Saturday, May 26, 2018

ദുഷ്പൂരം കാമം ആശ്രിത്യ
ഒരു സാധാരണ മനുഷ്യന്റെ ആഗ്രഹങ്ങള്‍ക്ക് അവസാനമില്ല. നൂറുകോടി കൊല്ലങ്ങള്‍ നിരന്തരം പ്രവര്‍ത്തിച്ചാലും അവ മുഴുവന്‍ നേടിയെടുക്കാന്‍ കഴിയുകയും ഇല്ല. അതാണ് 'ദുഷ്പൂരം' -എന്ന പദത്തിന്റെ അര്‍ത്ഥം. ആസുരീക സ്വഭാവക്കാരുടെ ആഗ്രഹത്തിന് അതിനെക്കാള്‍ എത്രയോ ഇരട്ടി വ്യാപ്തിയുണ്ട്. അവ നേടിയെടുക്കാന്‍ വേണ്ടി അവര്‍ കണ്ടെത്തുന്ന ഉപായങ്ങള്‍ പലതരത്തിലാണ്. ദംഭം, മാനം, മദം ഈ മൂന്നു മനോഭാവങ്ങള്‍ അവര്‍ പ്രകടിപ്പിക്കും.
ദംഭം-വേദാദി ശാസ്ത്രങ്ങളെയും ധാര്‍മ്മികാചാരങ്ങളെയും പൊതുവേദിയില്‍ കത്തിച്ചു കളയാനും അനുഷ്ഠിക്കാതിരിക്കാനും ആഹ്വാനം ചെയ്തിരുന്ന കാര്യം അവര്‍ ഒളിപ്പിച്ചുവെക്കും. ഞാന്‍ ധര്‍മ്മനിഷ്ഠന്‍  ആണെന്ന് ദംഭം-പ്രകടിപ്പിക്കും.
മാനം-ദുഷ്ടദേവതകളെ-പൂജിച്ച് ഞാനും ഭക്തനാണ്. എന്നെ ആദരിക്കേണ്ടതാണ് എന്ന് ഭാവിക്കും.
മദം- എനിക്ക് ഉന്നതവിദ്യാഭ്യാസമുണ്ട്. ഐശ്വര്യമുണ്ട്, അധികാരമുണ്ട് എന്ന വികാരവും പ്രകടിപ്പിച്ച് ആളുകളെ വശത്താക്കും.
മോഹാല്‍-ശരിയായ ജ്ഞാനം ഒന്നിനെക്കുറിച്ചും  ഇല്ലാത്തതുകൊണ്ടാണ് ഇങ്ങനെ ചെയ്യുന്നത്.
അസദ്ഗ്രാഹാന്‍ ഗൃഹീത്വാ-(16-10)
തെറ്റും, ദുഃഖപൂര്‍ണവും മറ്റുള്ളവര്‍ക്കു ദ്രോഹമുണ്ടാക്കുന്നതുമായ കാര്യങ്ങള്‍ മാത്രമേ അവര്‍ സ്വീകരിക്കുകയുള്ളൂ. അവര്‍ ഇങ്ങനെയാണ് തീരുമാനിക്കുന്നത്.
''ഈ മന്ത്രം ജപിച്ച്, ഈ ദേവതയെ ഭജിച്ച്, സ്ത്രീകളെ ആകര്‍ഷിച്ച് സ്ത്രീ സുഖം അനുഭവിക്കും.''
''ഈ മന്ത്രം ജപിച്ച്, ഈ ദേവതയെ സേവിച്ച് മാഹാനിധികളെ സമ്പാദിക്കും.''
അശുചിവ്രതാഃ
സ്ത്രീകളെ സ്വാധീനിക്കാനും ധനം സമ്പാദിക്കുവാനുംവേണ്ടി ഏതു മലിന പ്രവൃത്തികളും ചെയ്തുകൊണ്ടേയിരിക്കും- രാത്രി ശ്മശാനത്തില്‍ തന്നെ കിടന്നുറങ്ങും; ഉറക്കമൊഴിച്ച് ഇരിക്കുകയും ചെയ്യും. മദ്യം, മാംസം, മത്സ്യം, മുട്ട മുതലായ താമസഗുണ പൂര്‍ണങ്ങളായ ആഹാരങ്ങള്‍ മാത്രം കഴിച്ച് ദിവസങ്ങളോളം കഴിയും. ആരെങ്കിലും ഇത്തരം ദുഷ്പ്രവൃത്തികള്‍ ചെയ്യരുത് എന്ന് പറഞ്ഞാല്‍ അവരെ ശത്രുവായി കരുതും.
