Thursday, July 25, 2019

ശ്രീമദ് ഭാഗവതം 222
അങ്ങനെ ഭഗവാൻ അവതരിച്ചയുടനെ തന്നെ ആന്തരികമായ ഒരു പ്രചോദനം വസുദേവർക്ക് കൊടുത്തു.
"ഈ ശരീരത്തിനെ കൊണ്ട് പോയി ഗോകുലത്തിൽ വിട്ട് ഗോകുലത്തിൽ ജനിച്ച കുട്ടിയെ എടുത്ത് കൊണ്ട് വരൂ."
അപ്രകാരം കുഞ്ഞിനേയും എടുത്ത് വസുദേവർ തിരിച്ചു. കൈയ്യിലെ ബന്ധനം എല്ലാം അഴിഞ്ഞു. പെരുമഴ. കൂരാക്കൂരിരുട്ട്. എല്ലാവരും നല്ല ഉറക്കം. എന്താണെന്ന് വെച്ചാൽ യോഗമായ അവിടെ ജനിച്ചിരിക്കണു! ആ സമയം ഇവിടെ ഉള്ളവരും കാവല്ക്കാരും എല്ലാവരും ഉറങ്ങി പോയി.
യമുനാതീരത്തിലെത്തുമ്പോ യമുന ഇങ്ങനെ കരകവിഞ്ഞൊഴുകുന്നു. കൂലം കുത്തി ഒഴുകാണ്. ഈ കാളിന്ദി നദി യമുന എന്തിനാ പൊങ്ങി വന്നത്? കൃഷ്ണനേയും വസുദേവരേയും കൊണ്ട് വരണം. ആദിശേഷൻ അങ്ങനെ ഫണം പിടിച്ചു നില്ക്കണ്ട് കുട ആയിട്ട്. യമുനയ്ക്ക് ഒരാശ. കൃഷ്ണനെ ഒന്ന് തൊടണം. കൊട്ട തലയിൽ വെച്ചണ്ട് വസുദേവർ. കുട്ടി അവിടുന്ന് കാല് ചുവട്ടിലേക്കിട്ടാൽ വസുദേവരുടെ മൂക്ക് വരെ ണ്ടാവും. യമുന ഇങ്ങനെ കയറി
കയറി വന്നു. വസുദേവരുടെ കഴുത്ത് വരെ, പിന്നെ വായ വരെ വന്നു.
വസുദേവർ മുന്നോട്ടു നടന്നു കൊണ്ടേ ഇരുന്നു. കൃഷ്ണന്റെ പാദസ്പർശം ഏറ്റതും യമുന താണ് തുടങ്ങി.കൃഷ്ണനെ തൊട്ടതും യമുന കറുത്തു. ഇവനെ തൊട്ടതും യമുന കറുത്തു.
അത്ര കറുപ്പാണതത്രേ കൃഷ്ണൻ. കറുപ്പ് സ്വാമി. മഞ്ഞള് നല്ല മഞ്ഞളാണോ എന്നറിയണമെങ്കിൽ നല്ല കറുപ്പായിട്ടുള്ള കല്ലിൽ ഉരച്ച് നോക്കണം. അതിന് ഗോപികമാരൊക്കെ രാവിലെ എണീറ്റാൽ, കൃഷ്ണനെ വിളിച്ചിട്ട് മുതുക് കാണിക്കാൻ പറയും അത്രേ. മഞ്ഞള് നല്ല മഞ്ഞളാണോ എന്നറിയാൻ!!!
മുരാരി കായ കാളിമാ ലലാമ വാരി ധാരിണി
തൃണികൃതാ ത്രിവിഷ്ടപാ ത്രിലോക ശോകഹാരിണി
മനോഽനുകൂല കൂല കുഞ്ജ പുഞ്ജ ധൂതദുർമ്മദാ
ധുനോതു മേ മനോമലം കാളിന്ദ നന്ദിനീ സദാ🙏
ആ യമുനാജലത്തിനെ തരണം ചെയ്ത് വസുദേവർ കണ്ണനെ ഗോകുലത്തിൽ കൊണ്ടാക്കി. ഗോകുലത്തിന്റെ വാതിൽ തുറന്നു എന്നൊന്നും പറഞ്ഞില്ല്യ. അവിടെ ആരും വാതില് പൂട്ടുക പതിവില്യ. കുടിലുകളാണ്. 'ഇവൻ' പോയതിന് ശേഷമാണ് വാതിലിന് പൂട്ട് വെയ്ക്കേണ്ടി വന്നത്! അവിടെ കൊണ്ടാക്കി.ഗോകൂലത്തിൽ ജനിച്ച പെൺകുട്ടിയെ എടുത്തു കൊണ്ട് വന്നു. ഇവിടെ വന്നതും വാതിലൊക്കെ വീണ്ടും അടഞ്ഞു.
ബന്ധനം ഒക്കെ വീണ്ടും വന്നു.
ഭഗവാൻ കൈയ്യിൽ വന്നതും ബന്ധനം ഒക്കെ അഴിഞ്ഞു. മഹാമായ വന്നപ്പോൾ ബന്ധനം ആയി. ഇവിടെ വന്നതും കുട്ടി കരയാൻ തുടങ്ങി. പോകാൻ ധൃതിയായി അവൾക്ക്. ഓരോ അമ്പലത്തിൽ പോയി ഇരിക്കാൻ നേരത്തേ ദേവിയോട് പറഞ്ഞണ്ടല്ലോ ഭഗവാൻ. ക്വാ ക്വാ.. ക്വാ.... കംസനെ വേഗം വിളിച്ചു കൊണ്ട് വരാൻ പറയാണ്. കുട്ടിയുടെ കരച്ചിൽ കേട്ടതും ദ്വാരപാലകന്മാർ ഓടി ചെന്ന് കംസനെ അറിയിച്ചു.
ശ്രീനൊച്ചൂർജി
*തുടരും. .*
lakshmi prasad

No comments: