സത്യം ശിവം സുന്ദരം
ഹര ഹര മഹാദേവ' -മുന്നില്‍ നീങ്ങുന്ന യാത്രാ സംഘത്തിലൊരാള്‍ മുഴങ്ങുന്ന ശബ്ദത്തില്‍ വിളിച്ചു. ' ഭം ഭം ഭോലാനാഥ്' -മലയിറങ്ങുന്ന തീര്‍ഥാടകരുടെ പ്രത്യഭിവാദനം. ഇവിടെ എല്ലാം ശിവസ്മരണയിലാണ്. ഭക്തരുടെ മനസ്സില്‍ ഈ ഹിമാലയത്തിനു മുഴുവന്‍ അധിപതിയാണ് കൈലാസനാഥന്‍. നര്‍ത്തകനും തപസ്വിയും മുന്‍കോപിയും ക്ഷിപ്രപ്രസാദിയുമായ ദേവന്റെ അപദാനങ്ങള്‍ തലമുറകള്‍ കൈമാറി വന്ന ഐതിഹ്യകഥകളിലെങ്ങുമുണ്ട്.
തെളിഞ്ഞു നിന്ന മാനം ഒന്നിരുണ്ടു. മഴ പാറിത്തുടങ്ങി. ഹിമാലയത്തില്‍ കാലാവസ്ഥ ഇങ്ങിനെയാണ്. മനുഷ്യമനസ്സു പോലെ മാറിമറിയും. മുന്നില്‍ മുകളിലേക്ക് കല്ലു പാകിയ വളഞ്ഞു പുളഞ്ഞ വഴി. മലനിരകളെ ചുറ്റിയുള്ള പാതയില്‍ ചിലയിടത്ത് ഇരുപുറവും കൊടുംകാടാണ്.
ഹൈന്ദവ തീര്‍ഥാടന കേന്ദ്രങ്ങളില്‍ പ്രമുഖമായ കേദാര്‍നാഥിന് ഇങ്ങിനെ സവിശേഷതകള്‍ പലതുമുണ്ട്. സമുദ്രനിരപ്പില്‍ നിന്ന് 11,746 അടി ഉയരത്തിലുള്ള കേദാര്‍നാഥിലേക്ക് ആറു മാസമേ എത്താനാവൂ. ശേഷിക്കുന്ന കാലത്ത് ക്ഷേത്രം മഞ്ഞില്‍ പുതഞ്ഞു കിടക്കും. അതിനു മുന്നേ ദേവനെ 65 കിലോ മീറ്റര്‍ അകലെ ഊഖി മഠിലെ ക്ഷേത്രത്തിലേക്ക് കൊണ്ടുവരും. മഞ്ഞുകാലത്ത് അവിടെയാണ് പൂജകള്‍.
തീര്‍ഥാടകസംഘങ്ങളുടെ പൗരാണികമായ വഴിത്താരയാണിത്. ഭക്തര്‍ക്ക് മോക്ഷദായകമായ ചതുര്‍ധാം യാത്രയിലെ മൂന്നാമത്തെ ക്ഷേത്രം. യമുനോത്രിയും ഗംഗോത്രിയും കഴിഞ്ഞ് ബദരീനാഥിലെത്തും മുന്നേ കേദാര്‍നാഥില്‍ വിശ്വാസികള്‍ എത്തുന്നു. രാജ്യത്തെ 12 ജ്യോതിര്‍ലിംഗ ക്ഷേത്രങ്ങളില്‍ ഏറ്റവും വടക്കേയറ്റത്താണ് കേദാര്‍നാഥ്. പക്ഷേ യാത്രികരില്‍ ദേശഭേദങ്ങളില്ല. ശാന്തി തേടുന്ന വിദേശികളും സാഹസിക സഞ്ചാരികളും വരെ കൂട്ടത്തിലുണ്ട്. തളര്‍ച്ചയിലും മടുപ്പില്ലാത്ത ചുവുടുവെപ്പുകള്‍. വിസ്മയങ്ങള്‍ക്കു കൊതിക്കുന്ന ഒരു ആറാം ഇന്ദ്രിയം അവരുടെ ഉള്ളിലെങ്ങോ ഒളിഞ്ഞിരിക്കും പോലെ.
കേദാര്‍നാഥുമായി ബന്ധപ്പെട്ട് ഒരു കഥാ സാഗരം തന്നെയുണ്ട്. ശിവപാര്‍വ്വതിമാരും പാണ്ഡവരും മഹാമുനികളുമെല്ലാം കഥകളിലുണ്ട്. പര്‍വ്വതേശ്വരനായ ശിവനെ മനസാ വരിച്ച് പാര്‍വ്വതി കുളിച്ച് നിത്യവും കഠിനതപം ചെയ്തുവെന്ന് വിശ്വസിക്കുന്ന ഗൗരീ കുണ്ഡ് ഇവിടെയാണ്. ശിരസ്സറ്റു വീണ തന്റെ മകന് ആനയുടെ തല ചേര്‍ത്തുവെച്ച് മഹേശ്വരന്‍ ജീവന്‍ നല്‍കിയെന്നുമുണ്ട് ഐതിഹ്യം. പാര്‍വ്വതിക്കും ഗണപതിക്കും ഇവിടെ ക്ഷേത്രങ്ങളുണ്ട്. ഗൗരികുണ്ഡിലെ ഈ ആവി പൊങ്ങുന്ന ചൂടുറവയില്‍ കുളിച്ചാണ് എല്ലാവരും മല കയറാന്‍ തുടങ്ങുക. ഇവിടെ നിന്ന് 14 കിലോമീറ്റര്‍ ദൂരെ മുകളിലേക്കു നടക്കണം കേദാര്‍നാഥില്‍ എത്താന്‍.
നടക്കാന്‍ ബുദ്ധിമുട്ടാണെങ്കില്‍ കുതിരപ്പുറത്തു പോകാം. അതല്ലെങ്കില്‍ ഷെര്‍പ്പകള്‍ ചുമക്കുന്ന മഞ്ചലുകളുണ്ട്. കുതിരസവാരി പക്ഷേ ശ്രദ്ധിക്കണം. ദിവസത്തില്‍ പല തവണ മല കയറിയിറങ്ങിയ കുതിരകള്‍ക്ക് കാലൊന്നിടറിയാല്‍ അപകടമാണ്. വര്‍ഷം തോറും അധികൃതര്‍ പുതുക്കി നിശ്ചയിക്കുന്ന ഫീസാണ് കുതിരക്കും മഞ്ചലിനും. ചെങ്കുത്തായ വഴി കയറുമ്പോള്‍ കമ്പിളിക്കുപ്പായത്തിനു താഴെ വിയര്‍പ്പുചാലുകള്‍ ഒഴുകിയിറങ്ങുന്നു. തളര്‍ന്നു നില്‍ക്കുന്നവരെയും കാത്ത് ചായക്കടകള്‍ വഴിയിറമ്പില്‍ത്തന്നെയുണ്ട്, ഇടയ്ക്കിടെ.
''വാശിക്ക് കയറേണ്ട. ശ്രദ്ധിച്ചില്ലെങ്കില്‍ മസിലു കയറും.'' ചായ മൊത്തിക്കുടിക്കുമ്പോള്‍ ബെഞ്ചിന്റെ അങ്ങേത്തലക്കിലിരിക്കുന്ന സന്യാസി ചിരിച്ചു. ലെസ് ലഗേജ്, മോര്‍ കംഫര്‍ട്ട്. യാത്രയില്‍ മാത്രമല്ല, ജീവിതത്തിലും.'' പിന്നെയും ചിരി.
പേര് സദാനന്ദ ഭാരതി. നാട് ഉജ്ജയിനി. ഇപ്പോള്‍ ഗുജറാത്തിലെ ദ്വാരകയില്‍ തൊഴുതു വരികയാണ്. കൈയില്‍ ഒരു ചെറിയ ഭാണ്ഡം. ഒരു ഊന്നു വടി. ചോറ്റുപാത്രം. തീര്‍ന്നു!
''വലിയ ഒരുക്കങ്ങള്‍ നടത്തിയാലും ഇവിടെ ലക്ഷ്യത്തിലെത്തണമെന്നില്ല.നോക്കൂ. കരുത്തന്മാരായി പുറമേ തോന്നുന്ന ഈ മലകളില്ലേ? ഒരു മഴ പെയ്താല്‍ ഇടിഞ്ഞു വീഴാം. കാണാന്‍ നേരമായാല്‍ ഭഗവാന്‍ വിളിക്കും..'' സുഖസൗകര്യങ്ങള്‍ നിറഞ്ഞ മറ്റു തീര്‍ഥസ്ഥാനങ്ങല്‍ പോലെയല്ല ചതുര്‍ധാം. അപകടങ്ങളും ബുദ്ധിമുട്ടുകളും കടന്നു വേണം യാത്ര. സുരക്ഷിതമെന്ന് പറയാനും വയ്യ. ചതുര്‍ധാം യാത്രാപഥത്തില്‍ പലയിടത്തും കാണാം ഇങ്ങിനെയൊരു ബോര്‍ഡ്. 'ഇവിടെ വണ്ടി നിര്‍ത്തരുത്. മല ഇടിയാന്‍ സാധ്യത.' ഇടയ്ക്കുള്ള നഗര കവാടങ്ങളിലെ ചെക് പോസ്റ്റുകള്‍ രാത്രി ഒമ്പതിന് അടയ്ക്കും. മലയിടിച്ചിലിനുള്ള സാധ്യത കണക്കിലെടുത്താണിത്.
കാല്‍നടപ്പാതയിലുടെയാണ് കേദാര്‍നാഥ് വരെ യാത്ര. അരികിലായി മന്ദാകിനി ഉണ്ട്. കല്‍ക്കുനകളില്‍ തട്ടിച്ചിതറിയും പതഞ്ഞൊഴുകിയും. നദി എത്തുന്നത് കേദാര്‍നാഥ് മലനിരകളില്‍ നിന്നാണ്.
സദാനന്ദഭാരതി പല തവണ കേദാര്‍നാഥില്‍ വന്നിട്ടുണ്ട്. ഋതുഭേദങ്ങള്‍ക്കൊപ്പം ഹിമാലയവും മാറുന്നു. മനുഷ്യര്‍ ഉടയാടകള്‍ മാറി മാറി അണിയും പോലെ. ഋഷികേശില്‍ നിന്ന് കേദാര്‍നാഥിലേക്കുള്ള 221 കിലോമീറ്റര്‍ യാത്ര അനുഭൂതിയാവുന്നത് അതുകൊണ്ടാണ്. കേദാര്‍നാഥ് മാത്രമല്ല, ആകെ ചതുര്‍ധാം യാത്രയും അങ്ങനെത്തന്നെ.
ഒരിക്കല്‍ വന്നാല്‍ ഹിമാലയം പിന്നെയും മാടി വിളിക്കും. അങ്ങിനെ പതിവുകാര്‍ ഒരുപാടുണ്ട്. പ്രകൃതിയുടെ വേഷപ്പകര്‍ച്ചകള്‍ തേടി കാടുകളില്‍ അലയുന്ന ഫോട്ടോഗ്രാഫര്‍മാരുമുണ്ട്.
കേദാര്‍നാഥിലേക്കുള്ള വഴിയില്‍ രാംബാറയിലും ഗരുഡഛട്ടിയിലും അല്‍പ്പം വിശ്രമിക്കാം. ചെറിയ ഇടത്താവളങ്ങള്‍. വെട്ടിയെടുത്ത കല്‍പ്പാളികള്‍ കൊണ്ടു മേല്‍ക്കൂര തീര്‍ത്ത ചെറിയ കടകള്‍. ധാബകള്‍. ഇടുങ്ങിയ നിരത്തിലേക്കു ചാഞ്ഞുനില്‍ക്കുന്ന മേലാപ്പുകള്‍ക്കു താഴെ ഭക്ഷണം റെഡിയാണ്. കോളിഫ്‌ളവറും ഉള്ളിയും ചേര്‍ത്ത കറിയും ചപ്പാത്തിയും. നടത്തത്തിന്റെ ക്ഷീണത്തില്‍ വിശപ്പു കത്തുന്നു. നല്ല രുചി.
''മന് മേ ദേഖോ
ശിവ് കീ ജ്വാലാ
ദര്‍ദ് കിതറ് ഹേ
ഈശ്വര് കീ ലീലാ..''
(മനസ്സിലേക്കു നോക്കുക, ശിവന്റെ തേജസ്സ.് എവിടെയാണ് വേദന? എല്ലാം ഭഗവാന്റെ ലീല). കണ്ണുകള്‍ പാതിയടച്ച് ഒരു ഗായകന്‍ ഉറക്കെ പാടുകയാണ്. പിന്നാലെ ഒരു ഭജനസംഘം. ഡോലക്കില്‍ ഭസ്മം പൂശിയ കൈകളുടെ നൃത്തം.
നേരം ഇരുട്ടിയിരിക്കുന്നു. ഗരുഡ് ഛട്ടിയില്‍ നിന്നു നോക്കിയാല്‍ കേദാര്‍നാഥ് അല്‍പ്പം അകലെ കാണാം. 500 മീറ്റര്‍. മുനിഞ്ഞു കത്തുന്ന ദീപങ്ങളും ഉയര്‍ന്നു നില്‍ക്കുന്ന ഗോപുരവും താഴെയുള്ള തെരുവും മഞ്ഞിലൂടെ ഒരു പുക പോലെ..
സന്ധ്യക്കു മുന്നേ കേദാറില്‍ എത്തണം. അതാണ് താമസത്തിനും മറ്റും സൗകര്യം. ക്ഷേത്രത്തില്‍ ആരതി കഴിഞ്ഞാല്‍ എല്ലാവരും ഉറക്കത്തിനു വട്ടം കൂട്ടും.
പഞ്ചാബ് സിന്ധ് ആവാസ് യോജനയിലെ മുറിയില്‍ രജോയിക്കടിയിലേക്ക് സ്വെറ്ററും ജാക്കറ്റുമിട്ട് നൂണ്ടു കയറുമ്പോഴേക്കും ഉറക്കം ഓടിവന്നുകഴിഞ്ഞു.
* *
മണിമുഴക്കങ്ങള്‍ കേട്ടാണ് ഉണര്‍ന്നത്. ചൂടുവെള്ളത്തില്‍ കുളി കഴിഞ്ഞ് പുറത്തെത്തിയപ്പോള്‍ തണുപ്പ് ശ്വാസക്കാറ്റില്‍ പോലും വന്നു പൊതിഞ്ഞു. തെളിഞ്ഞ നീലാകാശത്തില്‍ ബാലസൂര്യന്റെ കിരണങ്ങള്‍ പരന്നു തുടങ്ങിയതേയുള്ളൂ. ക്ഷേത്രത്തിന്റെ തിളങ്ങുന്ന പൊന്‍താഴിക്കുടത്തിനു താഴെ ഭക്തരുടെ ഒഴുക്ക് തുടങ്ങിക്കഴിഞ്ഞു.
പാണ്ഡവരാണ് കേദാര്‍നാഥില്‍ ക്ഷേത്രം പണിതത് എന്നാണ് ഐതിഹ്യം. ചതുര്‍മഠങ്ങള്‍ സ്ഥാപിച്ച ശേഷം ഇവിടെ എത്തിയ ശങ്കരാചാര്യര്‍ ആ സ്ഥാനത്ത് പുതിയ ക്ഷേത്രം നിര്‍മ്മിച്ചു. മുപ്പത്തിരണ്ടാം വയസ്സില്‍ ശങ്കരന്‍ ഇവിടെ വെച്ചാണ് സമാധിയായത്. ക്ഷേത്രത്തിനരികില്‍ സമാധി സ്മരണക്കായി ഒരു വെണ്ണക്കല്‍ ഭിത്തിയുണ്ട്.
ക്ഷേത്രത്തിനു പഴക്കം 1000 വര്‍ഷമുണ്ടെന്ന് കണക്കാക്കുന്നു. ചാരനിറമുള്ള വലിയ കല്‍പ്പാളികളില്‍ പണി തീര്‍ന്ന ക്ഷേത്രത്തിന്റെ ഗര്‍ഭഗൃഹത്തില്‍ ദേവീദേവന്മാരുടെ ശില്‍പ്പങ്ങളുമുണ്ട്. ഭക്തര്‍ക്ക് ക്ഷേത്രത്തില്‍ നേരിട്ട് പൂജിക്കാം. പുഷ്പാര്‍ച്ചന ചെയ്യാം. ഗംഗോത്രിയില്‍ നിന്നു കൊണ്ടുവന്ന ജലകലശങ്ങള്‍ അഭിഷേകം ചെയ്യാം.
ഉള്ളില്‍ കണ്ണീരണിഞ്ഞ പ്രാര്‍ഥനകളുടെ മുഴക്കമാണ്. ഒരു പാട് നേര്‍ച്ചകളുമായി ദേശങ്ങള്‍ താണ്ടി എത്തിയവരുടെ മനമുരുകുന്ന പരിദേവ
നങ്ങള്‍ സങ്കടങ്ങളുടെ മറ്റൊരു മഹാനദിയായി.
sanghasamudra
No comments:
Post a Comment