Friday, May 25, 2018

കൊട്ടാരക്കര: പൂര്‍വ്വസൂരികളായ ഋഷീശ്വരന്മാരുടെ അകകണ്ണില്‍ തെളിഞ്ഞുവന്ന ലോകത്ത്‌ നടക്കുന്നതും നടക്കാനിരിക്കുന്നതുമായ ശാസ്ത്ര സത്യങ്ങളും പ്രകൃതിയുടെയും സൂര്യന്റേയും തുടങ്ങി സര്‍വചരാചരങ്ങളുടെയും ജീവിത ചക്രങ്ങളും എന്നുവേണ്ട എല്ലാം ആചാര്യന്മാര്‍ ഗ്രന്ഥത്തിലാക്കി സൂക്ഷിച്ചെങ്കിലും പുതുതലമുറയ്ക്ക്‌ ഇവയെല്ലാം അജ്ഞാതം. ഈ കുറവ്‌ പരിഹരിച്ച്‌ പുതുതലമുറയെ ഇന്നുകാണുന്നതു മാത്രമല്ല സഹസ്രാബ്ദങ്ങള്‍ക്ക്‌ മുന്‍പേ ഈശാസ്ത്രങ്ങള്‍ ഭാരത ഋഷിമാരുടെ മനോമുകരത്തിലുണ്ടായിരുന്നുവെന്ന്‌ ഓര്‍മ്മിക്കാന്‍ ഒരു ഗ്രന്ഥപ്പുര ഒരുക്കി കാത്തിരിക്കുകയാണ്‌ പുത്തൂരിനടുത്ത്‌ കൈതക്കോട്‌ കന്യാര്‍കാവ്‌ എന്ന വനദുര്‍ഗാ നാഗരാജ ക്ഷേത്രം. 
ദേവഭാഷയില്‍ വിരചിതമായ നാല്‌ വേദങ്ങളും പതിനെട്ട്‌ പുരാണങ്ങളും ഉപനിഷത്തുകളും എല്ലാം ഇതില്‍പ്പെടും. ദേവഭാഷ അറിയാമെങ്കില്‍ കന്യാര്‍കാവിലെ വിശാലമായ ഗ്രന്ഥപ്പുരയില്‍ എത്തുകയേ വേണ്ടു. വൈമാനികശാസ്ത്രം, ആയൂര്‍വേദശാസ്ത്രം, അഷ്ടാംഗഹൃദയം തുടങ്ങി ഏതിനേയും കുറിച്ച്‌ ആധുനിക ശാസ്ത്രജ്ഞര്‍ക്കും നിരീശ്വരവാദികള്‍ക്കും സംശയനിവൃത്തി വരുത്താം.
ഭാരത പുണ്യപുരാണ ദര്‍ശന ചരിത്രായനം എന്ന പേരില്‍ പതിനെട്ട്‌ പുരാണ ഗ്രന്ഥങ്ങളും അവയിലെ സാരാംശവും ജനഹൃദയങ്ങളിലെത്തിക്കാന്‍ 2006 മുതല്‍ എല്ലാവര്‍ഷവും പുരാണയജ്ഞം നടത്താന്‍ ഭാരവാഹികള്‍ തീരുമാനിച്ചപ്പോള്‍ ഉണ്ടായ ബുദ്ധിമുട്ടാണ്‌ ഇത്തരം ഒരു ഗ്രന്ഥപ്പുര എന്ന സങ്കല്‍പത്തിലേക്ക്‌ ഭാരവാഹികളെ എത്തിച്ചത്‌. പതിനെട്ട്‌ പുരാണങ്ങളില്‍ ഒന്നാമത്തേതായ അഗ്നിപുരാണം അന്വേഷിച്ച്‌ കണ്ടെത്താന്‍ തൃശൂര്‍ വെള്ളിതിട്ട കിഴക്കേടത്ത്‌ മനയില്‍ എത്തേണ്ടിവന്നു. 
എന്നാല്‍ 2012 ആയപ്പോള്‍ വായുഭവിഷ്യ പുരാണങ്ങള്‍ ഉള്‍പ്പെടെ 14 പുരാണങ്ങളുടെ സാരാംശം മനസ്സിലാക്കാനും നേരില്‍ കാണാനും ഇവിടത്തുകാര്‍ക്ക്‌ കഴിഞ്ഞു. ഇത്തവണത്തെ നവരാത്രി പിന്നിട്ടപ്പോള്‍ 18 പുരാണങ്ങള്‍ മാത്രമല്ല വാല്‍മീകി വിരചിതമായ രാമായണവും വേദവ്യാസ വിരചിതമായ മഹാഭാരതം, വേദങ്ങളുടെ നാനാര്‍ത്ഥവും പ്രതിപാദിക്കുന്ന ഉപനിഷത്തുകളായ ഈശോവാസ്യോപനിഷത്ത്‌, കേനോപനിഷത്ത്‌, കഠോപനിഷത്ത്‌, പ്രശ്നോപനിഷത്ത്‌, മുണ്ഡകോപനിഷത്ത്‌, മണ്ഡുകോപനിഷത്ത്‌, തൈത്തിരിയോപനിഷത്ത്‌, ഛാന്ദ്യേകോപനിഷത്ത്‌ എന്നിവയെല്ലാം ഗ്രന്ഥപ്പുരയിലെത്തി അറിവിന്റെ പ്രകാശം ചൊരിഞ്ഞ്‌ തുടങ്ങി. കൂടാതെ ശിക്ഷ, ഛന്ദസ്‌, ജ്യോതിഷം, കല്‍പം തുടങ്ങിയ വേദാംശങ്ങള്‍, നാരായണീയം, ഭഗവദ്ഗീത. ലളിതാസഹസ്രനാമം, സന്യാസദീക്ഷകള്‍ എന്നീ ഗ്രന്ഥങ്ങളും ഇതില്‍പെടും. 18 പുരാണങ്ങളായ അഗ്നിപുരാണം, ബ്രഹ്മവൈവര്‍ത്ത പുരാണം, വാരാക്ഷിപുരാണം, നാരദീയ പുരാണം, ഗരുഢപുരാണം, വാമനപുരാണം, പ്രഹ്മാണ്ഡ പുരാണം, ലിംഗപുരാണം, വായുപുരാണം, ഭവിഷ്യപുരാണം, പത്മപുരാണം, വിഷ്ണു പുരാണം, സ്കന്ദപുരാണം, ഭാഗവത പുരാണം എന്നിവ പ്രത്യേകമായി സൂക്ഷിച്ച്‌ ആരാധിക്കുന്നു. ഈ ഗ്രന്ഥപ്പുര കാണാനും ഗ്രന്ഥങ്ങളെ വണങ്ങാനും നിരവധി ഭക്തജനങ്ങള്‍ ഇപ്പോള്‍ ക്ഷേത്രത്തില്‍ എത്തുന്നുണ്ട്‌. ഗ്രന്ഥപ്പുരയെപ്പറ്റി കേട്ടറിഞ്ഞ്‌ ഒരുപറ്റം ചരിത്രവിദ്യാര്‍ത്ഥികളും ഗ്രന്ഥപ്പുര സന്ദര്‍ശിച്ചിരുന്നു. ആധുനിക തലമുറയ്ക്ക്‌ ഭാരത സംസ്കാരത്തെപ്പറ്റി മനസ്സിലാക്കാനും പഠിക്കാനുമുള്ള വിശാലമായ ഒരു പുരാണ ഗ്രന്ഥശാലക്കാണ്‌ ഭാരവാഹികള്‍ രൂപം നല്‍കിയിരിക്കുന്നത്‌. ഈ ആവശ്യത്തിലേക്ക്‌ കാലപ്പഴക്കത്തില്‍ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന പുരാണ ശാസ്ത്രസത്യങ്ങള്‍ തേടിയെടുത്ത്‌ ഗ്രന്ഥപ്പുരയില്‍ എത്തിക്കുന്ന മഹത്‌യജ്ഞത്തിനും രൂപം നല്‍കിയിട്ടുണ്ട്‌. ഋഷിമാരുടെ ജീവിത ചരിത്രങ്ങളും അവര്‍ ഭാവി തലമുറക്കായി കാഴ്ചവച്ച വിശാലമായ അറിവുകളും പുത്തന്‍ സംസ്കാരത്തിന്റെ പേരുപറഞ്ഞ്‌ മണ്‍മറയാതിരിക്കാന്‍ ഇവര്‍ നടത്തുന്ന യജഞ്ഞത്തിന്‌ വിവിധ കോണുകളില്‍ നിന്ന്‌ ആശാവഹമായ പിന്തുണയും ഇതിനകം ലഭിച്ചുകഴിഞ്ഞു. ഇതിന്റെ സാക്ഷ്യപത്രമെന്നോണം ദേവഭാഷയില്‍ താളിയോലയില്‍ വിരചിതമായ വാല്‍മീകി രാമായണം ഗ്രന്ഥശേഖരത്തില്‍ എത്തിച്ചേര്‍ന്നു. വനദുര്‍ഗ, നാഗരാജ, നാഗകന്യക, നാഗയക്ഷി, വീരഹനുമാന്‍, പത്നിസമേതനവഗ്രഹങ്ങള്‍, കയ്പില്ലാത്ത കാഞ്ഞിരമരത്തണലില്‍ വേദവ്യാസനും മഹാഗണപതിയും തുടങ്ങി അപൂര്‍ പ്രതിഷ്ഠകളുള്ള മഹാക്ഷേത്രമാണ്‌ ഗ്രാമീണാന്തരീക്ഷത്തില്‍ വയലേലയുടെ അരികിലായി സ്ഥിതി ചെയ്യുന്ന കന്യാര്‍കാവ്‌ വനദുര്‍ഗാ നാഗരാജാ ക്ഷേത്രം. ക്ഷേത്രത്തോട്‌ ചേര്‍ന്ന്‌ തന്നെയാണ്‌ ഗ്രന്ഥപ്പുരയും ഒരുക്കിയിട്ടുള്ളത്‌.
>> ജി.സുരേഷ്‌...janmabhumi

No comments: