഹ്മം ഞാനാണെന്നു ബോദ്ധ്യപ്പെടുമെന്ന് ഭാവം.

(ഹസ്താമലക സ്തോത്രം).

bipin kannan

No comments: