ജഗത്തിന്റെ മിഥ്യാത്വത്തെ ഊന്നിപ്പറയുന്നതും, ലളിതാപരമേശ്വരിയുടെ ലീല മാത്രമാണ് വിവര്ത്തിക്കപ്പെട്ടതായ ഈ ജഗത്തെന്ന് വെളിപ്പെടുത്തുന്ന അദ്വൈതചിന്താപദ്ധതിരൂപവുമായ ബ്രഹ്മസൂത്രം തന്നെയാണ്. ലഭ്യമായ ബ്രഹ്മാണ്ഡപുരാണങ്ങളിലൊന്നിൽതന്നെയും ലളിതാസഹസ്രനാമം കാണപ്പെടുന്നില്ല എന്നതുകൊണ്ടും അനേകം ബ്രഹ്മസൂത്രങ്ങളുടെ സാധുത്വത്തെ ഗീതാവചനം കൊണ്ട് ആചാര്യൻ വ്യക്തിമാക്കിയിട്ടുള്ളതിനാലും പ്രതിപാദ്യവിഷയം ബ്രഹ്മവിദ്യയായതിനാലും ശ്രീലളിതാസഹസ്രനാമം ശാക്തേയ സംപ്രദായത്തിലെ ഒരു ബ്രഹ്മസൂത്രമാണ് .
ബ്രഹ്മവിദ്യ തന്നെയായ ശ്രീലളിതാസഹസ്രനാമത്തിൽ അനേകം വിദ്യകളും സംപ്രദായങ്ങളും രഹസ്യമായി നാമങ്ങളിലൂടെ അവതരിപ്പിച്ചിട്ടുണ്ട്. യാതൊന്നിനെ അറിഞ്ഞാൽ എല്ലാമറിയുന്നുവോ അങ്ങിനെയുള്ള ആ ബ്രഹ്മതത്ത്വത്തെ പ്രകാശിപ്പിക്കുന്നതായ ഉപനിഷത്തുക്കൾ തന്നെയാണ് ഇതിലെ പ്രധാന വിഷയം. ബ്രഹ്മതത്ത്വം, ബ്രഹ്മലക്ഷണം, അവസ്ഥാത്രയവിവേചനം, ജഗന്മിഥ്യാ തത്ത്വം, പഞ്ചകോശവിവേകം, ജീവേശ്വരൈക്യം, മഹാവാക്യസാരം, ശ്രുതിസാരമഹാവാക്യതത്ത്വം തുടങ്ങി ഉപനിഷത്തുക്കൾ പറയുന്നതായ പരമാത്മതത്ത്വത്തെ ദേവിയുടെ നാമങ്ങളിലൂടെ വാഗ്ദേവികൾ അവതരിപ്പിച്ചിരിക്കുന്നു. ഋഗ്, യജുസ്, സാമം, അഥർവം എന്നീ നാലു വേദങ്ങളും ശിക്ഷാ, കല്പം, വ്യാകരണം, നിരുക്തം, ഛന്ദസ്സ്, ജ്യോതിഷം എന്നീ വേദാംഗങ്ങളും ചേരുന്നതായ അപരാ വിദ്യയും ഇതിൽ പ്രതിപാദിച്ചിരിക്കുന്നു. ഇതുകൂടാതെ വിവര്ത്തവാദം, ഉപനിഷത്തിലെ സൃഷ്ടിപ്രക്രിയകൾ, പ്രാണസങ്കല്പം, പ്രാണാഗ്നിഹോത്രം, പ്രാണരൂപമായ യജ്ഞം, സാമവേദപരികല്പിതമായ പ്രണവോപാസന, ഗായത്ര്യുപാസന, പഞ്ചാഗ്നിവിദ്യ, ജീവന്റെ ഉത്ക്രമണവും ഉത്തരായന ദക്ഷിണായന മാര്ഗ്ഗങ്ങളും, വാരുണീ വിദ്യ, മധുവിദ്യ, ശ്രവണ മനന നിദിധ്യാസനങ്ങൾ തുടങ്ങി വേദാന്തദര്ശനത്തിലെ അതിപ്രധാനവും ശ്രേഷ്ഠവുമായ ഉപാസനാപദ്ധതികൾ ഈ നാമങ്ങളിൽ രഹസ്യമായി അവതരിപ്പിച്ചിരിക്കുന്നു. ഇതിനു പുറമേ യോഗദര്ശനത്തിലേയും സിദ്ധപരമ്പരയിലേയും അപൂർവമായ വിദ്യകളേയും ഈ നാമങ്ങളിൽ ക്രോഡീകരിച്ചിരിക്കുന്നു. പതഞ്ജലിയുടെ അഷ്ടാംഗയോഗം, ഷഡ്ചക്രനിരൂപണം അനുസരിച്ചുള്ള യോഗപദ്ധതി, കുണ്ഡലിനീ തത്ത്വം, നാഡീതത്ത്വം, സരസ്വതീ ചാലനാദികൾ, സിദ്ധപരമ്പരയിലെ അതിശ്രേഷ്ഠ മുദ്രയെന്നറിയപ്പെടുന്ന ഖേചരീ വിദ്യ, സിദ്ധവിദ്യ തുടങ്ങിയ അതിരഹസ്യയോഗവിദ്യകൾ ഇതിൽ പ്രതിപാദിച്ചിട്ടുണ്ട്. ഇതോടൊപ്പം തന്നെ സമയം, കൌളം, മിശ്രം എന്നീ താന്ത്രികാചാരങ്ങൾ പഞ്ചമകാരസാധനയുടെ യഥാര്ഥ താത്ത്വികാര്ഥത്തെ സമന്വയിപ്പിച്ചുകൊണ്ട് ഈ നാമങ്ങളിൽ ഉള്പ്പെടുത്തിയിരിക്കുന്നു. ഗീതം, വാദ്യം, നൃത്യം എന്നീ ത്രയങ്ങളായി അറിയപ്പെടുന്ന സംഗീതോപാസന, നാദാനുസന്ധാനം, പ്രണവോപാസന എന്നിവയും ഈ ഗ്രന്ഥത്തിൽ വിഷയമായിട്ടുണ്ട്. ഉപനിഷത്തുക്കൾ, ഭഗവത്ഗീത, വേദാന്തസൂത്രം, എന്നീ പ്രസ്ഥാനത്രയത്തിൽ പ്രതിപാദിച്ചിട്ടുള്ള മുഖ്യമായ വിഷയങ്ങളെല്ലാം തന്നെ ലളിതാസഹസ്രനാമത്തിലും രഹസ്യാത്മകമായി ക്രോഡീകരിച്ചിട്ടുണ്ട്.,,..
vaikhari
No comments:
Post a Comment