സുഖം അനുഭവിക്കുക മാത്രമാണ് അവരുടെ ലക്ഷ്യം (16-11)
ഇഷ്ടപ്പെട്ട ലൗകിക സുഖങ്ങളെല്ലാം ഒന്നുപോലും അവശേഷിക്കാതെ അനുഭവിക്കുമെന്നത് മാത്രമാണ് ആസുരീക സ്വഭാവികളുടെ പുരുഷാര്‍ത്ഥം. അതിനെക്കാള്‍ ഉത്കൃഷ്ടമായി ഒന്നുമില്ലെന്ന് അവര്‍ നിശ്ചയിച്ചിരിക്കുന്നു. അതിനുള്ള ഉപായങ്ങളും ഉപകരണങ്ങളും ചിന്തിച്ചുകൊണ്ടും പ്രവര്‍ത്തിച്ചുകൊണ്ടും അതു പരാജയപ്പെട്ടാല്‍ പുതിയ  മാര്‍ഗ്ഗങ്ങള്‍ ചിന്തിക്കുകയും പ്രയോഗിക്കുകയും ചെയ്തുകൊണ്ട് അവര്‍ മുന്നോട്ടു തന്നെ പോകും. ഈ ചിന്തയ്ക്ക് അവസാനമില്ല. ധനത്തിനുള്ള ആഗ്രഹം സഫലമായാല്‍ കൃഷി സ്ഥലത്തിനുവേണ്ടിയുള്ള ചിന്ത തുടങ്ങുകയായി.  പിന്നെ ഗൃഹനിര്‍മാണത്തിന്റെ ചിന്തയായി. ഇങ്ങനെ ഈ ചിന്ത മരണകാലത്ത് അവസാനത്തെ ശ്വാസംപോകുന്നതുവരെ  തുടരും. അവരുടെ ആഗ്രഹത്തിനും ചിന്തയ്ക്കും പരിമിതിയില്ല എന്നു താല്‍പര്യം. എല്ലാ ആഗ്രഹങ്ങളും പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞില്ലല്ലോ എന്ന ദുഃഖത്തോടെ മരിക്കുന്നു.
അവര്‍ സമ്പാദിക്കുന്ന ധനത്തിന് 
കണക്കില്ല (16-12)
ആശാ- എന്ന വാക്കിന്റെ അര്‍ത്ഥം- നമ്മുടെ സ്വാധീനതയിലില്ലാത്ത സുഖങ്ങള്‍ വേണമെന്ന അഭിലാഷം എന്നാണ്. ആശകളാകുന്ന പാശങ്ങള്‍-കയറുകള്‍ അല്ലെങ്കില്‍ ചങ്ങലകള്‍-നൂറുകണക്കിന് ആസുരീക ഭാവമുള്ളവരെ കെട്ടിമുറുക്കി തെക്കോട്ടും വടക്കോട്ടും കിഴക്കോട്ടും പടിഞ്ഞാട്ടും വലിച്ചുകൊണ്ടുപോകുന്നു. കുറേ ശൃംഖലകള്‍ തെക്കോട്ടു ധനത്തിനുവേണ്ടി വലിച്ചുകൊണ്ടുപോകുമ്പോള്‍, വേറെ ചങ്ങലകള്‍ ഗൃഹത്തിനുവേണ്ടി വടക്കോട്ടു കൊണ്ടുപോകുന്നു. അതേസമയം തന്നെ കുറേ കയറുകള്‍ സ്ത്രീകള്‍ക്കുവേണ്ടി കിഴക്കോട്ട് കൊണ്ടുപോകുമ്പോള്‍ വ്യവസായത്തിനുവേണ്ടി പടിഞ്ഞാറോട്ടു വലിച്ചുകൊണ്ടുപോകുന്നു. തങ്ങളുടെ ആഗ്രഹത്തിനു തടസ്സം സൃഷ്ടിക്കുന്ന ആളുകളോടും വസ്തുക്കളോടും നിയമവ്യവസ്ഥയോടും ക്രോധം വരുന്നു; അവയെ നശിപ്പിക്കാന്‍ വേണ്ടി ഒരുങ്ങുന്നു. ഇവര്‍ എപ്പോഴും കാമവും ക്രോധവും ആശ്രയിച്ചും നടപ്പിലാക്കിയും ജീവിക്കുന്നു. സ്വന്തം ജീവിതം സുഖം അനുഭവിച്ച്, സന്തോഷപൂര്‍ണ്ണമാക്കാന്‍ വേണ്ടി, ന്യായമല്ലാത്ത വഴിയിലൂടെയല്ലാതെ-കരിഞ്ചന്തയും പൂഴ്ത്തിവെപ്പു നടത്തിയും ആളുകളെ കൊന്നും ബാങ്കുകള്‍ കൊള്ളയടിച്ചും നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചും കോടിക്കണക്കിന് രൂപനേടി. ലോകത്തിലെ ഏല്ലാ ബാങ്കുകളിലും നിക്ഷേപിക്കുന്നു. ഈ ദുഷ്പ്രവൃത്തികള്‍ക്ക് വിധേയരാവുന്ന സാധാരണക്കാരെ വിഷമിപ്പിക്കുകയും ചെയ്യുന്നു...janmabhumi

No comments: