Thursday, July 18, 2019

കര്‍ക്കടകമാസം രാമായണമാസമായി ആചരിക്കാന്‍ തെരഞ്ഞടുത്തതെന്തിനാണെന്ന  വിഷയം ചിന്തനീയമാണ്. രാമന്‍ അവതരിച്ചത് കര്‍ക്കിടക മാസത്തിലാണെന്ന് എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണത്തില്‍ വ്യക്തമായി വര്‍ണിക്കുന്നുണ്ട്. ഏവര്‍ക്കും സുപരിചിതമായ ആ ഒരു ഭാഗം ഇങ്ങനെയാണ്: 
ഉച്ചത്തില്‍ പഞ്ചഗ്രഹം നില്ക്കുന്ന കാലത്തിങ്ക-
ലച്യുതനയോദ്ധ്യയില്‍ കൗസല്യാത്മജനായാന്‍ 
നക്ഷത്രം പുനര്‍വസു 
നവമിയല്ലോ തിഥി
നക്ഷത്രാധിപനോടു 
കൂടവേ ബൃഹസ്പതി
കര്‍ക്കടകത്തിലത്യുച്ചസ്ഥിതനായിട്ടല്ലോ
അര്‍ക്കനുമത്യുച്ചസ്ഥനുദയം കര്‍ക്കടകം
അര്‍ക്കജന്‍ തുലാത്തിലും ഭാര്‍ഗവന്‍ മീനത്തിലും 
വക്രനുമുച്ചസ്ഥനായ് മകരം രാശി തന്നില്‍
നില്ക്കുമ്പോളവതരിച്ചീടിനാന്‍ ജഗന്നാഥന്‍
ദിക്കുകളൊക്കെ പ്രസാദിച്ചിതു ദേവകളും. 
എന്ന് ജ്യോതിശാസ്ത്രമനുസരിച്ച് രാമന്റെ ജനനത്തെപ്പറ്റിയും ഗ്രഹനിലയെന്തെന്നതും വിവരിക്കുന്നുണ്ട്. അഞ്ചു ഗ്രഹങ്ങളും ഉച്ചസ്ഥാനത്ത് നിലകൊള്ളുമ്പോള്‍, അച്യുതന്‍ (മഹാവിഷ്ണു) അയോദ്ധ്യയില്‍ ഭൂജാതനായി എന്നതാണ് ഇതിന്റെ ചുരുക്കം. പുനര്‍വസു (പുണര്‍തം) നക്ഷത്രത്തില്‍ നവമി തിഥിയില്‍ നക്ഷത്രാധിപനോടു (ചന്ദ്രന്‍) കൂടെ ബൃഹസ്പതി (വ്യാഴം) കര്‍ക്കടകത്തില്‍ അത്യുച്ചസ്ഥനായിരിക്കുമ്പോള്‍, മാത്രവുമല്ല, സൂര്യനും കര്‍ക്കടകത്തില്‍ അത്യുച്ചസ്ഥനായിരിക്കുമ്പോള്‍ ജഗന്നാഥനായ ശ്രീരാമന്‍ അയോദ്ധ്യയില്‍ അവതരിച്ചു എന്നു ചുരുക്കം. ശ്രീരാമന്‍ അവതരിച്ചതറിഞ്ഞതില്‍ സര്‍വ്വ ദിക്കുകളും സകല ദേവതകളും പ്രസാദിച്ചു. ഇക്കാരണത്താല്‍ രാമനോടുള്ള ഭക്ത്യാദരങ്ങളോടുകൂടി സന്തോഷപൂര്‍വ്വം സച്ചരിതം പഠിക്കാനും അനുഷ്ഠിക്കാനും തദ്വാരാ മുക്തി നേടാനുമായി കര്‍ക്കടകം പ്രത്യേകമായി തെരഞ്ഞെടുത്തു എന്നു അനുമാനിക്കാം. 
മാത്രവുമല്ല, കര്‍ക്കടകം ദുര്‍ഘടമാണെന്നു പറയാറുണ്ട്. പണ്ടു കാലങ്ങളില്‍ കര്‍ക്കിടകമാസം കണ്ണി മുറിയാതെ പെയ്യുന്ന ശക്തമായ മഴയായിരുന്നു. ആര്‍ക്കും പുറമേ വേലയ്ക്കു പോകാന്‍ സാധിച്ചിരുന്നില്ല. അതിനാല്‍ത്തന്നെ മിക്കവരും ദാരിദ്ര്യം അനുഭവിച്ചുകൊണ്ടിരുന്നു. സമയവും തള്ളിനീക്കുകയായിരുന്നു. അപ്പോള്‍ വെറുതെയിരിക്കുന്ന മനസ്സിന് വിഷാദത്തിലേയ്ക്കും കുത്സിതപ്രക്രിയകളിലേയ്ക്കും പൂകാനുള്ള സാദ്ധ്യത കൂടുതലായിരിക്കാം. അന്നൊക്കെ കൂട്ടുകുടുംബമായിട്ടായിരുന്നു കഴിഞ്ഞിരുന്നത് എന്നതിനാല്‍ വീടുകളില്‍ കൂടുതല്‍ അംഗങ്ങളുമുണ്ടാവും. ഈ സമയത്ത് കര്‍ക്കടകമാസം പൂര്‍ണമായും വീടുകളില്‍ ഭവ്യതയോടെയുള്ള രാമായണ പാരായണം പതിവായി. അത് ഇന്നും ഗൃഹങ്ങളിലും ക്ഷേത്രങ്ങളിലും ആശ്രമങ്ങളിലും മറ്റും രാമായണ പാരായണവും ചര്‍ച്ചകളും തുടരുന്നു. ആബാലവൃദ്ധം ജനങ്ങള്‍ രാമായണത്തെ നെഞ്ചേറ്റിയിരിക്കുകയാണ്. രാമായണത്തിലെ ശീലുകളും തത്ത്വങ്ങളും ഇന്ന് വര്‍ദ്ധിതമായ രീതിയില്‍ പ്രചരിക്കുന്നത് ആശാസ്യമാണ്.
janmabhumi

No comments: