Thursday, May 24, 2018

'വാദോനാവലംബ്യഃ''
വാദങ്ങള്‍ കൊണ്ട് ഈശ്വരസാക്ഷാത്കാരമോ പ്രേമഭക്തിയോ തെളിയിക്കാനാവില്ല. അതുകൊണ്ട് ഒരു വ്യക്തിയുടേയും മനസ്സിലേക്ക് കയറിച്ചെല്ലാനാവില്ല. എതിര്‍ക്കുന്നവന്റെ ബുദ്ധി എതിര്‍ ന്യായങ്ങള്‍ക്കായുള്ള അന്വേഷണത്വര വര്‍ധിപ്പിക്കും. അതിലൂടെ അയാളില്‍ ശത്രുതാമനോഭാവം വളരും. അത് പ്രേമഭക്തിയെന്ന സങ്കല്‍പത്തിനുതന്നെ എതിരാവും. മാത്രമല്ല, എല്ലാവരിലും ദൈവത്തെ കാണുക എന്ന നമ്മുടെ ചിന്താഗതിയുടേയും താളം തെറ്റും.
അതോടെ നമ്മുടേയും നമ്മെ എതിര്‍ക്കുന്നവരുടേയും ഇടയില്‍ സംഘര്‍ഷത്തിന്റെ വിത്തുകള്‍ മുളയ്ക്കും.
ആരെയും ശത്രുവാക്കാനല്ല നാം പ്രേമഭക്തിയെ ആശ്രയിക്കുന്നത്.  എല്ലാവരിലും ഈശ്വരനെ കാണാന്‍ പഠിക്കുന്നതിനും അതിലൂടെ തന്മയീഭാവത്തില്‍ എത്തിച്ചേരാനുമാണ് നമ്മുടെ ശ്രമം. അപ്പോള്‍ അവിടെ ശത്രുതാഭാവത്തിനൊന്നും യാതൊരു സ്ഥാനവുമില്ല.
അതിനാല്‍ വാദങ്ങളെ ആരും ആശ്രയിക്കരുത് എന്നാണ് ഭക്തിമാര്‍ഗത്തില്‍ നിര്‍ദ്ദേശിക്കാനുള്ളത്.
പക്ഷേ സ്വാഭാവികമായും ചിലര്‍ക്കെങ്കിലും സംശയം ഉദിക്കും. ആദിശങ്കരാചാര്യര്‍ വാദങ്ങളിലൂടെയും തര്‍ക്കങ്ങളിലൂടെയുമല്ലേ അദ്വൈത സിദ്ധാന്തത്തെ സ്ഥാപിച്ചെടുത്തത്?
ശങ്കരാചാര്യ സ്വാമികളുടെ തലം വേറെയാണ്. താന്‍ ശിവാവതാരമാണ് എന്ന സത്യം ഉറപ്പിച്ചതിനുശേഷം തന്നെയാണ് അങ്ങനെയൊരു ഉദ്യമത്തിന് ഇറങ്ങിപ്പുറപ്പെട്ട് സര്‍വജ്ഞപീഠം കയറിയത്. ആ പ്രക്രിയ പൂര്‍ത്തീകരിക്കുക എന്നത് തന്റെ അവതാര ഉദ്ദേശ്യമായി അദ്ദേഹം കണക്കാക്കിയിരുന്നു. അതിനുള്ള ബുദ്ധി വൈഭവവും ചിന്താവൈദഗ്ധ്യവും അദ്ദേഹം ഉള്‍ക്കൊണ്ടിരുന്നു. ശിവന്‍ തന്നെയായിരുന്നതിനാല്‍ അദ്ദേഹത്തെ ആ സംഘര്‍ഷങ്ങളൊന്നും ബാധിച്ചിരുന്നില്ല.
ദേഹത്തേയും ബുദ്ധിയേയും മനസ്സിനേയും ബാധിക്കാത്തതുകൊണ്ട്, ലക്ഷ്യം പവിത്രമായതുകൊണ്ട്, അദ്ദേഹം ഭഗവാന്‍ തന്നെയായിരുന്നതുകൊണ്ട് ശങ്കരാചാര്യര്‍ക്ക് അതൊക്കെയാകാം.
എന്നാല്‍ സാധാരണ ജ്ഞാനം മാത്രം ഉള്‍ക്കൊണ്ട് തര്‍ക്കിക്കാന്‍ തുടങ്ങിയാല്‍ ശത്രുക്കള്‍ കൂടും. ശങ്കരാചാര്യ സ്വാമികള്‍ക്കു പോലും അക്കാലത്ത് ശത്രുത നേരിടേണ്ടി വന്നു. പക്ഷേ ഉപാധികളിലൂടെ അവയെ തരണം ചെയ്യാന്‍ ശങ്കരാചാര്യര്‍ക്കു കഴിഞ്ഞു...janmabhumi

No comments: