അദ്വൈതാചാര്യനായ ആദിശങ്കരാചാര്യര്‍ ക്ഷേത്രാരാധനയെ വളരെയധികം പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. ആചാര്യസ്വാമികള്‍ തന്നെ വിഗ്രഹപ്രതിഷ്ഠകള്‍ നടത്തിയിട്ടുണ്ട്. ശ്രീശങ്കരന്‍, ഭാരതത്തിലെ നിരവധി ക്ഷേത്രങ്ങളില്‍ ക്ഷേത്രനിമയങ്ങള്‍ പാലിച്ചുകൊണ്ട് ആരാധന നടത്തിയിട്ടുണ്ട്. മണ്ഡനമിശ്രനുമായുള്ള സംവാദത്തില്‍ ശ്രീശങ്കരന്‍ കര്‍ത്താവില്ലാതെ ഒന്നും ഉണ്ടാവുകയില്ലെന്നും, അതിനാല്‍ ഈ ജഗത്തിന് ഒരു കര്‍ത്താവുണ്ടാകണമെന്നും അതാണ് ഈശ്വരനെന്നും അഭിപ്രായപ്പെട്ടു. ഈശ്വരനെ അനുഭവവേദ്യമാക്കാന്‍ ധാരാളം സാധനാപദ്ധതികളുണ്ടെന്നും അതിലൊന്നാണ് ക്ഷേത്രാരാധനയെന്നും ആചാര്യസ്വാമികള്‍ വിശ്വസിച്ചിരുന്നു. തന്റെ ദിഗ്‌വിജയയാത്രയില്‍ താന്‍ സന്ദര്‍ശിച്ച പ്രദേശങ്ങളിലെ ക്ഷേത്രങ്ങളില്‍ പോയിദര്‍ശനം നടത്തുക എന്നത് ആചാര്യസ്വാമികളുടെ പതിവായിരുന്നു. ഗോകര്‍ണത്തു ചെന്ന് സമുദ്രസ്നാനം നടത്തിഗോകര്‍ണേശ്വരനെ വണങ്ങി അവിടെ മൂന്നുദിവസം ശ്രീശങ്കരന്‍ താമസിച്ച് 'ഭൂജംഗപ്രയാതം' എന്ന സ്തോത്രം രചിച്ചു എന്ന് ശങ്കരദിഗ്‌വിജയത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. രാമേശ്വര ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ഭാഷ്യകാരന്‍ കാഞ്ചിപുരത്ത് ചെന്ന് അവിടെ ഒരു ദേവീക്ഷേത്രം ഭക്തന്മാരുടെ സഹകരണത്തോടെ നിര്‍മിച്ചു. തുടര്‍ന്ന് ആ ക്ഷേത്രത്തിലെ പ്രതിഷ്ഠാകര്‍മം നിര്‍വഹിച്ചശേഷം ആചാര്യപാദര്‍ നിത്യപൂജ നടത്തേണ്ട വിധത്തെപ്പറ്റി പൂജാരിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഉജ്ജയിനി നഗരത്തിലെത്തിയ ശ്രീശങ്കരന്‍ പ്രസിദ്ധമായ മഹാകാളേശ്വരക്ഷേത്രത്തില്‍ ചെന്ന് പ്രദക്ഷിണം ചെയ്ത് ശ്രീപരമേശ്വരനെ ദര്‍ശനം നടത്തിയശേഷമായിരുന്നു അവിടെയുള്ള മണ്ഡപത്തിലിരുന്ന് പ്രസിദ്ധ പണ്ഡിതനായ ഭട്ടഭാസ്കരനുമായി വാദപ്രതിവാദത്തിലേര്‍പ്പെട്ടത്. വാദപ്രതിവാദത്തില്‍ ഭട്ടഭാസ്കരന്‍ ശ്രീശങ്കരനോട് പരാജയപ്പെട്ടു. ഹിമാലയത്തിലുള്ള ബദരിനാഥ ക്ഷേത്രത്തിലെ നഷ്ടപ്പെട്ടുപോയ വിഗ്രഹത്തെ വീണ്ടെടുത്ത് പുനഃപ്രതിഷ്ഠ നടത്തി പൂജാവിധികള്‍ പുനരാവിഷ്ക്കരിച്ചത് കാലടീശനായിരുന്നു. മാത്രമല്ല, കേരളത്തില്‍നിന്ന് പൂജാരിയെ കൊണ്ടുവന്ന് ശാന്തികര്‍മത്തിനായി നിശ്ചയിച്ചത് ശ്രീശങ്കരനായിരുന്നു. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ സ്വാമികള്‍ പലപ്പോഴായി ദര്‍ശനം നടത്തിയിരുന്നുവത്രേ. കാടാമ്പുഴ ദേവീക്ഷേത്രത്തില്‍ കിരാതി സ്വരൂപിണി വിലയംപ്രാപിച്ച സ്ഥാനത്ത് ദേവിയെ സ്വയംഭൂവായി സങ്കല്‍പ്പിച്ച് ആരാധിക്കുവാനുള്ള ഉപദേശങ്ങള്‍ നല്‍കിയത് ശ്രീശങ്കരനായിരുന്നു. പൂമൂടല്‍ എന്ന ആരാധന അവിടെ ആരംഭിച്ചത് ആചാര്യസ്വാമികളുടെ നിര്‍ദ്ദേശത്തോടെയായിരുന്നു. ശ്രീശങ്കരനെ കൊല്ലൂര്‍ മൂകാംബികാ ക്ഷേത്രവുമായി ബന്ധപ്പെടുത്തിയ ഒരു കഥയുണ്ട്. കാല്‍നടയായി സഞ്ചരിച്ച ശ്രീശങ്കരന്‍ ഒരിക്കല്‍ വളരെ ക്ഷീണിതനായി ഒരു അരയാല്‍ വൃക്ഷത്തണലില്‍ കിടന്നുറങ്ങുകയായിരുന്നു. അപ്പോള്‍ ഒരു വഴിപോക്കന്‍ സ്വാമിക്ക് ദാഹം തീര്‍ക്കാനായി ഒരു പാത്രം നിറയെ പാല്‍ ശേഖരിച്ച് സമീപത്തുവെച്ച് കടന്നുപോയി. ഉറക്കം ഉണര്‍ന്ന ശ്രീശങ്കരന്‍ തന്റെ അടുത്ത് ഒരു പാത്രം നിറയെ പാല്‍ ഇരിക്കുന്നതു കണ്ടു. സന്തോഷപൂര്‍വം അത് എടുത്ത് കുടിക്കാനായി ശ്രമിച്ചപ്പോള്‍ ക്ഷീണം കാരണം സാധിക്കാതെ വന്നു. പാല്‍ എടുത്ത് കുടിക്കുവാനുള്ള ശക്തിപോലും തനിക്കില്ലല്ലോ എന്ന് പറഞ്ഞ് സ്വാമികള്‍ സങ്കടപ്പെട്ടു. ഈ സമയത്ത് അന്തരീക്ഷത്തില്‍ സ്ത്രീ ശബ്ദത്തില്‍ ഒരു അശരീരി ഉണ്ടായി. "ശങ്കരന് എപ്പോഴാണ് ശക്തിയെപ്പറ്റി ബോധമുണ്ടായത്. സര്‍വം ശിവമയം എന്നല്ലെ ഇതുവരെ പറഞ്ഞത്." ഇതായിരുന്നു അശരീരി. ഇത് ശ്രവിച്ച ശ്രീശങ്കരന് അത് പരാശക്തിയുടെ മൊഴികളാണെന്ന് ബോധ്യപ്പെടുകയും ശക്തിയാണ് പ്രപഞ്ചത്തെ പ്രവര്‍ത്തിപ്പിക്കുന്നതെന്ന് മനസിലാക്കുകയും ചെയ്തു. ഉടനെ അവിടെ വെച്ചുതന്നെ ആദിപരാശക്തിയെ പ്രകീര്‍ത്തിച്ചുകൊണ്ട് മനോഹരമായ ഒരു കാവ്യം രചിച്ചു. അതാണ് ലോകപ്രസിദ്ധമായ 'സൗന്ദര്യലഹരി'. സൗന്ദര്യലഹരി തന്നെ ഒരു തന്ത്രശാസ്ത്രമാണ്. ശക്തി ആരാധനയുടെ മാഹാത്മ്യത്തെ സൗന്ദര്യലഹരിയെന്ന തന്റെ കാവ്യത്തിലൂടെ ശ്രീശങ്കരന്‍ ലോകത്തിന് മനസ്സിലാക്കിക്കൊടുത്തു. മൂകാംബികയുടെ അനുഗ്രഹമാണ് ഇത്തരത്തിലൊരു മഹാകാവ്യം രചിക്കാന്‍ ശ്രീശങ്കരന് സാധിച്ചത്. ശ്രീശങ്കരന്റെ കുടുംബപരദേവത ശ്രീകൃഷ്ണനായിരുന്നു. ആ ക്ഷേത്രത്തിലെ പുനഃപ്രതിഷ്ഠാകര്‍മം നിര്‍വഹിച്ചത് ആചാര്യപാദരായിരുന്നു. തന്റെ കുടുംബപരദേവതയെ അനുസ്മരിച്ചുകൊണ്ട് ആചാര്യര്‍ "പ്രബോധനസുധാകര'ത്തില്‍ അസ്മാകം ജയന്തി കുലദേവോയദുപതി" എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. അദ്വൈത വേദാന്തം പ്രചരിപ്പിക്കുവാന്‍വേണ്ടി ശ്രീശങ്കരന്‍ ഭാരതത്തിന്റെ നാലുഭാഗത്ത് മഠങ്ങള്‍ സ്ഥാപിച്ചു. കിഴക്ക് പുരിയും തെക്ക് ശൃംഗേരിയും പടിഞ്ഞാറ് ദ്വാരകയും വടക്ക് ബദരീനാഥും ആയിരുന്നു ആ മഠങ്ങള്‍. ആദ്യം മഠം സ്ഥാപിച്ചത് ശൃംഗേരിയിലായിരുന്നു. കര്‍ണാടക സംസ്ഥാനത്തിലെ മംഗലാപുരം നഗരത്തില്‍നിന്ന് ഏകദേശം 135 കി.മീ. അകലെയായി വടക്ക് കിഴക്ക് ഭാഗത്ത് പശ്ചിമഘട്ട മലനിരകള്‍ക്ക് സമീപം ഒഴുകുന്ന തുംഗാ നദിയുടെ തീരത്താണ് ശൃംഗേരിമഠം സ്ഥിതിചെയ്യുന്നത്. ശ്രീശങ്കരന്‍ തന്നെയാണ് ആ സ്ഥലം തിരഞ്ഞെടുത്തത്. ആചാര്യപാദര്‍ അവിടെ ഒരു പാറയില്‍ ശ്രീചക്രം വരച്ച് ശ്രീശാരദാദേവിയുടെ ദാരു വിഗ്രഹം പ്രതിഷ്ഠിച്ചു. ശാരദാദേവിയെ പൂജിച്ചതിനുശേഷമാണ് മഠത്തിന്റെ നിര്‍മാണം ആരംഭിച്ചത്. നിത്യവും ശാരദാക്ഷേത്രത്തില്‍ പൂജ കഴിച്ചതിനുശേഷം വേണം വേദപഠനവും പ്രചരണവും നടത്തേണ്ടതെന്ന് തന്റെ ശിഷ്യന്മാരോട് ശ്രീശങ്കരന്‍ നിര്‍ദ്ദേശിച്ചു. ഭഗവദ്പാദരുടെ ഈ നിര്‍ദ്ദേശം ഇന്നും അക്ഷരംപ്രതി ശൃംഗേരി മഠാധിപതി അനുസരിച്ചുവരുന്നു. തന്റെ പ്രധാന ശിഷ്യന്മാരിലൊരാളായ സുരേശ്വരാചാര്യരെയാണ് പ്രഥമ ശൃംഗേരി മഠാധിപതിയായി ശ്രീശങ്കരന്‍ അവരോധിച്ചത്. താന്‍ നിത്യവും ആരാധിച്ചുവന്നിരുന്ന ചുവന്ന കല്ല് പതിച്ച സ്ഫടിക നിര്‍മിതമായ ശ്രീമഹാഗണപതി വിഗ്രഹവും ചന്ദ്രമൗലീശ്വര വിഗ്രഹവും പിന്നീട് ആചാര്യന്‍ സുരേശ്വരാചാര്യരെ ഏല്‍പ്പിച്ചു. വിഗ്രഹാരാധനയില്‍ യാതൊരപാകതയും ശ്രീശങ്കരന്‍ ദര്‍ശിച്ചില്ല എന്നതിന്റെ ഉത്തമോദാഹരണങ്ങളാണ് ഇതെല്ലാം. അദ്വൈതദര്‍ശനത്തില്‍ ക്ഷേത്രാരാധനക്ക് പ്രസക്തിയില്ല എന്ന ചില പണ്ഡിതരുടെ അഭിപ്രായം ശരിയല്ല എന്ന്, ശ്രീശങ്കരന്‍ ക്ഷേത്രാരാധനയോട് കാണിച്ച അതീവതാല്‍പ്പര്യം വ്യക്തമാക്കുന്നു. നിരന്തരമായ സാധനയിലൂടെ സിദ്ധി ലഭിച്ച യോഗികള്‍ക്ക് അത് തുടര്‍ന്ന് നിലനിര്‍ത്താനും സാധന അത്യാവശ്യമാണ്. സംഗീതത്തില്‍ പ്രശസ്തി നേടിയ വാഗേയകാരന്മാര്‍ തുടര്‍ന്നും സാധകം ചെയ്യുന്നതുപോലെയാണിത്. അതുപോലെ ജീവന്മുക്താവസ്ഥയിലെത്തിയവര്‍ക്കും അത് നിലനിര്‍ത്താന്‍ യോഗപരിശീലനവും ധ്യാനപരിശീലനവും ക്ഷേത്രോപാസനയും അത്യാവശ്യമാണ്. മറ്റ് മൂന്ന് മഠങ്ങളിലും ദേവീദേവന്മാരുടെ വിഗ്രഹം ശ്രീശങ്കരന്‍ സ്ഥാപിച്ച് ക്ഷേത്രാരധനയ്ക്ക് ഊന്നല്‍ നല്‍കി. ദ്വാരകാമഠത്തിലുള്ള ക്ഷേത്രത്തിലെ ദേവന്‍ സിദ്ധേശ്വരനും, ദേവി ഭദ്രകാളിയുമാണ്. ബദരികാശ്രമത്തിലെ ക്ഷേത്രത്തില്‍ ശ്രീനാരായണനും പൂര്‍ണഗിരിയുമാണ് ദേവനും ദേവിയും. പുരിയിലെ ഗോവര്‍ദ്ധന മഠത്തിലെ ക്ഷേത്രത്തിലുള്ള പ്രതിഷ്ഠാമൂര്‍ത്തികള്‍ ശ്രീജഗന്നാഥനും വിമലാദേവിയുമാണ്. ശൃംഗേരിയിലെ രാമേശ്വരക്ഷേത്രത്തില്‍ ശ്രീശാരദാദേവിക്ക് പുറമേ വിഭാണ്ഡക മുനി ആരാധിച്ച ആദിവരാഹമൂര്‍ത്തിയുമുണ്ട്. ക്ഷേത്രാരാധന സമ്പ്രദായത്തിന് മറ്റു പല കാരണങ്ങളാല്‍ ക്ഷയം സംഭവിച്ചപ്പോള്‍ വ്യക്തമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കി പുനരുജ്ജീവിപ്പിച്ചത് വാസ്തവത്തില്‍ ശ്രീശങ്കരനായിരുന്നു. ഭാരതത്തിലെ മിക്ക പ്രധാനക്ഷേത്രങ്ങളിലും തീര്‍ത്ഥസ്നാനങ്ങളിലും ശ്രീശങ്കരന്‍ കാല്‍നടയായി ചെന്ന് ദര്‍ശനം നടത്തിയിട്ടുണ്ട്. ഈ പ്രവര്‍ത്തിയിലൂടെ ക്ഷേത്രസംസ്കാരത്തിന്റെ അത്യാവശ്യകത ജനങ്ങള്‍ക്ക് ബോധ്യപ്പെടുത്തിക്കൊടുക്കുകയാണ് ശ്രീശങ്കരഭഗവദ്പാദര്‍ ചെയ്തത്. ക്ഷേത്രാചാരങ്ങള്‍ക്ക് അനുസൃതമായിട്ടുതന്നെ ക്ഷേത്രദര്‍ശനം നടത്തണമെന്ന കാര്യത്തില്‍ ശ്രീശങ്കരന് നിര്‍ബന്ധവുമുണ്ടായിരുന്നു. താന്ത്രികവിഷയങ്ങള്‍ പ്രതിപാദിക്കുന്ന 'പ്രപഞ്ചസാരതന്ത്രം' എന്ന ഗ്രന്ഥം ശ്രീശങ്കരനാണ് രചിച്ചത്. കൂടാതെ ദേവീദേവന്മാരെ പ്രകീര്‍ത്തിച്ചുകൊണ്ടുള്ള നിരവധി സ്തോത്രങ്ങളും ശ്രീശങ്കരന്‍ രചിച്ചിട്ടുണ്ട്. വിഷ്ണുസഹസ്രനാമത്തിന് ആചാര്യപാദര്‍ ഭാഷ്യം രചിച്ചിരുന്നു. തന്റെ ജീവിതദൗത്യം ഭംഗിയായി നിര്‍വഹിച്ചതിനുശേഷം കാശ്മീരിലെ ശാരദാക്ഷേത്രത്തിലുള്ള സര്‍വജ്ഞപീഠത്തില്‍ ആസനസ്ഥനായ ആ യുഗപുരുഷന്‍ കാലയവനികക്കുള്ളില്‍ തിരോധാനം ചെയ്തു.
No comments:
Post a Comment