തപഃ സന്തോഷ ആസ്തിക്യം ദാനമീശ്വരപൂജനം
സിദ്ധാന്തവാക്യശ്രവണം ഹ്രീ മതീ ച
ജപോ ഹുതം
നിയമാ ദശ സമ്പ്രോക്താ യോഗശാസ്ത്ര
വിശാരദൈഃ
തപസ്സ് ആദ്യത്തേത്. 'തപ' എന്നാല്‍ ചൂട് എന്നാണര്‍ത്ഥം. പലതരം വ്രതങ്ങള്‍ എന്നും അര്‍ത്ഥം. ഒറ്റക്കാലില്‍ തപസ്സ്, പഞ്ചാഗ്നി മധ്യത്തില്‍ തപസ്സ് എന്നൊക്കെ പണ്ട് പതിവുള്ളതാണ്. പുരാണങ്ങളില്‍ ഇതിന്റെ പ്രതിപാദ്യം കാണാം. തപസ്സ് ശാരീരികവും മാനസികവും വാചികവും ഉണ്ട്. ഇവ ഓരോന്നും സാത്വികം, രാജസം, താമസം എന്നിങ്ങനെ പിരിച്ചാല്‍ ഒമ്പത് തരം തപസ്സുകള്‍ ഉണ്ടെന്ന് പറയേണ്ടിവരും. ഭഗവദ്ഗീതയില്‍ 18-ാമധ്യായത്തില്‍ ഈ 9 നെപ്പറ്റിയും വിശദമായ ചര്‍ച്ച വന്നിട്ടുണ്ട്. ''കായേന്ദ്രിയ സിദ്ധിഃ അശുദ്ധിക്ഷയാത് തപസഃ'' തപസ്സുകൊണ്ട് അശുദ്ധി ക്ഷയിക്കും. ശരീരവും മനസ്സും വാക്കും ശുദ്ധമാവും. അങ്ങനെ വരുമ്പോള്‍ ശരീരത്തിനും ഇന്ദ്രിയങ്ങള്‍ക്കും അസാധാരണമായ ശക്തി കൈവരും എന്നുമാത്രം പറഞ്ഞുവക്കാം. ഇത് പതഞ്ജലിയുടെ വാക്കാണ്.
ശരീരത്തെ കഠിനമായി തപിപ്പിക്കുന്നത്, പീഡിപ്പിക്കുന്നത് ശരിയല്ലെന്ന പക്ഷക്കാരും ഉണ്ട്. കഠിന തണുപ്പില്‍ കൗപീനം മാത്രം ധരിച്ച് തണുത്ത വെള്ളത്തിലിരിക്കുക മുതലായതൊക്കെ ദോഷമാണെന്ന് ചിന്തിക്കുന്നവരുണ്ട്. അതേ സമയം വിഷമം ഉണ്ടാക്കുന്നതാണെങ്കിലും ഉപവാസം മുതലായ വ്രതങ്ങള്‍ മനോനിയന്ത്രണം ശീലിക്കുന്നതില്‍ സഹായകരമാവും എന്നതില്‍ തര്‍ക്കമില്ല. രാവിലെ 7 മണിക്ക് എഴുന്നേല്‍ക്കുന്നവന്‍ വാശിവച്ച് 4 മണിക്ക് എഴുന്നേല്‍ക്കുന്നത് ഒരുതരം തപസ്സു തന്നെയാണ്. അത് മനസ്സിനും ഉറപ്പു നല്‍കും. ശരീരത്തിനും നല്ലതുതന്നെയാണ്. അതിമൃദുവായ കിടക്ക, ആഡംബര പൂര്‍ണമായ വസ്ത്രം, മസാലനിറഞ്ഞ ഭക്ഷണം, ആധുനികമായ അനേകം സൗകര്യങ്ങള്‍ ഇവയൊക്കെ ഉപേക്ഷിക്കുന്നത് അഥവാ കുറയ്ക്കുന്നത് ഇന്നത്തെക്കാലത്ത് തപസ്സായി കണക്കാക്കാം. കാലത്തിനും ദേശത്തിനും അനുസരിച്ച് തപസ്സിനെ സ്വയം നിശ്ചയിക്കണം.
സന്തോഷമാണ് രണ്ടാമതു പറഞ്ഞത്. കിട്ടുന്നതില്‍ സംതൃപ്തി കാണലാണ് സന്തോഷം. ഭൗതികമായ വസ്തുക്കളില്‍ നമുക്കും ആഗ്രഹം വരും. അവ നമുക്ക് കിട്ടിയാല്‍ സുഖം തോന്നും. കിട്ടിയില്ലെങ്കിലോ? ദുഃഖവും. വസ്തു പുറത്തും സുഖദുഃഖങ്ങള്‍ ഉള്ളിലുമാണ്. വസ്തുവിന്റെ ലഭ്യതയും അലഭ്യതയും നമ്മെ ബാധിക്കാതിരിക്കുമ്പോഴാണ് സുഖദുഃഖങ്ങളെ നമുക്ക് നിയന്ത്രിക്കുവാന്‍ സാധിക്കുക. അപ്പോഴാണ് സ്ഥിരമായ സുഖം, സന്തോഷം ലഭിക്കുക. ''സന്തോഷാത് അനുത്തമ സുഖലാഭഃ'' എന്നു പതഞ്ജലി പറയുന്നുണ്ട്. ഉള്ളിലുള്ളതുകൊണ്ട് സുഖിക്കുക. പുറത്തുള്ളതിനെ ആശ്രയിക്കാത്ത സുഖം കണ്ടെത്തുക-അതാണ് സന്തോഷത്തിന്റെ താക്കോല്‍.
ഇനി ആസ്തിക്യം. അസ്തി എന്നാല്‍ 'ഉണ്ട്' എന്നര്‍ത്ഥം. ഇക്കാണുന്ന ലോകത്തെയും നമ്മുടെ ജീവിതത്തെയും ചിട്ടപ്പെടുത്തിയ, ഒരു പ്രപഞ്ച മനസ്സെന്നോ, പ്രപഞ്ചബോധമെന്നോ ഏതു പേരുവിളിച്ചാലും നമ്മുടെ ജീവിതമാകുന്ന തിരക്കഥ രചിക്കുന്ന ഒരു ഉന്നത ശക്തിയുണ്ട്. ഈ വിശ്വാസമാണ്, ബോധമാണ് ആസ്തിക്യം. അതിനെ സാക്ഷാത്കരിക്കാന്‍ തക്ക ആത്മവികാസം പ്രാപിച്ചവരുണ്ടാകാം, എണ്ണത്തില്‍ കുറവെങ്കിലും. നമുക്കും ആ ജ്ഞാനത്തിലെത്തിച്ചേരാന്‍ കഴിയും എന്ന പ്രതീക്ഷയിലാണ് എല്ലാവരും.
ദാനമാണ് അടുത്തത്. ഭഗവദ്ഗീതയില്‍ ഇതിനെ സാത്വികം, രാജസം, താമസം എന്നു തിരിച്ചിട്ടുണ്ട്. ദാനംപോലും നമ്മുടെ മനസ്സിനെ ബാധിക്കാതിരിക്കണമെന്നാണ് സാത്വികദാനത്തെപ്പറ്റി ഭഗവത് ഗീതപറയുന്നത്.
ദാതവ്യം ഇതി യത് ദാനം
ദീയതേ ളനുപകാരിണേ
ദേശേകാലേ ച പാത്രേ ച
തദ്ദാനം സാത്വികം സ്മൃതം. (ഭ.ഗി.17-20) ദാനം ചെയ്യേണ്ടത് എന്റെ കടമയാണ് എന്ന ഭാവനയോടെ കാലവും ദേശവും പാത്രവും അറിഞ്ഞ് പ്രത്യുപകാരം പ്രതീക്ഷിക്കാതെ ചെയ്യുന്നതാണ് സാത്വികമായ ദാനം.
പ്രത്യുപകാരം പ്രതീക്ഷിച്ചും ദാനം ചെയ്താല്‍ ഇന്നിന്ന ഫലം കിട്ടും എന്നു ചിന്തിച്ചും പൂര്‍ണമനസ്സോടെയല്ലാതെയും ചെയ്യുന്ന ദാനം രാജസം. എന്നാല്‍ കാലവും ദേശവും പാത്രവും നോക്കാതെ അതായത് എല്ലാം വിപരീതമായിരിക്കെ ഇഷ്ടമില്ലാതെയും മനസ്സോടെയല്ലാതെയും വാങ്ങുന്നവരോട് ബഹുമാനമില്ലാതെയും കൊടുക്കുന്നത് താമസമായ ദാനമാണ്.
കൊടുത്തുകൊണ്ടിരിക്കുക, യാചിക്കാതിരിക്കുക-ഇതാണ് വിവേകാനന്ദ സ്വാമികളുടെ ആജ്ഞ. കൈമലര്‍ത്തിപ്പിടിക്കരുത്. എപ്പോഴും കമിഴ്ന്നിരിക്കട്ടെ എന്ന്. ഹൃദയത്തെ വിശാലമാക്കാന്‍ ഇതിലും വലിയ മാര്‍ഗമില്ലെന്ന് എല്ലാ മഹാന്മാരും പറഞ്ഞിട്ടുണ്ട്. 'കലൗ ദാനം'- കലിയുഗത്തില്‍ ദാനത്തിന് അനന്തഫലമുണ്ടെന്ന് സ്മൃതികള്‍ ഘോഷിക്കുന്നു.
'ഈശ്വര പൂജനം' എന്ന നിയമം മനുഷ്യനെ മതത്തിന്റെ ചട്ടക്കൂട്ടിലാക്കാനുള്ള പരിപാടിയല്ല. പതഞ്ജലി 'ഈശ്വരപ്രണിധാനം' എന്നാണ് പറഞ്ഞത്. ഈശ്വരന് അടിപ്പെടുക. അത് യോഗ പ്രാപ്തിക്കുള്ള ഉപായമായിത്തന്നെ പതഞ്ജലി പറഞ്ഞിട്ടുണ്ട്. ചന്ദനവും കുങ്കുമവും പുഷ്പവും ധൂപദീപനൈവേദ്യങ്ങളും അര്‍പ്പിക്കുന്നതാണോ പൂജനം? അതും പൂജനം തന്നെ, പക്ഷേ അത് മനസ്സിനെ ഈശ്വരനിലെത്തിക്കണം. എന്നാല്‍ മാത്രം. ''തജ്ജപഃ തദര്‍ഥഭാവനം'' എന്നാണ് പതഞ്ജലി പറഞ്ഞത്. ഈശ്വരന്റെ നാമം ജപിക്കുക; അതിന്റെ അര്‍ത്ഥം ചിന്തിക്കുക. നാമം ഏത്? ''തസ്യ വാചകഃ പ്രണവഃ''- നാമം 'ഓം'കാരം തന്നെ.
അടുത്തത് 'സിദ്ധാന്ത വാക്യശ്രവണം'. നമ്മുടെ പൂര്‍വികര്‍ അനേകകാലത്തെ തപസ്സുകൊണ്ട് നേടിയ ജ്ഞാനം തന്നെ സിദ്ധാന്തം. ആത്മജ്ഞാനികളുടെ ചുറ്റും ഇരുന്ന് അവര്‍ പറയുന്നത്, അവരുടെ ഉപദേശം കേള്‍ക്കുന്നതിനെ നാം സത്സംഗം എന്നു വിളിക്കും. ആത്മീയ പുരോഗതിക്ക് സത്സംഗം ഏറെ ഗുണകരമാണെന്ന് എല്ലാ ശാസ്ത്രവും ഘോഷിക്കുന്നുണ്ട്. നമ്മുടെ മാനസികവും വൈകാരികവുമായ ശക്തികളുടെ ദുര്‍വ്യയം ഒഴിവാക്കാനും ആത്മീയമായ സ്പന്ദനങ്ങളെ അറിയാനും വളര്‍ത്താനും സത്സംഗം ഉപകരിക്കും. ശ്രവണം, മനനം, നിദിദ്ധ്യാസനം എന്നിങ്ങനെയാണ് വേദാന്തത്തിന്റെ ജ്ഞാനമാര്‍ഗം. ഭക്തിയുടെ പ്രഥമമായ പ്രകടീകരണവും ശ്രവണത്തില്‍ തന്നെ.
ഹ്രീ എന്നാല്‍ ലജ്ജ. അധര്‍മ്മം ചെയ്യുമ്പോള്‍, തെറ്റായ കാര്യം ചെയ്യുമ്പോള്‍ ഉണ്ടാകുന്ന ഒരു വികാരമാണ് ലജ്ജ. വിനയത്തിന്റെ പ്രകടീകരണവുമാണ് ലജ്ജ. വളരെ അഭികാമ്യമായ ഗുണമാണിത്. മതി എന്നാല്‍ ബുദ്ധി. വിവേകമാണ് ബുദ്ധിയുടെ ലക്ഷണം. സത്യത്തെയും അനൃതത്തെയും തിരിച്ചറിയാന്‍ കൂര്‍മമായ ബുദ്ധിവേണം. നമുക്ക് വരുന്ന അനുഭവങ്ങളെ വേണ്ടവണ്ണം വിലയിരുത്തി കൊള്ളേണ്ടതേത് തള്ളേണ്ടതേത് എന്ന് തിരിച്ചറിയാന്‍ വിവേകബുദ്ധി തന്നെ ശരണം. ചഞ്ചലമായ മനസ്സിനെ നിയന്ത്രിച്ച് നേര്‍വഴിക്കു നടത്തുന്നതും ബുദ്ധിതന്നെ. ''മനസസ്തു പരാ ബുദ്ധിഃ'' എന്ന് ഭഗവദ്ഗീത.
ജപം എന്നാല്‍ ഒരു മന്ത്രത്തിന്റെ ആവര്‍ത്തനമാണ്. ജപം ഉറക്കെയും ശബ്ദം കുറച്ചും മനസ്സില്‍ മാത്രവും ആവാം. മാനസ ജപമാണ് ഉത്തമമായി പറയുന്നത്. അര്‍ത്ഥബോധത്തോടെയുള്ള ജപമാണ് അതിലും ശ്രേഷ്ഠം. യാന്ത്രികമായ ഉരുവിടലിനെ രണ്ടാംതരമായാണ് പറയുന്നത്. അതേ സമയം വൈദിക മന്ത്രങ്ങള്‍ക്ക് ശബ്ദത്തിനു തന്നെ പ്രാധാന്യം പറയുന്നുണ്ട്. അതുണ്ടാക്കുന്ന സ്പന്ദനം ശക്തമായതാണ്. സൂക്ഷ്മതലങ്ങളെ സ്പര്‍ശിക്കുന്നതാണ്.
ഹുതം എന്നാല്‍ ഹോമിക്കുക എന്നര്‍ത്ഥം. 'ഇദം ന മമ' എന്ന ഉദ്ദേശത്യാഗത്തോടെ ചെയ്യുന്ന അഗ്നിക്കുള്ള ആഹുതിയെയാണ് പൊതുവെ ഹോമം എന്നുപറയുന്നത്. പക്ഷേ ഇതിനെ ത്യാഗത്തിന്റെ പ്രതീകമായും എടുക്കാം. ഗീതയുടെ താല്‍പ്പര്യം തന്നെ ത്യാഗമാണെന്ന് ശ്രീരാമകൃഷ്ണ പരമഹംസര്‍ പറയുന്നുണ്ട്. ആന്തരികമായ യൗഗികപ്രക്രിയയെയും ഹോമമായി കണക്കാക്കാം. ലൗകികമായ ഭോഗങ്ങളെ ആത്മീയസാധനയില്‍ ഹോമിച്ചുകളയുക. അഹംബുദ്ധിയെ ഈശ്വരബുദ്ധിയില്‍ അര്‍പ്പിക്കുക. ജീവിതം ഭോഗത്തിനു മാത്രമാണെന്ന ധാരണയെ ഹോമിച്ചുകളയുക.
മാനസിക നിയന്ത്രണത്തിനുള്ള 20 സാധനകളെയാണ് മേല്‍വിവരിച്ചത്. ഇവ പല ഗ്രന്ഥങ്ങളിലും പലക്രമത്തിലായി പറയപ്പെട്ടിട്ടുണ്ട്. എല്ലാം മനസ്സിന്റെ പാകപ്പെടുത്തലിലാണ് അവസാനിക്കുന്നത് എന്നു പറയാം. സല്‍ഗുണങ്ങള്‍ മോക്ഷത്തിനും ദുര്‍ഗുണങ്ങള്‍ ബന്ധനത്തിനും കാരണമാവുമെന്ന് ഭഗവദ്ഗീത പറയുന്നുണ്ട്:-
ദൈവീസമ്പദ്‌വിമോക്ഷായ
നിബന്ധായാസുരീമതാ.
(പതഞ്ജലിയോഗ ട്രെയിനിങ് ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ അധ്യക്ഷനാണ് ലേഖകന്‍
No comments:
Post a Comment