Tuesday, May 29, 2018

ഹിമാലയത്തെ ആദ്യമായി ഞാന്‍ കാണുന്നത് എന്റെ ഗുരു സ്വാമിനി അക്ഷരയോടൊപ്പമാണ്. മഞ്ഞണിഞ്ഞ മാമലകള്‍ അന്നേ എന്നെ കാന്തവലയത്തിലാഴ്ത്തി. പിന്നീടുള്ള എന്റെ ഹിമാലയ യാത്രകളെല്ലാം ഒറ്റയ്ക്കായിരുന്നു.
ഓരോ തവണയും ഹിമാലയത്തിലേക്ക് പോകാന്‍ ആലോചിക്കുമ്പോള്‍ മറ്റെല്ലാം എനിക്ക് അപ്രധാനമാകുന്നു. മലകളുടെ മടിത്തട്ടില്‍ പ്രശ്‌നങ്ങളെല്ലാം മറന്നങ്ങിനെ...

ഇത്തവണ പെട്ടന്നായിരുന്നു യാത്ര. ഉഖീമഠില്‍ ഒരാഴ്ച. രുദ്രപ്രയാഗിലെ ഈ ഗ്രാമത്തില്‍ ഭാരത് സേവാശ്രം സംഘത്തിന്റെ യാത്രി നിവാസില്‍ നിന്നാണ് ഞാന്‍ തുംഗനാഥിലേക്ക് പുറപ്പെട്ടത്. തുംഗനാഥ് പഞ്ചകേദാരങ്ങളിലൊന്നാണ്. ഇന്ത്യയിലെ ഉയരമേറിയ ശിവക്ഷേത്രവും ഇവിടെയാണ്. മഹാകാളിമാതാവിന്റെ ശക്തി ചൈതന്യം കുടികൊള്ളുന്ന കാളിശിലയും അവിടെ തന്നെ. ഡിയോറിയ താല്‍ (തടാകം) ആണ് മറ്റൊരു ആകര്‍ഷണം. തെളിഞ്ഞ ആകാശവേളയില്‍ പ്രശാന്തമായ ഈ തടാകത്തില്‍ കേദാര്‍നാഥും ചൗക്കംബയും പ്രതിഫലിച്ചു കാണാം.

വിസ്മയങ്ങളും ആകസ്മികതകളും കൊണ്ട് ഒരോ ഹിമാലയന്‍ യാത്രയും അതുല്യമായ അനുഭവങ്ങളായി തീരാറുണ്ട്. ഏറ്റവും കുറഞ്ഞ പഌനിംഗ് മതി ഹിമാലയത്തിലേക്ക്. ദിവ്യമായ ഒരു പഌനിംഗ് നിങ്ങളെ ലക്ഷ്യത്തെത്തിക്കും. അസാധാരണരായ മനുഷ്യരെയും നിങ്ങള്‍ കണ്ടുമുട്ടും. ഹിമാലയത്തിന്റെ ദിവ്യമായ കാന്തിക സാന്നിധ്യത്തില്‍ നിങ്ങളുടെ ഇടുങ്ങിയ ജീവിതരീതികള്‍ക്കും പഌനിംഗിനുമൊന്നും വലിയ പ്രസക്തിയില്ല എന്നതാണ് സത്യം.

ചെന്നൈയില്‍ നിന്ന് ഹരിദ്വാറിലേക്ക് തീവണ്ടിയിലും അവിടെ നിന്ന്് ബസ്സിലുമാണ് ഞാന്‍ കഴിഞ്ഞ തവണ ഉഖീമഠിലെത്തിയത്. എന്നാല്‍ ഇത്തവണ രണ്ടാഴ്ചയിലെ അവധിയില്‍ കൂടുതല്‍ സമയം ഹിമാലയത്തില്‍ കഴിയാം എന്ന വിചാരത്തോടെ യാത്ര വിമാനത്തിലാക്കി. ചെന്നൈയില്‍ നിന്ന് ദില്ലിക്ക്. അര്‍ധരാത്രിയോടെ ഹരിദ്വാറിലേക്ക് ബസ്സ് കിട്ടി. ഹരിദ്വാറില്‍ ഒരു ദിവസം തങ്ങി. അവിടെ ദിവ്യ യോഗാഗ്രാമിലെ യോഗാഗുരു സ്വാമി രാംദേവിനെ കണ്ടു. ഉത്തരാഖണ്ഡിലെ പ്രാദേശിക തിരഞ്ഞെടുപ്പ് തിരക്കുകള്‍ കാരണം ബസ്സ് സര്‍വ്വീസെല്ലാം അലങ്കോലപ്പെട്ടു കിടക്കുകയായിരുന്നു. എനിക്ക് പോകേണ്ട ബസ്സ് നേരത്തെ തന്നെ എടുക്കുകയും ചെയ്തു. രുദ്രപ്രയാഗിലേക്കുള്ള ബസ്സ് പിടിക്കുകയേ നിവൃത്തിയുണ്ടായിരുന്നുള്ളു. രാത്രിയോടെ ഉഖീമഠിലെത്താമെന്നും ഞാന്‍ കണക്കുകൂട്ടി.

എന്നാല്‍ അങ്ങിനെയൊന്നുമായിരുന്നില്ല സംഭവിച്ചത്. നമ്മുടെ ആലോചനകളെല്ലാം തകിടം മറിക്കുന്നതാണ് ദിവ്യമായ പഌനിംഗിന്റെ പത്യേകത. അഞ്ചുമണിയോടെയാണ ഞാന്‍ രുദ്ര പ്രയാഗിലെത്തുന്നത്. അവിടെ കാറോ ബസ്സോ ഒന്നുമില്ല. ലഗ്ഗേജുമേന്തി നടന്നു. ബദരിനാഥ് കേദാര്‍നാഥ് മന്ദിര്‍ സമിതി അതിഥി മന്ദിരത്തില്‍ മുറികിട്ടി. തൊട്ടു മുന്നിലെ കടയില്‍ പോയി റൊട്ടിയും ചപ്പാത്തിയും കഴിച്ചു. തമിഴ്‌നാട്ടില്‍ നിന്നുള്ള ഒറ്റയ്ക്ക് സഞ്ചരിക്കുന്ന യാത്രികയെ കണ്ട് ഗാഡ്്‌വാളി പയ്യന്‍മാര്‍ക്ക് കൗതുകം. എന്റെ 'ടൂഠി ഫൂട്ടി' ഹിന്ദിയില്‍ ഞാന്‍ അവരോട് സംസാരിച്ചു.

പിറ്റേന്ന് കാലത്ത് നിറഞ്ഞൊഴുകുന്ന അളകനന്ദയുടെ തീരത്തെ പ്രാചീന ഹനുമാന്‍ ക്ഷേത്രവും രാമക്ഷേത്രവും കാണാന്‍ പോയി. അല്‍പ്പം താഴെയാണ് പ്രയാഗ. അളകനന്ദയും മന്ദാകിനിയും കൂടിച്ചേരുന്ന സ്ഥലം. ശക്തിയോടെ ഒഴുകിച്ചേരുന്ന രണ്ടു നദികളുടെ സംഗമസ്ഥാനം ചൈതന്യവാഹിയാണ്. തീരത്തൊരു ഗംഗാക്ഷേത്രവുമുണ്ട്. ചില ഭക്തര്‍ ധൂപങ്ങളും പുഷ്പങ്ങളും കൊണ്ട് നാരദശിലയെ പൂജിക്കുന്നത് കണ്ടു. പ്രയാഗക്ക് മുകളിലെ രുദ്ര മഹാദേവമന്ദിരം വരെ ഞാന്‍ നടന്നു. നാരദന്‍ ശിവനെ ഭജിച്ച ഇടമാണിതെന്ന്് ക്ഷേത്രത്തിലെ പൂജാരി പറഞ്ഞു. നാരദന് തംബുരുവും സുസ്വരവും ലഭിച്ചത് ഇവിടെ നിന്നാണത്രെ.

ഹോളിയും ജോളിയും - ഹിമാലയത്തെ ഇങ്ങിനെ രണ്ടായിത്തിരിക്കാം. പുണ്യസ്ഥലങ്ങളും വിനോദസ്ഥലങ്ങളും.

ഞാന്‍ ബാഗ് പാക്ക് ചെയ്തു. ഉഖിമഠിലേക്ക് ഒരു ടാക്‌സി പിടിച്ചു. വഴിയില്‍ അരമണിക്കുര്‍ യാത്ര തടസ്സപ്പെട്ടു. മണ്ണിടിച്ചില്‍. എര്‍ത്ത് മൂവര്‍ എത്തി തടസ്സങ്ങള്‍ നീക്കിയ ശേഷമാണ് യാത്ര തുടര്‍ന്നത്. ഭാരത് സേവാശ്രം സംഘത്തിന്റെ ഏഴാം നിലയിലുള്ള മുറിയിലെത്തിയപ്പോള്‍ ഞാന്‍ ആദ്യം ചെയ്തത് ജനാല തുറന്ന് എന്റെ പ്രിയപ്പെട്ട പര്‍വ്വത നിരകളെ കണ്‍കുളിര്‍ക്കെ കാണുകയായിരുന്നു. തണുത്ത കാറ്റും സുഗന്ധപൂരിതമായ അന്തരീക്ഷവും സൂര്യവെളിച്ചവും നിശ്ശബ്ദമായി നീങ്ങുന്ന മേഘജാലങ്ങളുമെല്ലാം എനിക്ക് ചിരപരിചിതം. ഇതെനിക്ക് സ്വന്തം വീട് പോലെ.

പിറ്റേന്ന് കാലത്ത് യാത്രി നിവാസ് മാനേജ് ചെയ്യുന്ന സുധീര്‍ മഹാരാജാണ് വിളിച്ചുണര്‍ത്തിയത്. ഒരു സ്വാമി ചോപ്തയിലേക്ക് പോകുന്നുണ്ടെന്നും താല്‍പര്യമുണ്ടെങ്കില്‍ കൂടെ പോയാല്‍ തുംഗനാഥിലേക്ക് പോകാമെന്നും പറഞ്ഞു. ഞാന്‍ ഉഷാറായി. ചോപ്ത ഇന്ത്യയുടെ സ്വിറ്റ്‌സര്‍ലാന്റാണ്. ശൈത്യകാലമായാല്‍ മുഴുവന്‍ മഞ്ഞുമൂടി കിടക്കും. പോയ ഡിസംബറില്‍ പ്രണവാനന്ദ വിദ്യാമന്ദിര്‍ വിദ്യാര്‍ഥികള്‍ക്കൊപ്പം ഞാനവിടെ ഉല്ലാസയാത്രയ്ക്ക് പോയിരുന്നു. അന്ന് മഞ്ഞണിഞ്ഞ ദേവദാരു മരങ്ങള്‍ക്കിടയില്‍ മഞ്ഞുരുട്ടി പന്ത് കളിച്ചതും ഓര്‍മ്മയിലോടിയെത്തി. അവിടെ നിന്ന് കുത്തനെ മല കയറണം തുംഗനാഥിലേക്ക്. ലവലേശം ചെരിവില്ലാത്ത കിഴുക്കാം തൂക്കായ ദുര്‍ഘടമായ കയറ്റം.

തുംഗനാഥിലേക്കുള്ള കയറ്റം തുടക്കത്തില്‍ വേഗം കയറാമെന്ന് തോന്നുമെങ്കിലും പോകെ പോകെ അത് ദുഷ്‌കരമാകും. ചെങ്കുത്തായ കയറ്റമാണത്. ചായ കുടിക്കാനായി ഞാന്‍ കുറച്ച് നേരം വഴിയില്‍ തങ്ങി. കച്ചവടക്കാരോടും മറ്റു യാത്രികരോടും സംസാരിച്ചു. എല്ലാവര്‍ക്കും അത്ഭുതമായിരുന്നു ഞാനൊറ്റയ്ക്കാണ് യാത്ര ചെയ്യുന്നതെന്നറിഞ്ഞപ്പോള്‍. എന്തുകൊണ്ട് ഒറ്റയ്ക്ക് എന്നതും ഒരു ചോദ്യമായിരുന്നു. ഞാന്‍ മെല്ലെ നടന്നു. കാല് വേദനിക്കുമ്പോള്‍ ദീര്‍ഘശ്വാസമെടുത്ത് ഊര്‍ജ്ജം നിറച്ചു. പര്‍വ്വതങ്ങള്‍ നിങ്ങളോട് പറയും. ഇതൊരു കോണു മാത്രം. അരകിലോമീറ്ററേയുള്ളൂ. രണ്ടു കിലോമീറ്ററേയുള്ളൂ എന്നൊക്കെ കേള്‍ക്കാം. പക്ഷേ ആദിയും അന്തവുമില്ലാത്ത ജീവിത പ്രവാഹത്തിന്റെ സാന്നിധ്യം ദൂരങ്ങള്‍ താണ്ടുംമുമ്പേ നാം അനുഭവിച്ചറിയുന്നു. അങ്ങുയരത്തില്‍ ചന്ദ്രനാഥ് പര്‍വ്വത ത്തിന്റെ മുകളില്‍ ഒരു ശിലാക്ഷേത്രം തുംഗനാഥ്. ഒരു വശത്ത് അഗാധമായ താഴ് വര, മറുവശത്ത് മഞ്ഞു വീണ ഉത്തുംഗമായ പാറക്കെട്ടുകള്‍. ചുറ്റിലും ഛൗക്കംബ, കേദാര്‍ ഹാതി പര്‍വ്വത പംക്തികള്‍. ആത്മീയ ഗാംഭീര്യത്താല്‍ തുടിക്കുന്ന സ്വച്ഛവും നിര്‍മ്മലവുമായ അന്തരീക്ഷത്തില്‍ ഒരു ചെറിയ ശിവക്ഷേത്രം. നിലം നിറയെ പാദം മൂടുന്ന പൊടിമഞ്ഞ്. മുറ്റത്തൊരു നന്ദി ശില്‍പ്പം. കരിങ്കല്‍ പാളികളാല്‍ ലിംഗാകൃതിയില്‍ തീര്‍ത്ത ഗോപുരത്തിലാണ് ഗര്‍ഭഗൃഹം. ഉള്ളില്‍ സ്വയംഭൂലിംഗം. ആദിശങ്കരന്‍, പഞ്ചപാണ്ഡവര്‍, കാലഭൈരവന്‍, വേദവ്യാസന്‍ എന്നിവരുടെ പ്രതിമകളും കാണാം.

ക്ഷേത്രപൂജാരി ശിവകഥ പറഞ്ഞു തന്നു. മഹാഭാരത യുദ്ധാനന്തരം പാണ്ഡവര്‍ ശിവന്റെ അനുഗ്രഹം തേടിയെത്തിയപ്പോള്‍ ശിവന്‍ ഒരു കാളയുടെ രൂപത്തില്‍ ഓടി മറഞ്ഞതാണത്രെ. അമ്മാവന്‍മാരേയും അടുത്ത ബന്ധുക്കളേയും കൊന്ന പാണ്ഡവന്‍മാരെ അനുഗ്രഹിക്കാന്‍ ശിവന്‍ തയ്യാറല്ലായിരുന്നു. ഓടി മറഞ്ഞ കാളയുടെ ഭൂമിക്കു മുകളില്‍ കാണുന്ന വിവിധ ഭാഗങ്ങളാണ് പഞ്ചകേദാരം എന്ന് ഐതിഹ്യം. കേദാര്‍നാഥ്, തുംഗനാഥ്, മധ്യമഹേശ്വര്‍, രുദ്രനാഥ്, കല്‍പ്പനാഥ് എന്നിവയാണവ. തുംഗനാഥില്‍ ലിംഗം മഹാദേവന്റെ കൈകളാണെന്നാണ് വിശ്വാസം.

എനിക്ക് ഉച്ചയ്ക്കുള്ള ബസ്സ് പിടിക്കണമായിരുന്നു. അതുകൊണ്ട് തന്നെ മടക്കയാത്ര വേഗത്തിലാക്കണം. മുട്ടുവേദന പക്ഷേ അനുവദിക്കുന്നില്ല. വരുന്നത് വരട്ടെ. രണ്ട് മണിയായി എത്തിയപ്പോള്‍. 3.15 വരെ കാത്തിരിക്കേണ്ടിവന്നു. ഉഖിമഠ് വഴി നാരായന്‍കോട്ടിയിലേക്ക് പോകുന്ന ജീപ്പു പിടിച്ച് ഞാന്‍ തുംഗനാഥിനോട് യാത്ര പറഞ്ഞു.

തുംഗനാഥ് കഴിഞ്ഞു. ഇനിയെന്ത്? കഠിനമായ യാത്രയൊന്നും വേണ്ടെന്ന് വെച്ച് ഉഖിമഠില്‍ തന്നെ തങ്ങിയ എനിക്ക് നാലു ദിവസം കഴിഞ്ഞപ്പോള്‍ വീണ്ടും വിളിവന്നു. പര്‍വ്വതനിരകളില്‍ നിന്ന് കാറ്റ് വിളിക്കുമ്പോള്‍ അടങ്ങിയിരിക്കുന്നതെങ്ങിനെ? കാളിശിലയാവട്ടെ അടുത്ത ലക്ഷ്യം. കാളിമഠില്‍ പോയ മുന്‍ യാത്രയില്‍ ബോലേശ്വര്‍ ക്ഷേത്രത്തിലെ പല്‍ഹാരിബാബ അവിടെയൊരു ജര്‍മ്മന്‍ സംന്യാസിനിയുള്ള കാര്യം പറഞ്ഞിരുന്നു. ഏതായാലും ഇത്തവണ അങ്ങോട്ട് തന്നെ പോകാം. ഞാന്‍ തീരുമാനിച്ചു.

തൊട്ടടുത്ത ഗ്രാമമായ ഗുപ്തകാശിയിലെത്തി അവിടെനിന്നാണ് കാളിമഠത്തിലേക്കുള്ള വണ്ടി പിടിച്ചത്. കാളിഗംഗയിലെ ഒരു ശക്തിപീഠമാണ് കാളിമഠ്. അവിടെ നിന്ന് ആറു കിലോമീറ്റര്‍ കാടുതിങ്ങിയ പര്‍വ്വതനിരയാണ് താണ്ടാനുള്ളത്. ഹിമാലയത്തിന്റെ മറ്റ് മേഖലയില്‍ നിന്ന് വ്യത്യസ്തമായ വഴിയാണിവിടെ. വിശാലമായ വഴികള്‍.

സ്ത്രീശക്തിയുടെ ദിവ്യമായ ഊര്‍ജ്ജ സാന്നിധ്യം -കാളിശിലയില്‍ നമുക്കതനുഭവിക്കാം. മൂന്നു കിലോമീറ്റര്‍ പിന്നിട്ടപ്പോള്‍ വൈനൂകി ഗ്രാമമായി. ഒരു ഗാഡ്‌വാളി കുടുംബം കുടിക്കാന്‍ വെള്ളംതന്നു. സര്‍വ്വേശ്വരി എന്ന പെണ്‍കുട്ടി കുടിക്കാന്‍ ചായയും കക്കിരിയും തന്നു. ഗ്രാമീണര്‍ അന്നവിടെ തങ്ങാന്‍ നിര്‍ബന്ധിച്ചെങ്കിലും ഞാന്‍ യാത്ര തുടര്‍ന്നു. ഉയരത്തില്‍ കാളിശിലയിലെ കൊടിക്കൂറ പാറിക്കളിക്കുന്നത് കാണാം. നാഗ സംന്യാസി മണിമഹേഷ് ഗിരി എനിക്ക് വഴി കാണിച്ചു. മനോഹരമായ ഒരു ആശ്രമകവാടത്തിന്റെ വാതില്‍ ഞാന്‍ തുറന്നു. ഏറെ പറഞ്ഞു കേട്ടിട്ടുള്ള ജര്‍മ്മന്‍ സംന്യാസിനി മാ സരസ്വതി ഗിരി എന്നെ സ്വീകരിച്ചു. സുന്ദരമായ ഹിന്ദിയിലാണവര്‍ സംസാരിക്കുന്നത്്. ഗുരു ബര്‍ക്കാബാബയും ഉണ്ടായിരുന്നു. നാലു വലിയ പട്ടികളേയും ആടുകളേയും അവര്‍ വളര്‍ത്തുന്നുണ്ട്.

ഞാന്‍ അഖണ്ഡധൂനിയുടെ അരികിലിരുന്നു.ബര്‍ക്കബാബയുടെ പര്‍ണ്ണകൂടീരത്തിലെ കെടാത്ത അഗ്‌നികുണ്ഡമാണത്. മാതാജിയുടെ സംസ്‌കൃത ശിവസ്തുതിയോടു കൂടിയ സായാഹ്ന ആരതിക്കുശേഷം ചുടുള്ള റൊട്ടിയും പച്ചക്കറിയും ചേര്‍ന്ന അത്താഴം. അഗ്‌നികുണ്ഡത്തില്‍ വേവിച്ചെടുത്ത വഴുതനങ്ങ കൊണ്ട് ബര്‍ക്കബാബയുണ്ടാക്കിയ പച്ചക്കറിക്ക് പ്രത്യേക രുചി. സ്വര്‍ഗീയരുചി എന്നു പറയാം.
അന്നു രാത്രി ഞാന്‍ മാതാജിയുടെ മുറിയില്‍ കിടന്നു. ഒരാള്‍ക്ക് കഷ്ടിച്ച് കിടക്കാവുന്ന സാധു ആസന്‍ അവര്‍ വിരിച്ചു തന്നു. ആശ്രമത്തിലെ നാലു പട്ടികളും കൂട്ടിനുണ്ടായിരുന്നു. വന്യമൃഗങ്ങളേയും മഴയേയും പേടിച്ച് അവയെ പുറത്തിടാറില്ല. അതുകൊണ്ട് തന്നെ തുടക്കത്തില്‍ എനിക്ക് ചെറിയൊരു ഭയമുണ്ടായിരുന്നു. അര്‍ധരാത്രി വരെ മാതാജിയോട് സംസാരിച്ചിരുന്ന് ഭയത്തെ മറന്ന് ഞാന്‍ സുഖമായുറങ്ങി. വര്‍ഷങ്ങള്‍ക്ക്് മുമ്പ് ഈ മുറിയില്‍ ഉമാഭാരതിയും അന്തിയുറങ്ങിയിട്ടുണ്ട്. മാതാജി പറഞ്ഞു.

കാലത്ത് ചുടുവെള്ളത്തില്‍ ഒരു കുളിയും കഴിഞ്ഞ് ഒരിക്കല്‍ കൂടി കാളിശിലാദര്‍ശനവും കഴിഞ്ഞ് ഒരു കുറുക്കു വഴിയിലൂടെ ഞാന്‍ മടക്കയാത്ര ആരംഭിച്ചു. മാതാജി വഴിയാത്രയില്‍ കഴിക്കാന്‍ ഉണക്കപ്പഴങ്ങളും ബിസ്‌കറ്റും വെള്ളവും തന്നിരുന്നു. രാത്രി വഴിയില്‍ കിടന്നിരുന്ന പട്ടികളിലൊരെണ്ണം കൂടെ വന്നു. എനിക്ക് വഴികാട്ടാനെന്ന പോലെ. ഇത് ഹിമാലയത്തിലെ മറ്റൊരത്ഭുതമാണ്. പട്ടികള്‍ മനുഷ്യനെ നയിക്കുന്നു. അപരിചിതമായ മലമടക്കുകളിലൂടെ...

മടക്കയാത്രയ്ക്ക്് രണ്ടു ദിവസം മുമ്പ് ഡിയോറിയതാള്‍ തടാകത്തിലും പോകാന്‍ ഞാന്‍ തീരുമാനിച്ചു. സാരി ഗ്രാമത്തിലാണിത്. ഉഖിമഠില്‍ നിന്ന് അരമണിക്കൂര്‍ ബസ്സ ്‌യാത്ര. രണ്ട് കിലോമീറ്റര്‍ മല കയറിയാല്‍ ഗ്രാമമായി. വീണ്ടും രണ്ട് കിലോമീറ്ററുണ്ട് തടാകത്തിലേക്ക്. വഴിയില്‍ മനോഹരമായ ഒരു ശിവക്ഷേത്രം. വനംവകുപ്പ് ഈ ഭാഗം ഉദ്യാനമാക്കിയിട്ടുണ്ട്. പ്രവേശനത്തിന് 40 രുപയും ഈടാക്കുന്നുണ്ട്. രുദ്രപ്രയാഗ ജില്ലയിലെ ഉഖിമഠ് വനം മേഖലയിലെ കേദാര്‍ താഴ്‌വരയിലാണ് ഈ ഭാഗം.

തണുത്തുറഞ്ഞ് തടാകത്തിന്റെ പ്രശാന്ത സൗന്ദര്യ വാക്കുകള്‍ കൊണ്ട് വര്‍ണ്ണിക്കാനാവില്ല. ദേവകള്‍ നീരാടാനിറങ്ങുന്ന സ്ഥലം. ജനങ്ങള്‍ അങ്ങിനെ വിശ്വസിക്കുന്നു. ആകാശം തെളിഞ്ഞതാണെങ്കില്‍ മഞ്ഞണിഞ്ഞ ചൗക്കംബ-കേദാര്‍നാഥ് മലനിരകളുടെ പ്രതിബിംബം തടാകത്തില്‍ തെളിഞ്ഞുകാണാം. ഉദ്യാനത്തിലെ കസേരയില്‍ ഞാനിരുന്നു. തടാകത്തിന്റെ പ്രശാന്തതയില്‍ ലയിച്ചങ്ങിനെ...

അടുത്ത ദിവസം ഉഖിമഠിനോട് വിട പറഞ്ഞു. ഋഷികേശിലേക്ക്. അവിടെ ഓംകാരാനന്ദ ഗസ്റ്റ് ഹൗസില്‍ ഗംഗയുടെ തൊട്ടടുത്തു തന്നെ എനിക്ക് മുറി കിട്ടി. സൂര്യാസ്തമയം കാണാന്‍ ഒരു ബോട്ടുമെടുത്ത് ഞാന്‍ ഗംഗയുടെ മറുകരയിലേക്ക് പോയി. മനസ്സില്‍ ബാക്കിയാവുന്നത് ഹിമാലയത്തിന്റെ ശാന്തത, പരിപാവനത. പ്രകൃതിയുടെ അതുല്യ ഭംഗി ...sanghsamudra
 


No comments: