Sunday, July 28, 2019

ശ്രീമദ് ഭാഗവതം 225* 
ചരാചരാത്മാഽഽസാ നിമീലിതേക്ഷണ:
അനന്തം ആരോപയദങ്കമന്തകം 
യഥോരഗം സുപ്തമബുദ്ധി രജ്ജുധീ 

കയറിനെ പാമ്പെന്ന് കരുതിയാൽ കുഴപ്പല്ല്യ. പക്ഷേ പാമ്പിനെ കയറായിട്ട് കരുതിയാൽ കുഴപ്പമാകും. ഇവൾ കണ്ണനെ എടുത്ത് മടിയിൽ വെച്ചു. 

ആരെയാ എടുത്ത് വെച്ചത്?
അനന്തം ആരോപയദങ്കമന്തകം 
അനന്തനെ എടുത്ത് മടിയിൽ വെച്ചു. 

നമ്മളുടെ ശരീരം അങ്കം. ഈ ശരീരത്തിന് അല്പത്വം ണ്ട്. ശരീരത്തിന് അനന്തത്വം ഇല്ല്യ. പക്ഷേ ഈ ശരീരത്തിൽ ഇരുന്നു കൊണ്ട് അനന്തത്തിനെ കാണാനൊക്കും. ഒരു കുമിളയിലൂടെ ആകാശം കാണുന്നത് പോലെ ഈ അല്പമായ ശരീരത്തിൽ ഇരുന്നു കൊണ്ട് അനന്തമായ സത്യത്തിനെ കാണാനൊക്കും. അങ്ങനെ അല്പശരീരത്തിലിരുന്നുകൊണ്ട് അനന്തത്തിനെ കണ്ടാൽ ഈ അല്പശരീരം ഇനി എടുക്കേണ്ടി വരില്ല്യ. 

അനന്തത്തിനെ അല്പത്തിൽ ആരോപണം ചെയ്തിരിക്ക്യാണിപ്പോൾ. ആ ആരോപണത്തിനെ നിരാകരിച്ച് അനന്തത്തിനെ കണ്ടെത്തിയാൽ പിന്നീട് അങ്കം ഇല്ല്യ. 

അനന്തം ആരോപയദ് അങ്കം അന്ത'കം' 
അങ്കത്തിന് അന്തം വരുത്തുന്ന 'കം' അഥവാ അങ്കത്തിനെ അന്തം ചെയ്യുന്ന അന്തകൻ ആയ അനന്തനെ എടുത്ത് തന്റെ ഹൃദയത്തിൽ ആരോപണം ചെയ്യണം. ഇവൾ എടുത്ത് മടിയിൽ വെച്ചു. 

അനന്തം ആരോപയദങ്കമന്തകം 
യഥോരഗം സുപ്തമബുദ്ധി രജ്ജുധീ 
തീഷ്ണചിത്തയാണവൾ. 

അതിവാമചേഷ്ടിതാം 
അതിദുരാചാരി 
എത്ര ദുരാചാരി ആണെങ്കിലും ശരി, ആര് ഭഗവാനെ എടുത്ത് ഹൃദയത്തിൽ വെയ്ക്കുന്നുവോ, അവർ സദാചാരികളാവും സാധുക്കളാവും. പരമപവിത്രരാവും 

അപി ചേത് സു ദുരാചാര:
ഭജതേ മാമനന്യ ഭാക് 
സാധുരേവ സ മന്തവ്യ:
സമ്യഗ് വ്യവസിതോ ഹി സ:

ഭഗവാൻ പറഞ്ഞു, 
അപി ചേത് സു ദുരാചാര 
എത്ര വലിയ ദുരാചാരി ആണെങ്കിലും (ദുരാചാരിയോ സദാചാരിയോ എന്ന് ഭഗവാൻ നോക്കണില്ല്യ), വേണ്ടില്ല്യ എന്നാണ്. ദുരാചാരം, സദാചാരം ഒക്കെ ശരീരതലത്തിലാണ്.  ഭഗവാനെ ഹൃദയത്തിൽ പ്രതിഷ്ഠിച്ചാൽ ദുരാചാരി ദുരാചാരം വിടും. 

ക്ഷിപ്രം ഭവതി ധർമ്മാത്മാ
ശശ്വദ് ശാന്തിം നിഗച്ഛതി
പെട്ടെന്ന് ധർമ്മാത്മാവായിട്ട് തീരും, ശാന്തിയെ നേടും. 

ചിലരൊക്കെ   സദാചാരികളായിട്ടിരിക്കും. ഗുരുവായൂരിൽ തന്നെ 
എവിടെയെങ്കിലുമൊക്കെ താമസിച്ചിട്ട് ഇത്രയും അടുത്ത് വന്നിട്ടും അമ്പലത്തിൽ പോകാതിരിക്കുന്നവരുണ്ടാകും.  . 

സദാചാരികൾ വളരെ അടുത്താണ്. *ഞാൻ* *സദാചാരിയാണ് എന്ന  അഭിമാനം തന്നെ* *അവർക്ക് ഭഗവദ് പ്രാപ്തിക്ക് തടസ്സമായി* *നില്ക്കും.* ഭഗവാന്റെ കണ്ണിൽ നമ്മളിൽ ഒരേ ഒരു ചളിയേ(dirt), ഒരേ ഒരു മലമേ ഉള്ളൂ. *അഹംകൃതി,വ്യക്തി ബോധം.* ബാക്കിയൊന്നും ചളി അല്ല. ബാക്കി എല്ലാം നമ്മുടെ കാല്പനികമായ ചളി ആണ്. 
ശ്രീനൊച്ചൂർജി 
 *തുടരും. .*
Lakshmi prasad 

No comments: