ഛാന്ദോഗ്യോപനിഷദ് -38
സത്ത് എങ്ങനെ പലതായി മാറി എന്നതിനെ തുടര്‍ന്നു വിശദീകരിക്കുന്നു.
തേഷാം ഖല്വേഷാംഭൂതാനാം ത്രീണിഏവ ബീജാനി ഭവത്യാണ്ഡജം ജീവജമുദ്ഭിജ്ജമിതി
ഈ ഭൂതങ്ങള്‍ക്ക് അണ്ഡജം, ജീവജം, ഉദ്ഭിജം എന്ന് മൂന്നു ബീജങ്ങളേയുള്ളൂ. പക്ഷി മൃഗാദികളേയും വൃക്ഷലതാദികളേയുമാണ് ഇവിടെ പറഞ്ഞത്. മുട്ട വിരിഞ്ഞു ഉണ്ടാകുന്നവയെ അണ്ഡജം എന്നും പ്രസവിക്കുന്നവയെ ജീവജം എന്നും ഭൂമിയില്‍ നിന്ന് പൊട്ടിമുളച്ച് ഉണ്ടാകുന്നവയെ ഉദ്ഭിജം എന്നും പറയുന്നു. പക്ഷികളും പാമ്പ് മുതലായവയുമാണ് അണ്ഡജങ്ങള്‍. അണ്ഡമല്ല അണ്ഡജമാണ് ബീജം. ജീവനില്‍ നിന്നു ജനിച്ചതിനെ, ഗര്‍ഭത്തില്‍ നിന്നും ഉണ്ടായതിനെയാണ് ജീവജം എന്ന് പറയുന്നത്. ജരായു എന്ന ഗര്‍ഭപാത്രത്തില്‍ നിന്നും പുറത്ത് വരുന്നതിനാല്‍ ജരായുജം എന്നും പേരുണ്ട്. മനുഷ്യന്‍, മൃഗങ്ങള്‍ എന്നിവ ഇതില്‍ പെടും. ഭൂമി പിളര്‍ന്നു പുറത്ത് വരുന്ന വൃക്ഷ, സസ്യ ലതാദികള്‍ ഉദ്ഭിജത്തില്‍ പെടും. വിയര്‍പ്പില്‍ നിന്നും മറ്റും ഉണ്ടാകുന്ന സ്വേദജം എന്ന നാലാമത് ഒരു വിഭാഗം ഉണ്ടെങ്കിലും ഇവയെ അണ്ഡജങ്ങളില്‍ ഉള്‍പ്പെടുത്താം. ചിതല്‍ മുതലായവയ്ക്ക് ഉദ്ഭിജത്തിലാണ് സ്ഥാനം.
സേയം ദേവതൈക്ഷത, ഹന്താഹമിമാസ്തിസ്രോ ദേവതാ അനേന ജീവേനാത്മാനാനുപ്രവിശ്യ നാമരൂപേ വ്യാകരവാണീതി
ആ ദേവത വീണ്ടും സങ്കല്‍പ്പിച്ചു. ശരി, ഞാന്‍ ഈ മൂന്ന് ദേവതകളില്‍ ജീവാത്മനാ അനുപ്രവേശിച്ച് നാമരൂപങ്ങളെ സ്പഷ്ടമാക്കിത്തീര്‍ക്കാം എന്ന്. താന്‍ തന്നെ ഓരോന്നിലും ജീവാത്മാവായി പ്രവേശിക്കാമെന്ന് ആ ദേവത തീരുമാനിച്ചു. തേജസ്സ് മുതലായവയില്‍ പ്രതിഫലിക്കുന്ന ആത്മചൈതന്യത്തെയാണ് ജീവാത്മാവെന്നു പറയുന്നത്. ബിംബമായ പരമാത്മാവും പ്രതിബിംബമായ ജീവാത്മാവും തമ്മില്‍ വ്യത്യാസമില്ലെന്ന് ഇവിടെ സൂചിപ്പിക്കുന്നു.
താസാം ത്രിവൃതം ത്രിവൃതമേകൈകാം കരവാണീതി സേയം ദേവതേമാസ്തിസ്രോ ദേവതാഅനേനൈവ ജീവേനാത്മനാനു പ്രവിശ്യ നാമരൂപേ വ്യാകരോത്
അവയില്‍ ഓരോന്നിനെയും മൂന്നാക്കി തിരിക്കാം എന്നു സങ്കല്‍പിച്ച് ആ ദേവത ഇവയില്‍ ജീവാത്മനാ അനുപ്രവേശിച്ച് നാമരൂപങ്ങളെ വ്യാകൃതങ്ങളാക്കി.
സൃഷ്ടിക്ക് ആധാരഭൂതങ്ങളായ അഗ്‌നി, അപ്പ്, പൃഥ്വി എന്ന മൂന്ന് സൂക്ഷ്മ ഭൂതങ്ങളെ ത്രിവൃത്കരണം കൊണ്ടു ആദ്യം സ്ഥൂലങ്ങളാക്കി. ഓരോ ഭൂതത്തെയും രണ്ടായി തിരിച്ച് അതില്‍ ഒരു പകുതിയേ വീണ്ടും രണ്ടാക്കി മറ്റ് രണ്ട് ഭൂതങ്ങളോട് ചേര്‍ക്കുന്നതിനെയാണ് ത്രിവൃത്കരണം എന്ന് പറയുന്നത്. ഇതിലൂടെ ഓരോന്നിനും അതിന്റെ ഒരു പകുതിയും മറ്റ് രണ്ടിന്റെയും കാല്‍ ഭാഗം വീതവും കിട്ടും. (പഞ്ചീകരണത്തില്‍ അഞ്ച് ഭൂതങ്ങള്‍ പരസ്പരം കൂടി ചേരുന്നത് പോലെയാണിത്.) അവയില്‍ പിന്നീട് ജീവാത്മാവായി പ്രവേശിക്കുമ്പോള്‍ വിവിധ നാമരൂപങ്ങളായിത്തീരുന്നു.
താസാം ത്രിവൃതം ത്രിവൃതമേകൈകാമകരോത് യഥാ തു ഖലു സോമ്യേമാസ്തിസ്രോ ദേവതാസ്ത്രിവൃത് ത്രിവൃതദേകൈകാ ഭവതിതന്മേ വിജാനീഹീതി
അത് ഈ മൂന്ന് ദേവതകളില്‍ ഓരോന്നിനെയും മൂന്നു കൂട്ടുള്ളതാക്കി. ഈ ദേവതാ ത്രിവൃത്കരണം എങ്ങനെയെന്നു എന്നില്‍ നിന്ന് അറിയൂ.
യദഗ്‌നേ രോഹിതം രൂപം തേജസസ്തദ്രൂപം, യത്ശുക്ലം തദപാം, യത് കൃഷ്ണം തദന്നസ്യ, അപാഗാദഗ്‌നേരഗ്‌നി ത്വം, വാചാരംഭണം വികാരോ നാമധേയം, ത്രീണിരൂപാണി ഇത്യേവ സത്യം
സ്ഥൂലമായ അഗ്‌നിയില്‍ കാണുന്ന ചുവന്ന രൂപം സൂക്ഷ്മമായ തേജസ്സിന്റേതാണ്. വെളുത്ത രൂപം അപ്പിന്റെയും കറുത്ത രൂപം അന്നത്തിന്റെയുമാണ്. അങ്ങനെ അഗ്‌നിയുടെ അഗ്‌നി എന്ന ഭാവം പോയി. വികാരം എന്നത് വാക്കിനെ ആശ്രയിച്ചുള്ള നാമധേയം മാത്രമാണ്. മൂന്ന് രൂപങ്ങള്‍ എന്നത് മാത്രമാണ് സത്യം.
അടുത്ത മൂന്ന് മന്ത്രങ്ങളും ഏകദേശം ഇതുപോലെത്തന്നെയാണ്.
ആദിത്യനിലെ ചുവന്ന രൂപം തേജസ്, വെളുത്ത രൂപം അപ്പ്, കറുപ്പ് രൂപം അന്നം. അങ്ങനെ ആദിത്യനില്‍ നിന്ന് ആദിത്യനെന്ന ഭാവം ഇല്ലാതാകുന്നു. ചന്ദ്രനിലെ ചുവന്ന രൂപം തേജസ്, വെളുത്ത രൂപം അപ്പ്, കറുത്ത രൂപം അന്നം. അങ്ങനെ ചന്ദ്രനിലെ ചന്ദ്രനെന്ന ഭാവം ഇല്ലാതായി. ഇടിമിന്നലിലെ ചുവന്ന രൂപം തേജസ്, വെളുത്ത രൂപം അപ്പ്, കറുത്ത രൂപം അന്നം.
അങ്ങനെ മിന്നലിലെ വിദ്യുത്ത് എന്ന ഭാവം ഇല്ലാതായി. വികാരം വാക്കിനെ ആശ്രയിച്ചാണ്. മൂന്ന് രൂപം മാത്രം സത്യം.
ഈ ത്രിവൃത്കരണത്തെ അറിഞ്ഞ പണ്ടത്തെ ഗൃഹസ്ഥ ശ്രോത്രിയന്മാര്‍ ഇങ്ങനെ പറഞ്ഞിട്ടുണ്ട്. ഞങ്ങളുടെ വംശത്തില്‍ ഇപ്പോള്‍ ആരും തന്നെ കേള്‍ക്കാത്തതിനെയോ മനനം ചെയ്യാത്തതിനെയോ അറിയാത്തതിനെയോ പറ്റി പറയില്ല. ഈ രൂപങ്ങളെക്കുറിച്ച് അവര്‍ എല്ലാം അറിഞ്ഞിട്ടുണ്ട്.
പദാര്‍ത്ഥങ്ങളില്‍ ഉള്ള ചുവന്ന നിറം തേജസ്സിന്റെയും വെളുപ്പ് അപ്പിന്റെയും കറുപ്പ് അന്നത്തിന്റെയും രൂപമാണ് എന്ന് അവര്‍ അറിഞ്ഞു.
അവര്‍ക്ക് അറിയപ്പെടാത്തതു പോലെ തോന്നിയതും ഈ മൂന്ന് ദേവതകളുടെ സമുദായമാണ് എന്ന് അവര്‍ മനസ്സിലാക്കി. ഇനി ഈ ദേവതകള്‍ പുരുഷനെ പ്രാപിച്ച് എങ്ങനെ മൂന്ന് വീതം അംശങ്ങളായിത്തീരുന്നുവെന്നു എന്നില്‍ നിന്ന് അറിയൂ.
സ്വാമി അഭയാനന്ദ
No comments:
Post a Comment