Wednesday, May 23, 2018

മായ

വസിഷ്ഠ മഹര്‍ഷി തുടര്‍ന്നു. അല്ലയോ രാമാ, സംസാരമെന്നു പേരായ ഈ മായ അനന്തവും അളവറ്റ ഭ്രാന്തിയെ ജനിപ്പിക്കുന്നതുമാണ്. മനോജയം കൊണ്ടല്ലാതെ അതിനെ ജയിക്കാന്‍ സാദ്ധ്യമല്ല ലോകമായയുടെ വിചിത്ര വൈഭവം അറിയുന്നതിനായി ഞാന്‍ ''ഗാധി''വൃത്താന്തം പറയാം. പണ്ട് കോസലമണ്ഡലത്തിലെ ഗാധിയെന്നു പേരായ ഒരു ബ്രാഹ്മണന്‍ ബന്ധുക്കളേയും കുടുംബത്തെയും ഉപേക്ഷിച്ച് തപസ്സിനായി പുറപ്പെട്ടു. ദൂരെ വനപ്രദേശത്ത് ഒരു താമര പൊയ്കയില്‍ കഴുത്തോളം വെള്ളത്തില്‍ തപസ്സു തുടങ്ങി. കുറച്ചു കാലം കഴിഞ്ഞപ്പോള്‍ ശ്രീഹരി പ്രത്യക്ഷപ്പെട്ട് എന്തുവരമാണ് വേണ്ടതെന്നു ചോദിച്ചു. അളവറ്റ പരമാനന്ദ പൂര്‍ണ്ണമായ മനസ്സോടെ ഭഗവാനെ വണങ്ങി ഗാധി ഉണര്‍ത്തിച്ചു. ഭഗവാനെ മായയുടെ സ്വരൂപം എന്താണെന്ന് അറിയാന്‍ ആഗ്രഹമുണ്ട്. മായയെ കാണാന്‍ ഇടയാകട്ടെ എന്നനുഗ്രഹിച്ച് ഭഗവാന്‍ മറഞ്ഞു. വരലബ്ധിയില്‍ സന്തുഷ്ടനായ ഗാധി ഇതികര്‍ത്തവ്യമൂഢനായി ഏതാനും നാള്‍ വനത്തില്‍ വസിച്ചു. ഒരു ദിവസം താമരപൊയ്കയില്‍ മുങ്ങി നിവര്‍ന്നപ്പോള്‍ ധ്യാനവും മന്ത്രവുമെല്ലാം മറന്ന് വലിയൊരു മാറ്റം അനുഭവപ്പെട്ടു. താന്‍ വീട്ടില്‍ മരിച്ചു കിടക്കുന്നതായും ഭാര്യ തന്റെ കാലു പിടിച്ചു കരയുന്നതായും, ചുറ്റും ദുഃഖിച്ചിരിക്കുന്ന ബന്ധുക്കളെയും അതിനിടക്ക് തലയോട്ടികള്‍ ചിതറികിടക്കുന്ന ശ്മശാനത്തില്‍ അലമുറയിട്ട് സ്വജനങ്ങള്‍ തന്റെ ശവം പട്ടടകൂട്ടി ദഹിപ്പിക്കുന്നതും കാണാന്‍ കഴിഞ്ഞു. അതിനുശേഷം ഹൂണമണ്ഡലത്തിനരികെ ഒരു ഗ്രാമത്തില്‍ ചണ്ഡാലവര്‍ഗ്ഗത്തില്‍ പിറന്നതായും യൗവനമെത്തിയതോടെ താമരതളിര്‍പോലെ സുന്ദരിയായ ഒരു ചണ്ഡാല ബാലികയെ വിവാഹം കഴിക്കുന്നതായും കണ്ടു. കുറെ സന്താനങ്ങളുണ്ടാവുകയും പെട്ടെന്ന് തന്നെ അവര്‍ മരിച്ചു പോകുന്നതായും. അതില്‍ ദു:ഖിതനായ താന്‍ ഏകനായി കാനനത്തില്‍ ചുറ്റിതിരിഞ്ഞ് കീരമണ്ഡലമെന്ന രാജ്യത്തിന്റെ തലസ്ഥാന നഗരിയില്‍ പ്രവേശിക്കുന്നതായും കണ്ടു. താനവിടെ എത്തുമ്പോള്‍ ഒരു ആഘോഷം നടക്കുകയായിരുന്നു. സ്ത്രീകളും നഗരവാസികളും കൂട്ടമായി നില്‍ക്കുന്നു, ഒരു വലിയ കൊമ്പനാന തുമ്പികൈയ്യില്‍ മനോഹരമായ ഒരു പുഷ്പ ഹാരവും അതിന്റെ പുറത്ത് അലംകൃതമായൊരു സിംഹാസനവും കണ്ടു. അന്തരിച്ച കീരമഹാരാജാവിന്റെ അനന്തരാവകാശിയെ തിരഞ്ഞെടുക്കുന്ന വിചിത്രമായൊരു ചടങ്ങായിരുന്നു അത്. അലങ്കരിക്കപ്പെട്ട ഗജവീരന്‍ നഗര പ്രദക്ഷിണം നടത്തുകയും ആ സമയത്ത് ആന ആരെയാണോ തന്റെ കൈവശമുള്ള മാലയണിയിച്ച് മുതുകിലേറ്റികൊണ്ടുവരുന്നത് അയാളായിരിക്കും കീരമണ്ഡലത്തിന്റെ അടുത്ത അധിപന്‍. എല്ലാരും ഈ കൗതുക കാഴ്ചനോക്കി നില്‍ക്കുന്നതിനിടയില്‍ ആ ഗജവീരന്‍ തന്റെ കഴുത്തില്‍ മാലയണിയിക്കുകയും അനായാസേന മുതുകിലേറ്റുകയും ചെയ്തു. ജനങ്ങള്‍ അതാ രാജാവ് അതാ രാജാവ് എന്നുവിളിച്ചു പറയുന്നതിനിടയില്‍ ഒരു വമ്പിച്ച ഘോഷയാത്ര രാജാങ്കണത്തിലെത്തുകയും സാമന്തന്മാരും മന്ത്രിമാരും ചേര്‍ന്ന് തനിക്ക് രാജാഭിഷേകം നടത്തുന്നതും പിന്നീട് താന്‍ രാജ്യഭരണം നിര്‍വഹിക്കുന്നതായും കണ്ടു. അങ്ങിനെ ഛത്രചാമരശോഭിതനായി രാജ്ഞിമാരും തോഴികളും നല്‍കുന്ന പരിചരണത്തോടും സമാന്തന്മാരാല്‍ വന്ദിതനും മന്ത്രിമാരാല്‍ പൂജിതനുമായി ഏഴുസംവത്സരം കഴിഞ്ഞു. ഈ അവസരത്തില്‍ താന്‍ മുമ്പ് വസിച്ചിരുന്ന ചണ്ഡാല ഗ്രാമത്തിലെ ഏതാനുംപേര്‍ രാജസന്ദര്‍ശനത്തിനായി എത്തി. അതില്‍ പ്രായമുള്ള ഒരാള്‍ തന്നെ നോക്കി ''എടാ കളഞ്ജാ നീയെങ്ങിനെ ഇവിടെയെത്തിയെന്ന് ചോദിച്ചു. ചണ്ഡാളകുലത്തില്‍ തന്റെ പേര് കളഞ്ജന്‍ എന്നായിരുന്നെന്ന് ഓര്‍മ വന്നു. ഇതുകേട്ട് ഒരു ചണ്ഡാളനെയാണല്ലോ രാജകുലത്തിലേറ്റി പൂജിച്ചതെന്നോര്‍ത്ത് ദു:ഖിച്ച രാജാവാസികള്‍ അപമാനം താങ്ങാനാവാതെ കൊട്ടാരവും നാടും ത്യജിച്ച് ഓടിപ്പോയി. അന്ത:പ്പുര സ്ത്രീകളെല്ലാം ആഴിയൊരുക്കി അഗ്നിയില്‍ ദേഹത്യാഗം ചെയ്തു. അപമാനിതനായ താനും ഇനി എന്തിനാണ് ജീവിച്ചിരിക്കുന്നതെന്ന് ചിന്തിച്ച് അഗ്നിപ്രവേശം നടത്തി. തീയില്‍ ചാടി ശരീരം ചുട്ടുപൊള്ളുന്ന വേദന ഗാധിയെ ദിവാസ്വപ്നത്തില്‍ നിന്നും ഉണര്‍ത്തി. അപ്പോഴും താന്‍ വനത്തില്‍ താമരപൊയ്കയില്‍ മുങ്ങികുളിച്ചു കൊണ്ടുനില്‍ക്കുന്നു. ആശ്ചര്യത്തോടെ അയാള്‍ ചിന്തിച്ചു ഇതൊക്കെ എങ്ങിനെ സംഭവിച്ചു. ചണ്ഡാലഗ്രാമമെവിടെ? രാജ്യ സിംഹാസനമെവിടെ? ആകെപ്പാടെ അന്ധബുദ്ധിയായി തീര്‍ന്ന ആ സാധു ബ്രാഹ്മണന്‍ ജീവികളുടെ മനസ്സ് ഭ്രമിച്ച് ചലിക്കാന്‍ കാരണമെന്താണെന്നറിയാന്‍ ഒരു ഗുഹയില്‍ കയറി തീവ്രവൈഗാര്യത്തോടെ തപസ്സ് ആരംഭിച്ചു. ഒരു വര്‍ഷം പൂര്‍ത്തിയായപ്പോള്‍ ഭഗവാന്‍ പ്രത്യക്ഷപ്പെട്ട് ഇഷ്ടവരം വരിച്ചുകൊള്ളുവാന്‍ ആവശ്യപ്പെട്ടു. ബ്രാഹ്മണന്‍ പറഞ്ഞു ഭഗവാനെ തമോമയിയായ മായയെ അവിടന്ന് എനിക്കു കാണിച്ചു തന്നു. എന്നാല്‍ ഭ്രമം ജനിപ്പിക്കുന്ന ആ ദര്‍ശനം പരമാര്‍ത്ഥമായി ഭവിച്ചതിന്റെ മര്‍മ്മം അടിയനു മനസ്സിലായില്ല. ഭഗവാന്‍ വിഷ്ണു പ്രതിവചിച്ചു. അല്ലയോ ബ്രാഹ്മണാ ഭൂമി മുതലായ വസ്തുക്കളെല്ലാം മനസ്സിലാണ് സ്ഥിതി ചെയ്യുന്നത് വെളിയില്‍ ഒന്നും തന്നെയില്ല. ജഗത്ത് എല്ലാവര്‍ക്കും അനുഭവപ്പെടുന്നതും സ്വപ്നാദ്യവസ്ഥകളിലാണ് സംഖ്യയില്ലാത്ത ജഗത്തുക്കളടങ്ങിയ മനസ്സ് ഇതിനെ പ്രകടിപ്പിക്കുന്നതില്‍ അത്ഭുതപ്പെടാനില്ല. സംസാരമെന്നു പേരുള്ള അനന്തമായ ഈ മായ ആത്മവിചാരം ഒന്നു കൊണ്ടല്ലാതെ നശിക്കുന്നില്ല. തത്ത്വജ്ഞാനിക്ക് എല്ലാം താനെന്നല്ലാതെ പദാര്‍ത്ഥ ഭാവന ജനിക്കുന്നില്ല. അതിനാല്‍ അയാള്‍ ഭ്രമമോഹാദികളിലകപ്പെട്ട് ദു:ഖിക്കുന്നില്ല. നീ ജ്ഞാനപൂര്‍ണ്ണനല്ലാത്തതുകൊണ്ട് മനോഭ്രമത്തെ തടുക്കാനുള്ള ശക്തി നിനക്കില്ല. തടുത്തില്ലെങ്കില്‍ അത് കടന്നു കയറി ആക്രമിക്കുകയും ചെയ്യും. ഈ മായാ ചക്രത്തിന്റെ നാഭീകമലം മനസ്സാണ്. വിവേകമണ്ഡലത്തില്‍ അതിനെ ഇളകാതെ പിടിച്ചു നിര്‍ത്തിയാല്‍ മായാബന്ധവിലാസത്തില്‍ നിന്നും നിനക്ക് മുക്തനാകാം. വീണ്ടും പത്ത് വര്‍ഷം തപംതുടരാന്‍ അനുഗ്രഹിച്ച് ഭഗവാന്‍ മറഞ്ഞു...janmabhumi

No comments: