യാഗാഗ്‌നി മനുഷ്യനെ വലയം ചെയ്യുന്ന പാപപഞ്ജരത്തെ ദഹിപ്പിക്കുന്നു. അപ്പോള്‍ ജ്ഞാനം നിര്‍മ്മലമാകുന്നു. നിര്‍വ്വാണം നേരിട്ടു കിട്ടുകയും ചെയ്യുന്നു. യോഗം ജ്ഞാനത്തെ ജനിപ്പിക്കുന്നു. ജ്ഞാനം യോഗത്തെ സഹായിക്കുകയും ചെയ്യുന്നു. യോഗം, ജ്ഞാനം എന്നീ രണ്ടും ഏവനില്‍ ചേര്‍ന്നിണങ്ങുന്നുവോ അവനില്‍ ഈശ്വരന്‍ പ്രസാദിക്കുന്നു. ദിവസം ഒന്നോ രണ്ടോ മൂന്നോ പ്രാവശ്യമോ എല്ലായ്‌പ്പോഴുമോ മഹായോഗം അഭ്യസിക്കുന്നവരെ ദേവന്മാരെന്നു കരുതണം. യോഗത്തിനു രണ്ടു വിഭാഗമുണ്ട്. ഒന്നിനെ അഭാവയോഗമെന്നും മറ്റതിനെ മഹായോഗമെന്നും പറയുന്നു. തന്റെ ആത്മാവിനെ ശൂന്യവും നിര്‍ഗുണവുമായി ധ്യാനിക്കുന്നത് അഭാവയോഗം. ആത്മാവിനെ പരമാനന്ദപൂര്‍ണ്ണവും നിരഞ്ജനവും ഈശ്വരാഭിന്നവുമായി ധ്യാനിക്കുന്നതു മഹായോഗവും. ഇതില്‍ ഏതുകൊണ്ടും യോഗി സ്വാത്മാവിനെ സാക്ഷാത്കരിക്കുന്നു. നാം പഠിച്ചതോ കേട്ടതോ ആയ മറ്റേതു യോഗവും അത്യുത്തമമായ മഹായോഗത്തിനോടൊപ്പം ഗണിക്കാനാവില്ല. മഹായോഗത്തില്‍ താനും ജഗത്തും ഈശ്വരന്‍ തന്നെയെന്നു യോഗി കാണുന്നു. ഇതാണു യോഗങ്ങളിലെല്ലാം അത്യുത്തമം.
രാജയോഗാംഗങ്ങള്‍ യമ - നിയമ - ആസന - പ്രാണായാമ -പ്രത്യാഹാര - ധാരണാ - ധ്യാന-സമാധികളാണ്. ഇവയില്‍ യമമെന്നു പറയുന്നത് അഹിംസ, സത്യം, അസ്‌തേയം, ബ്രഹ്മചര്യം, അപരിഗ്രഹം എന്നിവയാണ്. ഇതു ചിത്തശുദ്ധികരമാണ്. മനസാവാചാകര്‍മ്മണാ ഒരു പ്രാണിക്കും ഒരു വേദനയും ഒരിക്കലും ഉണ്ടാക്കാതിരിക്കുകയാണ് അഹിംസ. അഹിംസയെക്കവിഞ്ഞൊരു ധര്‍മ്മമില്ല. സര്‍വ്വഭൂതങ്ങളോടുമുള്ള അഹിംസാഭാവത്തില്‍നിന്നുണ്ടാകുന്ന സുഖത്തിനുമേലേ ഒരു സുഖവുമില്ല. സത്യംകൊണ്ടു കര്‍മ്മഫലം നേടുന്നു. സത്യംകൊണ്ടു സര്‍വ്വവും സിദ്ധിക്കുന്നു. സത്യത്തില്‍ സര്‍വ്വവും പ്രതിഷ്ഠിതമായിരിക്കുന്നു. ഉള്ളത് ഉള്ളവണ്ണം പറയുന്നതാണു സത്യം. കളവായോ ബലമായോ പരസ്വം അപഹരിക്കാതിരിക്കുന്നതാണ് അസ്‌തേയം. വിചാരത്തിലും വാക്കിലും പ്രവൃത്തിയിലും സര്‍വ്വകാലത്തും സര്‍വ്വാവസ്ഥയിലും മൈഥുനത്യാഗമാണു ബ്രഹ്മചര്യം. അത്യന്തകഷ്ടാവസ്ഥയില്‍ പെട്ടിരിക്കുമ്പോള്‍പ്പോലും ആരുടെ പക്കല്‍ നിന്നും യാതൊരു ദാനവും സ്വീകരിക്കാതിരിക്കുന്നതാണ് അപരിഗ്രഹം. കാര്യം ഇതാണ്; ഒരു ദാനം സ്വീകരിച്ചാല്‍ ഹൃദയം മലിനമായിത്തീരുന്നു, അയാള്‍ ഹീനനായിപ്പോകുന്നു. സ്വാതന്ത്ര്യഹീനനാകുന്നു, ബദ്ധനും സക്തനുമായിത്തീരുന്നു.
ഇനി നിയമം. ഇതു യോഗസിദ്ധിക്കു സഹായമാകുന്നു. നിയമമെന്നുവെച്ചാല്‍ നിത്യാചാരവും നിഷ്ഠയുമാണ്. തപസ്സ്, സ്വാധ്യായം, സന്തോഷം, ശൗചം, ഈശ്വരപ്രണിധാനം എന്നിവയാണു നിയമം. ഉപവാസാദികളാല്‍ ശരീരത്തെ വശത്താക്കുന്നതു കായികതപസ്സ്. വേദാദിമന്ത്രജപമത്രേ സ്വാധ്യായം. അതു ശരീരത്തിലുള്ള സത്ത്വാംശത്തെ ശുദ്ധീകരിക്കുന്നു. ജപം മൂന്നു വിധം; വാചികം, ഉപാഠംശു, മാനസം. വാചികം അല്ലെങ്കില്‍ ശ്രാവ്യം, അധമമാണ്. ശ്രാവ്യമല്ലാത്തത് ഉത്തമം. ഉറക്കെ ഉച്ചരിക്കുന്നതാണു വാചികം. ഉപാഠംശുവില്‍ ചുണ്ടുകള്‍ അനങ്ങുന്നതേയുള്ളു. ശബ്ദം കേള്‍ക്കില്ല. ശ്രാവ്യമല്ലാതെ അര്‍ത്ഥചിന്തനത്തോടുകൂടി ചെയ്യുന്നതു മാനസജപമാണ്, അത് അത്യുത്തമവുമാണ്. രണ്ടുതരം ശൗചമുണ്ടെന്നു ഋഷികള്‍ പറയുന്നു; ബാഹ്യവും ആഭ്യന്തരവും. വെള്ളം മുതലായവ ഉപയോഗിച്ചു കുളിക്കുകയോ മറ്റോ ചെയ്തു ശരീരശുദ്ധി വരുത്തുന്നതു ബാഹ്യശൗചം. സത്യാദിസര്‍വ്വഗുണങ്ങളാലും മനഃശുദ്ധിയുണ്ടാക്കുന്നത് ആഭ്യന്തരശൗചം. രണ്ടും ആവശ്യമാണ്. അകമേ ശുചിയായിട്ട്, പുറമേ അശുചിയായിരുന്നാല്‍ പോരാ. രണ്ടും കൂടി സാദ്ധ്യമല്ലെങ്കില്‍ അന്തഃശൗചമാണ് ആദ്യം വേണ്ടത്. എന്നാല്‍ രണ്ടും കൂടാതെ യോഗിയാകുവാന്‍ കഴിയുകയില്ല. ഈശ്വരപൂജ (ഈശ്വര പ്രണിധാനം) സ്തുതി, മനനം, ഭക്തി ഇവ കൊണ്ടാണു വേണ്ടത്.
(വിവേകാനന്ദ സാഹിത്യ
സര്‍വ്വസ്വത്തില്‍ നിന്ന്
No comments:
Post a Comment