Saturday, May 26, 2018

പ്രകൃതി ദുരന്തങ്ങളും കാലാവസ്ഥയിലെ മാറ്റങ്ങളും  ഇന്ന് മനുഷ്യരുടെ ഉറക്കം കെടുത്തിക്കൊണ്ടിരിക്കുകയാണ്. ഭീതിയും ആശങ്കയും മനുഷ്യമനസ്സിനെ വേട്ടയാടുകയാണ്.  വീണ്ടുവിചാരമില്ലാത്ത പ്രകൃതിചൂഷണം കാരണം പ്രകൃതിയുടെ താളം നഷ്ടമായിക്കൊണ്ടിരിക്കുന്നു. വായുവും വെള്ളവും ഭൂമിയും വിഷമയമായിത്തീരുന്നു.
നമുക്ക് സര്‍വ്വൈശ്വര്യങ്ങളും നല്‍കിവന്നിരുന്ന പ്രകൃതിയാകുന്ന കാമധേനു ഇന്ന് കറവ വറ്റിയ ചാവാലി പശുവിനെപ്പോലെയായിത്തീര്‍ന്നു. ഭൂമിയില്‍  ഇന്ധനം കുറയുന്നു. ആഹാരം കുറയുന്നു. ശുദ്ധവായുവും വെള്ളവും കിട്ടാതാകുന്നു. രോഗങ്ങള്‍ വര്‍ദ്ധിക്കുന്നു. 
എവിടെയാണ് നമുക്കു തെറ്റു പറ്റിയത്. ആവശ്യവും ആഡംബരവും തമ്മില്‍ നമുക്കു തിരിച്ചറിയാന്‍ കഴിയാതെ പോയതാണ് നമുക്കു പറ്റിയ ഏറ്റവും വലിയ തെറ്റ്. ഒരു സാമൂഹ്യപ്രവര്‍ത്തകന്റെ കഥ ഓര്‍ക്കുകയാണ്. അദ്ദേഹം അതിരാവിലെ ഒരു പാത്രത്തില്‍ വെള്ളമെടുത്ത് നദീതീരത്ത് പല്ല് തേച്ചുകൊണ്ടിരിക്കുകയായിരുന്നു. അതോടൊപ്പം ചുറ്റും കൂടിയ സഹപ്രവര്‍ത്തകരോട്  ചില അത്യാവശ്യ കാര്യങ്ങള്‍ അദ്ദേഹം സംസാരിച്ചുകൊണ്ടിരിക്കുന്നുമുണ്ട്. വാ കഴുകാനായി പാത്രമെടുത്തപ്പോള്‍  അതിലെ വെള്ളം തീര്‍ന്നത് അദ്ദേഹം ശ്രദ്ധിച്ചു. ''ദൈവമേ ഞാനെന്ത് അശ്രദ്ധയാണ് കാണിച്ചത്. പല്ലുതേപ്പ് കഴിയുന്നതിനു മുന്‍പുതന്നെ വെള്ളം തീര്‍ന്നു.'' ഇദ്ദേഹം ഇങ്ങനെ വിഷമിക്കുന്നതിന്റെ കാരണം മറ്റുള്ളവര്‍ക്ക് മനസ്സിലായില്ല. അവര്‍ ചോദിച്ചു, ''അതിലെന്തു വിഷമിക്കാനാണ്?. തൊട്ട് മുന്‍പില്‍  കൈയ്യെത്തുന്ന ദൂരത്ത് നദി നിറഞ്ഞൊഴുകുന്നതു കാണുന്നില്ലേ?''  അപ്പോള്‍ സാമൂഹ്യപ്രവര്‍ത്തകന്‍ പറഞ്ഞു, ''നദിയില്‍ ധാരാളം വെള്ളമുണ്ടായേക്കാം. പക്ഷേ അത് എല്ലാവര്‍ക്കും വേണ്ടിയുള്ളതാണ്. എനിക്കു അര്‍ഹതയുള്ളത് ഞാന്‍ എടുത്തുകഴിഞ്ഞു. കൂടുതല്‍ എടുക്കാനുള്ള അവകാശം എനിക്കില്ല.'' ഈ ധര്‍മ്മബോധം നമ്മുടെ ജനതയ്ക്ക് വീണ്ടെടുക്കാന്‍ കഴിഞ്ഞാല്‍ പട്ടിണി മരണവും ദാരിദ്ര്യവുമെല്ലാം ഒരു ദുഃസ്വപ്‌നം പോലെ തുടച്ചുമാറ്റാന്‍ സാധിക്കുമെന്നതില്‍ സംശയമില്ല. 
ആവശ്യത്തിലധികമായി എന്തെടുത്താലും അത് അധര്‍മ്മമാണ്. അങ്ങനെ നമ്മള്‍  ജീവിക്കുകയാണെങ്കില്‍ സമൂഹത്തില്‍ എല്ലാവര്‍ക്കും ആവശ്യമുള്ള ഭക്ഷണവും വെള്ളവും വസ്ത്രവും മറ്റു വസ്തുക്കളും കിട്ടും, ഭൂമി എന്നും കാമധേനുവിനെപ്പേലെ വരദായിനിയായി നില്‍ക്കുകയും ചെയ്യും.
പണ്ടൊക്കെ കാളവണ്ടിയിലും കുതിരവണ്ടിയിലും ഒക്കെയായിരുന്നു മനുഷ്യര്‍ സഞ്ചരിച്ചിരുന്നത്. അവിടെ നിന്നു പിന്നെ സ്‌കൂട്ടറായി, കാറായി. ഇപ്പോള്‍, ഒരാള്‍ക്കുതന്നെ രണ്ടോ മൂന്നോ കാറുള്ള സ്ഥിതിയിലായി. എന്നാല്‍, ഭൂമിയിലെ ഇന്ധനം കുറഞ്ഞു കുറഞ്ഞു വരുന്നത് നമ്മള്‍ ശ്രദ്ധിക്കുന്നില്ല. പണ്ട് ഇലകളിലാണ് മനുഷ്യര്‍ ഭക്ഷണം കഴിച്ചിരുന്നത്. എന്നാല്‍ ഇന്ന് പേപ്പര്‍ കൊണ്ടുണ്ടാക്കിയ പ്ലേറ്റുകളും ഗ്ലാസ്സുകളുമായി. ഒരു പ്രാവശ്യം ഉപയോഗിച്ചു കഴിയുമ്പോള്‍ കളയുകയും ചെയ്യും. ഈ അമിതമായ ഉപയോഗം കാരണം  എത്ര വൃക്ഷങ്ങളാണ് മുറിക്കേണ്ടി വരുന്നത്? 
ആഗ്രഹമല്ല പ്രശ്‌നം, അത്യാഗ്രഹമാണ്. തലച്ചോറും കരളും ഹൃദയവുമൊക്കെ നമ്മുടെ ആന്തരിക അവയവങ്ങളായിരിക്കുന്നതുപോലെ നമ്മുടെ ബാഹ്യ അവയവങ്ങളാണ്  വായുവും വെള്ളവും വൃക്ഷങ്ങളും പക്ഷികളും മൃഗങ്ങളുമൊക്കെ. നമ്മുടെ ശരീരത്തിലെ അവയവങ്ങള്‍ ആരോഗ്യത്തോടെ നിലനിര്‍ത്തുന്നതിന് നമ്മള്‍ നല്‍കുന്ന അതേ ശ്രദ്ധ തന്നെ പ്രകൃതിയെ സംരക്ഷിക്കുന്നതിനും നമ്മള്‍ നല്‍കണം. നദികളും സമുദ്രവും മലിനപ്പെടുത്തുന്നത് നമ്മുടെ രക്തത്തില്‍ വിഷം കലര്‍ത്തുന്നതിന് തുല്യമാണെന്ന ബോധം നമുക്കുണ്ടാകണം. കുറച്ചു വര്‍ഷങ്ങള്‍ക്കുമുമ്പ് അറ്റ്‌ലാന്റ്‌റിക് സമുദ്രത്തില്‍ ഉണ്ടായ എണ്ണക്കപ്പല്‍ ദുരന്തം കാരണം എത്രയെത്ര  ജീവികളാണ് മരിച്ചത്. 
ഒരു ശാസ്ത്രജ്ഞന്‍ പറയുകയുണ്ടായി, ''ഇന്നീ ലോകത്തിലെ കൃമികീടങ്ങളെല്ലാം അപ്രത്യക്ഷമായാല്‍ അടുത്ത അന്‍പതു വര്‍ഷത്തിനകം ഭൂമിയില്‍ നിന്ന് ജീവന്‍  തുടച്ചു നീക്കപ്പെടും. മറിച്ച് മനുഷ്യരാശി തുടച്ചുനീക്കപ്പെട്ടാല്‍ അടുത്ത അന്‍പതുവര്‍ഷം കഴിയുമ്പോള്‍ ഭൂമിയില്‍ മറ്റെല്ലാ ജീവജാലങ്ങളും കൂടുതല്‍ പുഷ്ടിപ്പെടും.''  ഭൂമി മരിക്കാതിരിക്കണമെങ്കില്‍ മനുഷ്യന്‍ മരിക്കണം എന്ന അവസ്ഥ വരാന്‍ പാടില്ല. 
സ്വന്തം അമ്മയെ എന്ന പോലെ പ്രകൃതിമാതാവിനേയും പരിരക്ഷിക്കാന്‍ കടപ്പെട്ടവരാണ് നമ്മള്‍. ആ യാഥാര്‍ത്ഥ്യത്തിലേക്ക് നമ്മള്‍ കണ്ണു തുറന്നേ പറ്റൂ. നമ്മുടെ പൂര്‍വ്വികര്‍ നമുക്കു സമ്മാനിച്ച ഈ ലോകം എത്ര മനോഹരമാണ്. അതിനെ താറുമാറാക്കിയാണോ നാം ഭാവി തലമുറയ്ക്ക് കൈമാറാന്‍ പോകുന്നത്? അമേരിക്കയിലെ ആദിവാസികളുടെയിടയില്‍ ഒരു പഴഞ്ചൊല്ലുണ്ട്  ''ഈ ഭൂമി നമുക്ക് പൂര്‍വ്വികസ്വത്തായി കിട്ടിയതല്ല, മറിച്ച് ഭാവി തലമുറയില്‍നിന്ന് നമ്മള്‍ കടം വാങ്ങിയതാണ്'' എന്ന്. നമ്മള്‍ കടം വാങ്ങിയ ഈ ഭൂമിയെ ഒരു പോറല്‍പോലും വരുത്താതെ ഭാവി തലമുറയ്ക്ക് തിരിച്ചേല്‍പിക്കാന്‍ നമ്മള്‍ ബാദ്ധ്യസ്ഥരാണ്. ആ തിരിച്ചറിവോടെ ഭൂമിയേയും പ്രകൃതിയേയും സംരക്ഷിക്കാന്‍ നമ്മളാലാവുന്നത് ചെയ്യാമെന്നു നമുക്ക് പ്രതിജ്ഞ ചെയ്യാം....janmabhumi

No comments: