ആഢ്യഃ അസ്മി-
ധനവും, ധാന്യങ്ങളും സ്വര്‍ണ്ണ ബിസ്‌ക്കറ്റുകളും രത്‌നങ്ങളും ആഭരണങ്ങളും പ്രത്യേകം പ്രത്യേകം ഓരോ മുറികളില്‍ നിറയെ വച്ച് പൂട്ടി ഭദ്രമായി വച്ചിട്ടുണ്ട്.
അഭിജനവാന്‍ അസ്മി-ഇതുവരെ ആരും തന്നെ നല്ല കുലത്തില്‍ ജനിച്ചവനാണ് എന്നുമാത്രമേ, പറഞ്ഞിട്ടുള്ളൂ. അതിനാല്‍-
മയാസദൃശഃ അന്യഃ കഃ അസ്തി!
എന്നോടു തുല്യനായിട്ട്, വേറെ ആരുണ്ട്?
യക്ഷ്യേ- ഞാന്‍ യാഗവും ചെയ്യും. പക്ഷേ, സൂര്യനെയോ, വരുണനെയോ, ഇന്ദ്രനെയോ ഉദ്ദേശിച്ചല്ല ചെയ്യുക. യക്ഷസ്സുകളെയും രക്ഷസ്സുകളെയും പിശാചുക്കളെയും ഉദ്ദേശിച്ചാണ് യാഗം ചെയ്യുക.
ദാസ്യാമി-ഞാന്‍ ധനം, ഭൂമി, വീട്, സംന്യാസികള്‍ക്കോ ക്ഷേത്രങ്ങള്‍ക്കോ ആശ്രമങ്ങള്‍ക്കോ അല്ല ദാനം ചെയ്യുക എന്ന് മനസ്സിലാക്കണം.
മോദിഷ്യേ- ഇങ്ങനെ ഞാന്‍ ധനം വര്‍ധിപ്പിച്ചും വിശ്വാസികളെ ആകര്‍ഷിച്ചും ഓരോ ദിവസവും കൂടുതല്‍ കൂടുതല്‍ സന്തോഷിച്ചുകൊണ്ടേയിരിക്കും.
ഇത്യജ്ഞാന വിമോഹിതാഃ-ഈ രീതിയില്‍ ആസുരിക സ്വഭാവികള്‍ അജ്ഞാനംകൊണ്ട് വിവിധ തരത്തില്‍ വിമോഹം-അവിവേക ഭാവം ഉള്‍ക്കൊണ്ട്, ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നു-എന്ന് ഭഗവാന്‍ പറയുന്നു.
ഇവയെല്ലാം തെറ്റായ ചിന്തയാണ്; പ്രവര്‍ത്തനമാണ്; പരമപദപ്രാപ്തിക്ക് തടസ്സമാണ് എന്ന് നാം മനസ്സിലാക്കണം.
ആസുരസ്വഭാവികള്‍ ഭ്രാന്തന്മാരാണ്
അനേക ചിത്ത വിഭ്രാന്താഃ
കഴിഞ്ഞ ജന്മങ്ങളിലെ പുണ്യപാപകര്‍മ്മങ്ങളുടെ ഫലമാണ് ഈ ജന്മത്തിലെ സുഖദുഃഖങ്ങള്‍ എന്ന ശാസ്ത്ര സിദ്ധാന്തം ആസുരിക സ്വഭാവികള്‍ മനസ്സിലാക്കാനോ വിശ്വസിക്കാനോ ശ്രമിക്കില്ല. കാരണം അവരുടെ ചിത്തം എപ്പോഴും വിവിധ സുഖങ്ങള്‍ നേടിയെടുക്കാനുള്ള വെപ്രാളത്തോടെ ഓടിക്കൊണ്ടിരിക്കുകയാണല്ലോ. എല്ലാ മനോരഥങ്ങളും തന്റെ സാമര്‍ത്ഥ്യംകൊണ്ടു നേടുക. ഈശ്വരന്റെയോ പുണ്യകര്‍മ്മങ്ങളുടെയോ സാഹചര്യം വേണ്ട എന്ന ഭാവത്തോടെ ഓടുന്ന ഭ്രാന്തന്മാരാണ്. ആ ഓട്ടത്തിനിടയില്‍ തന്നെ ഒരു വലിയ വലയില്‍ മത്സ്യങ്ങളെപ്പോലെ കുടുങ്ങിപ്പോവുകയാണ്. ആ വലയുടെ പേരാണ് മോഹജാലം എന്നത് (ജാലം എന്ന സംസ്‌കൃതപദത്തിന് വല എന്നാണര്‍ത്ഥം) മോഹം എന്നാല്‍ ആഗ്രഹവും, അവിവേകം-മോഹജാല സമാവൃതാഃ-
ആ വലയില്‍ കുടുങ്ങി, പുറത്തേക്കു കടന്ന് രക്ഷപ്പെടാന്‍ കഴിയാതെ വിഷമിക്കുമ്പോഴും കാമഭോഗേഷു പ്രസക്താഃ തങ്ങള്‍ക്ക് ഇഷ്ടപ്പെട്ട സുഖങ്ങള്‍ അനുഭവിക്കാനുള്ള അത്യാഗ്രഹമാണ് ഹൃദയത്തില്‍ പൊങ്ങിപ്പൊങ്ങിവരുന്നത്. പക്ഷേ അതിനിടയില്‍ മരണമടയുന്നു. സാമര്‍ത്ഥ്യത്തിനും കഴിവിനും മരണത്തെ ജയിക്കാന്‍ സാധിക്കുന്നില്ല. അതിനുള്ള ഒരു ഉപായവും ഇതുവരെ ആരും കണ്ടെത്തീട്ടില്ല. പിന്നീടുള്ള അവസ്ഥയാണ് ഭഗവാന്‍ പറയുന്നത്
''അശുചൗനരകേ പതന്തി''
മലമൂത്രങ്ങള്‍ നിറഞ്ഞ വൈതരണി എന്ന നദിയിലോ രൗരവാദി നരകങ്ങളിലോ വീഴുന്നു.
അവര്‍ പ്രശസ്തിക്കുവേണ്ടി യജ്ഞം ചെയ്യും (16-17)
ആസുരസ്വഭാവികള്‍-സ്തബ്ധാഃ ജന്മനാ തന്നെ സ്തബ്ധന്മാരാണ്-അഹങ്കാരികളാണ്, വിനയം തീരെ ഇല്ലാത്തവരാണ് ആരുടെ മുന്നിലും തലകുനിക്കുകയില്ല. കാരണം-ആത്മസംഭാവിതാഃ-അവര്‍ സ്വയം തങ്ങള്‍ ഉത്കൃഷ്ടരാണെന്നും നല്ലവരാണെന്നും പൂജനീയവരാണെന്നും അഭിമാനിച്ചും നടിച്ചും നടക്കുന്നവരാണ്. വാസ്തവത്തില്‍ സജ്ജനങ്ങള്‍ അവരെ പൂജിക്കുന്നില്ല. ധനമാനമദാന്വിതാഃ -അവര്‍ ധനൈശ്വര്യസമ്പൂര്‍ണരായതിനാല്‍ വര്‍ധിച്ച മാനം-മദം കൊണ്ട് വെളിവില്ലാതെ നടക്കുകയാണ്.
janmabhumi
No comments:
Post a Comment