Monday, May 28, 2018

ഭാരതത്തിന്റെ അന്തരിക്ഷം ശാന്തിക്കു പറ്റിയതാണ്: യവനരുടെ പ്രകൃതി ശക്തിയുടെ തുടര്‍ച്ചയായ ആവിഷ്‌കാരത്തിനും. ഗംഭീരമായ ധ്യാനമാണ് ഒരു കൂട്ടരുടെ സ്വഭാവം: അടക്കാനാവാത്ത കര്‍മ്മകുശലത മറ്റേ കൂട്ടരുടെയും . ഒരു കൂട്ടരുടെ മൂലമന്ത്രം ത്യാഗമാണ്: മറ്റേ കൂട്ടരുടേതു ഭോഗവും. ഒരു കൂട്ടരുടെ വ്യാപാരങ്ങളെല്ലാം അന്തര്‍മുഖമാണ്: മറ്റവരുടേത് ബഹിര്‍മുഖവും. ഒരു കൂട്ടരുടെ ഏതാണ്ടെല്ലാ അറിവും ആത്മാവിനെക്കുറിച്ചുള്ളതാണ്: മറ്റവരുടേതു ബാഹ്യവസ്തുക്കളെക്കുറിച്ചുള്ളതും. ഒരു കൂട്ടര്‍ക്കു മുക്തി: മറ്റവര്‍ക്കു രാഷ്ട്രീയസ്വാതന്ത്ര്യം. ഒരു കൂട്ടര്‍ക്ക് ഐഹികാഭ്യുദയത്തില്‍ ശ്രദ്ധയില്ല: മറ്റവര്‍ ലോകത്തെത്തന്നെ സ്വര്‍ഗ്ഗമായി മാറ്റാന്‍ എല്ലു നുറുങ്ങി പണിചെയ്യുകയാണ്. ഒരു കൂട്ടര്‍ നിത്യാനന്ദം കൊതിച്ച്, ക്ഷണികമായ ഐഹികസുഖങ്ങള്‍ വകവെയ്ക്കുന്നേ ഇല്ല: മറ്റവര്‍ നിത്യാനന്ദത്തില്‍ സന്ദേഹിച്ചോ, അതു വിദൂരമെന്നു കരുതിയോ, ഏറ്റവുമധികം ഐഹികസുഖങ്ങള്‍ കൈയ്ക്കലാക്കാന്‍ സര്‍വശക്തികളും ഉപയോഗിക്കുന്നു.
ഈ യുഗത്തില്‍ ഈ രണ്ടു വര്‍ഗ്ഗത്തില്‍പ്പെട്ട മനുഷ്യരും നാമാവശേഷരായിരിക്കയാണ്. അവരുടെ ശരീരങ്ങളിലും മനസ്സുകളിലും നിന്നുടലെടുത്ത അവരുടെ സന്താനങ്ങളും അവരുടെ പ്രവൃത്തികളും ആശയങ്ങളും മാത്രമാണ് നിലനിന്നുവരുന്നത്.
യൂറോപ്പും അമേരിക്കയും പുരോഗമിച്ചുകഴിഞ്ഞ യവനസന്താനങ്ങളാണ്: അവര്‍ സ്വപൂര്‍വികന്മാര്‍ക്കു മഹനീയത ആര്‍ജ്ജിച്ചു കൊണ്ടിരിക്കയുമാണ്. ഇന്നത്തെ ഭാരതനിവാസികളാകട്ടെ, പ്രാചീനരായ ആര്യന്മാര്‍ക്കു മഹനീയത നേടിക്കൊടുക്കുന്നവരല്ലതന്നെ. പക്ഷേ, ചാരത്തിന്നടിയില്‍ നീറിക്കിടക്കുന്ന തീപോലെ ഇന്നത്തെ ഭാരതീയരില്‍ ഇന്നും പൂര്‍വികരുടേതായ അഗ്‌നി അന്തര്‍ലീനമായുണ്ട്. സര്‍വശക്തന്റെ കൃപകൊണ്ട് യഥാവസരം അതു നിശ്ചയമായും വെളിപ്പെടും...swami vivekanandan

No comments: