Friday, May 25, 2018

ഛന്ദോഗ്യോപനിഷദ് - 35
അഞ്ചാമത്തെ ചോദ്യത്തിനുള്ള ഉത്തരമാണ് ആദ്യം. അഞ്ചാമത്തെ ആഹുതിയില്‍ അപ്പുകള്‍ക്ക്  പുരുഷന്‍ എന്ന പേര് എങ്ങനെ ഉണ്ടായി എന്നതിന്റെ ഉത്തരം പറയുന്നു.
ആദ്യം ദ്യുലോകം അഗ്നി രണ്ടാമത് വൃഷ്ടി ദേവതയും, മൂന്നാമത് ഭൂമിയും, നാലാമത് പുരുഷനും, അഞ്ചാമത് സ്ത്രീയുമാണ് അഗ്‌നികള്‍. അഞ്ചാം അഗ്‌നിയില്‍ ദേവന്മാര്‍ രേതസ്സിനെ ഹോമിക്കുമ്പോള്‍ ഗര്‍ഭം ഉണ്ടാകും. രേതോരൂപമായ അപ്പുകള്‍ ആണ് ഗര്‍ഭമായിത്തീരുന്നത്. ഇങ്ങനെ അഞ്ചാമത്തെ ആഹുതിയില്‍ അപ്പുകള്‍ പുരുഷന്‍ എന്ന പേരോടു കൂടിയാകുന്നു. ഭൂതങ്ങളില്‍ അപ്പുകളിലാണ് ആഹുതിസംബന്ധം. സ്ത്രീയാകുന്ന അഗ്‌നിയില്‍ ഹോമിക്കുന്ന അഞ്ചാം ആഹുതിയില്‍ രേതസ്സാകുന്ന അപ്പുകള്‍ ഗര്‍ഭമായിത്തീരുന്നു.
ജനങ്ങള്‍ മരണശേഷം ഈ ലോകത്തില്‍ നിന്ന് മുകളില്‍ എവിടേയ്ക്ക് പോകുന്നു എന്നതിന്റെ ഉത്തരമാണ് ഇനി. നേരത്തെ പറഞ്ഞ പഞ്ചാഗ്നി ദര്‍ശനനത്തെ അറിയുന്ന ഗൃഹസ്ഥരും കാട്ടില്‍ ശ്രദ്ധയോടെ തപസ്സു ചെയ്യുന്ന വാനപ്രസ്ഥരും നിത്യ ബ്രഹ്മചാരികളും ഹിരണ്യഗര്‍ഭ ഉപാസകരും അര്‍ച്ചിരാദി മാര്‍ഗേണ ബ്രഹ്മലോകത്തില്‍ എത്തിച്ചേരുന്നു. ഇതിനെ ദേവയാനം എന്ന് പറയുന്നു. വഴിയിലെല്ലാം ദേവന്മാരുണ്ട് അതിനാല്‍ ദേവയാനം. ഈ കല്‍പത്തില്‍ അവര്‍ക്ക്   പുനരാവൃത്തിയില്ല.
ദേവയാനവും പിതൃയാനവും തമ്മില്‍ വേര്‍തിരിക്കുന്ന ഇടമേത് എന്ന ചോദ്യത്തിനു ഉത്തരം പറയുന്നു. ജ്ഞാനമില്ലാത്ത ഗൃഹസ്ഥര്‍ അര്‍ചിരാദി മാര്‍ഗ്ഗത്തിലൂടെ പോകുന്നില്ല. അവര്‍ക്കുള്ളത് ധൂമ മാര്‍ഗ്ഗമാണ്. ദക്ഷിണായത്തില്‍ എത്തിയാലും സംവത്സരത്തില്‍ പ്രവേശിക്കാനാകാതെ പിതൃലോകം വഴി ചന്ദ്രലോകത്തേയ്ക്ക് പോകുന്നു. ഇതാണ് വേര്‍തിരിവ്.
ഇഷ്ടാപൂര്‍ത്തങ്ങളായ കര്‍മ്മങ്ങളുടെ ഫലം തീര്‍ന്നാല്‍ ചന്ദ്രമണ്ഡലത്തില്‍ നിന്നും ഭൂമിയില്‍ വരണം. മറ്റ് കര്‍മഫലം ബാക്കി നില്‍ക്കും . ഇത് വിവിധ യോനികളില്‍ ജനിക്കാന്‍ കാരണമാകും. മോക്ഷത്തിനു അര്‍ഹരാകും വരെ ഈ പോക്കുവരവ് തുടര്‍ന്നുകൊണ്ടിരിക്കും.
പിതൃയാനത്തിലൂടെയും ദേവയാനത്തിലൂടെയും പോകാത്തവര്‍ വീണ്ടും വീണ്ടും മടങ്ങി വരുന്നു. അവ ക്ഷുദ്ര ജീവികളായ ഈച്ച, കൊതുക്, പുഴു തുടങ്ങിയവയാകുന്നു. ഇതിനെ മൂന്നാംസ്ഥാനമായി പറയുന്നു. ദക്ഷിണ മാര്‍ഗ്ഗത്തിലൂടെ പോകുന്നവരും മടങ്ങി വരുന്നു. അതിനാല്‍ പിതൃലോകം നിറയുന്നില്ല. ഇങ്ങനെ അഞ്ചു ചോദ്യങ്ങള്‍ക്കും  രാജാവ് ഉത്തരം പറഞ്ഞു കൊടുത്തു.
സ്വര്‍ണ്ണം  മോഷ്ടിക്കുന്നവരും മദ്യപാനം ചെയ്യുന്നവരും ഗുരുപത്‌നിയെ പ്രാപിക്കുന്നവരും ബ്രഹ്മഹത്യ ചെയ്തവരും ഇവരോടെല്ലാം ചേര്‍ന്ന്  പ്രവര്‍ത്തിക്കുന്നവരും പതിതരാണ്. പഞ്ചാഗ്നികളെ പറ്റി അറിയുന്നവര്‍ പതിതരോടു ചേര്‍ന്നാലും പാപം ബാധിക്കില്ല.
നേരത്തെ പറഞ്ഞ അഞ്ച് ചോദ്യങ്ങളുടെയും ഉത്തരം ഇങ്ങനെ അറിയുന്നയാള്‍ ശുദ്ധനും പഞ്ചാഗ്നി വിദ്യയാല്‍ പരിശുദ്ധനും പുണ്യങ്ങളായ പ്രാജാപത്യാദിലോകങ്ങളോട് കൂടിയവനുമാകും. മരണശേഷം ആ ലോകങ്ങളെ നേടും. 

No comments: