Friday, May 25, 2018

"വേദത്തിന്റെ കടക്കലും ത്രിപുടിതന്നുത്തുംഗ ശൃംഗത്തിലും
വേദാന്തത്തിരുമാറിലും നിഗമവാക്യത്തിന്റെ തത്വത്തിലും
വാദത്തിന്നു പുറത്തുമങ്ങു വിഹരിച്ചീടുന്നു സംസാര നി-
ർവ്വേദം പോക്കുവതിന്നുസൽക്കവികൾ തൻ ജിഹ്വാഗ്രദേശത്തിലും"

വേദത്തിന്റെ = നാലുവേദങ്ങളുടെയും / പരമജ്ഞാനത്തിന്റെ
ത്രിപുടി = ജ്ഞാതാ, ജ്ഞാന, ജ്ഞേയാദി ജ്ഞാനോപകരണങ്ങൾ
ഉത്തുംഗ = ഏറ്റവും മുകളിലെ
ശൃംഗം = കൊടുമുടി
വേദാന്ത = വേദത്തിന്റെ (ജ്ഞാനത്തിന്റെ) അന്ത്യം / അദ്വൈതം
നിഗമ = വേദജ്ഞാനസംജാതമായ അനുമാനം
വാദം = തർക്കസംഗ്രഹാന്തർഗ്ഗതം
വിഹരിച്ചീടുന്നു = യഥേഷ്ടം ചുറ്റിക്കറങ്ങുന്നു.
നിർവേദം = വേദബാഹ്യത്വം / ഭൗതികസുഖപരിത്യാഗം
ജിഹ്വാഗ്ര = നാവിന്റെ അറ്റം

ശ്ലോകാർത്ഥം:
പരമാമായ അറിവിന്റെ അടിസ്ഥാനമായും, പ്രമാണ പ്രമാതൃ പ്രമേയ തിപുടിയുടെ ഉത്തുംഗശൃംഗമായ പ്രജ്ഞാനത്തിലും, വേദങ്ങളെല്ലാം കടഞ്ഞെടുത്ത പരമജ്ഞാനത്തിന്റെ ഹൃദയത്തിലും, വേദജ്ഞാന സഹായികളായ മറ്റു കലകളുടെ തത്വത്തിലും, വാദിച്ചു സ്ഥാപിക്കാൻ കഴിയാത്തിടത്തും, ഭൗതികസുഖപരിത്യാഗത്തിനും, നല്ല കവികളുടെ നാക്കിന്റെ അറ്റത്തും അങ്ങ് യഥേഷ്ടം ചുറ്റിക്കറങ്ങുന്നു.

വ്യാഖ്യാ:
അങ്ങ് വിഹരിച്ചീടുന്നു. അവിടന്ന് യഥേഷ്ടം, സ്വേച്ഛാനുസാരം കറങ്ങിനടക്കുന്നു. 'പിടികൊടുക്കാതിരിക്കൽ' എന്നൊരു വിശേഷം കൂടിയുണ്ടീ 'വിഹാര' ത്തിന്. എല്ലാടത്തും കാണാം, എന്നാലും ഒരിടത്തും കാണില്ല. ദാ പിടിച്ചൂ എന്നു തോന്നും, പക്ഷേ കൈവിട്ടു പോവും. അങ്ങിനെയാണ് 'അങ്ങ് വിഹരിച്ചീടുന്ന'ത്.

എവിടെയൊക്കെയാണ് അങ്ങീവിധം, 'കണ്ടു കണ്ടില്ല, തൊട്ടു തൊട്ടില്ല, പിടിച്ചു പിടിച്ചില്ല, കിട്ടി കിട്ടിയില്ല' എന്നോണം വിഹരിക്കുന്നത്, എന്നാണെങ്കിൽ...

വേദത്തിന്റെ കടക്കലും. വേദം അറിവ്, അറിയപ്പെട്ടത്. കടക്കൽ. കട മൂലം, വേര്. വേദം അറിവാണെങ്കിലും അതെവിടുന്നുണ്ടായി എന്നത് വ്യക്തമല്ല. കർതൃഗുപ്തിയുള്ള ഒരു ഭാവേ വാക് ആണത്. എങ്ങിനെയുണ്ടായതാണെന്നറിയാത്ത, ആരിൽ നിന്നാണുണ്ടായതെന്നറിയാത്ത 'വേദ'ത്തിന്റെ. 'അഹം ബ്രഹ്മാസ്മി' എന്ന അറിവാണ് വേദം.  അതിന്റെ 'വേരിൽ', അവിടുന്നാണ് 'വിഹരിക്കുന്നത്' എന്നിതാ ഗുരു പറഞ്ഞു തന്നു. 

ത്രിപുടി. പ്രമാണ, പ്രമാതൃ, പ്രമേയങ്ങൾ. ഇവ ഷഡ്ദർശനങ്ങളുടെ അടിസ്ഥാനമായ 'ന്യായ' ശാസ്ത്ര വിസ്തൃതമത്രെ. 'മാന മാതൃ മേയേ മായേ' ('മീനാക്ഷീ മുദം ദേഹി' പൂർവ്വി കല്യാണി. മുത്തുസ്വാമിദീക്ഷിതർ ടി എൻ ശേഷഗോപാലൻ പാടിയത് ) 'മാനം' അളവുകോൽ, അറിവുണ്ടാകാനുപയോഗപ്പെടുത്തുന്ന ഉപകരണങ്ങൾ. പ്രത്യക്ഷം, അനുമാനം, ഉപമാനം, ശബ്ദം. 'മാതൃ' അറിയുന്നവൻ.  'മേയം' അറിയപ്പെടേണ്ടുന്നത്, അറിയാൻ പറ്റുന്നത്. ഇതു മൂന്നും 'മായ' യാൽ ബന്ധിച്ചിരിക്കുന്നു മറക്കപ്പെട്ടിരിക്കുന്നു. അപ്പോഴത് 'അമേയം'. അതു തന്നെ 'മേയം' ആവുമ്പോൾ 'പ്രമേയം' ആവുന്നു.  'പ്രകർഷേണ മേയ'. അറിയാൻ പറ്റാത്തതിനെ അറിയുന്ന അവസ്ഥ!
"യസ്യാമതം തസ്യ മതം മതം യസ്യ ന വേദ സ:
അവിജ്ഞാതം വിജാനതാം വിജ്ഞാതമവിജാനതാം" (കേനം: 2.3)
സാധാരണ അറിവല്ലത്. സാധാരണ ജ്ഞാനമല്ല. അതാണ് 'പ്രജ്ഞാനം'. ആ പ്രജ്ഞാനം ഉളവാക്കാൻ, സാധാരണ അളവുകോലിനു (മാന) പറ്റില്ല. 'പ്രമാണം' വേണം. പ്രകർഷേണ മാന. ഈ അറിവ് തർക്കശാസ്ത്രാന്തർഗതമാണ്. 'തർക്കം വാദം ഹേത്വാഭാസം ഛലം വിതണ്ഡ നിഗ്രസ്ഥാനം' എന്നീ വിവിധ വാദങ്ങളിലൂടെ പ്രമാതാ, പ്രമേയത്തെക്കുറിച്ച്, പ്രമാണസഹായത്തോടുകൂടി പ്രജ്ഞാനം കൈവരിക്കുന്നു. 'പ്രജ്ഞാനം ബ്രഹ്മ' എന്ന അറിവായ ആ തർക്കത്തിന്റെ, തിപുടിയുടെ ഉത്തുംഗ ശൃംഗത്തിലും അവിടുന്നാണ് വിഹരിക്കുന്നത്.

വേദാന്തത്തിരുമാറിലും. മാറ് നെഞ്ച്. ഹൃദയസ്ഥാനം. ജീവമൂലം. തിരു ശ്രീ എന്ന സംസ്കൃതപദത്തിന്റെ ചെന്തമിഴ് ഭേദം. ഏറ്റവും മഹത്തായ ബഹുമാന്യമായ മാറ് തിരുമാറ്. ആരുടെ അല്ലെങ്കിൽ എന്തിന്റെ തിരുമാറ്. വേദാന്തത്തിരുമാറ്. വേദാന്തം വേദങ്ങളുടെ അവസാനം. അറിവിന്റെ പരമകാഷ്ഠ. പ്രജ്ഞാനം. വേദാന്തമാണ് അദ്വൈതവാദം. 'അയമാത്മാ ബ്രഹ്മ'എന്ന ആ അറിവിന്റെ പരമകാഷ്ഠാവസ്ഥയുടെ ഏറ്റവും മഹത്തായ ഹൃദയസ്ഥാനത്തും, അവിടുന്നാണ് വിഹരിക്കുന്നത്.

നിഗമവാക്യത്തിന്റെ തത്വത്തിലും. 'നിഗമം' വേദം തന്നെ. എങ്കിലും ഗുരു വേദത്തിന്റെ കടയെപ്പറ്റിയും വേദാന്തത്തിരുമാറിനെയും പറ്റി പറഞ്ഞു കഴിഞ്ഞു. ഗുരുവിനെപോലെ ഒരു ക്രാന്തദർശി പറഞ്ഞതു തന്നെ വീണ്ടും വീണ്ടും പറയില്ല. അതുകൊണ്ടിവിടെ 'നിഗമം' എന്നത് അമരസിംഹനും ഹലായുധനും സാക്ഷ്യപ്പെടുത്തുന്നതുപോലെ, തീർച്ച, ഉറപ്പ് എന്നെല്ലാം അർത്ഥം കൂടി വരുന്ന 'നിഗമനം' എന്ന അർത്ഥത്തിൽ 'നിർണ്ണയം', 'തീർപ്പ്' എന്ന് എടുക്കണം. കുല്ലൂകഭട്ടന്റെ മനുസ്മൃതി വ്യാഖ്യാനത്തിലും 'നിഗമം' വേദാർത്ഥഗ്രഹണത്തിന് സഹായകമായ വിവരണങ്ങൾ എന്നു പറഞ്ഞിട്ടുണ്ട്. (മനു: 4.19). അങ്ങിനെ വേദത്തിന്റെ, പരമജ്ഞാനത്തിന്റെ, നിർണ്ണയവാക്യങ്ങൾ. മഹാവാക്യങ്ങൾ: അഹം ബ്രഹ്മാസ്മി, അയമാത്മാ ബ്രഹ്മ, പ്രജ്ഞാനം ബ്രഹ്മ, തത്വമസി. ആദ്യത്തെ മൂന്നു മഹാവാക്യങ്ങളുടെയും ആധാരത്തിൽ അവിടുന്ന് വിഹരിക്കുന്നു എന്നു ഗുരു പറഞ്ഞു കഴിഞ്ഞു. അതുകൊണ്ടിവിടെ 'തത്വമസി' വാക്യം തന്നെയാണ് വ്യവഹൃതം. അത് 'തത്വത്തിലും' എന്ന പ്രയോഗം കൊണ്ട് ഗുരു സൂചിപ്പിച്ചും കഴിഞ്ഞു. 
'തത്വം': (1) തത്വം = സത്യം, യാഥാർത്ഥ്യം, ഉണ്മ. (2) തത് + ത്വം = അത് (പ്രപഞ്ചം, ഭവം) നീ. (3) തദ് + വം = അത് ജലം അമൃത്. അതിലും അവിടുന്നാണ് വിഹരിക്കുന്നത്.

വാദത്തിന്നു പുറത്തും. മേല്പറഞ്ഞ മഹാ വാക്യങ്ങളെല്ലാം വാദസിദ്ധമാണ്. 'നേതി നേതിയിലൂടെ' എത്തുന്ന അറിവ്. അതിൽ എല്ലാം വിഹരിക്കുന്നത് അവിടുന്നാണെന്ന് ഗുരു പറഞ്ഞു കഴിഞ്ഞു. ഈ വാദങ്ങൾക്കെല്ലാം പുറത്ത്. വാദങ്ങൾക്കെത്താൻ കഴിയാത്തിടത്ത്.
'യതോ വാചോ നിവർത്തന്തേ അപ്രാപ്യ മനസാ സഹ' (തൈത്തിരീയ: 2.4.1) 
'യാതൊന്നിൽ നിന്ന് വാക്കുകൾ മനസ്സോടുകൂടി പ്രാപിക്കാനാവാതെ പിന്മടങ്ങുന്നു' വാക്കുകൾക്ക്, വാദത്തിന്റെ ഉപകരണങ്ങൾക്ക് അവിടെ ചെന്നെത്താൻ കഴിവില്ല.
"നൈഷാ തർക്കേണ മതിരാപനേയാ" (കഠ:1.2.9)
ഇത് തർക്കങ്ങൾകൊണ്ട് ലഭ്യമല്ല. തർക്കം വാദം ഇവയെല്ലാം ബുദ്ധിയുടെ വ്യാപാരങ്ങൾ. ബുദ്ധിക്കും അതീതമായ, ധ്യാനാവസ്ഥയിൽ
മായയെസ്സതതമാരാധിച്ചിടും (ഹരി.ല: ഗു.തോ: - ശ്ലോകം 4)
ഭവദ്രൂപത്തെ നിത്യം സ്മരിച്ചാലോ (ടി.:5)
ചേതസി കാണുന്ന (ടി:6)
"പൂർണ്ണാത്മാർപ്പണഭാവമോടെ മനനം" (ടി:8) 
എന്നെല്ലാം ഗുരു തന്നെ എത്രവട്ടം പറഞ്ഞു കഴിഞ്ഞു. അപ്പോൾ വാദങ്ങളുടെ പുറത്തും അവിടുന്നു തന്നെയാണ് വിഹരിക്കുന്നത്.

സംസാരനിർവേദം. സംസാരം ഭവം പ്രപഞ്ചം - ഇദം സർവ്വം - നിർവേദം വേദം അറിവ് ഇല്ലാത്ത അവസ്ഥ അവിദ്യ കൊണ്ട് വിദ്യ തിരോധാനം ചെയ്യുമ്പോൾ മായാ ശക്തിയാൽ പ്രപഞ്ചിക്കുന്നു. ആ സംസാരനിർവേദം സംസാരമാകുന്ന അവിദ്യ പോക്കുവതിന് ഒഴിപ്പിക്കുന്നതിന് അകറ്റുന്നതിന്. സൽകവികൾ സത്തായിരിക്കുന്ന കവികൾ. അസത്തുക്കളല്ലാത്ത കവികൾ. ഇന്ന് ഫേസ്ബുക്കിലും ഗൂഗിളിലും മറ്റും 'കവിതാ' എന്നാക്രോശിച്ചു നടക്കുന്ന, പ്രേമം, കാമം ഇവമാത്രം ചിന്തിക്കാൻ കഴിയുന്ന, ഗദ്യം പല വരികളിൽ അസ്ഥാനത്ത് മുറിച്ച് പദ്യമാണെന്ന് ദംഷ്ട്ര കാട്ടി ആക്രോശിക്കുന്ന 'കവിയശ: പ്രാർത്ഥികളെ' ഗുരു ഒരൊറ്റ വാക്കിൽ ഒഴിവാക്കി. ഇതാണ് ക്രാന്തദർശിത്വം. വർഷങ്ങൾക്കു ശേഷം ഇതുപോലെയുള്ള രാക്ഷസീയ പൈശാചിക ദുർഭാഷകരുണ്ടാവും, എന്ന് മുൻ കൂട്ടി അറിയുക.

സൽ കവികളുടെ 'ജിഹ്വാഗ്രദേശത്തിലും' നാക്കിന്റെ അറ്റത്ത്. എന്തു ചെയ്യുന്നു? വിഹരിക്കുന്നു. വിഹാരം നേരത്തേ പറയപ്പെട്ടു. 'ദാ കിട്ടീ, കിട്ടീല്യാ' എന്നുള്ള അവസ്ഥ. ഒഴിഞ്ഞു മാറി നടക്കുന്ന അവസ്ഥ. അതു കൊണ്ടു തന്നെയാണ് സൽകവികൾക്ക് ആവശ്യാനുസാരം കവിത എഴുതാൻ പറ്റാത്തത്. എപ്പോഴാണോ ആ 'വിഹാരം' നാക്കിൻ തുമ്പത്തെത്തുന്നത്, അപ്പോൾ അവർക്കെഴുതാതെയും വയ്യ. സൽകവികളുടെ കാവ്യങ്ങൾക്ക്, ഫേസ് ബുക് കവിതകളേക്കാൾ പ്രൗഢിയും, ആഴവും, അർത്ഥവും, അലങ്കാരവും, ഭംഗിയും, മാധുര്യവും കൂടുന്നത്, ആ കവിതകൾ, 'ജിഹ്വാഗ്രദേശത്തിൽ.... സംസാരനിർവേദം പോക്കുവതിന്ന്... അവിടുന്ന്.. വിഹരിക്കുന്ന'തു കൊണ്ടാണ്

No comments: