Sunday, May 27, 2018

ആസുര സ്വഭാവികളുടെ മനോരഥം ഇങ്ങനെ നീണ്ടു പോകുന്നു
അദ്യ ഇദം മയാലബ്ധം
ഇപ്പോള്‍, ആയിരക്കണക്കിന് രൂപ ലോക ബാങ്കുകളില്‍ നിക്ഷേപിച്ചിട്ടുണ്ട്; ആയിരക്കണക്കിന് ഏക്കറുകള്‍ ഭൂസ്വത്തുണ്ട്; ഭാര്യയുണ്ട്; പുത്രന്മാരുണ്ട്; ബന്ധുക്കളുണ്ട്; ഞാന്‍ പറഞ്ഞാല്‍ അത് അപ്പടി നടപ്പിലാക്കുന്ന അനുയായികളുമുണ്ട്. ഇതെല്ലാമായ എന്റെ ബുദ്ധിബലം, ശരീരബലം, സാമര്‍ത്ഥ്യം ഇവ കൊണ്ടാണ് നേടിയിട്ടുള്ളത്; അതുകൊണ്ടു മാത്രം. അല്ലാതെ ദൈവാനുഗ്രഹം കൊണ്ടോ, കാലഗുണം കൊണ്ടോ അല്ല. ഇനിയും ഞാന്‍ എത്രയോ ഇരട്ടി ധനവും പാടങ്ങളും തോട്ടങ്ങളും നേടും. തീര്‍ച്ച. എല്ലാറ്റിലും പ്രധാനം ധനം തന്നെ. ഇന്നു കയ്യിലുള്ള ധനത്തെക്കാള്‍ ആയിരം ഇരട്ടി ധനം ഞാന്‍ എന്റെ സാമര്‍ത്ഥ്യംകൊണ്ടു നേടും. ഉറപ്പാണ്.
ആസുരിക സ്വഭാവികളുടെ ക്രോധം വ്യക്തമാക്കുന്നു (16-14)
ഭഗവാന്‍, അവരുടെ മനസ്സില്‍ ഉയരുന്ന ക്രൂരമായ പരിപാടി ഇങ്ങനെയായിരിക്കും എന്നുപറയുന്നു. 
''അസൗശത്രുഃ മയാഹതഃ''
എന്റെ എല്ലാ പ്രവൃത്തികള്‍ക്കും, എപ്പോഴും തുടരെതുടരെ തടസ്സം സൃഷ്ടിച്ച് വിഷമിപ്പിക്കുന്ന-പച്ച മലയാളത്തില്‍ പറഞ്ഞാല്‍ 'പാര'-വെക്കുന്ന-ഒരു ശത്രു ഉണ്ടായിരുന്നു. അവനെ ഇന്നലെ രാത്രികൊന്നു; ഞാനാണ് കൊന്നത്; ഈ കയ്യു കൊണ്ടാണ് കൊന്നത്. 
''അപരാന്‍ അപി ഹനിഷ്യേ''
ഇനിയും അമ്പതോളം ശത്രുക്കള്‍ ബാക്കിയുണ്ട്. അവരുടെ പേരും അഡ്രസ്സും അടങ്ങുന്ന ലിസ്റ്റ് ഇതാ ഞാന്‍ തയ്യാറാക്കിയിട്ടുണ്ട്. മാത്രമല്ല, അവരെ കൊല്ലേണ്ട തീയതി, സ്ഥലം, സമയം ഇവയും റെഡിയാക്കിട്ടുണ്ട്. അവരെ കൊല്ലേണ്ട രീതിയിലും പ്ലാന്‍ ചെയ്തിട്ടുണ്ട്. ആരും എന്റെ സമീപത്തുനിന്ന് രക്ഷപ്പെടുകയില്ല.
വെട്ടിക്കൊല്ലേണ്ടവര്‍ ഇത്ര; വെടിവച്ച് കൊല്ലേണ്ടവര്‍ ഇത്ര; ബോംബിട്ടു കൊല്ലേണ്ടവര്‍ ഇത്ര; തല്ലികൊല്ലേണ്ടവര്‍ ഇത്ര-എല്ലാം അനുയായികളെ ഏല്‍പ്പിച്ചിട്ടുണ്ട്.
അഹം ഈശ്വരഃ (16-14)
ഞാന്‍ ഈശ്വരന്‍ തന്നെയാണ്; കേവലം മനുഷ്യനല്ല. എനിക്ക് തുല്യനായിട്ട് പോലും വേറെ ആരുമില്ല. ഈ പുഴു പ്രായന്മാര്‍ക്ക് എന്തു ചെയ്യാന്‍ കഴിയും? എല്ലാത്തരം ഭരണാധികാരികളും ഞാന്‍ പറയുന്നത്, അപ്പടി അംഗീകരിച്ച് നടപ്പിലാക്കും. ഇല്ലെങ്കില്‍ അവരുടെ കഴുത്തിന്റെ മേലെ തല കാണുകയില്ല എന്ന് അവര്‍ക്ക് നന്നായി അറിയാം.
അഹംഭോഗീ
എല്ലാത്തരം ഭൗതികസുഖങ്ങളും, അത്യന്താധുനികങ്ങളായ ഉപകരണങ്ങളും ഉള്ള  ഏഴുനിലമാളികകളും എനിക്ക് ധാരാളമുണ്ട്. അവയിലെല്ലാം മാറി മാറി താമസിച്ച് ഞാന്‍ സുഖങ്ങള്‍ അനുഭവിക്കും.
അഹംസിദ്ധഃ
എനിക്ക് പുത്രന്മാരുണ്ട്. മരുമക്കളുണ്ട്, പെണ്‍കുട്ടികളുടെ ഭര്‍ത്താക്കന്മാരുണ്ട്, സുഹൃത്തുക്കളുണ്ട്, അനുയായികളുണ്ട്. അവരെല്ലാം എന്റെ കല്‍പന അനുസരിച്ച് മാത്രമേ പ്രവര്‍ത്തിക്കുകയുള്ളൂ. അതിനാല്‍ ഞാന്‍ കൃതകൃത്യനാണ്.
അഹംബലവാന്‍
എനിക്ക് ജനിക്കുമ്പോള്‍ തന്നെ ഉറച്ച ശരീരമുണ്ട്. ഇപ്പോഴും ഞാന്‍ അരോഗദൃഢഗാത്രനാണ്-അരോഗ്യവാനാണ്-ബലവാനാണ്. മറ്റുതരത്തിലും ഞാന്‍ ബലവാനാണ്. ആളുകളുടെ ബലം, ആയുധങ്ങളുടെ ബലം, ഭരണാധികാരികളുടെ ബലം, സമുദായത്തിന്റെ ബലം എല്ലാം എനിക്കുണ്ട്.
അഹം സുഖീ
എല്ലാം കൊണ്ടും ഞാന്‍ സുഖിയാണ്. സമര്‍ത്ഥനാണ്. താടിനീട്ടി നടക്കുന്ന തപസ്വികള്‍ക്കോ തലമൊട്ടയടിച്ച് കാവിമുണ്ടും ഉടുത്തു നടക്കുന്നവര്‍ക്കോ എന്നെ ഒന്നും ചെയ്യാനുള്ള കഴിവില്ല; അവരെ എനിക്കു പേടിയുമില്ല...janmabhumi

No comments: