Friday, May 25, 2018

വൈകുണ്ഠത്തില്‍ വൈമാനികര്‍ ഭഗവത് സ്‌തോത്രങ്ങള്‍ ആലപിക്കുന്നതു വൃക്ഷലതാദികളെല്ലാം ആസ്വദിച്ചുനില്‍ക്കുന്നു എന്നു വ്യക്തം. ഇനി പക്ഷിക്കൂട്ടങ്ങളുടെ കാര്യം നോക്കിയാലോ.
''പാരാവതാന്യഭൃതസാരസ ചക്രവാക-
ദാത്യൂഹഹംസ ശുക തിത്തിരി 
ബര്‍ഹിണാം യഃ
കോലാഹലോ വിരമതേളചിരമാത്രമുച്ചൈര്‍-
ഭൃംഗാധിപേ ഹരികഥാമിവ ഗായമാനേ.''
വണ്ടുകളും ഹരികഥളിലാണ്. വണ്ടുകളുടെ നാഥന്‍ ഹരി ഓം, ഹരി ഓം എന്ന് ജപിച്ചുകൊണ്ടിരിക്കുകയാണ്. മാടപ്രാവുകള്‍, കാക്കകള്‍, കുളക്കോഴികള്‍, കോകിലങ്ങള്‍, വേഴാമ്പലുകള്‍, ഹംസങ്ങള്‍, തത്തകള്‍, തിത്തിരിപ്പക്ഷികള്‍ (പുള്ളുകള്‍), മയിലുകള്‍ തുടങ്ങിയവ ഈ ഹരിഓം ജപം ആസ്വദിച്ചു നില്‍ക്കുന്നു.
പക്ഷേ അസൂയയും കുശുമ്പുമില്ലാത്ത വൈകുണ്ഠത്തില്‍ ചിലരുടെ ഭാവത്തില്‍ അല്‍പം അസൂയ ലാഞ്ഛ. തുളസിയുടെ പുണ്യമാണത്രെ പുണ്യം. ആ പുണ്യത്തിനെക്കുറിച്ചു ചിന്തിക്കുമ്പോഴാണ് ചിലര്‍ക്ക് അസൂയയുടെ ലാഞ്ഛ. എന്നാല്‍ അത് തുളസിയോടുള്ള ബഹുമാനത്തിന്റെ ഭാഗം മാത്രം.
''മന്ദാര കുന്ദ കുരബോത്പല ചമ്പകാര്‍ണ-
പുന്നാഗ നാഗ ബകുളാംബുജ പാരിജാതാഃ
ഗന്ധേര്‍ചിതേ തുളസികാദരണേന തസ്യാ
യസ്മിം സ്തപഃ സുമനസോ ബഹുമാനയന്തി''
മന്ദാരം, മുല്ല, കുറുഞ്ഞി, ആമ്പല്‍, ചെമ്പകം, അരളി, പുന്നാഗം, നാഗകേസരം, ഇലഞ്ഞി, താമര, പാരിജാതം തുടങ്ങിയവ അവരുടെ സുഗന്ധങ്ങളാല്‍ ഭഗവാനെ അര്‍ച്ചിക്കുമ്പോള്‍ തന്നെ ചിന്തിച്ചുപോവുകയാണ് ഈ തുളസി ചെയ്ത തപസ്സ് എത്ര മനോഹരമാണ് എന്ന്. ഈ തുളസിക്ക് എപ്പോഴും ഭഗവാന്റെ ആഭരണമായിരിക്കാനുള്ള ഭാഗ്യം ലഭിച്ചിരിക്കുന്നു. നല്ല മനസ്സോടെ തന്നെ അതിനെ ബഹുമാനിക്കേണ്ടിയിരിക്കുന്നു.
വൈകുണ്ഠത്തില്‍ വിരാജിക്കുന്ന സുന്ദരീ മണികളുടെ സൗന്ദര്യത്തില്‍ ആര്‍ക്കും അത്ര ആകര്‍ഷണീയത തോന്നുന്നില്ല. കാരണം അവിടെ എല്ലാവരുടേയും ശ്രദ്ധ ഭഗവാനിലേക്കുതന്നെയാണ്. പിന്നെ ഈ സുന്ദരികളെ ശ്രദ്ധിക്കാന്‍ എവിടെ സമയം?
''ശ്രീരൂപിണീ ക്വണയതീ ചരണാരവിന്ദം
ലീലാംബുജേന ഹരിസദ്മതി മുക്തദോഷാ
സംലക്ഷ്യതേ സ്ഫടികകുഡ്യ 
ഉപേത ഹേമ്‌നി
സമ്മാര്‍ജതീവ യദനുഗ്രഹണേളന്യയത്തഃ''
എന്നാല്‍ ലക്ഷ്മീ മാതാവിനെ അവിടെ എല്ലായിടത്തും കാണാം. തൂണിലും തുരുമ്പിലും ഭഗവാനുണ്ടെന്നു പറയുംപോലെ അവിടെ ഏതുഭാഗത്തും ശ്രീഭഗവതി വിരാജിക്കുകയാണ്. ശുദ്ധസ്ഫടികത്താലുള്ള ഭിത്തിയില്‍ ആകെ സ്വര്‍ണവും രത്‌നങ്ങളും പതിച്ചിരിക്കുന്നു. മഹാവിഷ്ണുവിന്റെ സമീപത്തിരിക്കുന്ന ലക്ഷ്മീദേവി തന്റെ കയ്യിലിരിക്കുന്ന താമരപ്പൂവ് പതുക്കെ ആട്ടിക്കൊണ്ടിരിക്കുമ്പോള്‍ അതിന്റെ മനോഹാരിതയെക്കുറിച്ച് എന്താണ് പറയുക. പങ്കജം കമ്പനം ചെയ്യുമ്പോള്‍ കാല്‍ചിലമ്പിന്റെ കമ്പനനാദമാണോ എന്നുതോന്നും. ലക്ഷ്മീദേവി താമരപ്പൂവിനെ ഇളക്കുമ്പോള്‍ സ്ഫടികച്ചുമരിലും സുവര്‍ണപാളികളിലും ആ രൂപം കാണാനാവുന്നു. അവിടെയെല്ലാം ആ താമര ഇളകുന്ന ദൃശ്യം എത്ര ചേതോഹരം. എല്ലായിടത്തും ലക്ഷ്മീദേവിയുടെ കൈകളും കയ്യിലിരിക്കുന്ന ചെന്താമരയും ഇളകിക്കൊണ്ടിരിക്കുന്നതുപോലെ. ലക്ഷ്മീദേവി എല്ലായിടത്തും ഓടിനടന്ന് വൃത്തിയാക്കുകയും അലങ്കരിക്കുകയും ചെയ്തുകൊണ്ട് പരിചാരികാവൃത്തി കൂടി അനുഷ്ഠിക്കുകയാണോ എന്ന് സംശയം തോന്നിയേക്കാം. ഭഗവാന്റെ മാറില്‍ വരെ ആ ലക്ഷ്മീദേവി വിരാജിക്കുന്നുവോ എന്നുതോന്നിപ്പോകും. ആ വക്ഷസ്സില്‍  ശ്രീവല്‍സത്തെയും കാണാമല്ലോ. ഇതൊക്കെയൊന്ന് ഓര്‍ക്കാന്‍ കഴിയുന്നതുപോലും ''ഹന്ത, ഭാഗ്യം ജനാനാം.''...janmabhumi

No comments: